This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമൃത റോയ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമൃത റോയ് (1921 - )

അമൃത റോയ്

ഹിന്ദി സാഹിത്യകാരന്‍. നിരൂപകന്‍, കഥാകൃത്ത്, നോവലിസ്റ്റ്, സഞ്ചാരസാഹിത്യകാരന്‍, ജീവചരിത്രകാരന്‍ എന്നീ നിലകളില്‍ ആധുനിക ഹിന്ദി സാഹിത്യത്തില്‍ ഇദ്ദേഹം പ്രാമുഖ്യമര്‍ഹിക്കുന്നു. പ്രസിദ്ധ ഹിന്ദി നോവലിസ്റ്റായ പ്രേംചന്ദിന്റെ മകനായി 1921-ല്‍ കാണ്‍പൂരില്‍ ജനിച്ചു. ബാല്യം മുതല്‍ പിതാവിന്റെ ശിക്ഷണത്തില്‍ സാഹിത്യകൃതികള്‍ വായിക്കുവാനുള്ള സന്ദര്‍ഭം കിട്ടി. ഗദ്യവും പദ്യവും ഒന്നുപോലെ കൈകാര്യം ചെയ്യാനുള്ള കഴിവ് ഇദ്ദേഹത്തിന് ചെറുപ്പത്തിലെ തന്നെ കിട്ടിയിരുന്നുവെങ്കിലും പില്ക്കാലത്ത് ഒരു ഗദ്യകാരനായിട്ടാണ് യശസ്സാര്‍ജിച്ചത്. അലഹബാദ് സര്‍വകലാശാലയില്‍നിന്ന് ഇംഗ്ളീഷ് സാഹിത്യം ഐച്ഛികമായെടുത്ത് എം.എ. ബിരുദം നേടി. വിദ്യാഭ്യാസത്തിനുശേഷം മുഴുവന്‍ സമയവും സാഹിത്യസൃഷ്ടിക്കുവേണ്ടി വിനിയോഗിച്ചു. നോവല്‍, ചെറുകഥ, വിമര്‍ശനം, യാത്രാവിവരണം എന്നീ സാഹിത്യശാഖകളില്‍ ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ബീജ്, നാഗാഫനീ കാ ദേശ്, ഹാഥീ കേ ദാന്ത് എന്നീ നോവലുകളും ഇതിഹാസ്, കസ്ബേ കാ ഏക് ദിന്‍, ഭോര്‍സേ പഹലേ, കഠ്ഘറേ, ഗീലീമിട്ടീ എന്നീ ചെറുകഥാസമാഹാരങ്ങളും റോയിയുടെ എണ്ണപ്പെട്ട കൃതികളാണ്. നയീ സമീക്ഷാ എന്ന വിമര്‍ശനഗ്രന്ഥം ഇദ്ദേഹത്തിന്റെ നിരൂപണനിപുണതയ്ക്ക് ഉദാഹരണമായി നിലകൊള്ളുന്നു. രബീന്ദ്രനാഥ ടാഗോറിന്റെ രബീന്ദ്ര നിബന്ധമാലയുടെ പരിഭാഷയും ഏതാനും യാത്രാവിവരണങ്ങളും ഇദ്ദേഹം ഹിന്ദിക്ക് സംഭാവന ചെയ്തിട്ടുണ്ട്. പക്ഷേ, ഇവയില്‍ നിന്നെല്ലാം ഭിന്നവും ഉത്കൃഷ്ടവുമായ പ്രേംചന്ദ് കലം കാ സിപാഹി (പ്രേംചന്ദ് എന്ന തൂലികപടയാളി) എന്ന ഗ്രന്ഥമാണ് റോയിയുടെ പ്രകൃഷ്ടകൃതിയായി സാഹിത്യലോകം അംഗീകരിച്ചിട്ടുള്ളത്. 650 പുറങ്ങളുള്ള ഈ ഗ്രന്ഥം പ്രേംചന്ദിന്റെ സംഭവബഹുലമായ ജീവിതത്തെ വിവരിക്കുന്നു. ജീവചരിത്രരചനയ്ക്കും സാഹിത്യനിരൂപണത്തിനും തികച്ചും നൂതനമായ മാതൃക നല്കുന്ന ഈ കൃതിക്ക് 1963-ല്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡു ലഭിക്കുകയുണ്ടായി. സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ്, നെഹ്റു ഫെലോഷിപ്പ് തുടങ്ങിയവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍