This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമരാവതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:04, 9 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അമരാവതി

1. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലുള്‍പ്പെട്ട ഒരു ചെറുനഗരം. കൃഷ്ണാനദിയുടെ തെക്കേക്കരയിലായി സ്ഥിതി ചെയ്യുന്ന ഈ നഗരം മുന്‍പ് 'ധരണിക്കോട്ട' എന്നറിയപ്പെട്ടിരുന്നു.

എ.ഡി. രണ്ടാം ശ.-ത്തില്‍ നിലവിലിരുന്ന ശതവാഹന സാമ്രാജ്യത്തിന്റെയും അതിനു മുന്‍പ് ഭരിച്ചിരുന്ന പല്ലവരാജവംശത്തിന്റെയും ആസ്ഥാനമായി കരുതപ്പെടുന്ന ധന്യകടകം എന്ന പുരാതന നഗരത്തിന്റെ പ്രാന്തത്തിലാണ് ഇന്നത്തെ അമരാവതിയുടെ സ്ഥിതി. ഇത് വളരെക്കാലത്തോളം ഒരു ബുദ്ധമതകേന്ദ്രമായിരുന്നുവെന്ന് വിചാരിക്കാന്‍ ന്യായമുണ്ട്. ബുദ്ധവിഗ്രഹങ്ങളും ശില്പങ്ങളുമുള്‍പ്പെടെ ഇന്ത്യന്‍ ശില്പകലാവൈഭവത്തിന്റെ സുന്ദരപ്രതീകങ്ങളായി വിവക്ഷിക്കാവുന്ന നിരവധി അവശിഷ്ടങ്ങള്‍ ഇവിടെനിന്നും ലഭിച്ചിട്ടുണ്ട്. വെണ്ണക്കല്ലുകൊണ്ടാണ് ഇവ നിര്‍മിക്കപ്പെട്ടിട്ടുള്ളത്.

'മഹാചൈത്യം' എന്നുകൂടി അറിയപ്പെടുന്ന സ്തൂപമാണ് അമരാവതിയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമുദ്ര. ഏതാണ്ട് 400 വര്‍ഷംകൊണ്ടാണ് ഇതിന്റെ നിര്‍മാണം (സു. 250 എ.ഡി.) പൂര്‍ത്തിയായതെന്ന് പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ബി.സി. രണ്ടാം ശ.-ത്തില്‍ പണി ആരംഭിച്ച ഈ സ്തൂപത്തിന് ചുറ്റുമായി മറ്റുപല എടുപ്പുകളും ചേര്‍ത്ത് അതിനെ ഒരു വലിയ ശില്പമാക്കിയത് (സു. 150 എ.ഡി.) നാഗാര്‍ജുനന്‍ ആണ്. ബുദ്ധമതത്തിന്റെ അക്കാലത്തെ ഏറ്റവും മഹത്തായ കേന്ദ്രമായി 'ധന്യകടക'ത്തെക്കുറിച്ച് തിബത്തന്‍ ചരിത്രകാരനായ താരാനാഥന്‍ പരാമര്‍ശിക്കുന്നു. എ.ഡി. 7-ാം ശ.-ത്തില്‍ ഇവിടം സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരിയായ ഹ്യൂന്‍സാങ്, യാതൊരു അറ്റകുറ്റവുമില്ലാത്ത രൂപത്തില്‍ ഈ സ്തൂപം കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. 12-ാം ശ.-ത്തിലെ ഒരു ശിലാശാസനം അമരാവതിയെ ഇപ്രകാരം വര്‍ണിക്കുന്നു. 'ഇന്ദ്രനഗരി (അമരാവതി)യെക്കാള്‍ ശ്രേഷ്ഠമായ ധന്യകടകം എന്ന പേരോടുകൂടിയ ഒരു പട്ടണമുണ്ട്. ഇന്ദ്രാദികള്‍ ആരാധിക്കുന്ന അമരേശ്വരന്‍ എന്ന ശംഭുവിന്റെ ക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നു. തൊട്ടടുത്ത് വിവിധ ശില്പാലംകൃതമായ ഒരു ചൈത്യത്തില്‍ ബ്രഹ്മാദിദേവവന്ദിതനായ ബുദ്ധഭഗവാനും ഉണ്ട്.'

പ്രാചീനകാലത്തെ വളരെ അധികം നാണയങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുള്ള അമരാവതി പില്ക്കാല ശതവാഹന രാജാക്കന്‍മാരുടെ തലസ്ഥാനമായിരുന്നു (എ.ഡി. 2-3 ശ.). ബുദ്ധജാതക കഥകളിലെ വിവിധ രംഗങ്ങള്‍കൊണ്ട് ചിത്രീകൃതമായ നിരവധി ശില്പങ്ങള്‍ ശതവാഹനരാജാക്കന്മാര്‍ നിര്‍മിച്ചത് കേണല്‍ മക്കന്‍സി, സര്‍ വാള്‍ടര്‍ എലിയട്ട്, സിവെല്‍, ബര്‍ജസ്, എ.റീ തുടങ്ങിയ പുരാവസ്തു ശാസ്ത്രജ്ഞന്‍മാര്‍ ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ചില ലോഹ വിഗ്രഹങ്ങള്‍ അമരാവതിയില്‍നിന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ ചിലത് അവിടെത്തന്നെയുള്ള കാഴ്ചബംഗ്ളാവിലും മറ്റുള്ളവ ചെന്നൈ, കൊല്‍ക്കത്ത, ലണ്ടന്‍ എന്നിവിടങ്ങളിലെ മ്യൂസിയങ്ങളിലും സൂക്ഷിച്ചിരിക്കുന്നു.

അമരാവതി സ്തൂപം :മാര്‍ബിള്‍ ശില്പം

സ്തൂപസംവിധാനം. വൃത്തസ്തംഭാകൃതി(cylindrical)യില്‍ ഉള്ള അടിത്തറയും അര്‍ധഗോളകുംഭകവും അവയെ വലയം ചെയ്യുന്ന പൊക്കം കുറഞ്ഞ ഒരു വേലിയുമാണ് സ്തൂപത്തിന്റെ മുഖ്യഘടകങ്ങള്‍. കുംഭത്തിനു മുകളില്‍ ചതുരാകൃതിയില്‍ 'ഹാര്‍മികം' എന്ന് പറഞ്ഞുവരുന്ന ഒരു പേടകമുണ്ട്. ഇതില്‍ ഉറപ്പിച്ചിട്ടുള്ള ഏതാനും കാലുകളുടെ മുകളില്‍ കുടകളുടെ രൂപത്തിലുള്ള ചില ശില്പങ്ങള്‍ കാണാം. ചുറ്റുമുള്ള വേലിയുടെ നാലുവശത്തുമുള്ള പ്രവേശനദ്വാരങ്ങളിലെ ചെറുസ്തംഭങ്ങള്‍ക്കു മുകളില്‍ സിംഹപ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നു. വേലിയുടെ തൂണുകളെല്ലാം തന്നെ ബുദ്ധന്റെ ജീവിതകഥാസംബന്ധികളായ ശില്പങ്ങള്‍കൊണ്ട് അലംകൃതമാണ്. അതിന്റെ പുറത്തായി താമരപ്പൂവിന്റെ ആകൃതിയില്‍ കൊത്തിവച്ചിട്ടുള്ള നിരവധി ഫലകങ്ങളും ഉണ്ട്. 58.51 മീ. വ്യാസമുള്ള ഈ സ്തൂപത്തിന്റെ ഉയരം 27.43 മീ. ആണ്. ആ സ്തൂപത്തിന്റെ നിര്‍മാണം നാലു ഘട്ടങ്ങളിലായാണ് നടന്നിരിക്കാനിടയുള്ളതെന്ന് പുരാവസ്തുഗവേഷകന്‍മാര്‍ കണക്കാക്കിയിരിക്കുന്നു.

ഗൗതമബുദ്ധന്റെ മഹാപ്രയാണം

ഒന്നാംഘട്ടം. (ബി.സി. 200-100) ഭാര്‍ഹട്ടിലെ സ്തൂപങ്ങള്‍ നിര്‍മിച്ച കാലത്തിനടുത്തായിരിക്കണം അമരാവതി സ്തൂപങ്ങളുടെ പണിയും ആരംഭിച്ചതെന്ന് കരുതപ്പെടുന്നു. ഗണപതിയുടെയും താമരപ്പൂവില്‍ സ്ഥിതിചെയ്യുന്ന ലക്ഷ്മിയുടേയും പ്രതിമാശില്പങ്ങളാണ് ഈ ഘട്ടത്തിലെ സവിശേഷതകള്‍.

രണ്ടാംഘട്ടം. (എ.ഡി. സു. 100) ശില്പസൌന്ദര്യത്തിന് കൂടുതല്‍ പ്രാമുഖ്യം കൊടുക്കാന്‍ തുടങ്ങിയത് ഈ കാലമടുപ്പിച്ചാണ്. ബൌദ്ധജീവതരംഗങ്ങള്‍ ആദ്യമായി ശില്പങ്ങളില്‍ ആവിഷ്കരിക്കാന്‍ തുടങ്ങിയതും ഈ രണ്ടാം ഘട്ടത്തിലായിരിക്കണം.

മൂന്നാംഘട്ടം. (എ.ഡി. സു. 150) സ്തൂപത്തെ വലയം ചെയ്യുന്ന വേലി നാഗാര്‍ജുനന്റെ നേതൃത്വത്തില്‍ ഇക്കാലത്ത് പണിചെയ്യപ്പെട്ടു. 'നളഗിരി'യുടെ പതനം, രാജസഭാദൃശ്യങ്ങള്‍ എന്നിവ ചിത്രീകരിക്കുന്ന രംഗശില്പങ്ങള്‍ ഈ മൂന്നാംഘട്ടത്തിന്റെ സംഭാവനയാണ്.

നാലാംഘട്ടം. (എ.ഡി. 200-250) ഈ കാലത്ത് പണി ചെയ്ത രൂപശില്പങ്ങള്‍ക്ക് നീളം ഏറിയും വണ്ണം കുറഞ്ഞും ഇരിക്കുന്നു. തേക്കുതടികൊണ്ട് ഉണ്ടാക്കപ്പെട്ട മനോഹരമായ ഒരു ചട്ടക്കൂടിലാണ് സ്തൂപം സ്ഥിതി ചെയ്യുന്നത്. കലാവൈശിഷ്ട്യത്തിന്റേയും പുരാവസ്തുശാസ്ത്രത്തിന്റേയും വീക്ഷണകോണങ്ങളില്‍ കൂടി നോക്കിയാല്‍ അമരാവതിയിലെ ബുദ്ധശില്പങ്ങളുടെ ഏറ്റവും മഹനീയമായ മാതൃകകള്‍ കണ്ടെത്താന്‍ കഴിയുന്നത് ഈ കാലത്താണ്. ബുദ്ധന്റെ ജീവിതത്തിലെ മൂന്നു സുപ്രധാനരംഗങ്ങള്‍ ഇതിന്റെ മുകള്‍ഭാഗത്ത് മനോഹരമായി ചിത്രണം ചെയ്തിരിക്കുന്നു.

ഗ്രീക്-പേര്‍ഷ്യന്‍ കലകളുടെ സ്വാധീനത ഈ ശില്പങ്ങളില്‍ പ്രകടമാണെന്ന് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. ആന്ധ്രപ്രദേശത്ത് ശിവന്റെ ആസ്ഥാനങ്ങളായി കരുതപ്പെടുന്ന അഞ്ച് ആരാമങ്ങളില്‍ (ഭീമാരാമം, കോമരാരാമം, ദ്രാക്ഷാരാമം, ക്ഷീരാരാമം, അമരാവതി) ഒന്നാണ് ഈ പ്രദേശം.

ലൗകികസുഖങ്ങളില്‍ മുഴുകിയ സിദ്ധാര്‍ഥന്‍

2. ഭാരതീയ പുരാണങ്ങള്‍ പ്രകാരം ദേവേന്ദ്രന്റെ ആസ്ഥാനനഗരം. മഹാമേരുപര്‍വതത്തിന്റെ മധ്യത്തിലുള്ള ബ്രഹ്മപുരമായ മനോവതിയുടെ കിഴക്കുഭാഗത്താണ് അമരാവതിനഗരം സ്ഥിതി ചെയ്യുന്നതെന്ന് ദേവീഭാഗവതം പറയുന്നു. അമരന്‍മാര്‍ (ദേവന്‍മാര്‍) പാര്‍ക്കുന്ന സ്ഥലമായതുകൊണ്ട് 'അമരാവതി' എന്ന പേരുകിട്ടി; 'അമരാവിദ്യന്തേ∫സ്യാം ഇത്യമരാവതി' എന്നു വ്യുത്പത്തി. മനോരമ്യവും നയനാനന്ദകരവുമായ നഗരങ്ങളില്‍വച്ച് അത്യുത്തമം എന്നാണ് അമരാവതിയെപ്പറ്റിയുള്ള പുരാണ സങ്കല്പം. മഹത്തായ തപോബലംകൊണ്ടു വിശ്വകര്‍മാവ് സൃഷ്ടിച്ച ഈ നഗരത്തില്‍ എല്ലാ കാമ്യവസ്തുക്കളും ഒത്തിണങ്ങിയിട്ടുള്ളതായി ഇതിഹാസകാരന്‍മാര്‍ വര്‍ണിക്കുന്നു. നൂറു യാഗം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന രാജാക്കന്‍മാര്‍ക്കും ജ്യോതിഷ്ടോമം മുതലായ യാഗകര്‍മങ്ങള്‍ ചെയ്യുന്ന ബ്രാഹ്മണര്‍ക്കും തുലാപുരുഷദാനാദികളായ പതിനാറു മഹാദാനങ്ങള്‍ ചെയ്യുന്ന പുണ്യവാന്‍മാര്‍ക്കും ധീരന്‍മാരും യുദ്ധത്തില്‍ പിന്തിരിയാത്തവരുമായ വീരപുരുഷന്‍മാര്‍ക്കും അമരാവതിയില്‍ സ്ഥാനം ലഭിക്കും എന്നാണ് പ്രാചീന ഹൈന്ദവവിശ്വാസം.

(വി.എന്‍. ശ്രീനിവാസദേശികന്‍, സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AE%E0%B4%B0%E0%B4%BE%E0%B4%B5%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍