This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറബി-ഇസ്രയേല്‍ യുദ്ധങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

അറബി-ഇസ്രയേല്‍ യുദ്ധങ്ങള്‍

1948 മേയ് 14-ന് ഇസ്രയേല്‍ എന്ന ആധുനിക യഹൂദരാഷ്ട്രം ഉടലെടുത്തതിനെത്തുടര്‍ന്ന് അത് ഒരുവശത്തും പ്രാന്തവര്‍ത്തികളായ അറബിരാഷ്ട്രങ്ങള്‍ മറുവശത്തുമായി നടത്തിയിട്ടുള്ള യുദ്ധങ്ങള്‍.

പശ്ചാത്തലം

ഇസ്രയേലികളല്ല പലസ്തീനിലെ ആദിമനിവാസികള്‍. അവര്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ട് കനാന്‍ പ്രദേശത്തെ കൈയടക്കിയത് ബി.സി. 12-ാം ശതകത്തിലാണ്. തദ്ദേശവാസികളായ കനാന്യരെയും ഗിബിയോന്യരെയും ഫെലിസ്ത്യരെയും അവര്‍ കീഴടക്കിയെങ്കിലും ഫെലിസ്ത്യര്‍ മെഡിറ്ററേനിയന്‍ തീരഭൂമികളില്‍ തുടര്‍ന്നു ജീവിച്ചുവന്നു. പലസ്തീനിലെ ബാക്കി പ്രദേശങ്ങള്‍ മുഴുവനും യഹൂദന്മാര്‍ കൈയടക്കുകയും ഇസ്രയേല്‍ ജനപദം സ്ഥാപിക്കുകയും ചെയ്തു. ബി.സി. 721-ല്‍ അസീറിയരുടെ ആക്രമണംമൂലം ഇസ്രയേല്‍ നാമാവശേഷമായി. അവരെ ത്തുടര്‍ന്നു ബാബിലോണിയരും പേര്‍ഷ്യക്കാരും ഗ്രീക്കുകാരും റോമാക്കാരും ഈ പ്രദേശം കാലാകാലങ്ങളില്‍ കൈവശപ്പെടുത്തി. ബി.സി. 538-ല്‍ ഒരു പേര്‍ഷ്യന്‍ രാജാവ് യഹൂദന്മാരെ ഇസ്രയേലിലേക്കു തിരിച്ചുവരുവാന്‍ അനുവദിച്ചു. എ.ഡി. 70-ല്‍ റോമാക്കാര്‍ക്കെതിരായി യഹൂദന്മാര്‍ കലാപം തുടങ്ങിയതുമൂലം ടൈറ്റസ് ചക്രവര്‍ത്തി (എ.ഡി. 40-81) ജറുസലേം നശിപ്പിച്ചു.

എ.ഡി. 4-ഉം, 7-ഉം നൂറ്റാണ്ടുകള്‍ക്കിടയ്ക്ക് പലസ്തീന്‍ ക്രൈസ്തവ സ്വാധീനത്തിലായി. പിന്നീട് (637) അറബി ആക്രമണത്തെത്തുടര്‍ന്ന് അവിടെ മുസ്ലിം ഭൂരിപക്ഷമുള്ള ഒരു ജനപദം ഉടലെടുത്തു. 1518-ല്‍ പലസ്തീനെ ആക്രമിച്ച തുര്‍ക്കികള്‍ 1917 വരെ അവിടെ ആധിപത്യം നിലനിര്‍ത്തി. ഇവരുടെ ഭരണകാലത്തും ഭാഷയും ആചാരങ്ങളും സംസ്കാരവും എല്ലാം അറബികളുടേതായി തുടര്‍ന്നു.

ഇസ്രയേല്യരുടെ ആധിപത്യകാലം ബി.സി. 1050-586 വരെയും മാക്കബിയന്‍ രാജവംശത്തിന്റേത് ബി.സി. 332-166 വരെയുമായിരുന്നു. അറബികളും തുര്‍ക്കികളുംകൂടി 1947-നു മുമ്പ് ഏതാണ്ട് 12 നൂറ്റാണ്ടുകള്‍ (637-1947) പലസ്തീനില്‍ ആധിപത്യം നിലനിര്‍ത്തി.

മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുംപുറമേ യഹൂദന്മാരും അര്‍മീനിയരും അസീറിയരും കുര്‍ദുകളും പലസ്തീനിലെ ന്യൂനപക്ഷങ്ങളായി തുടര്‍ന്നുപോന്നു. യഹൂദന്മാര്‍ സാമുദായികമായി ഒറ്റപ്പെട്ടുനിന്നിരുന്നു. എ.ഡി. 1-ാം നൂറ്റാണ്ടു മുതല്‍ 20-ാം നൂറ്റാണ്ടുവരെ അവിടെ ഒരു യഹൂദസമുദായം തുടര്‍ച്ചയായി നിലനിന്നു എന്നതിനു തെളിവുകള്‍ കുറവാണ്. 19-ാം ശ.-ത്തിന്റെ ആരംഭകാലത്ത് അവിടെയുള്ള യഹൂദജനസംഖ്യ 8,000-ത്തില്‍ അധികമായിരുന്നില്ല. 1918-ല്‍ 56,000 യഹൂദന്മാരാണ് പലസ്തീനിലുണ്ടായിരുന്നത്; അതായത് മൊത്തം ജനസംഖ്യയുടെ 10ശ.മാ. മാത്രം.

തുര്‍ക്കി ഭരണത്തിന്‍കീഴില്‍ പലസ്തീനിലെ അറബികള്‍ക്ക് പൗരാവകാശങ്ങള്‍ അനുവദിച്ചിരുന്നു. എങ്കിലും അവര്‍ക്കു സ്വതന്ത്രരാഷ്ട്രമായി നില്ക്കാനുള്ള ആഗ്രഹമാണുണ്ടായിരുന്നത്. ഒന്നാം ലോകയുദ്ധകാലത്ത് സഖ്യശക്തികള്‍ അറബികളുടെ ഈ അഭിലാഷം അറിഞ്ഞു പരിപോഷിപ്പിക്കാന്‍ ശ്രമിച്ചു. തുര്‍ക്കിയെ ക്ഷീണിപ്പിക്കാനുള്ള നയത്തിന്റെ ഭാഗമായിരുന്നു ഇത്. പലസ്തീന്‍ അറബികളുടെ സ്വാതന്ത്ര്യത്തെ അംഗീകാരിക്കാമെന്ന് ബ്രിട്ടന്‍ ഉറപ്പു നല്കി. 1915-16 ല്‍ ജോര്‍ദാനിലെ ഹുസൈന്‍രാജാവും ഹെന്‍റി മക്മഹോനും തമ്മിലുണ്ടായ കത്തിടപാടുകളില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 1918 ജനു.-ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് നല്കിയ ഹോഗാര്‍ത്ത് സന്ദേശത്തിലും ഈ ഉറപ്പ് ആവര്‍ത്തികയുണ്ടായി. 1918 ന.-ല്‍ ഉണ്ടായ ആംഗ്ളോ-ഫ്രഞ്ച് പ്രഖ്യാപനത്തിലും പലസ്തീനിലെ അറബികള്‍ക്ക് സ്വാതന്ത്ര്യം നല്കുമെന്ന സൂചനയുണ്ടായിരുന്നു. മേല്പറഞ്ഞവയുടെ അടിസ്ഥാനത്തില്‍ അറബികള്‍ തുര്‍ക്കികള്‍ക്കെതിരായി ശിഥിലീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി സഖ്യശക്തികളുടെ കൈകളെ ശക്തിപ്പെടുത്തുകയുണ്ടായി.

ഒന്നാം ലോകയുദ്ധകാലത്തുതന്നെ ഒരു സ്വതന്ത്ര യഹൂദരാജ്യം പലസ്തീനില്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് സയോണിസ്റ്റുകള്‍ ബ്രിട്ടന്റെമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. തിയഡോര്‍ ഹെര്‍സല്‍ (1860-1904) ആയിരുന്നു ഈ പുതിയ പ്രസ്ഥാനത്തിന്റെ നേതാവ്. ഒരു യഹൂദരാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ യൂറോപ്പിലും റഷ്യയിലും മറ്റു രാജ്യങ്ങളിലുമുള്ള യഹൂദജനത അനുഭവിച്ചിരുന്ന മര്‍ദനങ്ങള്‍ക്ക് അറുതിവരുത്തുക എന്നതായിരുന്നു ഹെര്‍സലിന്റെ ഉന്നം. ബ്രിട്ടന് യഹൂദന്മാരുടെ സഹായം ആവശ്യമായിരുന്നതിനാല്‍ അറബികളുടെ അറിവുകൂടാതെ അവര്‍ പലസ്തീനില്‍ യഹൂദന്മാര്‍ക്ക് ഒരു മാതൃരാജ്യം വാഗ്ദാനം ചെയ്തു. പലസ്തീന്‍ ഒരു പ്രശ്നമായി ഉയര്‍ന്നത് അന്നു മുതല്ക്കാണ്. ബാല്‍ഫൂര്‍ പ്രഖ്യാപനത്തോടെ (1917) പലസ്തീനില്‍ സ്വതന്ത്രമായ ഒരു യഹൂദരാജ്യം ലഭിക്കുമെന്ന് ഉറപ്പായി.

ഒന്നാം ലോകയുദ്ധത്തിനുശേഷം ബ്രിട്ടീഷധീനതയിലുള്ള മാന്‍ഡേറ്ററി ഗവണ്‍മെന്റ് (mandatory government) ആണ് പലസ്തീനില്‍ ഭരണം നടത്തിയത്. അറബികള്‍ക്കും യഹൂദന്മാര്‍ക്കും നല്കിയിരുന്ന ഉറപ്പുകള്‍ വിരുദ്ധ സ്വഭാവത്തോടുകൂടിയതായിരുന്നതുകൊണ്ട് ഇരുവിഭാഗങ്ങളും ഈ ഭരണത്തിനെതിരായിരുന്നു. രാജ്യത്ത് അസമാധാനവും അക്രമപ്രവര്‍ത്തനങ്ങളും വര്‍ധിച്ചു.

അറബികളെ സമാധാനിപ്പിക്കുവാനായി ബ്രിട്ടന്‍ 1922-ല്‍ ഒരു ധവളപത്രം (white paper) പുറപ്പെടുവിച്ചു. പലസ്തീനില്‍ ഒരു പൂര്‍ണ യഹൂദരാഷ്ട്രം സ്ഥാപിക്കുകയല്ല ഉദ്ദേശ്യമെന്നും അറബികളെ ബഹിഷ്കരിക്കാനോ, അറബിഭാഷയും സംസ്കാരവും നശിപ്പിക്കപ്പെടുവാനോ ഇടവരുത്തുകയില്ലെന്നും അതില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അറബികള്‍ ഇതുമൂലം തൃപ്തരായില്ല; മറിച്ച് അവരുടെ വിദ്വേഷപ്രവൃത്തികള്‍ യഹൂദന്മാരെ കൂടുതല്‍ അസംതൃപ്തരാക്കി.

രണ്ടാം ലോകയുദ്ധത്തോടടുത്ത് പലസ്തീനില്‍ സംഘര്‍ഷം വര്‍ധിച്ചു; സൈന്യബലം ഉപയോഗിച്ച് അറബികളെ അമര്‍ച്ച ചെയ്യേണ്ടിവന്നു. സ്ഥിതിഗതികള്‍ വഷളാവുന്നതു തടയാന്‍ ലണ്ടനില്‍വച്ച് ഒരു ആംഗ്ളോ-അറബി-യഹൂദ സമ്മേളനം വിളിച്ചുകൂട്ടി. അറബികളും യഹൂദന്മാരും ഇതില്‍ നിസ്സഹകരിച്ചു. തന്മൂലം 1939-ല്‍ മറ്റൊരു ധവളപത്രത്തിലൂടെ ബ്രിട്ടന്‍ ഏകപക്ഷീയമായ ഒരു തീരുമാനം പ്രഖ്യാപനം ചെയ്തു. പലസ്തീന്‍ ഒരു യഹൂദരാഷ്ട്രമാക്കുക എന്നത് തങ്ങളുടെ നയമല്ലെന്ന് അസന്ദിഗ്ധമായി വിളംബരം ചെയ്യുന്ന ഒന്നായിരുന്നു ഇത്.

സംഘട്ടനങ്ങള്‍

ഒന്നാം സംഘട്ടനം

1939-49 കാലയളവില്‍ യഹൂദന്മാര്‍ക്ക് പലസ്തീനില്‍ അവകാശം സ്ഥാപിക്കാന്‍ ഇടകൊടുക്കാതിരിക്കാന്‍ അറബികളും, അറബികള്‍ക്ക് അവിടെ നിലനില്പില്ലാതാക്കാന്‍ സയോണിസ്റ്റുകളും ശ്രമിച്ചു.

1945-ല്‍ ബ്രിട്ടനിലെ ആറ്റ്‍ലി ഗവണ്‍മെന്റ് ഒരു ആംഗ്ളോ-അമേരിക്കന്‍ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ച് പലസ്തീന്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു. ഈ കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനങ്ങളടങ്ങിയ റിപ്പോര്‍ട്ട് 1946 ഏ. 20-നു പ്രസിദ്ധീകൃതമായി. 1,00,000 യഹൂദന്മാര്‍ക്ക് പലസ്തീനില്‍ കുടിയേറിപ്പാര്‍ക്കാനുള്ള അനുവാദപത്രം നല്കാനും സ്വത്തു വാങ്ങുന്നതിനുള്ള നിരോധനം നീക്കുവാനും ഉള്ള നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കമ്മിഷന്‍ പലസ്തീനില്‍ ഒരു യഹൂദരാഷ്ട്രം നിര്‍മിക്കുന്നതിനെ എതിര്‍ക്കുകയും ബ്രിട്ടന്റെ കീഴില്‍ ഒരു മാന്‍ഡേറ്ററി ഗവണ്‍മെന്റായി തുടരുന്നതിനെ അനുകൂലിക്കുകയും ചെയ്തു. ഈ ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് വിസമ്മതിച്ചു.

1946 ജൂണ്‍ മുതല്‍ പലസ്തീനില്‍ ഭീകരമായ ആഭ്യന്തരസമരം പൊട്ടിപ്പുറപ്പെട്ടു. യഹൂദ-ബ്രിട്ടീഷ് സംഘട്ടനത്തിന്റെ ഫലമായി നിയമസമാധാനം തകര്‍ന്നു. വിദേശകാര്യസെക്രട്ടറി ഏണസ്റ്റ് ബെവിന്‍ 1947 ഫെ.-ല്‍ പലസ്തീന്‍ പ്രശ്നം യു.എന്‍-ന്റെ പരിഗണനയ്ക്കു സമര്‍പ്പിച്ചു. യു.എന്‍. കമ്മീഷന്‍ ബ്രിട്ടീഷ് മാന്‍ഡേറ്റ് ഫലപ്രദമല്ലെന്നും പലസ്തീന്‍ വിഭജനം മാത്രമേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളുവെന്നും വിധിച്ചു. ബ്രിട്ടന്‍ ഇത് അംഗീകരിച്ചില്ല. യു.എന്‍. പൊതുസഭയിലെ 56 അംഗരാഷ്ട്രങ്ങളില്‍ 33-ഉം വിഭജനത്തെ പിന്താങ്ങി. യഹൂദന്മാര്‍ ആ തീരുമാനം നടപ്പിലാക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു. അറബികള്‍ അതിനെ എതിര്‍ത്തു. ബ്രിട്ടീഷുകാര്‍ പിന്‍വാങ്ങിയാല്‍ അറബി-യഹൂദസംഘട്ടനം അനിവാര്യമാണെന്നു തീര്‍ച്ചയായി. അറബിലീഗിലെ ഏഴു രാഷ്ട്രങ്ങളും 1947 ഡി.-ല്‍ കെയ്റോവില്‍ സമ്മേളിച്ച് പലസ്തീനിലെ അറബികള്‍ക്ക് ആയുധസഹായം നല്കാന്‍ തീരുമാനിച്ചു. ബ്രിട്ടന്റെ പിന്‍മാറ്റത്തോടെ (1948 ഏ.) അറബി-യഹൂദ യുദ്ധം തുടങ്ങി.

സംഘാടനത്തിലും അഭ്യാസത്തിലും വീര്യത്തിലും ആയുധശക്തിയിലും യഹൂദസേനയുടെ മേന്മ അറബികളെ നിര്‍വീര്യരാക്കി. അറബിസൈന്യവ്യൂഹം (Arab legion) മാത്രമേ ഇതിനൊരു അപവാദമായി യഹൂദന്മാരെ പിന്‍തള്ളാന്‍ ശക്തമായുണ്ടായിരുന്നുള്ളു. ജറുസലേമിനടുത്ത ദിര്‍യാസിമില്‍ യഹൂദന്മാര്‍ നടത്തിയ കുരുതിയെത്തുടര്‍ന്ന് ഹൈഫ, ജാഫ എന്നിവിടങ്ങളിലെ 95 ശ.മാ. അറബികളും പ്രാണരക്ഷാര്‍ഥം നാടുവിട്ടു. യഹൂദന്മാര്‍ കൈയടക്കിയ പലസ്തീന്‍ ഭാഗങ്ങളില്‍നിന്നും 3,00,000 അറബികള്‍ പലായനം ചെയ്തു. വിഭജനത്തിനു വിലങ്ങുതടിയായിനിന്ന അറബി ഭൂരിപക്ഷം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒഴിഞ്ഞുപോയി.

1948 മേയ് 14-ന് പലസ്തീനിലെ യഹൂദന്മാര്‍ സ്വതന്ത്ര ഇസ്രയേല്‍ നിലവില്‍ വന്നതായി പ്രഖ്യാപിച്ചു. അന്നേദിവസംതന്നെ യു.എസ്. ആ താത്കാലിക ഗവണ്‍മെന്റിനെ അംഗീകരിച്ചു. ട്രാന്‍സ് ജോര്‍ദാനും ഈജിപ്തും ഇറാക്കുമായി ഉണ്ടായിരുന്ന സഖ്യംമൂലം അറബികളോടുള്ള ചുമതല നിറവേറ്റാന്‍ ബ്രിട്ടന്‍ ബാധ്യസ്ഥമായിരുന്നു. എന്നാല്‍ യഹൂദരാഷ്ട്രത്തെ യു.എസ്. അംഗീകരിച്ചത് പുതിയൊരു പ്രശ്നം സൃഷ്ടിച്ചു. ആംഗ്ളോ-യു.എസ്. താത്പര്യങ്ങളുടെ ഉരസല്‍ യു.എന്‍. ഇടപെടലിനു കാരണമായി. സ്വീഡിഷ് രാജ്യതന്ത്രജ്ഞനായ കൌണ്ട് ഫോല്‍ക്ക് ബര്‍നാദോത്ത് (1895-1948) അറബി-യഹൂദ സംഘട്ടനത്തിന് അറുതിവരുത്താന്‍ നിയോഗിക്കപ്പെട്ടു. താത്കാലികമായ വെടിനിര്‍ത്തലിന് ഈ ദൗത്യം സഹായകമായി. ഒരു യഹൂദ ഭീകരപ്രവര്‍ത്തകന്റെ വെടിയേറ്റ് ബര്‍നാദോത്ത് മരണമടഞ്ഞതോടെ വീണ്ടും യുദ്ധം തുടങ്ങി. ഡോ. റാള്‍ഫ് ബഞ്ച് യു.എന്‍. മധ്യസ്ഥനായി വന്ന് ഇസ്രയേലും അറബി രാഷ്ട്രങ്ങളുമായി സംഭാഷണങ്ങള്‍ നടത്തി. രണ്ടു കക്ഷികള്‍ക്കും യുദ്ധം തുടരുന്നത് ആപത്കരമാണെന്ന വിശ്വാസം വളര്‍ന്നു. അറബികള്‍ക്കിടയ്ക്കുതന്നെ അഭിപ്രായവ്യത്യാസം വലിയ തോതില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. 1949 മാ.-ല്‍ യു.എന്‍. രക്ഷാസമിതി ഇസ്രയേലിനെ യു.എന്‍. അംഗമാക്കാന്‍ തീരുമാനിച്ചതോടെ സന്ധിസംഭാഷണങ്ങള്‍ക്കു മുന്‍കൈയെടുക്കാന്‍ അതിനു കഴിഞ്ഞു. അങ്ങനെ തിയൊഡോര്‍ ഹെര്‍സലിന്റെയും ആദ്യകാലത്തെ സയോണിസ്റ്റുകളുടെയും ചിരകാലസ്വപ്നം സഫലീകൃതമായി.

രണ്ടാം സംഘട്ടനം

രണ്ടാമത്തെ പ്രധാന അറബി യഹൂദസംഘട്ടനം 1956 ഒ.-ന. മാസങ്ങളിലാണ് നടന്നത്. സൂയസ് പ്രതിസന്ധി എന്ന പേരില്‍ അറിയപ്പെട്ട ഈ യുദ്ധത്തില്‍ ബ്രിട്ടനും ഫ്രാന്‍സും ഇസ്രയേലും ചേര്‍ന്ന് ഈജിപ്തിനെതിരായി ഒരു ത്രിശക്തി പ്രകടനം നടത്തുകയാണുണ്ടായത്. സൂയസ്തോടിനെ സാമ്രാജ്യശക്തികളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാനും ഈജിപ്തിലെ ഗമാല്‍ അബ്ദുല്‍ നാസറുടെ ഭരണത്തെ തകിടം മറിക്കാനും ഉദ്ദേശിച്ചുള്ള ഒരു ആക്രമണമായിരുന്നു അത്. ഇതിനു തുടക്കമിട്ടുകൊണ്ട് 1956 ഒ. 29-നു ഇസ്രയേലി സൈന്യം സിനായ് പ്രദേശത്തെ ഈജിപ്ഷ്യന്‍ സൈനികനിരകളെ ആക്രമിച്ചു. അടുത്ത ദിവസം ആംഗ്ളോ-ഫ്രഞ്ചു ഗവണ്‍മെന്റുകള്‍ 12 മണിക്കൂറിനുള്ളില്‍ അറബി-ഇസ്രയേലി സൈന്യങ്ങള്‍ യുദ്ധശ്രമങ്ങള്‍ ഉപേക്ഷിച്ചു സൂയസ്സിന്റെ തീരം വിട്ടുമാറണമെന്ന അന്ത്യശാസനം നല്കി. സൂയസ്തോടിന്റെ തീരത്ത് അതിലൂടെയുള്ള ഗതാഗതസുരക്ഷിതത്വം ഉദ്ദേശിച്ച് താത്കാലികമായി ആംഗ്ളോ-ഫ്രഞ്ചുസൈന്യങ്ങളെ നിര്‍ത്താന്‍ സമ്മതിക്കണമെന്നും അവര്‍ ഈജിപ്തിനോടാവശ്യപ്പെട്ടു.

ഈജിപ്ത് അന്ത്യശാസനം നിരസിച്ചതുമൂലം അവരുടെ വിമാനത്താവളങ്ങള്‍ക്കും സൈനികശേഖരങ്ങള്‍ക്കും നേരെ ബ്രിട്ടീഷ് വ്യോമസേന ആക്രമണം നടത്തി (ഒ. 31 മുതല്‍ ന. 4 വരെ). ഇതേത്തുടര്‍ന്ന് ബ്രിട്ടീഷ് വിമാനങ്ങള്‍ സൂയസ് കനാല്‍ മേഖലയില്‍ ഇറങ്ങി. പോര്‍ട്ട് സയ്യിദിലും മറ്റു ദിക്കുകളിലും ഈജിപ്തുകാര്‍ അവരെ എതിര്‍ത്തു. ലോകജനത ഒന്നടങ്കം ആക്രമണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. യു.എസ്സും യു.എസ്.എസ്.ആറും യോജിച്ച് ഇസ്രയേലിന്റെയും സഖ്യരാഷ്ട്രങ്ങളുടെയും മേല്‍ സമ്മര്‍ദം ചെലുത്തി അവരെ ആക്രമണത്തില്‍നിന്നു പിന്തിരിപ്പിച്ചു. ഇന്ത്യയും മറ്റ് ആഫ്രോ-ഏഷ്യന്‍ രാഷ്ട്രങ്ങളും അറബികളെ അനുകൂലിച്ചുള്ള നിലപാടാണ് സ്വീകരിച്ചത്.

ന. 6-7-ന് വെടിനിര്‍ത്തല്‍ നിലവില്‍വന്നപ്പോഴേക്കും സിനായ് ഉപദ്വീപും ഗാസാപ്രദേശവും പൂര്‍ണമായും ഇസ്രയേലിനധീനമായിരുന്നു. ഷറം അല്‍ഷെയിക്കും അക്വാബാ ഉള്‍ക്കടലിന്റെ പ്രവേശനദ്വാരത്തിലുള്ള ടിറാന്‍ ദ്വീപും അവര്‍ കൈയടക്കി. സംഘട്ടനങ്ങളവസാനിപ്പിക്കാനും സമാധാനം സ്ഥാപിക്കാനുമായി ഒരു അടിയന്തരസേനയെ (emergency force) അങ്ങോട്ടയയ്ക്കാന്‍ യു.എന്‍. പൊതുസഭ (ന. 5-ന്) തീരുമാനിച്ചു. ന. 15-ന് അവരുടെ മേല്‍നോട്ടത്തില്‍ ബ്രിട്ടീഷ്-ഫ്രഞ്ച് സൈന്യങ്ങള്‍ പിന്‍വാങ്ങാന്‍ തുടങ്ങി. 1957 മാ.-ല്‍ മാത്രമേ ഇസ്രയേല്‍ 1949-ലെ യുദ്ധവിരാമരേഖയ്ക്കു പിന്നിലേക്കു പോയുള്ളു.

മൂന്നാം സംഘട്ടനം

1967 ജൂണ്‍ 5-ന് ഈജിപ്തിലെയും സിറിയയിലെയും വിമാനത്താവളങ്ങളെ ഇസ്രയേല്‍ പെട്ടെന്ന് ആക്രമിച്ചു. പഴയ ജറുസലേം പട്ടണവും ഗാസായും സിനായ് മരുഭൂമിയും ജോര്‍ദാന്റെ പടിഞ്ഞാറെ കരയും സിറിയയിലെ ഗോലാന്‍ കുന്നുകളും അവര്‍ കൈവശപ്പെടുത്തി. യു.എന്‍. രക്ഷാസമിതി വെടിനിര്‍ത്തലിന് നാലു പ്രമേയങ്ങള്‍ പാസാക്കി. തങ്ങള്‍ക്കുവേണ്ട ഭൂപ്രദേശങ്ങള്‍ കൈയിലായതോടെ ഇസ്രയേല്‍ യുദ്ധം അവസാനിപ്പിച്ചു. ഈ ഷഡ്ദിനയുദ്ധം അറബിലോകത്തെ അപ്പാടെ നടുക്കിക്കളഞ്ഞു. ഈജിപ്താണ് ജൂണ്‍ 5-ന് യുദ്ധം തുടങ്ങിയതെന്നാണ് ഇസ്രയേല്‍ ആരോപിച്ചതെങ്കിലും സത്യം നേരെ മറിച്ചായിരുന്നു; ആത്മരക്ഷാര്‍ഥവുമായിരുന്നില്ല ഇസ്രയേലിന്റെ നടപടി. ടിറാന്‍ കടലിടുക്ക് തങ്ങളുടെ കപ്പലുകള്‍ക്ക് പോകാന്‍ പറ്റാത്തവിധം ഈജിപ്ത് അടച്ചപ്പോഴാണ് യുദ്ധം തുടങ്ങിയതെന്ന് ഇസ്രയേല്‍ വാദിച്ചു. എന്നാല്‍ അത് യുദ്ധം തുടങ്ങാനുള്ള കാരണമാക്കി ഇസ്രയേല്‍ സ്വീകരിച്ച നടപടിയായിരുന്നു. ഇസ്രയേലിന്റെ പ്രകോപനപരമായ നടപടികള്‍മൂലം ഈജിപ്ത് ടിറാന്‍ മാര്‍ഗം അടയ്ക്കുകയാണുണ്ടായത്.

സിറിയന്‍-ഇസ്രയേല്‍ അതിര്‍ത്തിയിലെ യുദ്ധവിരാമമേഖലയായിരുന്നു യുദ്ധകാരണങ്ങള്‍ സൃഷ്ടിച്ച സംഭവങ്ങള്‍ക്കു കളമൊരുക്കിയത്. വെടിനിര്‍ത്തല്‍ കരാറുപ്രകാരം 1948-ലെ യുദ്ധകാലത്ത് ഓടിപ്പോയ അറബികള്‍ മടങ്ങിവന്ന് സ്വന്തം സ്വത്തും വീടുകളും വീണ്ടെടുത്തപ്പോള്‍ ഇസ്രയേല്‍ അതു തടഞ്ഞു. കൂടാതെ യുദ്ധവിരാമമേഖലയില്‍ തങ്ങിയിരുന്ന അറബികളെ അവര്‍ ഒഴിപ്പിക്കാനും ശ്രമിച്ചു. അറബികളുടെ കൃഷിഭൂമികള്‍ യഹൂദന്മാര്‍ കൈയേറി കൃഷിചെയ്യാന്‍ ആരംഭിച്ചു. സിറിയക്കാര്‍ക്കെതിരെ പല സന്ദര്‍ഭങ്ങളിലും പട്ടാളനടപടികള്‍ സ്വീകരിക്കപ്പെടുകയുണ്ടായി. രക്ഷാസമിതി ഈ സംരംഭങ്ങള്‍ അറിയുകയും ഇസ്രയേലികളെ അക്രമപ്രവര്‍ത്തനങ്ങളില്‍ നിന്നു പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

ഇസ്രയേലിന്റെ അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരെ സിറിയ 1966-ലെ ഉടമ്പടി (Mutual Defence Pact) അനുസരിച്ച് ഈജിപ്തിന്റെ സഹായം തേടി. അതുപ്രകാരം ഈജ്പിത് അലക്സാണ്‍ഡ്രിയയിലേക്കും ഇസ്മാലിയയിലേക്കും സൈന്യങ്ങളെ അയച്ചു. യു.എന്‍. സേനയെ ഈജിപ്തിന്റെ ഭാഗത്തുനിന്നു പിന്‍വലിക്കാന്‍ പ്രസിഡണ്ട് നാസര്‍ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടു. യു.എന്‍.സൈന്യങ്ങള്‍ യുദ്ധവിരാമമേഖലയിലെ ഷറം അല്‍ഷെയിക്കില്‍ നിന്നും പിന്‍വലിക്കപ്പെട്ടപ്പോള്‍ ഈജിപ്ത് അവിടെ സൈന്യങ്ങളെ അണിനിരത്തി. ടിറാന്‍ കടലിടുക്കിനു സമീപമായിരുന്നതുകൊണ്ട് അത് ഈജിപ്തിന്റെ അധികാരപരിധിക്കുള്ളില്‍ (Territorial Waters)പ്പെട്ടതായിരുന്നു. 1967 മേയ് 22-ന് ഈ ജലമാര്‍ഗത്തിലൂടെ ഇസ്രയേലിന് പ്രവേശനം നിഷേധിക്കപ്പെട്ടു.

ഇതേത്തുടര്‍ന്ന് സംഘര്‍ഷം വര്‍ധിക്കുകയും ഇരുഭാഗവും യുദ്ധത്തിനു തയ്യാറാവുകയും ചെയ്തു. ബ്രിട്ടനും യു.എസ്സും ഇസ്രയേലിനു ടിറാന്റെമേലുള്ള അവകാശമുറപ്പിക്കാന്‍ ശ്രമിച്ചു. വൈസ് പ്രസിഡണ്ട് സക്കറിയാ മൊഹിയുദ്ദീനെ ജൂണ്‍ ആദ്യത്തില്‍ വാഷിങ്ടനിലേക്കയച്ച് പ്രശ്നം സമാധാനപരമായി പരിഹരിക്കാന്‍ ഈജിപ്ത് ശ്രമിച്ചു. 1966 മുതല്‍ ഇസ്രയേലില്‍നിന്നു ധാരാളം യഹൂദന്മാര്‍ ഒഴിഞ്ഞുപൊയ്ക്കൊണ്ടിരുന്നു. തൊഴിലില്ലായ്മയും മറ്റു സാമ്പത്തികപരാധീനതകളും ഏറുകയും വലിയൊരു പ്രതിസന്ധിയെ രാഷ്ട്രം നേരിടുകയും ചെയ്തിരുന്ന കാലമായിരുന്നു അത്. അറബികളെ ഒരു പാഠം പഠിപ്പിക്കുന്നതിനും ആഭ്യന്തരമായ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനും സയോണിസത്തെ രക്ഷിക്കുന്നതിനും യുദ്ധം തന്നെയാണ് പോംവഴിയെന്ന് ഇസ്രയേല്‍ കരുതി. 1967 ജൂണ്‍ 5-ന് പ്രഭാതത്തില്‍ ഈജിപ്തിനും സിറിയയ്ക്കും ജോര്‍ദാനും എതിരായി ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ചു. ഇത് പശ്ചിമേഷ്യയില്‍ നടന്ന മൂന്നാമത്തെ യുദ്ധമായിരുന്നു.

1967 ജൂണിലെ യുദ്ധത്തിനു മുന്‍പ് അറബി-യഹൂദ സംഘര്‍ഷം പലസ്തീന്‍ പ്രശ്നത്തെച്ചൊല്ലിയായിരുന്നു. എന്നാല്‍ ഈ യുദ്ധത്തിനുശേഷം പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായിത്തീര്‍ന്നു. അറബികളുടെ ഭൂപ്രദേശങ്ങള്‍ കൈയടക്കിയതും അഭയാര്‍ഥി പ്രശ്നം ഗുരുതരമാക്കിയതും പഴയ ജറുസലേം നഗരം കീഴടക്കിയതും മറ്റും കൂടുതല്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

നാലാം സംഘട്ടനം (1973)

അറബിരാഷ്ട്രങ്ങളും ഇസ്രയേലും തമ്മിലുള്ള 4-ാമത്തെ സംഘട്ടനം 1973 ഒ. 6-ന് ആരംഭിച്ചു. ഈ യുദ്ധം ആരംഭിച്ചത് യഹൂദരുടെ യോംകിപ്പൂര്‍ വ്രതധ്യാനനാളിലായതിനാല്‍ ഈ യുദ്ധത്തെ യോംകിപ്പൂര്‍ യുദ്ധം എന്നും പരാമര്‍ശിച്ചുവരുന്നു. ഈജിപ്തിന്റെ സേനകളും ഇസ്രയേല്‍ സേനകളും തമ്മില്‍ സൂയസ്തോടിന്റെ തീരത്തും സിനായ് മരുഭൂമിയിലും, സിറിയന്‍ സേനകളും ഇസ്രയേല്‍ സേനകളും തമ്മില്‍ ഗോലാന്‍ കുന്നിന്‍പ്രദേശങ്ങളിലും നടന്ന രൂക്ഷമായ യുദ്ധം 17 ദിവസം നീണ്ടുനിന്നു. ആദ്യവിജയങ്ങള്‍ നേടിയ ഈജിപ്തിന്റെ സേന, സൂയസ്തോട് തരണം ചെയ്തു സിനായ് മരുഭൂമിയിലെ പ്രതിരോധ നിരയായ ബാര്‍ലെവ് ലൈന്‍ കടന്നു. ഗോലാന്‍ കുന്നുകളില്‍ ആധിപത്യം സ്ഥാപിച്ച ഇസ്രയേല്‍സേന സിറിയന്‍ തലസ്ഥാനമായ ദമാസ്കസിലേക്കു മുന്നേറിയെങ്കിലും അതു തടയപ്പെട്ടു. വമ്പിച്ച യു.എസ്. ആയുധസഹായം ലഭിച്ച ഇസ്രയേല്‍സേന സൂയസ്തോടിന്റെ മറ്റൊരു ഭാഗത്തുകൂടെ കടന്ന് സൂയസ്-കെയ്റോ റോഡില്‍ എത്തി. യുദ്ധം അവസാനിപ്പിക്കാനുള്ള യു.എന്‍. രക്ഷാസമിതിയുടെ ശ്രമങ്ങള്‍ ആദ്യം ഫലവത്തായില്ലെങ്കിലും യു.എസ്സും യു.എസ്.എസ്.ആറും ചേര്‍ന്നവതരിപ്പിച്ച പ്രമേയം പിന്നീട് യു.എന്‍. രക്ഷാസമിതി അംഗീകരിക്കുകയും ആ പ്രമേയത്തിലെ നിര്‍ദേശാനുസരണം അറബി-ഇസ്രയേല്‍ സംഘട്ടനം അവസാനിപ്പിക്കുകയും ചെയ്തു. യുദ്ധം അവസാനിപ്പിക്കുന്നതില്‍ യു.എസ്സും യു.എസ്.എസ്.ആറും നിര്‍ണായകമായ പങ്കു വഹിച്ചിരുന്നു. ഈ സംഘട്ടനത്തില്‍ മറ്റ് അറബിരാഷ്ട്രങ്ങള്‍ ഈജിപ്തിനും സിറിയയ്ക്കും സഹായസഹകരണങ്ങള്‍ നല്കി. എണ്ണ ഉത്പാദിപ്പിക്കുന്ന അറബിരാഷ്ട്രങ്ങള്‍, എണ്ണയെ ഒരായുധമാക്കി മാറ്റാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടു. 1967-ലെ 3-ാം അറബി-ഇസ്രയേല്‍ യുദ്ധത്തില്‍ പിടിച്ചെടുത്ത അറബിപ്രദേശങ്ങള്‍ ഇസ്രയേല്‍ പൂര്‍ണമായി വിട്ടൊഴിയുന്നതുവരെ, തങ്ങളുടെ എണ്ണ ഉത്പാദനവും കയറ്റുമതിയും ഗണ്യമായി കുറയ്ക്കുമെന്നു പ്രഖ്യാപിച്ചു. തന്മൂലം ആഗോളവ്യാപകമായി പെട്രോളിയത്തിനും പെട്രോളിയം ഉത്പന്നങ്ങള്‍ക്കും ക്ഷാമവും വിലക്കയറ്റവും ഉണ്ടായി. യു.എസ്സിന്റെയും യു.എസ്.എസ്.ആറിന്റെയും ശ്രമഫലമായി യു.എന്‍. മേല്‍നോട്ടത്തില്‍ ഇസ്രയേലിന്റെയും ഈജിപ്തിന്റെയും പ്രതിനിധികള്‍ ആദ്യമായി ജനീവയില്‍ സമ്മേളിച്ച് പശ്ചിമേഷ്യയില്‍ ശാശ്വതസമാധാനം കൈവരുത്താനുള്ള കൂടിയാലോചനകള്‍ ആരംഭിച്ചു. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ഡോ. ഹെന്‍റി കിസിഞ്ജറുടെ ദൌത്യഫലമായി ഇസ്രയേല്‍ തങ്ങളുടെ സേനകളെ സൂയസ്തോടിന്റെ ഇരുകരകളില്‍നിന്നും പിന്‍വലിക്കാന്‍ സമ്മതിച്ചു (1974).

അഞ്ചാം സംഘട്ടനം

ഈ ഘട്ടത്തില്‍ നടന്ന അറബി-ഇസ്രയേലി സംഘട്ടനങ്ങള്‍ നേര്‍ക്കുനേരെയുള്ള യുദ്ധങ്ങള്‍ ആയിരുന്നില്ല. സാര്‍വദേശീയരംഗത്തു പൊതുവിലും പശ്ചിമേഷ്യയില്‍ പ്രത്യേകിച്ചും ഉണ്ടായിക്കൊണ്ടിരുന്ന പുതിയ സംഭവവികാസങ്ങള്‍ ഇസ്രയേലി-പലസ്തീന്‍ സംഘട്ടനങ്ങളെ നിശ്ചിതകാലയളവില്‍ നടക്കുന്ന യുദ്ധങ്ങള്‍ എന്ന രീതിയില്‍നിന്നു വ്യത്യസ്തമാക്കി. യോംകിപ്പൂര്‍ പരാജയത്തിനുശേഷം അറബിരാഷ്ട്രങ്ങള്‍ പലസ്തീനിനെ തുണയ്ക്കാന്‍ നേരിട്ടുള്ള യുദ്ധംവഴി പിന്നീടൊരിക്കലും ശ്രമിച്ചിട്ടില്ല. അക്കാലംവരെ അറബിരാഷ്ട്രങ്ങളുടെ മുഴുവനും നേതൃത്വം വഹിച്ചിരുന്ന ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഗമാല്‍ അബ്ദുള്‍ നാസര്‍ 1970-ല്‍ നിര്യാതനായതോടെ അറബിലോകത്തിന് ഒരു അനാഥാവസ്ഥ അനുഭവപ്പെടുകയും ഈജിപ്തിലെ നാസറിന്റെ പിന്‍ഗാമികള്‍ ഇസ്രയേലിനോടും അമേരിക്കന്‍ ഐക്യനാടിനോടും ചായ്‍വ് പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തു. ഉദാഹരണത്തിന് നാസറിന്റെ നിര്യാണശേഷം പ്രസിഡന്റ്പദം ഏറ്റെടുത്ത അന്‍വര്‍ സാദത്ത് പലസ്തീന്‍കാരോടോ മറ്റ് അറബിരാഷ്ട്രങ്ങളോടോ ആശയവിനിമയം പോലും ചെയ്യാതെ 1979 മാ. 26-ന് ഇസ്രയേലിനെ അംഗീകരിക്കുന്ന ആദ്യത്തെ രാഷ്ട്രമായി മാറി കരാറില്‍ ഒപ്പുവച്ചത് അറബികള്‍ക്കിടയില്‍ കടുത്തരോഷപ്രകടനത്തിനിടയാക്കി. ഇതിന്റെ ഫലമായിട്ടായിരിക്കണം 1981 ഒ. 6-ന് അന്‍വര്‍ സാദത്ത് ഒരു ഈജിപ്തുകാരനാല്‍ വധിക്കപ്പെട്ടത് തുടര്‍ന്ന് പ്രസിഡന്റായ ഹോസ്നി മുബാറക്ക് സാദത്തിന്റെ നയംതന്നെ അല്പം മയപ്പെടുത്തി ആണെങ്കിലും തുടര്‍ന്നു.

ഈ ഒത്തുതീര്‍പ്പ് ഇസ്രയേലിന്റെ യുദ്ധപ്രവണതയെ ശക്തിപ്പെടുത്തുകയല്ലാതെ കുറച്ചില്ല എന്നതിന്റെ തെളിവാണ് 1981 ജൂണ്‍ 7-ന് ഇസ്രയേല്‍ സമാധാനപരമായ വൈദ്യുതി ഉത്പാദനത്തിനും മറ്റുമായി പ്രവര്‍ത്തിച്ചുവന്ന ഇറാഖിലെ ആണവപരീക്ഷണ കേന്ദ്രത്തിനെതിരെ വ്യോമാക്രമണം നടത്തിയത്. ഇതിനെക്കാള്‍ കുറേക്കൂടി രൂക്ഷമായ നടപടി ആയിരുന്നു പലസ്തീന്‍ വിമോചന സംഘടനയുടെ താവളങ്ങള്‍ തകര്‍ക്കാന്‍ എന്നുപറഞ്ഞ് 1982 ജൂണ്‍ 6-ന് ലെബനന്റെ മേല്‍ വളരെയേറെ ആള്‍നാശം ഉണ്ടാക്കിയ വന്‍ആക്രമണം ഇസ്രയേല്‍ നടത്തിയത്. പില്ക്കാലത്ത് ഇസ്രയേലി പ്രധാനമന്ത്രിയായ അന്നത്തെ രാജ്യരക്ഷാമന്ത്രി ഏരിയല്‍ ശാരോണ്‍ ആണ് ഈ കടന്നാക്രമണത്തിനു മുന്‍കൈ എടുത്തത്. ഈ ആക്രമണം ഇസ്രയേലിനെതിരെയുള്ള അറബികളുടെ രോഷം വര്‍ധിപ്പിക്കുകയും ഭീകരസംഘടനയെന്ന് പറയപ്പെടുന്ന 'ഹിസ്ബുള്ള' എന്നൊരു ഇസ്ലാമിക് പോരാട്ടസംഘടനയ്ക്ക് ജന്മം നല്കുകയും ചെയ്തു.

ആറാം സംഘട്ടനം (1987)

ഇറാഖിനും ലെബനനും എതിരെ ഇസ്രയേല്‍ നടത്തിയ കടന്നാക്രമണങ്ങളും അതേത്തുടര്‍ന്ന് പലസ്തീന്‍ മേഖലയിലാകെ ഇസ്രയേലിനെതിരെ വ്യാപകമായി വളര്‍ന്ന രോഷവും ചെറുത്തുനില്പും 1987-ല്‍ 'ഇന്‍തിഫാദ' എന്ന സംഘടിത ചെറുത്തുനില്പു പ്രസ്ഥാനത്തില്‍ ചെന്നെത്തി. ഇന്‍തിഫാദ എന്നാല്‍ ഉയര്‍ത്തെഴുന്നേല്പ്, ചെറുത്തുനില്പ് എന്നെല്ലാമാണ് അര്‍ഥം. ഇന്‍തിഫാദയുടെ വ്യാപ്തിയും ശക്തിയും ലോകരാഷ്ട്രസമൂഹത്തെ ഉണര്‍ത്തുകയും ഐക്യരാഷ്ട്രസഭയും ചില സമാധാനവാദികളായ രാഷ്ട്രങ്ങളും മധ്യസ്ഥതയ്ക്കു തയ്യാറാവുകയും ചെയ്തു. ഈ മധ്യസ്ഥശ്രമങ്ങളില്‍ പ്രധാന പങ്കുവഹിച്ച നോര്‍വേയുടെ തലസ്ഥാനമായ ഒസ്ലോയില്‍ വച്ച് 1993 സെപ്. 13-ന് പലസ്തീന്‍ സമരത്തിനു പൊതുവേയും ഇന്‍തിഫാദയ്ക്കും നേതൃത്വം നല്‍കിയിരുന്ന പലസ്തീന്‍ വിമോചനസംഘടനയും (പി.എല്‍.ഒ.) ഇസ്രയേലും ചേര്‍ന്ന് ഒത്തുതീര്‍പ്പുകള്‍ക്ക് അടിസ്ഥാനമാകേണ്ട തത്ത്വങ്ങളെക്കുറിച്ചുള്ള ഒരു രേഖയില്‍ ഒപ്പുവച്ചു. ഈ തത്ത്വങ്ങള്‍ പ്രകാരം പി.എല്‍.ഒ. ഇസ്രയേലിനെ അംഗീകരിക്കുകയും പലസ്തീന്‍ പ്രദേശങ്ങളില്‍ അറബികളുടെ സ്വതന്ത്രപരമാധികാര റിപ്പബ്ലിക് രൂപീകരിക്കുക എന്ന ലക്ഷ്യം ഇസ്രയേല്‍ അംഗീകരിക്കുകയും ചെയ്തു. ഭാവിയില്‍ രൂപംകൊള്ളാന്‍ പോകുന്ന സ്വതന്ത്രപരമാധികാര പലസ്തീന്‍ റിപ്പബ്ലിക്കന്‍ സര്‍ക്കാരിന്റെ പ്രാഥമിക രൂപമായി പലസ്തീന്‍ അതോറിറ്റി എന്നൊരു സ്ഥാപനം നിലവില്‍ വരും. ഈ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒസ്ലോ താത്കാലിക ഉടമ്പടിയില്‍ 1995 സെപ്. 8-ന് ഇരുകക്ഷികളും ഒപ്പുവച്ചു. ഇതില്‍ രോഷാകുലരായ ഇസ്രയേലി തീവ്രവാദികള്‍ 1995 ന. 4-ന് ഇസ്രയേല്‍ പ്രധാനമന്ത്രി ഇത്സാഖ് റാബിനെ വെടിവെച്ചുകൊന്നു. തത്സ്ഥാനം ഏറ്റെടുത്ത ലേബര്‍ നേതാവ് ശിമോണ്‍ പെരസ് ഒസ്ലോ കരാറുകള്‍ അനുസരിച്ചുതന്നെ മുന്നോട്ടുപോയി. തുടര്‍ന്നു പ്രധാനമന്ത്രിപദം ഏറ്റെടുത്ത ലേബര്‍ നേതാവ് യഹൂദ് ബരാക്കും ഒസ്ലോ കരാറുപ്രകാരം സമാധാനമാര്‍ഗത്തില്‍ തുടര്‍ന്നപ്പോള്‍ മുന്‍പ് ലെബനോണ്‍ ആക്രമണത്തിനു നേതൃത്വം നല്‍കിയ ലിക്കുദ് പാര്‍ട്ടി നേതാവ് ഏരിയല്‍ ശാരോണ്‍ യറൂശലേം സന്ദര്‍ശിച്ച് യഹൂദരെ ഇളക്കി സമാധാനശ്രമങ്ങള്‍ക്കു ഭീഷണി ഉയര്‍ത്തുകയും വീണ്ടും ഇന്‍തിഫാദാ മാതൃകയില്‍ അറബികള്‍ സമരമാരംഭിക്കാന്‍ ഇടവരികയും ചെയ്തു. 2001-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശാരോണ്‍ പ്രധാനമന്ത്രിയായി വന്നതോടുകൂടി സമാധാനശ്രമങ്ങള്‍ മന്ദഗതിയിലായി. 2004 ന. 11-ന് പി.എല്‍.ഒ. നേതാവും പലസ്തീന്‍ അതോറിറ്റി പ്രസിഡന്റുമായ യാസര്‍ അറാഫത്ത് നിര്യാതനായതോടെ അമേരിക്കന്‍ ഐക്യനാടും ഇസ്രയേലും പി.എല്‍.ഒ.യും അതോറിറ്റിയും ആയി കൂടിയാലോചനകള്‍ ആരംഭിച്ചു. അറബി-ഇസ്രയേല്‍ ബന്ധങ്ങള്‍ സൗഹാര്‍ദപരമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഇനിയും വിജയം കണ്ടിട്ടില്ല. നോ: അറബ് ലീഗ്; ഇസ്രയേല്‍-ചരിത്രം; ഈജിപ്ത്-ചരിത്രം; ബാല്‍ഫൂര്‍ പ്രഖ്യാപനം; സയണിസം; അറാഫത്ത്, യാസ്സര്‍

(ഡോ. ടി.കെ. രവീന്ദ്രന്‍; പി. ഗോവിന്ദപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍