This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമൃതകൌര്‍, രാജകുമാരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമൃതകൌര്‍, രാജകുമാരി (1889 - 1964)

രാജകുമാരി അമൃതകൗര്‍

സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ ആരോഗ്യവകുപ്പുമന്ത്രി. രാജാ ഹര്‍ണാംസിങ്ങിന്റെ ഏക പുത്രിയായി ലഖ്നൌവിലെ കപൂര്‍ത്തല രാജവംശത്തില്‍ 1889 ഫെ. 2-ന് അമൃതകൌര്‍ ജനിച്ചു. രാഷ്ട്രീയസാമൂഹികരംഗങ്ങളില്‍ ബാല്യം മുതല്‍ സജീവമായ പങ്ക് ഇവര്‍ വഹിച്ചിട്ടുണ്ട്. കപൂര്‍ത്തല രാജകുടുംബത്തില്‍ പിറന്ന അവര്‍ മാതാപിതാക്കളോടൊപ്പം ക്രിസ്തുമത വിശ്വാസിയായി. ഇംഗ്ളണ്ടില്‍ ഉപരിവിദ്യാഭ്യാസം നേടി ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം സാമൂഹിക സേവനത്തിലാണ് ഇവരുടെ ശ്രദ്ധ തിരിഞ്ഞത്. അഖിലേന്ത്യാ വനിതാസമ്മേളനം തുടങ്ങിയ കാലം (1927) മുതല്‍ അതില്‍ അംഗമായിരുന്നു അമൃതകൌര്‍. 1933-ല്‍ ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ സെലക്ട് കമ്മറ്റി മുന്‍പാകെ ഈ സംഘടനയ്ക്കുവേണ്ടി ഇവര്‍ തെളിവു നല്കുകയുണ്ടായി. ഗാന്ധിജിയുടെ സെക്രട്ടറി എന്ന നിലയില്‍ 16 കൊല്ലം ഇവര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ക്വിറ്റിന്ത്യാ പ്രക്ഷോഭണത്തെത്തുടര്‍ന്ന് ജയില്‍ വാസം അനുഭവിച്ചു. 1946-ല്‍ യുനെസ്കോ സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തിന്റെ ഉപനേതാവായിരുന്നു ഇവര്‍. 1947-ല്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യവകുപ്പുമന്ത്രിയായ ഇവര്‍ 1957 വരെ തത്സ്ഥാനം വഹിച്ചു. 1964 വരെ രാജ്യസഭാംഗമായിരുന്നു. 1950-ല്‍ ലോകാരോഗ്യസംഘടനയുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ റെഡ്ക്രോസ് സംഘടനയുടേയും അധ്യക്ഷയായിരുന്നിട്ടുണ്ട്. അഖിലേന്ത്യാ സ്പോര്‍ട്സ് കൌണ്‍സിലിന്റെ അധ്യക്ഷയായും ഇവര്‍ സേവനം അനുഷ്ഠിച്ചിരുന്നു. 1964 ഫെ. 6-ന് അമൃതകൌര്‍ നിര്യാതയായി.

(കെ. രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍