This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭിനയദര്‍പ്പണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഭിനയദര്‍പ്പണം

നടനകലയെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു പ്രാചീന സംസ്കൃതകൃതി. ഇതിന്റെ കര്‍ത്താവാണെന്നു വിശ്വസിക്കപ്പെടുന്ന നന്ദികേശ്വരന്‍, പുരാണപ്രസിദ്ധനായ ശിവപാര്‍ഷദനാണോ നാട്യശാസ്ത്രത്തില്‍ പ്രാഗല്ഭ്യമുള്ള ഒരു ഭാരതീയ പണ്ഡിതനാണോ എന്ന് ഇതുവരെ നിര്‍ണയിക്കപ്പെട്ടിട്ടില്ല. നടരാജനായ ശിവന്‍ ബ്രഹ്മാവിന് വിവരിച്ചുകൊടുത്ത കാവ്യമീമാംസാലങ്കാരസിദ്ധാന്തങ്ങള്‍ പിന്നീട് പതിനെട്ട് ശാഖകളായി വിഭജിക്കപ്പെട്ടുവെന്നും അതില്‍ നന്ദികേശ്വരന്‍ 'രസാധികാര'ത്തിന്റെ ആചാര്യനായിത്തീര്‍ന്നുവെന്നും ചില പുരാണപരാമര്‍ശങ്ങള്‍ ഉണ്ട്. ഭരതന്‍ നാട്യശാസ്ത്രം (എ.ഡി. 4-5 ശ.) രചിച്ചതിനുശേഷമാണ് അഭിനയദര്‍പ്പണത്തിന്റെ ആവിര്‍ഭാവമെന്ന് ചില പണ്ഡിതന്മാര്‍ കരുതുന്നു. നാട്യശാസ്ത്രത്തിന്റെ അവസാനത്തില്‍ തന്റെ നാമം 'നന്ദിഭരതന്‍' എന്നാണെന്ന് രചയിതാവുതന്നെ വ്യക്തമാക്കിയിരിക്കുകയാല്‍, രണ്ടു പുസ്തകങ്ങളുടെയും കര്‍ത്താക്കള്‍ ഒരാളാണെന്ന് കരുതുന്നവരും ഇല്ലാതില്ല. നന്ദിഭരതന്റെ പേരില്‍ നീതാലങ്കാരം എന്ന ഒരു സംഗീതശാസ്ത്രഗ്രന്ഥവും പ്രചാരത്തിലിരിക്കുന്നു.

നാടകം, നൃത്തം, നൃത്യം എന്നിവയെക്കുറിച്ചുള്ള പ്രാചീന ഭാരതീയ സങ്കല്പങ്ങളെ വിവരിക്കുന്ന പ്രാമാണിക ഗ്രന്ഥങ്ങളിലൊന്നാണ് അഭിനയദര്‍പ്പണം. നൃത്തനൃത്യങ്ങളെ വേര്‍തിരിച്ച് നിര്‍വചിക്കുന്ന ഇതിലെ കാരികാപദ്യം ആധുനിക കാലത്തും സാധുവായി നിലകൊള്ളുന്നു.

'ഭാവാഭിനയഹീനം തു

നൃത്തമിത്യഭിധീയതേ;

രസഭാവ വ്യഞ്ജനാദി-

യുക്തം നൃത്യമിതീര്യതേ.'

ഭാവാര്‍ഥാഭിനയവിധങ്ങളെയും മറ്റും പറ്റി നിഷ്കൃഷ്ടമായ വ്യവസ്ഥകള്‍ ഈ ഗ്രന്ഥം നിര്‍ദേശിക്കുന്നുണ്ട്.

'ആസ്യേ നാലംബയേദ്ഗീതം

ഹസ്തേനാര്‍ഥം പ്രദര്‍ശയേത്

ചക്ഷുര്‍ഭ്യാം ദര്‍ശയേദ്ഭാവം

പാദാഭ്യാം താളമാചരേത്;

യതോഹസ്തസ്തതോ ദൃഷ്ടി-

ര്യതോ ദൃഷ്ടിസ്തതോമനഃ

യതോമനസ്തതോഭാവ

യതോഭാവസ്തതോരസഃ'

കഥകളിയിലെ മുദ്രാഭിനയത്തെക്കുറിച്ച് വിവരിക്കുന്ന ഹസ്തലക്ഷണദീപിക എന്ന കേരളീയ ഗ്രന്ഥത്തില്‍ നിര്‍ദേശിച്ചിട്ടുള്ള മുദ്രക്കൈകള്‍കൊണ്ട് എല്ലാ ശബ്ദങ്ങളെയും പ്രതിനിധാനം ചെയ്യാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ കഥകളിക്കാര്‍ അഭിനയദര്‍പ്പണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ധാരാളം മുദ്രകള്‍ സ്വീകരിച്ചുവരുന്നു. ഹസ്തലക്ഷണദീപിക തന്നെ ഭരതന്റെ നാട്യശാസ്ത്രത്തെയും അഭിനയദര്‍പ്പണത്തെയും നല്ലവണ്ണം ഉപജീവിച്ചുകൊണ്ട് എഴുതപ്പെട്ടിട്ടുള്ള ഒരു പാഠ്യഗ്രന്ഥമാണ്.

അഭിനയദര്‍പ്പണത്തിന് ആനന്ദകുമാരസ്വാമി മിറര്‍ ഒഫ് ജെസ്ചേഴ്സ് (Mirror of Gestures) എന്ന പേരില്‍ ഒരു വിവര്‍ത്തനം തയ്യാറാക്കി ന്യൂയോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിച്ചിട്ടുണ്ട് (1936). 'നടനമാണ്, നടന്മാരല്ല, നാടകകലയ്ക്ക് ആവശ്യമായിട്ടുള്ളത്' എന്ന് അതിന്റെ ആമുഖത്തില്‍ ഇദ്ദേഹം പ്രസ്താവിച്ചിരിക്കുന്നതില്‍, ഭാരതീയാഭിനയ സിദ്ധാന്തത്തെക്കുറിച്ചുള്ള അഭിനയദര്‍പ്പണസങ്കല്പം പ്രതിഫലിച്ചിരിക്കുന്നത് കാണാം.

അഭിനയദര്‍പ്പണത്തിന് മറ്റൊരു ഇംഗ്ളീഷ് പരിഭാഷ എം. ഘോഷ് (കൊല്‍ക്കത്ത, 1957) രചിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍