This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമീനുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമീനുകള്‍

Amines

അമോണിയയിലെ ഹൈഡ്രജനെ ആല്‍ക്കൈല്‍ ഗ്രൂപ്പോ അരൈല്‍ ഗ്രൂപ്പോ കൊണ്ടു പ്രതിസ്ഥാപിച്ചു കിട്ടുന്ന വ്യുത്പന്നങ്ങള്‍. മീഥൈല്‍ അമീന്‍ (CH3 NH2), ഈഥൈല്‍ അമീന്‍ (C2H5 NH2), ഫിനൈല്‍ അമീന്‍ (C6H5 NH2) അഥവാ അനിലിന്‍ എന്നിവ ഉദാഹരണങ്ങള്‍. അമോണിയയിലെ ഒരു ഹൈഡ്രജനെമാത്രം ആദേശിച്ചുകിട്ടുന്ന അമീനുകളെ പ്രൈമറി എന്നും രണ്ടു ഹൈഡ്രജന്‍ അണുക്കളെ ആദേശിച്ചു കിട്ടുന്നവയെ സെക്കന്‍ഡറി [ഉദാ. (CH3)2NH] എന്നും, മൂന്നു ഹൈഡ്രജന്‍ അണുക്കളെ ആദേശിച്ചു കിട്ടുന്നവയെ ടെര്‍ഷ്യറി [ഉദാ. (CH3)3N] എന്നും വിശേഷിപ്പിക്കാറുണ്ട്. സെക്കന്‍ഡറി അമീനുകളിലും ടെര്‍ഷ്യറി അമീനുകളിലും പ്രതിസ്ഥാപകഗ്രൂപ്പുകള്‍ (substituent groups) ഒരേ വിധത്തിലാണെങ്കില്‍ അവയെ സരള(simple) അമീനുകള്‍ എന്നു പറഞ്ഞുവരുന്നു. മുകളില്‍ കൊടുത്തവതന്നെയാണ് ഇതിന് ഉദാഹരണങ്ങള്‍. എന്നാല്‍ പ്രതിസ്ഥാപകഗ്രൂപ്പുകള്‍ ഭിന്നങ്ങളാണെങ്കില്‍ അവ മിശ്ര (mixed) അമീനുകളാണ്. മീഥൈല്‍ ഈഥൈല്‍ അമീന്‍ (CH3.C2H5.NH), മീഥൈല്‍ ഫിനൈല്‍ അമീന്‍(CH3.C6H5.NH), മീഥൈല്‍ ഈഥൈല്‍ ഫിനൈല്‍ അമീന്‍ (CH3.C2H5.C6H5.N) മുതലായവ ദൃഷ്ടാന്തങ്ങള്‍. അമീനുകളില്‍ കാര്‍ബണിക ഗ്രൂപ്പുകള്‍ നൈട്രജനുമായി നേരിട്ടാണു ബന്ധപ്പെട്ടിരിക്കുന്നത്. അങ്ങനെ ഘടിതങ്ങളായ ഗ്രൂപ്പുകള്‍ മുഴുവനും ആലിഫാറ്റികങ്ങള്‍ (aliphatic) ആണെങ്കില്‍ അവ ആലിഫാറ്റിക് അമീനുകളാണ്; ഏതെങ്കിലും ഒന്ന് ആരൊമാറ്റികം (aromatic) ആണെങ്കില്‍ അവ ആരൊമാറ്റിക് അമീനുകളാണ്. ഗ്രൂപ്പുകളില്‍ ഒന്നെങ്കിലും അപൂരിതം (unsaturated) ആണെങ്കില്‍ അവ അപൂരിത അമീനുകളെന്നു പറയപ്പെടുന്നു (ഉദാ. വിനൈല്‍ അമീന്‍, (CH2=CH.NH2). ഒരു തന്മാത്രയില്‍ ഒന്നിലധികം അമിനൊ ഗ്രൂപ്പുകള്‍ ഉണ്ടെങ്കില്‍ സംഖ്യാനുസരണം അവയെ ഡൈ അമീനുകള്‍, ട്രൈ അമീനുകള്‍ എന്നു വിളിക്കുന്നു. അമീനുകള്‍ക്ക് പൊതുവേ ചില സവിശേഷതകള്‍ ഉണ്ടെങ്കിലും ഓരോ വര്‍ഗത്തില്‍ പെട്ടവയേയും പ്രത്യേകമെടുത്തു പഠനം നടത്തുകയാണ് പതിവ്.

ആലിഫാറ്റിക അമീനുകള്‍. ഏതാനും ആലിഫാറ്റിക അമീനുകള്‍ ചില ചെടികളിലും മറ്റും കണ്ടു വരുന്നുണ്ടെങ്കിലും കൃത്രിമ മാര്‍ഗങ്ങളിലൂടെയാണ് ഇവ സാധാരണമായി ലഭ്യമാക്കി വരുന്നത്. ഒരു ആല്‍ക്കൈല്‍ ഹാലൈഡും ആല്‍ക്കഹോളില്‍ ലയിപ്പിച്ച അമോണിയയും കൂട്ടിച്ചേര്‍ത്ത് അടച്ച ഒരു പാത്രത്തില്‍വച്ചു ചൂടാക്കിയാല്‍ പ്രൈമറി, സെക്കന്‍ഡറി, ടെര്‍ഷ്യറി അമീനുകളുടെ ഒരു മിശ്രിതം ലഭിക്കുന്നു. അല്പം ക്വാര്‍ട്ടേര്‍ണറി (quarternary) അമോണിയം ലവണവും ഉണ്ടായേക്കാം. ഇതു ഹോഫ്മാന്‍ എന്ന ശാസ്ത്രജ്ഞന്‍ കണ്ടുപിടിച്ച സംശ്ളേഷണ പ്രക്രിയയാണ്.

Image:pF872a.png

ഈ സമവാക്യങ്ങളില്‍ R എന്നത് ഒരു ആല്‍ ക്കൈല്‍ ഗ്രൂപ്പിനെയും [ഉദാ. ( CH3;C2H5)] X എന്നത് ഒരു ഹാലൈഡ് ഗ്രൂപ്പിനെയും (ഉദാ. ക്ലോറൈഡ്; ബ്രോമൈഡ്) പ്രതിനിധാനം ചെയ്യുന്നു. നാലാമത്തെ സമവാക്യത്തില്‍ ഉത്പന്നമായി ലഭിക്കുന്നത് ഒരു ക്വാര്‍ട്ടേര്‍ണറി അമോണിയം ലവണമാണ്. ഉത്പന്നങ്ങളുടെ മിശ്രിതത്തില്‍ നിന്ന് ഘടകങ്ങളെ വേര്‍തിരിച്ചെടുക്കുന്നതിന് മാര്‍ഗങ്ങളുണ്ട്.

പ്രൈമറി അമീനുകളെ ഉത്പാദിപ്പിക്കുന്നതിന് പ്രത്യേകമായ ചില വിധികളും ഇല്ലാതില്ല. ഒരു അമ്ള അമൈഡും (acid amide) ബ്രോമിനും സോഡിയം ഹൈഡ്രോക്സൈഡും ചേര്‍ത്തു ചൂടാക്കുമ്പോള്‍ പ്രൈമറി അമീന്‍ ലഭിക്കുന്നു.

Image:p872b.png

ഒരു നൈട്രൊ യൌഗികം നിരോക്സീകരിച്ച് മിക്കവാറും ശുദ്ധമായ പ്രൈമറി അമീന്‍ ലഭിക്കുന്നു.

Image:p872c.png

പ്രൈമറി അമീനുകള്‍ നിര്‍മിക്കുവാന്‍ ഗബ്രിയല്‍ എന്ന ശാസ്ത്രജ്ഞന്‍ കണ്ടുപിടിച്ച ഒരു രീതിയും പ്രാധാന്യമുള്ളതാണ്.

സെക്കന്‍ഡറി അമീനുകള്‍, ടെര്‍ഷ്യറി അമീനുകള്‍, ക്വാര്‍ട്ടേര്‍ണറി ലവണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനും അനുയോജ്യമാര്‍ഗങ്ങള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.

ഗുണധര്‍മങ്ങള്‍. താഴ്ന്ന അമീനുകള്‍ അമോണിയയുടെ ഗന്ധമുള്ള വാതകങ്ങളാണ്. ഉയര്‍ന്ന അമീനുകള്‍ ദ്രവങ്ങളോ ഖരങ്ങളോ ആയിരിക്കും. ഗന്ധം പൊതുവേ അരോചകമായിരിക്കും. എല്ലാം വായുവില്‍ കത്തിക്കപ്പെടാവുന്നവയാണ്. അമോണിയയേക്കാള്‍ ബേസികത കൂടിയവയാണ്. ആല്‍ക്കൈല്‍ ഗ്രൂപ്പുകളുടെ എണ്ണം കൂടുന്തോറും ബേസികത കൂടുന്നു. ക്വാര്‍ട്ടേര്‍ണറി അമോണിയം ഹൈഡ്രോക്സൈഡ് ശക്തിയേറിയ കാര്‍ബണിക ബേസുകള്‍ക്കു തുല്യമാണ്. എല്ലാ അമീനുകളും അമ്ലങ്ങളോടു ചേര്‍ന്നു ലവണങ്ങളുണ്ടാക്കുന്നു.

RNH2 + HCl \longrightarrow R NH2 HCl

പ്ലാറ്റിനം ക്ലോറൈഡ് ലായനി ചേര്‍ത്താല്‍ മിക്കവാറും എല്ലാ അമീനുകളിലും നിന്നു ലേയത്വം കുറഞ്ഞ ക്ലോറൊ പ്ലാറ്റിനേറ്റ് ലവണങ്ങള്‍ ഉണ്ടാകും. പ്രൈമറി അമീനുകളും സെക്കന്‍ഡറി അമീനുകളും അസറ്റൈല്‍ ക്ലോറൈഡ് (R.COCl) അസറ്റിക് അന്‍ഹൈഡ്രൈഡ് (R CO.O CO.R) എന്നിവയുമായി പ്രവര്‍ത്തിച്ച് ബേസികത കുറഞ്ഞ അസറ്റൈല്‍ വ്യുത്പന്നങ്ങള്‍ ലഭ്യമാക്കുന്നു. പ്രൈമറി അമീനുകള്‍ നൈട്രസ് അമ്ലവുമായി പ്രവര്‍ത്തിച്ച് ആല്‍ക്കഹോളുകള്‍ നല്കുന്നു. ഇതേ സാഹചര്യത്തില്‍ സെക്കന്‍ഡറി അമീനുകള്‍ ലേയത്വം കുറഞ്ഞതും മിക്കവാറും തൈലരൂപത്തിലുള്ളതുമായ നൈട്രോസമീനുകള്‍ (nitrosamines) ആണ് തരുന്നത്. ടെര്‍ഷ്യറി അമീനുകള്‍ ആല്‍ഡിഹൈഡുകളുമായിച്ചേര്‍ന്ന് ഷിഫ്-ബേസുകള്‍ (schiff's base) ഉണ്ടാക്കുന്നു.

R.NH2 + OHC R \longrightarrow R.N = HC R + H2O


ഒരു പ്രൈമറി അമീനില്‍ ക്ലോറോഫോം, ആല്‍ക്കഹോളിക പൊട്ടാഷ് എന്നിവ ചേര്‍ത്തു ചൂടാക്കുമ്പോള്‍ അസഹ്യദുര്‍ഗന്ധമുള്ള ഐസൊ സയനൈഡുകള്‍ (കാര്‍ബിലമീനുകള്‍) ഉണ്ടാകുന്നതാണ്. 'ഹോഫ്മന്‍ കാര്‍ബിലമീന്‍ അഭിക്രിയ' എന്ന് ഇതിനെ വിളിക്കുന്നു. മറ്റു വിഭാഗത്തില്‍പെട്ട അമീനുകള്‍ ഇപ്രകാരം പ്രവര്‍ത്തിക്കാത്തതിനാല്‍ പ്രൈമറി അമീനുകള്‍ക്ക് ഇത് ഒരു നിര്‍ണായകപരീക്ഷണമാണ്. ടെര്‍ഷ്യറി അമീനുകള്‍ പെര്‍ ആസിഡുകളുമായി പ്രവര്‍ത്തിച്ച് അമീന്‍ ഓക്സൈഡുകള്‍ ലഭ്യമാക്കുന്നു. ക്വാര്‍ട്ടേര്‍ണറി ലവണങ്ങള്‍ ചൂടാക്കിയാല്‍ വിഘടിച്ച് മിക്കവാറും ഒലിഫീനുകള്‍ (olefins) ഉണ്ടാക്കുന്നു.

ആരൊമാറ്റിക അമീനുകള്‍. ഇവയില്‍ പ്രൈമറി ആരൊമാറ്റിക അമീനുകള്‍ക്കാണ് പ്രാധാന്യം. സാമാന്യ ഫോര്‍മുല, Ar.NH2 (Ar=ഏതെങ്കിലും ഒരു ആരൊമാറ്റിക ഗ്രൂപ്പ്). ആരൊമാറ്റിക ഹൈഡ്രൊ കാര്‍ബണുകളില്‍ നിന്ന് ആരംഭിക്കുന്നതായാല്‍ നൈട്രേഷന്‍വഴി ലഭിച്ച നൈട്രൊ യൗഗികത്തെ അപചയിച്ച് ആരൊമാറ്റിക അമീനുകള്‍ ലഭ്യമാക്കാം. ഉദാഹരണമായി ബെന്‍സീനില്‍നിന്ന് അനിലീന്‍. ഈ അപചയത്തിന് ഉപയോഗിക്കുന്നത് ഹൈഡ്രൊക്ലോറിക് അമ്ളവും ടിന്‍ അല്ലെങ്കില്‍ ഇരുമ്പും ചേര്‍ന്ന മിശ്രിതവുമാണ്. പ്ളാറ്റിനം, പലേഡിയം, നിക്കല്‍ എന്നിവയില്‍ ഏതെങ്കിലുമൊരു ലോഹം ഉത്പ്രേരകമായിട്ടുപയോഗിച്ചാല്‍ ഹൈഡ്രജന്‍കൊണ്ടു നേരിട്ടുതന്നെ നൈട്രൊ യൗഗികങ്ങളെ അമീന്‍ ആക്കി മാറ്റാം. സംഗതങ്ങളായ (corresponding) നൈട്രോസൊ, അസൊ (nitroso;azo) എന്നീ വിഭാഗത്തില്‍പെട്ട യൗഗികങ്ങളെ അപചയിച്ചും ആരൊമാറ്റിക അമീനുകള്‍ ലഭ്യമാക്കാം. ആലിഫാറ്റിക അമീനുകളുടെ കാര്യത്തില്‍ നിര്‍ദേശിക്കപ്പെട്ട പൊതുമാര്‍ഗങ്ങളും സ്വീകാര്യങ്ങളാണ്. ക്ലോറോ ബെന്‍സീന്‍ (C6H5Cl) അമോണിയയുമായി പ്രവര്‍ത്തിക്കണമെങ്കില്‍ ഉയര്‍ന്ന ഊഷ്മാവും ഉത്പ്രേരകസഹായവും ആവശ്യമാണ്.

ഗുണധര്‍മങ്ങള്‍. ആരൊമാറ്റിക അമീനുകള്‍ പൊതുവേ വര്‍ണരഹിതങ്ങളായ ദ്രവങ്ങളോ ഖരങ്ങളോ ആയിരിക്കും. പക്ഷേ, അല്പകാലവായുസമ്പര്‍ക്കത്താല്‍ അവയ്ക്ക് കറുപ്പുനിറം ഉണ്ടാകും. ഓക്സീകരണം വഴി കറുത്തനിറത്തിലുള്ള പുതിയ പദാര്‍ഥങ്ങള്‍ ഉണ്ടാകുന്നു എന്നതാണ് അതിനു കാരണം. ആലിഫാറ്റിക അമീനുകളുടേതുപോലെ രൂക്ഷഗന്ധമില്ല. ജലത്തില്‍ ലേയത്വം കുറവാണ്. നേര്‍ത്ത ഹൈഡ്രൊക്ളോറിക് അമ്ലത്തിലും കാര്‍ബണിക ലായകങ്ങളിലും അലിയും. ബേസികത അലിഫാറ്റിക അമീനുകളുടേതിനെക്കാള്‍ കുറവാണ്. ആരൊമാറ്റികഗ്രൂപ്പുകളുടെ എണ്ണം കൂടുന്തോറും ബേസികത ചുരുങ്ങുന്നു. ട്രൈഫിനൈല്‍ അമീന്‍ ബേസികത തീരെ ഇല്ലാത്ത ഒരു വസ്തുവാണ്. ആരൊമാറ്റിക അമീനുകള്‍ക്ക് സാമാന്യേന വിഷാലുത്വം ഉണ്ട്.

ആരൊമാറ്റിക അമീനുകളെ ഹൈഡ്രൊക്ളോറിക് അമ്ളത്തില്‍ ലയിപ്പിച്ചശേഷം തണുപ്പിച്ച് സോഡിയം നൈട്രേറ്റ് ചേര്‍ക്കുമ്പോള്‍ ഡൈഅസോണിയം ലവണങ്ങള്‍ (diazonium salts) ഉണ്ടാകുന്നു. ആലിഫാറ്റിക അമീനുകള്‍ക്ക് ഈ ഗുണമില്ല.

പാര്‍ശ്വശൃംഖലാപ്രതിസ്ഥാപിത അമീനുകള്‍. ഒരു ആരൊമാറ്റിക ന്യൂക്ളിയസ്സിനോട് നേരിട്ടു ബന്ധപ്പെടാതെ ഒന്നോ അതിലധികമോ കാര്‍ബണ്‍-അണുക്കള്‍ക്കപ്പുറം ബേസിക് നൈട്രജന്‍ സ്ഥിതിചെയ്യുമ്പോള്‍ ഉണ്ടാകുന്ന അമീനുകളാണ് ഇവ. ഉദാ. C6H5CH2NH2 (ഫിനൈല്‍ മീഥൈല്‍ അമീന്‍);C6H5 CH2. CH2. NH2 (ഫിനൈല്‍ ഈഥൈല്‍ അമീന്‍) എന്നിവ. ആലിഫാറ്റിക അമീനുകള്‍ക്കു നിര്‍ദേശിച്ച രീതിയനുസരിച്ച് ഇവയെ പരീക്ഷണശാലകളില്‍ ലഭ്യമാക്കാം. ഇവയ്ക്ക് ഗുണധര്‍മങ്ങളിലും അവയോടാണ് സാദൃശ്യം.

ഡൈഅമീനുകള്‍. രണ്ട് അമിനൊ ഗ്രൂപ്പുകളുള്ള അമീനുകളാണ് ഇവ. എഥിലീന്‍ ഡൈ അമീന്‍ (NH2.CH2.CH2,NH), ടെട്രാമെഥിലീന്‍ ഡൈ അമീന്‍ (NH2.CH2.CH2. CH2.CH2. NH2) എന്നിവ രണ്ടു ഉദാഹരണങ്ങളാണ്. മോണോ അമീനുകള്‍ക്കു നിര്‍ദേശിച്ച രീതികള്‍ക്ക് സദൃശങ്ങളായ രീതികളിലൂടെ ഇവ ലഭ്യമാക്കാം. നോ: അനിലിന്‍, അപൂരിത അമീനുകള്‍

(ഡോ. കെ.കെ. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍