This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരിക്കമേട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരിക്കമേട്

ദക്ഷിണേന്ത്യയില്‍ പോണ്ടിച്ചേരിപട്ടണത്തിന് 3 കി.മീ. തെ. മാറി സ്ഥിതിചെയ്യുന്ന ചരിത്രപ്രധാനമായ ഒരു ഗ്രാമം. ബി.സി.യിലും എ.ഡി. ആദ്യശതകങ്ങളിലും ഉണ്ടായിരുന്ന ഇന്തോ-റോമന്‍ വാണിജ്യ ബന്ധങ്ങളും സാംസ്കാരികസമ്പര്‍ക്കങ്ങളും വെളിപ്പെടുത്തുന്ന പലതരം ചരിത്രാവശിഷ്ടങ്ങളും ഉത്ഖനനഫലമായി ഇവിടെനിന്നു ലഭിച്ചിട്ടുണ്ട്. പ്രാചീനകാലത്ത് പലതരം വര്‍ണസ്ഫടികങ്ങളും ശിലകളുംകൊണ്ടുള്ള അലങ്കാരശില്പങ്ങള്‍ നിര്‍മിക്കുന്ന ഒരു റോമന്‍ കേന്ദ്രം ഇവിടെയുണ്ടായിരുന്നതായി, ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍, ഗവേഷകന്മാര്‍ ഊഹിക്കുന്നു.

പ്രാചീന റോമും വെനീസുമായി ഇന്ത്യയ്ക്കുണ്ടായിരുന്ന വാണിജ്യസമ്പര്‍ക്കങ്ങളെക്കുറിച്ചു ധാരാളം തെളിവുകള്‍ ഇവിടെനിന്ന് ലഭിക്കുന്നു. മസ്ലിന്‍തുണികള്‍, നീലം, കുരുമുളക്, ഏലം, മറ്റ് സുഗന്ധദ്രവ്യങ്ങള്‍, ശംഖുകളും കവടികളുംകൊണ്ടുള്ള അലങ്കാരവസ്തുക്കള്‍ തുടങ്ങിയവ അരിക്കമേട്ടില്‍ നിന്ന് ഇറ്റാലിയന്‍ നഗരങ്ങളിലേക്കു കയറ്റിഅയച്ചുകൊണ്ടിരുന്നപ്പോള്‍, അവിടങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യപ്പെട്ടിരുന്ന മുഖ്യവസ്തുക്കള്‍ മധ്യധരണ്യാഴിത്തീരങ്ങളിലെ വീഞ്ഞും, അതു സൂക്ഷിക്കാന്‍ ഇരട്ടപ്പിടികളോടുകൂടിയ ഭരണികളും, സ്ഫടികപ്പാത്രങ്ങളും, വര്‍ണാഞ്ചിതമായ കളിമണ്‍ ഉപകരണങ്ങളും ആയിരുന്നു. ഇവയില്‍ ചിലതില്‍ പ്രാചീനലിപികളിലുള്ള ചില തമിഴ് ആലേഖനങ്ങളും കാണാം. പ്രാചീന റോമന്‍മാതൃകയിലുള്ള നിരവധി വിളക്കുകളും ഇവിടെനിന്നു കണ്ടുകിട്ടിയിട്ടുണ്ട്. ഒരു ഗുദാമായി ഉപയോഗിക്കപ്പെട്ടുവന്നത് എന്നു കരുതപ്പെടേണ്ട ഒരു എടുപ്പിന്റെ 150 അടി നീളമുള്ള തകര്‍ന്ന ഒരടിത്തറയും മതില്‍കെട്ടിമറച്ച രണ്ട് അങ്കണങ്ങളും ഇവിടെ കാണാം. കുളങ്ങളും ഇഷ്ടികകൊണ്ടുപടുത്ത രണ്ട് ഓവുചാലുകളും അവയുടെമീതെ ചില കലുങ്കുകളും ഈ നഷ്ടാവശിഷ്ടങ്ങളില്‍ ഉള്‍പ്പെടുന്നു.

ഇവിടെ മണല്‍കുന്നുകളുടെ ഇടയില്‍നിന്നു കിട്ടിയ ചില തകര്‍ന്ന പദാര്‍ഥങ്ങള്‍ ബാലന്മാര്‍ കളിപ്പാട്ടങ്ങളായി ഉപയോഗിക്കുന്നതുകണ്ട് കൌതുകവും ജിജ്ഞാസയും വളര്‍ന്ന ചിലരാണ് ഈ സ്ഥലത്തിന്റെ സവിശേഷതകള്‍ 1937-ല്‍ പുരാവസ്തു ശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്; തുടര്‍ന്ന് ഭാരതീയരും ഫ്രഞ്ചുകാരുമായ ഗവേഷകന്മാര്‍ ഇവിടെ നീണ്ടുനിന്ന ഉത്ഖനനങ്ങള്‍ നടത്തി. ഇന്ത്യന്‍ പുരാവസ്തു പര്യവേക്ഷണവകുപ്പിന്റെ (Archaeolo-gical Survey of India) മേധാവിയായിരുന്ന മോര്‍ട്ടിമര്‍ വീലറുടെ നേതൃത്വത്തില്‍ 1945-ല്‍ നടത്തപ്പെട്ട ദീര്‍ഘമായ ഉത്ഖനനങ്ങളാണ് ചരിത്രപ്രാധാന്യമുള്ള നിരവധി പദാര്‍ഥങ്ങള്‍ പുറത്തുകൊണ്ടുവന്നത്. 1947-48 കാലത്ത് ഫ്രഞ്ച് ഗവണ്‍മെന്റ് നിയോഗിച്ച ജെ.എം. കാസുവേന്‍ എന്ന ശാസ്ത്രജ്ഞനും ഇവിടെ എത്തി, ഗവേഷണങ്ങള്‍ നടത്തുകയുണ്ടായി.

തമിഴ്നാടു ഗവണ്‍മെന്റിന്റെ ചെന്നൈയിലെ പുരാവസ്തു ശേഖരത്തില്‍ അരിക്കമേട്ടില്‍ നിന്നു ലഭിച്ച പല അപൂര്‍വവസ്തുക്കളും പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്.

(എസ്. ദേവസഹായം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍