This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമൃതുവള്ളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:27, 22 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അമൃതുവള്ളി

Gulancha Tinospora

മെനിസ്പെര്‍മേസീ (Menispermaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധി. ശാ.നാ. ടീനോസ്പോറ കോര്‍ഡിഫോളിയ (Tinospora cordifolia). സാധാരണ കാലാവസ്ഥകളില്‍ വളരുന്ന ഒരു വള്ളിച്ചെടിയാണിത്. ഇത് ഔഷധമായി ഉപയോഗിക്കപ്പെടുന്നു. കടും പച്ചനിറവും ഹൃദയാകാരവുമുള്ള ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. വള്ളിക്ക് വിരലിന്റെ കനമേ കാണുകയുള്ളു. വള്ളിയുടെ പുറത്ത് ഇളം തവിട്ടുനിറത്തില്‍ നേരിയ ഒരു തൊലിയുണ്ട്. ഈ തൊലി മാറ്റിയാല്‍ നല്ല പച്ചനിറമായിരിക്കും. ആകൃതിയില്‍ അല്പംകൂടി ചെറുതും നിറം അല്പം കുറഞ്ഞതുമായ അമൃതിനെ 'ചിറ്റമൃത്' എന്നു വിളിക്കുന്നു. കാട്ടമൃതിന്റെ (ടി. മലബാറിക്ക) ഇല വലുപ്പം കൂടിയതാണ്. ഇളംതണ്ടിലും ഇലയുടെ അടിവശത്തും വെള്ളലോമങ്ങളുണ്ട്.

ചിറ്റമൃതിന്റെ വള്ളിയാണ് സാധാരണ ഔഷധമായി ഉപയോഗിക്കുന്നത്; കാട്ടമൃതും ഉപയോഗിക്കാറുണ്ട്. ചില സ്ഥലങ്ങളില്‍ വേരും ഉപയോഗപ്പെടുത്തുന്നു. അനവധി രോഗങ്ങളെ ശമിപ്പിക്കാനുള്ള ശക്തി ഇതിനുണ്ട്. അതുകൊണ്ടാവാം, ഒരു പക്ഷേ, ഇതിന് അമൃത് എന്ന പേരുണ്ടായത്. പാലാഴി കടഞ്ഞപ്പോള്‍ കിട്ടിയ അമൃതിന്റെ ഏതാനും തുള്ളികള്‍ സന്ദര്‍ഭവശാല്‍ ഭൂമിയില്‍ വീഴാന്‍ ഇടയായെന്നും, അവ മുളച്ചുവളര്‍ന്നുണ്ടായതാണ് ഈ ചെടിയെന്നും ഒരു ഐതിഹ്യം ഉണ്ട്.

ആയുര്‍വേദവിധിപ്രകാരമുള്ള മിക്ക ഔഷധങ്ങളിലും അമൃത് ഒരു മുഖ്യഘടകമാണ്. കടുത്ത കയ്പുള്ള അമൃത് പചിച്ചുകഴിഞ്ഞാല്‍ മധുരരസമായിത്തീരുന്നു. രസായനഗുണമുള്ള ഈ പദാര്‍ഥത്തിന് മലത്തെ ശോഷിപ്പിക്കാന്‍ കഴിവുണ്ട്. കഷായാനുസരവും ലഘുവും ആയതിനാല്‍ ബലത്തേയും ജഠരാഗ്നിയേയും ഇത് വര്‍ധിപ്പിക്കുന്നു.

കാമില, കുഷ്ഠം, വാതവ്യാധികള്‍, രക്തദൂഷ്യം, ജ്വരം, കൃമി, ഛര്‍ദി ഇവയെ നശിപ്പിക്കുകയും പ്രമേഹം, ശ്വാസരോഗം, കാസരോഗം, അര്‍ശസ്, മൂത്രകൃച്ഛ്ം, ഹൃദ്രോഗം എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു.

(പി.എസ്. ശ്യാമളകുമാരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍