This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭിനവഭാരതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഭിനവഭാരതി

ഭരതമുനിയുടെ നാട്യശാസ്ത്രത്തിന് അഭിനവഗുപ്താചാര്യര്‍ രചിച്ച വ്യാഖ്യാനം. ഇതിനു നാട്യവേദവിവൃതി എന്നും പേരുണ്ട്. ശാര്‍ങ്ഗദേവന്റെ സാഹിത്യരത്നാകരത്തില്‍

'വ്യാഖ്യാതാരോ ഭാരതീയേ

ലോല്ലടോദ്ഭട ശങ്കുകാഃ

ഭട്ടാഭിനവഗുപ്തശ്ച

ശ്രീമത് കീര്‍ത്തിധരോ∫പരഃ'

എന്നിങ്ങനെ അഞ്ചു പ്രസിദ്ധ നാട്യശാസ്ത്ര വ്യാഖ്യാതാക്കന്‍മാരിലൊളായി അഭിനവഗുപ്തനെ സ്മരിക്കുന്നത് ഈ വ്യാഖ്യാനത്തെ ആധാരമാക്കിയാണ്. അഭിജ്ഞാനശാകുന്തള വ്യാഖ്യാതാവായ രാഘവഭട്ടന്‍, 'സൂത്രധാരോപഠേന്നാന്ദീം....' എന്ന നാന്ദീനിര്‍വചനപദ്യം ഉദ്ധരിച്ചിട്ട്, 'ഇദം പദ്യമഭിനവഗുപ്താചാര്യൈര്‍ ഭരതടീകായാമഭിനവഭാരത്യാം വ്യാഖ്യാതം' എന്ന് പ്രസ്തുത വ്യാഖ്യാനത്തെപ്പറ്റി പരാമര്‍ശിച്ചിരിക്കുന്നതും കാണാം. ഭാരതീയ നാട്യശാസ്ത്രത്തിന്റെ വിദഗ്ധവും പണ്ഡിതോചിതവുമായ വ്യാഖ്യാനമെന്ന നിലയില്‍ സുപ്രസിദ്ധമാണ് ഈ കൃതി. സമ്പൂര്‍ണരൂപത്തില്‍ ഈ വ്യാഖ്യാനം കിട്ടിയിട്ടില്ല. കിട്ടിയേടത്തോളം ഭാഗത്തില്‍നിന്ന് മറ്റു വ്യാഖ്യാതാക്കന്മാരെയും ആചാര്യന്മാരെയും സംബന്ധിച്ച് അമൂല്യങ്ങളായ വിവരങ്ങള്‍ പലതും ഗ്രഹിക്കാന്‍ സാധിക്കും. ഉദ്ഭടന്‍, ശകലീഗര്‍ഭന്‍, ലോല്ലടന്‍, ശങ്കുകന്‍, ഭട്ടനായകന്‍, ഭട്ടയന്ത്രന്‍, രാഹുലന്‍ എന്നിവര്‍ ഇതില്‍ പരാമൃഷ്ടരായിട്ടുള്ള ചില ആചാര്യന്മാരും വ്യാഖ്യാതാക്കളുമാണ്. ഇവര്‍ സ്വീകരിച്ചിട്ടുള്ള പാഠഭേദങ്ങളും ഇവരുടെ മതാന്തരങ്ങളും അഭിനവഭാരതീ കര്‍ത്താവിന്റെ സസൂക്ഷ്മമായ പരിശോധനയ്ക്കു വിഷയീഭവിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പാണ്ഡിത്യവും നിരൂപണബുദ്ധിയും യുക്ത്യാഗമാധിഷ്ഠിതമായ നിഗമനപ്രവണതയും ഇതില്‍ ഉടനീളം തെളിഞ്ഞുകാണാം. ഉദാഹരണത്തിന്, ഉപദേശം, അതിദേശം തുടങ്ങിയ സംഭാഷണഭേദങ്ങളെപ്പറ്റി പറയുന്ന ഭാഗം വ്യാഖ്യാനിക്കുന്നേടത്തുനിന്ന് ഒരു വാക്യം ഉദ്ധരിക്കുന്നു: 'അത്രോപദേശാതിദേശയോരുപമാനസ്യച സാഹിത്യവിഷയേ വിശേഷപ്രതിപാദനം യത്ടീകാകാരൈഃ കൃതം തത്സുകുമാരമനോമോഹനം വൃഥാ ഭ്രമണികാമാത്രം പ്രകൃതാനുപയോഗാദി ഹോപേക്ഷ്യമേവ' (ഇവിടെ ഉപദേശം, അതിദേശം എന്നിവയ്ക്കും ഉപമാനത്തിനും താര്‍ക്കികമീമാംസക വിഷയകമായ വിശേഷാര്‍ഥം സാഹിത്യവിഷയത്തില്‍ ചില വ്യാഖ്യാതാക്കന്മാര്‍ കല്പിച്ചിട്ടുള്ളത് അപക്വബുദ്ധികളെ മോഹിപ്പിക്കുവാനും മിഥ്യാഭ്രമം ഉളവാക്കുവാനും മാത്രം കൊള്ളാം. പ്രകൃതത്തില്‍ അതു നിഷ്പ്രയോജനമാകയാല്‍ ഇവിടെ ഉപേക്ഷിക്കപ്പെടേണ്ടതു തന്നെ).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍