This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയ്ക്ബോണ്‍, ആലന്‍ (1939 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:54, 14 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അയ് ക്ബോണ്‍, ആലന്‍ (1939 - )

Ayckbourn,Alan

ഇംഗ്ലീഷ് നാടകകൃത്തും നടനും സംവിധായകനും. 1939 ഏ. 12-നു ലണ്ടനില്‍ ജനിച്ചു. ഹെയ്‍ലിബറിയിലും ഹാര്‍ട്ഫഡ്ഷയറിലെ ഇമ്പീരിയല്‍ സര്‍വീസ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. ഡോനാള്‍ഫ് വോള്‍ഫിറ്റ്സ് കമ്പനിയിലെ നാടകസംവിധായകന്‍, സ്റ്റോക്-ഓണ്‍-ട്രെന്റിലെ വിക്റ്റോറിയാ തിയെറ്ററിന്റെ സ്ഥാപകാംഗം എന്നീ നിലകളില്‍ കുറേക്കാലം പ്രവര്‍ത്തിച്ചു. 1964 മുതല്‍ 70 വരെ ലീഡ്സില്‍ ബി.ബി.സി.യുടെ റേഡിയോ നാടകനിര്‍മാതാവായിരുന്നു. പിന്നീട് സ്കാര്‍ബറോ തിയെറ്റര്‍ ട്രസ്റ്റിന്റെ കലാസംവിധായകനായി.

ദ് സ്ക്വയര്‍ കാറ്റ് (1959), സ്റ്റാന്‍ഡിങ് റൂം ഒണ്‍ലി (1962), മിസ്റ്റര്‍ വാട്ട് നാട്ട് (1963), റിലേറ്റിവ്‍ലി സ്പീക്കിങ് (1967), ഹൗ ദി അദര്‍ ഹാഫ് ലിവ്സ് (1969), റ്റൈം അന്‍ഡ് റ്റൈം എഗെയ് ന്‍ (1971), ആബ്സന്റ് ഫ്രന്‍ഡ്സ് (1975), ബെഡ്റൂം ഫാഴ്സ് (1977) എന്നിവയാണ് അയ്ക്ബോണിന്റെ നാടകങ്ങളില്‍ പ്രധാനം. തന്റെ സമകാലികരില്‍ പലരെയുംപോലെ ഇദ്ദേഹവും അഭിനയത്തിലൂടെയാണ് നാടകകലയില്‍ പരിശീലനം നേടിയത്. നര്‍മബോധം, ഇതിവൃത്താവതരണത്തിലെ ചടുലത, സ്ഥലകാലൈക്യത്തെപ്പറ്റിയുള്ള മൗലികബോധം, കഥാപാത്രങ്ങളുടെ ക്രിയാനൈരന്തര്യം എന്നിവ ഇദ്ദേഹത്തിന്റെ നാടകങ്ങളുടെ സവിശേഷതകളാണ്.

പ്രേക്ഷകരെ ചിരിപ്പിക്കുകയാണ് അയ്ക്ബോണിന്റെ മുഖ്യ ഉദ്ദേശ്യം. ജീവിതത്തെക്കുറിച്ചുള്ള സമഗ്രമായ ദര്‍ശനമോ സന്ദേശമോ ഇല്ലെന്നുതന്നെ പറയാം. വിഭ്രമജനകമായ നാടകീയ സന്ദര്‍ഭങ്ങളെ വികസിപ്പിച്ചെടുക്കുന്ന പ്രഹസനങ്ങളാണു കൃതികളില്‍ പലതും. ലണ്ടന്‍ നിവാസികള്‍ ബസുകളിലും കാറുകളിലും താമസമാക്കാന്‍ ഇടയാക്കുന്ന തരത്തിലുള്ള ഗതാഗതസ്തംഭനത്തെക്കുറിച്ചുള്ള ഹാസ്യഭാവനയാണു സ്റ്റാന്‍ഡിങ് റൂം ഒണ്‍ലി എന്ന നാടകം. സുമുഖനായ ഒരു യുവാവു തന്റെ കാമുകിയുടെ വീടാണെന്നു തെറ്റിദ്ധരിച്ച് അവളുടെ ആദ്യകാമുകന്റെ വീട്ടിലേക്കു കയറിച്ചെല്ലുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന ഹാസ്യോദ്ദീപകമായ രംഗങ്ങള്‍ റിലേറ്റിവ്‍ലി സ്പീക്കിങ് എന്ന നാടകത്തില്‍ വിദഗ്ധമായി ചിത്രീകരിക്കുന്നു. ഹൗ ദി അദര്‍ ഹാഫ് ലിവ്സ് എന്ന നാടകത്തിലാകട്ടെ, വ്യത്യസ്ത സ്വഭാവങ്ങളോടുകൂടിയ ഒരു ഉപരിമധ്യവര്‍ഗകുടുംബത്തെയും ഒരു അധോമധ്യവര്‍ഗകുടുംബത്തെയും ഒരേ സ്റ്റേജില്‍ അവതരിപ്പിച്ച് അതില്‍നിന്നു ഫലിതം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

സെര്‍വീസ് നോട്ട് ഇന്‍ക്ളൂഡഡ് (1974), തിയെറ്റര്‍ (1976) എന്നു രണ്ടു ടെലിവിഷന്‍ നാടകങ്ങള്‍കൂടി അയ്ക്ബോണ്‍ രചിച്ചിട്ടുണ്ട്. ഇദ്ദേഹം സംവിധാനം ചെയ്ത നാടകങ്ങളില്‍ പ്രധാനം ദ് കെയര്‍റ്റെയ്ക്കര്‍ (ഹാരോള്‍ഡ് പിന്റര്‍), ദ് ഗ്ലാസ് മെനാജറി (റ്റെനസി വില്യംസ്), അങ്കിള്‍ വന്യ (ചെക്കോഫ്), ദ് ബ്രെഡ് വിനര്‍ (സോമര്‍സെറ്റ് മോം) എന്നിവയാണ്. ദ് ഡം വെയ്റ്റര്‍ (ഹാരോള്‍ഡ് പിന്റര്‍), വെയ്റ്റിങ് ഫോര്‍ ഗോദോ (ബെക്കറ്റ്), ദ് ജ്യൂ ഒഫ് മാള്‍ട്ടാ (മാര്‍ലോ) തുടങ്ങിയ നാടകങ്ങളിലെ അഭിനയം ഇദ്ദേഹത്തിന്റെ പ്രശസ്തി വളരെയേറെ വര്‍ധിപ്പിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍