This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭിനയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അഭിനയം)
 
വരി 57: വരി 57:
കവിള്‍ കീഴ്ഭാഗത്തേക്ക് ഒട്ടിച്ചിടുന്നത് ക്ഷാമം; വിടര്‍ത്തുന്നത് ഫുല്ലം; ഉയര്‍ത്തുന്നത് പൂര്‍ണം; ഇളക്കുന്നത് കമ്പിതം; സങ്കോചിപ്പിക്കുന്നത് കുഞ്ചിതം; സ്വാഭാവികമാക്കുന്നത് സമം.
കവിള്‍ കീഴ്ഭാഗത്തേക്ക് ഒട്ടിച്ചിടുന്നത് ക്ഷാമം; വിടര്‍ത്തുന്നത് ഫുല്ലം; ഉയര്‍ത്തുന്നത് പൂര്‍ണം; ഇളക്കുന്നത് കമ്പിതം; സങ്കോചിപ്പിക്കുന്നത് കുഞ്ചിതം; സ്വാഭാവികമാക്കുന്നത് സമം.
-
കണ്ഠവ്യാപാരങ്ങള്‍ സമം, നതം, ഉന്നതം, ത്യ്രസ്രം, രേചിതം, കുഞ്ചിതം, അഞ്ചിതം, വലിതം, നിവൃത്തം എന്നിവയാണ്. സ്വാഭാവികമായുള്ള കഴുത്താണ് സമം; കുനിക്കുന്നത് നതം, മുഖം പൊക്കിപ്പിടിക്കുമ്പോഴുള്ളത് ഉന്നതം; കഴുത്ത് ഒരു വശത്തേക്ക് ചായ്ക്കുന്നത് ത്യ്രസ്രം; ഭംഗിയില്‍ വെട്ടിക്കുന്നത് രേചിതം; സ്വല്പം കുനിക്കുന്നത് കുഞ്ചിതം; കഴുത്ത് മുന്‍പോട്ടു നീക്കുന്നത് അഞ്ചിതം; ഒരു വശത്തേക്ക് തിരിക്കുന്നത് വലിതം; മുന്‍പോട്ടു കൂടെക്കൂടെ വെട്ടുന്നത് നിവൃത്തം.
+
കണ്ഠവ്യാപാരങ്ങള്‍ സമം, നതം, ഉന്നതം, ത്ര്യസ്രം, രേചിതം, കുഞ്ചിതം, അഞ്ചിതം, വലിതം, നിവൃത്തം എന്നിവയാണ്. സ്വാഭാവികമായുള്ള കഴുത്താണ് സമം; കുനിക്കുന്നത് നതം, മുഖം പൊക്കിപ്പിടിക്കുമ്പോഴുള്ളത് ഉന്നതം; കഴുത്ത് ഒരു വശത്തേക്ക് ചായ്ക്കുന്നത് ത്യ്രസ്രം; ഭംഗിയില്‍ വെട്ടിക്കുന്നത് രേചിതം; സ്വല്പം കുനിക്കുന്നത് കുഞ്ചിതം; കഴുത്ത് മുന്‍പോട്ടു നീക്കുന്നത് അഞ്ചിതം; ഒരു വശത്തേക്ക് തിരിക്കുന്നത് വലിതം; മുന്‍പോട്ടു കൂടെക്കൂടെ വെട്ടുന്നത് നിവൃത്തം.
<gallery>
<gallery>
Image:act6.jpg|ഭയാനകം
Image:act6.jpg|ഭയാനകം

Current revision as of 06:18, 28 നവംബര്‍ 2014

അഭിനയം

ശരീരാവയവങ്ങളുടെ ചലനങ്ങള്‍ മുഖേന ആശയങ്ങളെ 'നേരേ കൊണ്ടുവന്ന്' (അഭി-നയിച്ച്) അന്യര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്ന പ്രകടനസമ്പ്രദായം. അഭിനയം അഭിനേതാവിന്റെ കലയാണ്. അഭിനേതാവ് എന്നതിന് സംസ്കൃതത്തില്‍ 'നടന്‍' എന്ന സംജ്ഞയാണ് സര്‍വസാധാരണമായി ഉപയോഗിച്ചുവരുന്നത്. നൃത് (നൃത്തം ചെയ്യുക) എന്ന ധാതുവില്‍നിന്നാണ് നടന്‍ എന്ന സംജ്ഞ നിഷ്പാദിപ്പിച്ചിരിക്കുന്നത്. ഇതില്‍ നിന്നും ഭാരതീയ അഭിനയത്തിന്റെ തുടക്കം നൃത്തവുമായി ബന്ധപ്പെട്ടതാണെന്ന് ഊഹിക്കാം.

ചരിത്രാതീതകാലം മുതല്ക്കേ ഇന്ത്യയില്‍ അഭിനയത്തിന് ഗണ്യമായ സ്ഥാനം ലഭിച്ചിരുന്നുവെന്നും കുറഞ്ഞത് 2,000 കൊല്ലത്തെ ചരിത്രം ഇതിന് അവകാശപ്പെടാമെന്നും കരുതപ്പെടുന്നു. ഉത്തരേന്ത്യയില്‍ തുര്‍ക്കികളുടെ ആക്രമണം ഉണ്ടാവുകയും ഒരു മുസ്ലിം ഭരണകൂടം നിലവില്‍ വരികയും ചെയ്യുന്നതുവരെ നാടകം ഭാരതീയസംസ്കാരത്തിന്റെ സുന്ദരമായ ഒരു പ്രദര്‍ശനവേദി ഒരുക്കിയിരുന്നു. ഋഗ്വേദത്തില്‍ തന്നെ രണ്ടോ അതിലധികമോ കഥാപാത്രങ്ങള്‍ ഗാനാത്മകമായ സംഭാഷണങ്ങളില്‍ക്കൂടി കഥാഖ്യാനം നിര്‍വഹിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. മൂകാഭിനയവും പാവകളിയും ബി.സി. രണ്ടാം ശ.-ത്തില്‍ തന്നെ ഭാരതത്തില്‍ പ്രചാരത്തിലെത്തിയിരുന്നു. നാടകീയകലയുടെ വികാസത്തെ സൂചിപ്പിക്കുന്നതും ബി.സി. മൂന്നാം ശ.-ത്തിലേതെന്ന് കരുതപ്പെട്ടുവരുന്നതുമായ ശിലാലിഖിതങ്ങളും ചിത്രാലേഖ്യങ്ങളും ദക്ഷിണബിഹാറിലെ രാമ്ഗഢ്മലകളിലുള്ള ഗുഹകളില്‍ കണ്ടെത്തിയിട്ടുണ്ട്.

മതപരമായ ആചാരാനുഷ്ഠാനങ്ങളോടു ബന്ധപ്പെട്ടാണ് ഭാരതീയ അഭിനയവേദി വികാസം പ്രാപിച്ചിട്ടുള്ളത്. എ.ഡി. 2-ാം ശ.-ത്തോടുകൂടി ഭാരതീയ അഭിനയവേദി ഗണ്യമായി വികസിച്ചു. ഭാരതത്തിനു സമാന്തരമായി ഗ്രീസിലും, ചൈനയിലും മാത്രമേ ഇത്രത്തോളം വികസ്വരമായ കലാവേദി ഉണ്ടായിട്ടുള്ളു. എങ്കിലും അഭിനയസങ്കേതത്തില്‍ ഭാരതീയ അഭിനയവേദിയെപ്പോലെ വിപുലവും വിശാലവുമായ ശാസ്ത്രീയവീക്ഷണം പുലര്‍ത്തുവാന്‍ അവയ്ക്കു കഴിഞ്ഞിട്ടില്ല. ഭാരതീയ അഭിനയകല മൊത്തത്തില്‍ സ്വതന്ത്രവും തികച്ചും ഭാരതീയവുമായ സങ്കല്പങ്ങള്‍ ഉള്‍ക്കൊണ്ട് വികസിച്ചിട്ടുള്ളതാണ്. ഭാരതീയദൃശ്യകലാവേദിയിലെ അഭിനയപ്രധാനമായ കലാരൂപങ്ങളുടെ എല്ലാം സാങ്കേതികാടിസ്ഥാനം മൌലികമായി ഒന്നുതന്നെയാണ്.

ഭാരതീയദൃശ്യകലാവേദിയിലെ ക്ളാസിക് കാലഘട്ടം ഏതാണ്ട് 8-ഉം 11-ഉം ശ-ങ്ങള്‍ക്കിടയില്‍ വികാസത്തിന്റെ പരമകാഷ്ഠയെപ്രാപിച്ചിരിക്കുന്നു. 14-ാം ശ.-ത്തോടുകൂടി അത് തകര്‍ച്ചയിലേക്ക് വഴുതിവീണു. ഈ കാലഘട്ടങ്ങള്‍ക്കിടയില്‍ ഭാവോജ്വലങ്ങളായ നിരവധി കലാസൃഷ്ടികള്‍ക്കും ആകര്‍ഷകങ്ങളായ വിവിധ കലാശൈലികള്‍ക്കും രൂപം നല്കുവാനും ആശയാദര്‍ശങ്ങള്‍ക്ക് പ്രചാരം നല്കുവാനും അതിന് കഴിഞ്ഞിട്ടുണ്ട്. സാമൂഹികവും സദാചാരപരവുമായ മൂല്യങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ആയിരുന്നു ഇക്കാലമത്രയും അതു നിലകൊണ്ടിരുന്നത്. സാധാരണക്കാര്‍ക്ക് അപ്രാപ്യവും ദുര്‍ഗ്രഹവുമായിരുന്ന കലാരൂപങ്ങള്‍ നിഷ്കൃഷ്ടമായ ശിക്ഷണം ലഭിച്ചിട്ടുള്ള അഭിനേതാക്കളും രംഗശില്പികളും ചേര്‍ന്ന് അവതരിപ്പിച്ചു. ഇവ കണ്ട് ആസ്വദിക്കുന്നതിനും ഒരുവക ശിക്ഷണം തന്നെ ആവശ്യമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കാലത്തിന്റെ ആവശ്യം എന്ന നിലയില്‍ ഉരുത്തിരിഞ്ഞതാണ് ഭരതമുനിയുടെ നാട്യശാസ്ത്രം. ക്ളാസിക് കാലഘട്ടത്തിലെ ഭാരതീയ ദൃശ്യകലാവേദിയുടെയും അഭിനയസമ്പ്രദായങ്ങളുടെയും വിപുലമായ വളര്‍ച്ചയും വികാസവും പ്രകാശിപ്പിക്കുന്ന മഹത്തായ ഒരു ലക്ഷണഗ്രന്ഥമാണിത്. ഭാരതീയ ക്ളാസിക് അഭിനയകലയുടെ ഉദാത്തമായ സംഭാവനകളില്‍ ഒന്നായി നിലകൊള്ളുന്ന നാട്യശാസ്ത്രത്തിന് സമാനമായ മറ്റൊരു ലക്ഷണഗ്രന്ഥം ലോകദൃശ്യകലാരംഗത്ത് ഇന്നുവരെ ഉണ്ടായിട്ടില്ല. രംഗവേദിയുടെ ശില്പശൈലിതൊട്ട് നൃത്തം, നൃത്യം, നാടകാഭിരൂപകങ്ങള്‍ എന്നിവയുടെ അവതരണത്തില്‍ ദീക്ഷിക്കേണ്ട എല്ലാ കാര്യങ്ങളുടെയും സൂക്ഷ്മാംശംവരെ ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. പ്രത്യേകിച്ച് അഭിനയത്തില്‍ വിവിധവികാരങ്ങള്‍ പ്രകടിപ്പിക്കേണ്ട വിധങ്ങളെക്കുറിച്ചും ശബ്ദം, പ്രകാശം, വര്‍ണം, ചമയങ്ങള്‍ എന്നിവയുടെ ഉപയോഗത്തെപ്പറ്റിയും വിശദമായ നിര്‍ദേശങ്ങള്‍ ഈ കൃതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അഭിനയകല പ്രാചീനഭാരതത്തില്‍ എത്രമാത്രം വികാസം പ്രാപിച്ചിരുന്നു എന്നതിന് ഈ കൃതി സാക്ഷ്യം വഹിക്കുന്നു.

നാട്യശാസ്ത്രം, അഭിനയദര്‍പ്പണം മുതലായ പ്രാമാണിക ഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്നതനുസരിച്ച് അഭിനയത്തെ ആംഗികം, വാചികം, ആഹാര്യം, സാത്വികം ഇങ്ങനെ നാലായി വിഭജിക്കാം; അല്ലെങ്കില്‍ നാലുവിധമായി കരുതാം. അംഗങ്ങളെക്കൊണ്ട് കാട്ടുന്നത് ആംഗികവും കാവ്യനാടകാദികളിലെ വാക്കുകളുപയോഗിച്ചു ചെയ്യുന്നത് വാചികവും ഹാരകേയൂരാദി ആടയാഭരണാലങ്കാരങ്ങളെക്കൊണ്ടുള്ളത് ആഹാര്യവും മാനസികഭാവങ്ങളെക്കൊണ്ട് വികാരങ്ങള്‍ ഭാവജ്ഞന്‍മാരാല്‍ വിഭാവനം ചെയ്യപ്പെടുന്നത് സാത്വികവും ആകുന്നു.

'ആംഗികോ, വാചിക സ്തദ്വ-

ദാഹാര്യഃ സാത്വികോപരഃ

ചതുര്‍ഥാഭിനയസ്തത്ര

ആംഗികോം ഗൈര്‍ന്നിദര്‍ശിതഃ

വാചാവിരചിതഃകാവ്യ-

നാടകാദിഷു വാചികഃ

ആഹാര്യോ ഹാരകേയൂര-

വേഷാദിഭിരലംകൃതിഃ

സാത്വികഃ സാത്വികൈര്‍ഭാവൈ-

ഭാവജ്ഞേത വിഭാവിതഃ.' (അഭിനയദര്‍പ്പണം)

ആംഗികാഭിനയം. ശരീരാവയവങ്ങളെ അംഗം, പ്രത്യംഗം, ഉപാംഗം എന്നു മൂന്നായി വിഭജിച്ചിരിക്കുന്നു. ശിരസ്സ്, കൈപ്പടം, മാറ്, പാര്‍ശ്വം, അരക്കെട്ട്, പാദം എന്നിവ അംഗം; തോള്, കൈയ്, പുറം, വയറ്, തുട, കണങ്കാല് എന്നിവ പ്രത്യംഗം; കൃഷ്ണമണി, കണ്‍പോള, പുരികം, മൂക്ക്, ചുണ്ട്, താടി, പല്ല്, നാവ്, കവിള്‍, കഴുത്ത് എന്നിവ ഉപാംഗം. ഉപാംഗങ്ങള്‍കൊണ്ടുള്ള പ്രയോഗത്തിന് മുഖാഭിനയമെന്നും കരാംഗുലികള്‍കൊണ്ടുള്ള പ്രകടനത്തിന് മുദ്രാഭിനയമെന്നും അംഗ-പ്രത്യംഗത്തിലെ മറ്റു ഭാഗങ്ങള്‍കൊണ്ടുള്ള പ്രയോഗത്തിന് അംഗാഭിനയമെന്നുമാണ് സാധാരണ പറഞ്ഞുവരുന്നത്. നൃത്ത-നൃത്യ-നാട്യമയമായ നടനകലയുടെ സംവിധാനക്രമം ഈ മൂന്നുവിധ അഭിനയത്തെയും ആസ്പദമാക്കിയാണ് നിര്‍വഹിക്കുന്നത്.

1. മുഖാഭിനയം. കൃഷ്ണമണിയുടെ ഒന്‍പതുവിധമുള്ള വ്യാപാരങ്ങളും കണ്‍പോളകളുടെ ഒന്‍പതുവിധമുള്ള പ്രയോഗങ്ങളും പുരികങ്ങളുടെ ഏഴുവിധമുള്ള ചലനങ്ങളും മൂക്കിന്റെ ആറുവിധം കര്‍മങ്ങളും ചുണ്ടിന്റെ ആറുവിധം പ്രയോഗങ്ങളും പല്ലിന്റെയും ചുണ്ടിന്റെയും നാവിന്റെയും പ്രവൃത്തികള്‍കൊണ്ടുണ്ടാകുന്ന താടിയുടെ ഏഴു വ്യാപാരങ്ങളും കവിളിന്റെ ആറുവിധം പ്രയോഗങ്ങളും കഴുത്തിന്റെ ഒന്‍പതുവിധം വിന്യാസങ്ങളും മുഖാഭിനയത്തിന് അത്യന്താപേക്ഷിതമാണ്. കൃഷ്ണമണിയുടെ ഒന്‍പതുവിധം വ്യാപാരങ്ങള്‍ ഭ്രമണം, വലനം, പതനം, ചലനം, സംപ്രവേശനം, സമോദ്വര്‍ത്തം, നിവര്‍ത്തനം, നിഷ്ക്രാമം, പ്രാകൃതം എന്നിവയാണ്. കൃഷ്ണമണികളെ വട്ടത്തില്‍ ചുറ്റിക്കുന്നത് ഭ്രമണം; മൂന്നുകോണായി നടത്തുന്നത് വലനം; മുകളില്‍നിന്നു കീഴ്പോട്ടു വീഴ്ത്തുന്നത് പതനം; ധൃതഗതിയില്‍ ഇളക്കുന്നത് ചലനം; ഉള്ളിലേക്ക് ആകര്‍ഷിക്കുന്നത് സംപ്രവേശനം; ഒരു ഭാഗത്തുനിന്നു വിലങ്ങനെ മറുഭാഗത്തേക്ക് ഇളക്കുന്നത് സമോദ്വര്‍ത്തം; കടാക്ഷമായിനോക്കുന്നത് നിവര്‍ത്തനം; ശക്തിയോടെ തുറിച്ചുനോക്കുന്നത് നിഷ്ക്രാമം; സ്വാഭാവികമായിട്ടുള്ളത് പ്രാകൃതം.

കണ്‍പോളകളുടെ പ്രയോഗങ്ങള്‍ ഉന്‍മേഷം, നിമേഷം, പ്രസൃതം, കുഞ്ചിതം, സമം, വിവര്‍ത്തിതം, സ്ഫുരിതം, പിഹിതം, വിലോളിതം, എന്നിവയാണ്. കണ്‍പോളകള്‍ തമ്മില്‍ അകന്നുകൊണ്ടുള്ളതിന് ഉന്‍മേഷമെന്നും, തമ്മില്‍ ചേര്‍ന്നുകൊണ്ടുള്ളതിന് നിമേഷമെന്നും, നീളം വരുത്തിക്കൊണ്ടുള്ളതിന് പ്രസൃതമെന്നും, അല്പം കുറിയതാക്കുന്നതിന് കുഞ്ചിതമെന്നും, സ്വാഭാവികമായിട്ടുള്ളതിന് സമമെന്നും, പൊക്കിക്കൊണ്ടുള്ളതിന് വിവര്‍ത്തിതമെന്നും, ഇളക്കിക്കൊണ്ടുള്ളതിന് സ്ഫുരിതമെന്നും, മറച്ചുകൊണ്ടുള്ളതിന് പിഹിതമെന്നും, തമ്മില്‍ അടിച്ചുകൊണ്ടുള്ളതിന് വിലോളിതമെന്നും പറയുന്നു.

പുരികങ്ങളുടെ ചലനങ്ങളെ ഉത്ക്ഷേപം, പാതനം, ഭ്രുകുടി, ചതുരം, കുഞ്ചിതം, രേചിതം, സഹജം എന്നിങ്ങനെ ഏഴായി തിരിക്കാം. പുരികങ്ങളെ മേല്പ്പോട്ട് ഉയര്‍ത്തുന്നത് ഉത്ക്ഷേപം; കീഴ്പോട്ടാക്കുന്നത് പാതനം; പുരികങ്ങളുടെ കട(അറ്റം) പൊക്കുന്നത് ഭ്രുകുടി; ഭംഗിയില്‍ നീട്ടി സ്വല്പം പൊക്കുന്നത് ചതുരം; അല്പം ഒടിക്കുന്നത് കുഞ്ചിതം; ഒരു പുരികം മാത്രമായി പൊക്കുന്നത് രേചിതം; സ്വാഭാവികമായത് സഹജം.

മൂക്കിന്റെ കര്‍മങ്ങള്‍ നതാ, മന്ദാ, വികൃഷ്ഠാ, സോച്ഛ്വാസാ, വിക്രൂണിതാ, സ്വാഭാവികി എന്നിവയാണ്. മൂക്കിന്റെ സുഷിരങ്ങള്‍ കൂടെക്കൂടെ ചേര്‍ക്കുന്നതാണ് നതാ; നിശ്ചലമായ അവസ്ഥ മന്ദാ; വിടര്‍ത്തിപിടിക്കുന്നത് വികൃഷ്ഠാ; മൂക്കിന്റെ സുഷിരങ്ങള്‍ വികസിപ്പിച്ച് മേല്പോട്ടും കീഴ്പോട്ടും ശ്വാസം വലിക്കുകയും വിടുകയും ചെയ്യുന്നത് സോച്ഛ്വാസം; മൂക്ക് ചുരുക്കിപിടിക്കുന്നത് വിക്രൂണിതാ; സമമായ നില സ്വാഭാവികി.

അധരകര്‍മങ്ങളില്‍ വികര്‍ത്തനം, കമ്പനം, വിസര്‍ഗം, വിനിഗൂഹനം, സംദഷ്ടകം, സമുല്‍ഗകം എന്നിവ ഉള്‍പ്പെടുന്നു. ചുണ്ടുവളച്ചുപിടിക്കുന്നതിന് വികര്‍ത്തനമെന്നും, വിറപ്പിക്കുന്നതിന് കമ്പനമെന്നും, പുറത്തേക്കു തള്ളുന്നത് വിസര്‍ഗമെന്നും, പല്ലുകൊണ്ട് ചുണ്ടില്‍ കടിക്കുന്നതിന് സംദഷ്ടകമെന്നും, വട്ടം പിടിക്കുന്നതിന് സമുല്‍ഗകമെന്നും പറയുന്നു.

താടിയുടെ വ്യാപാരങ്ങള്‍ കുട്ടനം, ഖണ്ഡനം, ഛിന്നം, ചികിതം, ലേഹനം, സമം, ദംഷ്ടം എന്നിവയാണ്.

പല്ലുകള്‍ തമ്മില്‍ ഇറുമ്മുമ്പോള്‍ ഉള്ള താടിയുടെ അവസ്ഥയാണ് കുട്ടനം; തുടിപ്പിച്ചുകൊണ്ടുള്ളതാണ് ഖണ്ഡനം; മുറുക്കം വരുത്തിക്കൊണ്ടുള്ളതാണ് ഛിന്നം; പല്ലുകള്‍ പൊക്കുമ്പോഴുള്ള അവസ്ഥ ചികിതം; നാവുകൊണ്ട് താടിയിലേക്ക് നക്കുന്നത് ലേഹനം; സാധാരണ നിലയാണ് സമം. ചുണ്ട് പല്ലുകൊണ്ട് കടിക്കുമ്പോഴുള്ള അവസ്ഥയാണ് ദംഷ്ടം. പല്ലിന്റെയും ചുണ്ടിന്റെയും നാവിന്റെയും സഹായത്തോടെ മാത്രമേ താടിവ്യാപാരങ്ങള്‍ നടക്കുകയുള്ളു.

കവിള്‍ പ്രയോഗങ്ങള്‍ ക്ഷാമം, ഫുല്ലം, പൂര്‍ണം, കമ്പിതം, കുഞ്ചിതം, സമം എന്നിവയാണ്.

കവിള്‍ കീഴ്ഭാഗത്തേക്ക് ഒട്ടിച്ചിടുന്നത് ക്ഷാമം; വിടര്‍ത്തുന്നത് ഫുല്ലം; ഉയര്‍ത്തുന്നത് പൂര്‍ണം; ഇളക്കുന്നത് കമ്പിതം; സങ്കോചിപ്പിക്കുന്നത് കുഞ്ചിതം; സ്വാഭാവികമാക്കുന്നത് സമം.

കണ്ഠവ്യാപാരങ്ങള്‍ സമം, നതം, ഉന്നതം, ത്ര്യസ്രം, രേചിതം, കുഞ്ചിതം, അഞ്ചിതം, വലിതം, നിവൃത്തം എന്നിവയാണ്. സ്വാഭാവികമായുള്ള കഴുത്താണ് സമം; കുനിക്കുന്നത് നതം, മുഖം പൊക്കിപ്പിടിക്കുമ്പോഴുള്ളത് ഉന്നതം; കഴുത്ത് ഒരു വശത്തേക്ക് ചായ്ക്കുന്നത് ത്യ്രസ്രം; ഭംഗിയില്‍ വെട്ടിക്കുന്നത് രേചിതം; സ്വല്പം കുനിക്കുന്നത് കുഞ്ചിതം; കഴുത്ത് മുന്‍പോട്ടു നീക്കുന്നത് അഞ്ചിതം; ഒരു വശത്തേക്ക് തിരിക്കുന്നത് വലിതം; മുന്‍പോട്ടു കൂടെക്കൂടെ വെട്ടുന്നത് നിവൃത്തം.

മേല്‍ വിവരിച്ച ഉപാംഗങ്ങളുടെ വ്യാപാരാദികള്‍ സാധകം ചെയ്തു സ്വായത്തമാക്കിയശേഷം സ്വാഭാവികം, പ്രസന്നം, രക്തം, ശ്യാമം എന്നീ നാലുവിധം മുഖരാഗങ്ങളെ അതതു സന്ദര്‍ഭത്തിനും സ്ഥായിക്കും ആശയപ്രകാശനത്തിനും യോജിച്ചവിധം സമ്മേളിപ്പിച്ച് മുഖാഭിനയം നടത്തേണ്ടതാണ്.

കാവ്യത്തിന്റെയും നാട്യത്തിന്റെയും ആത്മാവായി കണക്കാക്കപ്പെട്ടിരിക്കുന്നത് രസമാണ്. ശൃംഗാരം, വീരം, കരുണം, ഹാസ്യം, അദ്ഭുതം, ഭയാനകം, ബീഭത്സം, രൌദ്രം, ശാന്തം എന്ന് ഒന്‍പതാണ് രസങ്ങള്‍. ഇവയെ ആണ് നവരസങ്ങള്‍ എന്നു പറഞ്ഞുവരുന്നത്. ഇവയ്ക്കോരോന്നിനും പ്രത്യേകം സ്ഥായിഭാവമുണ്ട്. ഒരു രസത്തെ പ്രകടിപ്പിക്കുമ്പോള്‍ മറ്റുള്ള ഭാവങ്ങളെക്കൊണ്ട് അവയ്ക്ക് തടസ്സം വരാതെ നിര്‍ത്തുന്ന മനോവികാരങ്ങള്‍ക്കാണ് സ്ഥായിഭാവം എന്നു പറയുന്നത്. ശൃംഗാരത്തിനു സ്ഥായിഭാവം രതി, കരുണത്തിനു ശോകം, ഹാസ്യത്തിനു ഹാസം, അദ്ഭുതത്തിനു ആശ്ചര്യം, ഭയാനകത്തിനു ഭയം, ബീഭത്സത്തിനു ജുഗുപ്സ, രൌദ്രത്തിനു ക്രോധം, ശാന്തത്തിനു നിര്‍വേദം എന്നീ ക്രമത്തിലാണ് സ്ഥായിഭാവം അഥവാ മനോവികാരങ്ങള്‍ നവരസാഭിനയത്തില്‍ നിലനിര്‍ത്തേണ്ടത്. ഓരോ രസത്തിനു യോജിച്ചവിധമുള്ള ഉപാംഗക്രിയകളും ഉപയോഗിച്ചാണ് മുഖാഭിനയം പൂര്‍ണമാക്കുന്നത്. നോ: നവരസങ്ങള്‍

2. മുദ്രാഭിനയം. ശബ്ദഭാഷകൊണ്ട് ആശയം അന്യനെ ധരിപ്പിക്കുന്നതിന് നാക്ക്, പല്ല്, ചുണ്ട്, മൂക്ക്, കണ്ഠം എന്നിവ എപ്രകാരം ഉപകരിക്കുന്നുവോ അതുപോലെയാണ് മുദ്രാഭിനയത്തിന് അംഗുഷ്ടം, തര്‍ജനി, മധ്യമ, അനാമിക, കനിഷ്ഠിക എന്നീ അഞ്ചു കൈവിരലുകളും ഉപകാരപ്പെടുന്നത്. ഭാഷയ്ക്ക് അകാരാദി വ്യഞ്ജകാക്ഷരങ്ങള്‍ പോലെയാണ് ആംഗ്യഭാഷയ്ക്ക് ചതുര്‍വിംശതി കൈമുദ്രകള്‍. ഹസ്തലക്ഷണദീപിക എന്ന ശാസ്ത്രഗ്രന്ഥമനുസരിച്ചുള്ള ഇരുപത്തിനാലു പ്രധാനമുദ്രകളാണ് കേരളത്തില്‍ പ്രചാരത്തിലുള്ളത്. (നോ: ചിത്രം:)

ഹസ്തലക്ഷണദ്വീപിക പ്രകാരമുള്ള ചതുര്‍വിംശതി മുദ്രകള്‍


1. പതാകം 13. മുകുരം


2. മുദ്രാഖ്യം 14. ഭ്രമരം


3. കടകം 15. സൂചിമുഖം


4. മുഷ്ടി 16. പല്ലവം


5. കര്‍ത്തരീമുഖം 17. ത്രിപതാകം


6. ശുകതുണ്ഡം 18. മൃഗശീര്‍ഷം


7. കപിത്ഥം 19. സര്‍പ്പശിരസ്സ്


8. ഹംസപക്ഷം 20. വര്‍ധമാനകം


9. ശിഖരം 21. അരാളം


10. ഹംസാസ്യം 22. ഊര്‍ണനാഭം


11. അഞ്ജലി 23. മുകുളം


12. അര്‍ധചന്ദ്രം 24. കടകാമുഖം


മേല്‍ വിവരിച്ച മുദ്രയെ ഒരു കൈകൊണ്ട് കാണിക്കുന്നതിന് അസംയുതമെന്നും രണ്ടു കൈകൊണ്ടു കാണിക്കുന്നതിന് സായുതമെന്നും പറഞ്ഞുവരുന്നു. ഇവ കൂടാതെ സമാനമെന്നും മിശ്രമെന്നും ചില വകഭേദങ്ങള്‍ കൂടിയുണ്ട്. ഒരേ മുദ്ര ഒന്നിലധികം വാക്കുകള്‍ക്ക് ഉപയോഗിക്കുന്നതാണ് സമാനമുദ്ര. ഓരോ കൈയിലും വിഭിന്നമായ മുദ്രപിടിച്ച് വാക്കുകളും സംജ്ഞകളും പ്രകടിപ്പിക്കുന്നതാണ് മിശ്രമുദ്ര. കൈമുദ്രകളെ പൊതുവേ മൂന്നു പ്രകാരത്തില്‍ തരംതിരിക്കാം: അനുകരണാത്മകം, വ്യഞ്ജകം, സാങ്കേതികം. ഏതെങ്കിലും ഒന്നിന്റെ രൂപത്തെയോ ഭാവത്തെയോ അനുകരിച്ച് കാണിക്കുന്നത് അനുകരണാത്മകവും ഏതെങ്കിലും ഒന്നിനെ വ്യഞ്ജിപ്പിച്ച് കാണിക്കുന്നത് വ്യഞ്ജകവും കേവലം സാങ്കേതികങ്ങളായവയെ കാണിക്കുന്നത് സാങ്കേതികവുമാകുന്നു. മുദ്രാപ്രകടനംകൊണ്ടു മാത്രം അര്‍ഥസംപുഷ്ടി ഉണ്ടാകയില്ല. ഒരര്‍ഥത്തില്‍ മുദ്ര എന്നു പറഞ്ഞാല്‍ അടയാളം എന്നു മാത്രമാണ് അര്‍ഥം. മുദ്രയോടുകൂടി ഉപാംഗചലനങ്ങളും അംഗചലനങ്ങളും തത്തല്‍സ്ഥായിക്കും സന്ദര്‍ഭത്തിനും അര്‍ഥപ്രകാശത്തിനും യോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കേണ്ടതാണ്, എന്നാല്‍ മാത്രമേ അഭിനയം പൂര്‍ണമാകയുള്ളു (നോ: കൈമുദ്രകള്‍). അതിനുള്ള ഒരു ശാസ്ത്രീയ നിര്‍ദേശം ഇതാണ്:

'യതോ ഹസ്തസ്തതോ ദൃഷ്ടിഃ

യതോ ദൃഷ്ടിസ്തതോ മനഃ

യതോ മനസ്തതോഭാവഃ

യതോ ഭാവസ്തതോ രസഃ'

(അഭിനയദര്‍പ്പണം)

3. അംഗാഭിനയം. ഉപാംഗങ്ങളെ കൂടാതെയുള്ള ശരീരത്തിലെ മറ്റ് അവയവങ്ങള്‍ അഥവാ അംഗ-പ്രത്യംഗങ്ങള്‍ കൊണ്ടാണ് അംഗാഭിനയം വെളിപ്പെടുത്തേണ്ടത്. ശാസ്ത്രീയമായി ഈ അവയവങ്ങളെക്കൊണ്ടുള്ള പ്രവൃത്തികള്‍ പലവിധമുണ്ട്. മണ്ഡലസ്ഥാനങ്ങള്‍, ഭ്രമരികള്‍, പ്ളവനങ്ങള്‍, ഗതികള്‍, വിക്ഷേപങ്ങള്‍, ചാരി എന്നിത്യാദി പേരുകളില്‍ അവ അറിയപ്പെടുന്നു. പാദതാഡനം, ചാട്ടം, കറക്കം, നിലകള്‍, കരവിക്ഷേപങ്ങള്‍ മുതലായവയില്‍നിന്ന് ലഭിക്കുന്നതാണ് അംഗാഭിനയം. അവ കഥാസന്ദര്‍ഭത്തിനും കഥാപാത്രത്തിന്റെ സ്ഥായിക്കും രാഗ-താള-മേളാനുസരണം പ്രകടിപ്പിക്കേണ്ടതാണ്.

വാചികാഭിനയം. വാചികാഭിനയം നാട്യത്തിലും നാടകത്തിലുമാണ് ഉപയോഗിക്കേണ്ടത്. വാക്കുകളെയും വാചകങ്ങളെയും സന്ദര്‍ഭാനുസൃതം ഉച്ചരിക്കുന്നതില്‍ നിന്നു വാചികാഭിനയം ഉണ്ടാകുന്നു. അക്ഷരശുദ്ധി, ശബ്ദക്രമം, ഉച്ചാരണവിധം എന്നിത്യാദികളെ ആശ്രയിച്ചാണ് വാചികാഭിനയത്തിന്റെ മേന്മ പ്രത്യക്ഷമാകുന്നത്.

ആഹാര്യാഭിനയം. വേഷഭൂഷാദികള്‍ കഥാപാത്രത്തിന്റെ നിലയ്ക്കും സന്ദര്‍ഭത്തിനും സ്ഥായിക്കും യോജിച്ചവിധമുള്ള ആകൃതിയിലും നിറത്തിലും ഉണ്ടാക്കി അണിയുന്നതില്‍നിന്ന് ആഹാര്യാഭിനയം ഉണ്ടാകയും ആംഗികാഭിനയത്തിനു ഗുണം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

സാത്വികാഭിനയം. ദേഹസ്വരൂപമാണ് സത്വം. സത്വത്തില്‍ നിന്നു ഭാവവും ഭാവത്തില്‍നിന്നു ഹാവവും, ഹാവത്തില്‍ നിന്നു ഹേലയും ജനിക്കുന്നു. ശരീരത്തില്‍ പ്രകൃത്യാ ഇരിക്കുന്നവയാണ് ഭാവ-ഹാവ-ഹേലാദികള്‍. സത്വം ഉന്തിനില്ക്കുന്ന അഭിനയം ഉത്തമവും, സത്വം സമനിലയില്‍ നില്ക്കുന്നത് മധ്യമവും, സത്വം ഇല്ലാത്തത് അധമവുമാകുന്നു. അസ്പഷ്ടരൂപമായിട്ടുള്ള സത്വത്തെ ആശ്രയിച്ചാണ് നവരസങ്ങളും മറ്റ് അഭിനയങ്ങളും നിലകൊള്ളുന്നത്. അഭിനയകലയുടെ ഉത്പത്തി സാത്വികാഭിനയത്തില്‍ നിന്നാണ്.

ഇപ്രകാരം ശരീരാവയവങ്ങള്‍കൊണ്ടും വാക്കുകൊണ്ടും വേഷഭൂഷാദികള്‍കൊണ്ടും സത്വംകൊണ്ടും കവിയുടെ അന്തര്‍ഗതമായ ആശയത്തെ വെളിവാക്കുന്ന ഒരു പ്രദര്‍ശനശൈലിയാണ് അഭിനയത്തിലുള്ളത്. 'അഭിനയ' ശബ്ദത്തിന്റെ ഒരു പര്യായമായ 'വ്യഞ്ജക'ത്തിലും ഈ ഭാവത്തെ ഊന്നിപ്പറയുന്നു. എന്തായാലും അഭിനയത്തിന്റെ എല്ലാ ഘടകങ്ങളും രസാഭിവ്യക്തിയെ ലക്ഷ്യമാക്കിക്കൊണ്ടായിരിക്കണം എന്ന് നിഷ്കര്‍ഷിക്കുന്നതില്‍ നാട്യശാസ്ത്രകാരന്മാരെല്ലാവരും ഒരുപോലെ ശ്രദ്ധിച്ചിരുന്നു. അഭിനയസങ്കേതങ്ങളെ സംബന്ധിച്ചിടത്തോളം ഭാരതത്തിലെ വിവിധ പ്രദേശങ്ങളില്‍ രൂപംകൊണ്ടിട്ടുള്ള ദൃശ്യകലാരൂപങ്ങള്‍ എല്ലാംതന്നെ നാട്യശാസ്ത്രപ്രോക്തങ്ങളായ നിര്‍ദേശങ്ങളും നിബന്ധനകളുമാണ് മൌലികമായി സ്വീകരിച്ചിട്ടുള്ളത്. കൂത്ത്, കൂടിയാട്ടം, കഥകളി, തുള്ളല്‍, മോഹിനിയാട്ടം, ഭരതനാട്യം, യാത്ര, യക്ഷഗാനം, കുച്ചിപ്പുടി, കഥക്, മണിപ്പൂരി തുടങ്ങിയവയിലെല്ലാം ഉള്‍ക്കൊള്ളുന്ന അഭിനയാംശം ഇത്തരത്തിലുള്ളതാണ്.

അഭിനയവേദിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയ്ക്കു സമാന്തരമായി വികാസം പ്രാപിച്ചിരുന്നത് ഗ്രീസിലും ചൈനയിലും രൂപമെടുത്ത നാടകവേദികളായിരുന്നു. പക്ഷേ, അഭിനയം എന്ന ഭാരതീയ സംജ്ഞ ഉള്‍ക്കൊള്ളുന്നത്ര വ്യാപകവും വൈവിധ്യപൂര്‍ണവുമായ ഒരു അര്‍ഥവ്യാപ്തി ഗ്രീക്കിലോ ചീനഭാഷയിലോ ഉള്ള സമാനപദങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നില്ല. ഗ്രീസില്‍ പ്രത്യേകിച്ചും അഭിനയം നാടകവുമായി ബന്ധപ്പെട്ടാണ് രൂപമെടുത്തത്. കഥാപാത്രങ്ങളെ പ്രതിനിധാനം ചെയ്യുക എന്ന ധര്‍മം നിര്‍വഹിക്കുവാനാണ് അഭിനയം അവിടെ ആവശ്യമായി വന്നത്. ചൈനീസ് നാടകവേദി നൃത്തവേദിയുമായി ബന്ധപ്പെട്ട് രൂപംകൊണ്ടതായതുകൊണ്ട് നൃത്തത്തിലും ഒരു പരിധിവരെ അഭിനയം ആവശ്യമായിവന്നു. പില്ക്കാലത്ത് അവിടെ നാടകവേദിക്കുണ്ടായ വികാസം നൃത്തവേദിയില്‍നിന്ന് സ്വതന്ത്രമായും സമാന്തരമായും ആയിരുന്നതുകൊണ്ട് അഭിനയത്തിന്റെ തുടര്‍ന്നുള്ള വികാസം അവിടെയും നാടകവേദിയുമായി മാത്രം ബന്ധപ്പെട്ടായിരുന്നു. യൂറോപ്യന്‍ നാടകവേദി ഗ്രീക് നാടകവേദിയുടെ വികസിതരൂപമായതുകൊണ്ട് യൂറോപ്യന്‍ അഭിനയവേദിയെക്കുറിച്ച് പറയുമ്പോള്‍ അവിടത്തെ നാടകവേദിയുമായി മാത്രം ബന്ധപ്പെടുത്തിയേ പറയാന്‍പറ്റൂ. പൌരസ്ത്യനാടകവേദിയില്‍ നൂറ്റാണ്ടുകളുടെ തുടര്‍ച്ചയായ നിലനില്പ് അവകാശപ്പെടാവുന്ന ജപ്പാനിലെ നാടകവേദി ചൈനീസ് നാടകവേദിയുടെ പരിണതരൂപമായതുകൊണ്ട് അവിടത്തെ അഭിനയവേദിയും നാടകത്തോടു ബന്ധപ്പെട്ടാണ് നിലനിന്നുവരുന്നത്. ആധുനിക അഭിനയവേദി ഇന്ത്യയില്‍ ഒഴികെ മറ്റെല്ലായിടത്തും ഏറിയകൂറും നാടകപ്രസ്ഥാനത്തോട് ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് അഭിനയത്തെ സംബന്ധിച്ച ആധുനികപ്രവണതകളെക്കുറിച്ചുള്ള പഠനങ്ങള്‍ അരങ്ങ്, നാടകം എന്നീ വിഷയങ്ങളോട് ബന്ധപ്പെടുത്തി ചേര്‍ത്തിരിക്കുന്നു. നോ: അഭിനയദര്‍പ്പണം, അരങ്ങ്, കഥകളി, കൂടിയാട്ടം, കൂത്ത്, കൈമുദ്രകള്‍, തുള്ളല്‍, നവരസങ്ങള്‍, നാടകം, നാട്യശാസ്ത്രം, ഭരതനാട്യം, ഭരതമുനി, മോഹിനിയാട്ടം

(ഗുരുഗോപിനാഥ്, സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍