This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭിഭാവത്തോതുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:25, 28 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഭിഭാവത്തോതുകള്‍

Attitude Scales

ഒരു വ്യക്തിയോടോ, വസ്തുവിനോടോ, സ്ഥാപനത്തോടോ, പ്രവൃത്തിയോടോ ഒരാള്‍ കാട്ടുന്ന മനോഭാവം അഥവാ അഭിഭാവത്തിന്റെ ശാസ്ത്രീയനിര്‍ണയം നടത്താനുള്ള മാനസിക പരീക്ഷകള്‍ (Attitude). ഒരു വ്യക്തിയുടെ വികാരം (Emotion), പ്രത്യക്ഷണം (Perception), അഭിപ്രേരണ (Motivation) എന്നിവയുടെ സംരചനയാണ് മനോഭാവത്തെ സൃഷ്ടിക്കുന്നത്. ഈ മനോഭാവത്തെ ശാസ്ത്രീയ നിര്‍ണയം നടത്താനുള്ള മാനദണ്ഡമാണ് മാനസിക പരിരക്ഷകള്‍.

ചിലര്‍ക്ക് ഒരു പ്രത്യേക വ്യക്തിയെ ഇഷ്ടമായിരിക്കാം; മറ്റു ചിലര്‍ക്ക് വെറുപ്പും. പ്രത്യേകതാത്പര്യമുള്ള വസ്തുക്കളോട് അനുകൂലമനോഭാവവും അല്ലാത്തവയോട് പ്രതികൂലമനോഭാവവും മനുഷ്യസാധാരണമാകുന്നു. വിശ്വാസപ്രമാണങ്ങള്‍ ആചാരങ്ങള്‍ എന്നിവയോട് മനുഷ്യര്‍ക്കുള്ള അഭിഭാവവും പ്രതിജനഭിന്നമായിരിക്കും.

നിരീക്ഷണത്തിലൂടെ മനോഭാവം കുറെയൊക്കെ മനസ്സിലാക്കാം. ഇതിന് സമയവും ക്ഷമയും അവശ്യഘടകങ്ങളാണ്; ഒപ്പം പരിശീലനവും. ചോദ്യാവലികളില്‍ ഉള്‍ക്കൊള്ളുന്ന പ്രത്യക്ഷമോ പരോക്ഷമോ ആയ ചോദ്യങ്ങള്‍ക്ക് നല്കുന്ന ഉത്തരങ്ങള്‍ മനോഭാവം വെളിപ്പെടുത്തും. 'ചെക്ലിസ്റ്റു'കളും ഇതിനായി ഉപയോഗപ്പെടുത്തുന്നു. ഇതില്‍ അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണം പരീക്ഷ്യര്‍ രേഖപ്പെടുത്തുകയേ വേണ്ടു. ഇവയില്‍ നിന്നും ഭിന്നമാണ് അഭിഭാവത്തോതുകള്‍. വിവിധാഭിപ്രായപ്രകടനങ്ങളോട് വ്യക്തിക്കുള്ള മനോഭാവം രേഖപ്പെടുത്തുന്ന രീതിയാണിവിടെ അനുവര്‍ത്തിക്കുന്നത്. ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നു; ഇഷ്ടപ്പെടുന്നു; സംശയത്തിലാണ്; ഇഷ്ടപ്പെടുന്നില്ല; തീരെ ഇഷ്ടപ്പെടുന്നില്ല; (വെറുക്കുന്നു) എന്നിങ്ങനെ അഞ്ച് അഭിപ്രായങ്ങളില്‍ ഏതാണ് സ്വീകാര്യമെന്ന് നിശ്ചിത കോളത്തില്‍ അടയാളപ്പെടുത്തുകയോ നിര്‍ദിഷ്ടാക്ഷരം എഴുതുകയോ ആണിവിടെ ചെയ്യുന്നത്. അതുപോലെ 'പൂര്‍ണമായി യോജിക്കുന്നു; യോജിക്കുന്നു; നിഷ്പക്ഷത പാലിക്കുന്നു; വിയോജിക്കുന്നു; പൂര്‍ണമായി വിയോജിക്കുന്നു' എന്നും വിവിധ അഭിപ്രായങ്ങളും ചില അഭിഭാവത്തോതുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'വിദ്യാര്‍ഥികള്‍ സത്യസന്ധരായിരിക്കണം' എന്ന പ്രസ്താവന (Statement) നല്കിയാല്‍ ഇതിലേതെങ്കിലും ഒരു അഭിപ്രായമായിരിക്കും ഒരു വ്യക്തി രേഖപ്പെടുത്തുക. അനുകൂലവും പ്രതികൂലവുമായേക്കാവുന്ന പ്രസ്താവനകളില്‍നിന്ന് ശാസ്ത്രീയമായി തിരഞ്ഞെടുത്ത് തയ്യാറാക്കുന്നവയാണ് അഭിഭാവത്തോതുകള്‍. സാധാരണയായി ഇതില്‍ ഇരുപത്തഞ്ചോ മുപ്പതോ പ്രസ്താവനകള്‍ കാണും. ഇവയ്ക്ക് പ്രതികരണത്തിന്റെ ക്രമമനുസരിച്ച് മൂല്യം നല്കി (5 മുതല്‍ 1 വരെയോ 4 മുതല്‍ 0 വരെയോ) ആകെത്തുക നിര്‍ണയിക്കുകയാണ് പതിവ്. ഈ സംഖ്യ ഒരാള്‍ക്ക് നിര്‍ദിഷ്ടവസ്തുവിനോടോ വ്യക്തിയോടോ സ്ഥാപനത്തോടോ മറ്റോ ഉള്ള അഭിഭാവമാണെന്നു പറയാം. തഴ്‍സ്റ്റണ്‍ (L.L. Thurstone), ലൈക്കര്‍ട് (R.Likert), ബൊഗാര്‍ഡസ് (Bogardus), ഗട്മന്‍ (Guttman), എഡ്വേര്‍ഡ്സ് (A.L. Edwards) എന്നിവര്‍ ഇത്തരം തോതുകള്‍ നിര്‍മിക്കുന്നതിന് വിവിധ രീതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. താരതമ്യേന കൂടുതല്‍ പ്രചാരം ലൈക്കര്‍ട് രീതിക്കാണ്.

പ്രത്യേക പരിചയമില്ലെങ്കില്‍പ്പോലും അനുകൂലവും പ്രതികൂലവും ആയ പ്രസ്‍താവനകള്‍ ആവശ്യമുള്ളതിന്റെ ഏതാണ്ട് നാലിരട്ടിയോളം എഴുതിയുണ്ടാക്കി പ്രാരംഭ പരീക്ഷ നടത്തി തിരഞ്ഞെടുത്തവമാത്രം ഉള്‍ക്കൊള്ളിച്ച് അഭിഭാവത്തോതുകള്‍ ഏതിനെ സംബന്ധിച്ചും തയ്യാറാക്കാം. സാമൂഹികം, രാഷ്ട്രീയം, സാമ്പത്തികം, സാംസ്കാരികം, വിദ്യാഭ്യാസപരം തുടങ്ങിയ വിവിധ മണ്ഡലങ്ങളെ ആധാരമാക്കിയും തോതുകള്‍ ധാരാളമായി നിര്‍മിച്ചുവരുന്നു. മനുഷ്യര്‍ വിവിധ മണ്ഡലങ്ങളില്‍ വച്ചുപുലര്‍ത്തുന്ന അഭിഭാവങ്ങളെപ്പറ്റി വെളിച്ചം നല്കുന്നതിനനുസരണമായി പെരുമാറ്റങ്ങളെ നിയന്ത്രിക്കാനും ആത്യന്തികമായ പുരോഗതി സാധിക്കുന്നതിനും ഇവ സഹായിക്കുന്നു. ഭാരതമൊട്ടാകെ ഗവേഷണരംഗത്ത് പ്രചുരപ്രചാരം നേടിയവയാണ് ഇത്തരം തോതുകള്‍. നോ: മാനസിക പരീക്ഷകള്‍

(ഡോ. കെ. ശിവദാസന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍