This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭിധ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഭിധ

അലങ്കാരശാസ്ത്രത്തില്‍ 'വാക്കിന്റെ സങ്കേതരൂപമായ അര്‍ഥത്തെ പ്രകാശിപ്പിക്കുന്ന മൂന്ന് ശബ്ദവൃത്തികളില്‍ ഒന്ന്'. ലക്ഷണയും വ്യജ്ഞനയുമാണ് മറ്റ് രണ്ടെണ്ണം 'അഭിധ' എന്ന ശബ്ദത്തിന് നാമം, വാച്യാര്‍ഥം എന്നീ പൊരുളുകളുമുണ്ട്.

ഏതു ശബ്ദത്തിനും അര്‍ഥമുണ്ടായിരിക്കും. 'അര്‍ഥയുക്താക്ഷരം ശബ്ദം, അതേ പ്രകൃതിയെന്നതും, പദമെന്നാല്‍ പ്രയോഗിപ്പാന്‍ സജ്ജമായുള്ള ശബ്ദമാം' എന്നാണ് വ്യാകരണവിധി.

ശബ്ദങ്ങള്‍ അര്‍ഥത്തോടുള്ള ബന്ധത്തിന്-അര്‍ഥം ജനിപ്പിക്കുന്നതിനുള്ള ശക്തിക്ക്-ശബ്ദവ്യാപാരം എന്നാണ് സാഹിത്യശാസ്ത്ര സംജ്ഞ. ശബ്ദങ്ങള്‍ക്ക് മൂന്നുമാതിരി അര്‍ഥം വരാം. അവയില്‍ പ്രാഥമികവും നിയതവുമായ അര്‍ഥത്തിന് വാച്യാര്‍ഥം എന്നു പറയുന്നു. ഇന്ന ശബ്ദത്തിന് ഇന്ന അര്‍ഥം എന്ന് പൊതുജനസമ്മതം കിട്ടിയ സാങ്കേതികാര്‍ഥമാണിത്. ഉദാ. ആന, കലം, കുതി(ക്കുക). ഇന്നമാതിരിയുള്ള മൃഗം, പാത്രം, പ്രവൃത്തി എന്നിവ യഥാക്രമം അവയുടെ വാച്യാര്‍ഥമാകുന്നു; ആ ശബ്ദത്തില്‍ വാചകങ്ങള്‍; ആ അര്‍ഥങ്ങളെ പ്രതിപാദിക്കുന്ന ശബ്ദവ്യാപാരം അഭിധ.

അഭിധ മൂന്നു പ്രകാരമാണ്: രൂഢി, യോഗം, യോഗരൂഢി എന്നിങ്ങനെ (ഭാഷാഭൂഷണം).

രൂഢി. അവയവ വിഭാഗം കൂടാതെ, ഇന്ന അക്ഷരത്തിന് അഥവാ അക്ഷരക്കൂട്ടത്തിന് ഇന്ന അര്‍ഥം എന്നു സങ്കല്പിക്കുകയാണ് രൂഢി. ഉദാ. ആന മുതലായി മേല്‍ക്കുറിച്ചവതന്നെ.

യോഗം. ശബ്ദത്തില്‍ അവയവം കല്പിച്ച് അവയുടെ യോഗത്താല്‍ അര്‍ഥം പ്രതിപാദിക്കുക. ഉദാ. ആനക്കാരന്‍, കലവറ.

യോഗരൂഢി. അവയവശക്തിയും (യോഗം) അഖണ്ഡശക്തിയും (രൂഢി) കൂടി ആവശ്യമാകുന്നത് യോഗരൂഢി. ഉദാ. കുതിര; കുതിക്കുന്നത് എന്നു യോഗാര്‍ഥം. ഈ യോഗാര്‍ഥത്താല്‍ കുതിക്കുന്ന ഏതൊന്നിനേയും ആ ശബ്ദം കുറിക്കാമെന്നിരിക്കെ അതില്‍ ഒന്നില്‍മാത്രം അര്‍ഥത്തെ നിയമിച്ചു നിര്‍ത്തുന്നത് രൂഢി. ഇങ്ങനെ യോഗരൂഢിയാല്‍, ഇന്നമാതിരിയുള്ള മൃഗം എന്ന് അര്‍ഥസിദ്ധി.

ഒരു ശബ്ദത്തിന് ഒന്നിലേറെ വാച്യാര്‍ഥം വരാം. ഉദാ. മലര്‍ (പൂവ് എന്നും നെല്പൊരി എന്നും രണ്ടര്‍ഥം). ഇതില്‍ ഏതര്‍ഥമാണ് വിവക്ഷിതം എന്നു നിര്‍ണിയിക്കുന്നതിന് അഭിധാനിയാമകങ്ങളായ പല ഘട്ടങ്ങളുണ്ട്; അവ പതിമൂന്നെണ്ണമെന്ന് ഭാഷാഭൂഷണത്തില്‍ കാണാം. അന്യോന്യമുള്ള അത്യല്പമാത്രമായ ഭേദങ്ങളെ വിട്ടു പരിഗണിച്ചാല്‍ അഭിധാനിയാമകങ്ങളെ നാലായി ചുരുക്കാന്‍ കഴിയും.

വിശേഷണ ശബ്ദങ്ങളുടെ യോഗം. ഉദാ. മന്ത്രപൂര്‍ണമായ മറ (മറ = വേദം); ഉയരമില്ലാത്ത മറ (മറ = വേലി, യവനിക).

സാഹചര്യം. മുന്‍പിന്‍ പദങ്ങളുടെ കൂട്ട്. ഉദാ. അവല്-മലര്‍-ശര്‍ക്കര-പഴം (ഇവിടെ മലരിന് നെല്പൊരി എന്നര്‍ഥം). രാമരാവണന്‍മാര്‍ (ഇവിടെ രാമന്‍ എന്നതിന് ദശരഥപുത്രനായ രാമന്‍ എന്ന് അര്‍ഥം).

പ്രകരണം (സന്ദര്‍ഭം). ദേശം, കാലം, വക്താവ്, ശ്രോതാവ് ഇത്യാദി കാര്യങ്ങളുടെ ജ്ഞാനം. ഉദാ. 'ദേവന്‍ തന്നെ പ്രമാണം'. രാജസേവകന്‍ രാജസന്നിധിയില്‍ ഉണര്‍ത്തിക്കുന്നത് എന്ന പ്രകരണവിശേഷത്താല്‍ ദേവശബ്ദത്തിന് രാജാവ് എന്ന് അര്‍ഥം ഗ്രഹിക്കുന്നു.

ആംഗികം. കൈക്രിയ മുതലായ അംഗചേഷ്ടകള്‍. ഉദാ. ഇത്ര പൊക്കമുള്ള പശു.

(കെ.കെ. വാധ്യാര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A7" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍