This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമ്മിക്കല്ല്, ആട്ടുകല്ല്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമ്മിക്കല്ല്, ആട്ടുകല്ല്

വ്യഞ്ജനം, മസാല, മരുന്ന് മുതലായവ അരച്ചെടുക്കാനുപയോഗിക്കുന്ന കരിങ്കല്ലുപകരണം. ഇതിന് അരകല്ല് എന്നും പേരുണ്ട്.

അമ്മിക്കല്ല് ദീര്‍ഘചതുരാകൃതിയിലും ആട്ടുകല്ല് വൃത്താകൃതിയിലും ആണ് കാണപ്പെടുന്നത്. അരയ്ക്കാനുപയോഗിക്കുന്ന നീണ്ടുരുണ്ട കല്ലാണു കുഴവി. ഇതിനു പിള്ളക്കല്ല്, അമ്മിപ്പിള്ള എന്നും പറയാറുണ്ട്. ധാന്യങ്ങളും കിഴങ്ങുവര്‍ഗങ്ങളും മറ്റും പൊടിച്ചും ചതച്ചും അരച്ചു കുഴമ്പാക്കിയും ഉപയോഗിക്കുന്ന രീതി കാര്‍ഷിക പരിഷ്കാരത്തിന്റെ ഫലമായി മനുഷ്യന്‍ ആവിഷ്കരിച്ചു. ഇതിനാവശ്യമായ ഒരു ഉപകരണമാണ് അരകല്ല്. അരകല്ലും കുഴവിയും അതിപ്രാചീനകാലം മുതല്‍ ജനങ്ങള്‍ ഉപയോഗിച്ചുതുടങ്ങി. പഴയ ലിബിയയില്‍ നിന്നും അരകല്ലുകള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.

അമ്മിക്കല്ലും,ആട്ടുകല്ലും

വൃത്താകൃതിയില്‍ നടുക്കു കുഴിയോടുകൂടിയുണ്ടാക്കിയെടുക്കുന്ന ആട്ടുകല്ല് ധാന്യങ്ങള്‍ ആട്ടി മാവെടുക്കുന്നതിന് ഉപയോഗിക്കുന്നു. ആട്ടുന്നതിനു നീണ്ടുരുണ്ട കുഴവിതന്നെയാണ് ഉപയോഗിക്കുന്നത്. ആട്ടുകല്ലിന്റെ തന്നെ മറ്റൊരു രൂപമാണ് മുറുക്കാനും മരുന്നും മറ്റും ഇടിക്കുന്നതിനുള്ള ഇടികല്ല്. പയറ്, ഉഴുന്ന് എന്നിവ പൊടിച്ചെടുക്കുന്നതിനു തിരികല്ലുകളാണ് ഉപയോഗിക്കുന്നത്. ആധുനിക കണ്ടുപിടിത്തങ്ങളിലൊന്നായ ഇലക്ട്രിക് മിക്സറുകള്‍ അഥവാ മിക്സി, ഗ്രൈന്‍ഡര്‍ എന്നിവ ഇന്ന് അരകല്ലിനും ആട്ടുകല്ലിനും പകരം ഉപയോഗിക്കപ്പെടുന്നു.

അമ്മിക്കല്ലുപോലെ ഹൃദയം അചഞ്ചലമായിരിക്കണമെന്ന സങ്കല്പത്തില്‍ വരന്‍ വധുവിന്റെ വലതുകാല്‍ പിടിച്ച് അമ്മിമേല്‍ ചവിട്ടിക്കുന്ന ഒരു കര്‍മം വിവാഹത്തോടനുബന്ധിച്ചു ബ്രാഹ്മണര്‍ അനുഷ്ഠിക്കാറുണ്ട്. ഇതിന് 'അമ്മിചവിട്ടുക' എന്നാണ് പറയുക.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍