This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭിധാവൃത്തിമാതൃക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഭിധാവൃത്തിമാതൃക

വ്യാകരണ-അലങ്കാരശാസ്ത്രസംബന്ധിയായ ഒരു സംസ്കൃതകൃതി. കാശ്മീര്‍കാരനായ മുകുളഭട്ടനാണ് രചയിതാവ്. മുകുളഭട്ടന്റെ കാലം എ.ഡി. 900-925-നോട് അടുത്താണെന്നു കരുതപ്പെടുന്നു. കൃതിയിലെ അവസാനത്തെ കാരികയില്‍ നിന്നും ഭട്ടകല്ലടന്റെ പുത്രനാണ് മുകുളന്‍ എന്നറിയാം. കല്ലടന്‍ കാശ്മീരത്തിലെ അവന്തിമവര്‍മന്റെയും (855-884) ആനന്ദവര്‍ധനന്റെയും സമകാലികനായിരുന്നു. മുകുളന്റെ ശിഷ്യനായ പ്രതിഹാരേന്ദുരാജന്‍, ഉദ്ഭടന്റെ കാവ്യാലങ്കാരത്തിന് ലഘുവൃത്തി എന്ന വ്യാഖ്യാനം എഴുതിയിട്ടുണ്ട്.


കാരിക, വൃത്തി, ഉദാഹരണം എന്നീ ക്രമത്തിലാണ് ഗ്രന്ഥം സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. ആകെ 15 കാരികകളേ ഇതിലുള്ളു. ശബ്ദങ്ങളുടെ അര്‍ഥനിയമത്തെക്കുറിച്ചു ചിന്തിക്കയാണ് കൃതിയുടെ ലക്ഷ്യം. ശബ്ദത്തിന്റെ മുഖ്യവും ലാക്ഷണികവുമായ അര്‍ഥങ്ങളെപ്പറ്റി സാമാന്യമായി പ്രതപാദിച്ചതിനുശേഷം ലക്ഷണതയുടെ ഉപവിഭാഗങ്ങള്‍ ഉദാഹരണസഹിതം വിവരിച്ചിരിക്കുന്നു. ലക്ഷണാവൃത്തിയും അഭിധയുടെ പ്രകാരാന്തരം തന്നെയെന്നാണ് ഗ്രന്ഥകാരന്റെ മതം. പശ്ചാത്കാലികങ്ങളായ കാവ്യപ്രകാശം തുടങ്ങിയ കൃതികള്‍ ഈ ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് ലക്ഷണാഭേദങ്ങളെപ്പറ്റി പ്രതിപാദിച്ചിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്. ഈ വിഷയത്തില്‍ പ്രസ്തുത കൃതി മാര്‍ഗദര്‍ശകമായി വര്‍ത്തിക്കുന്നു. അലങ്കാരശാസ്ത്രവിഷയകമായി 'സാഹിത്യ' ശബ്ദം ആദ്യമായി പ്രയോഗിച്ചിട്ടുള്ളത് മുകുളനാണെന്നു കാണുന്നു. പ്രചാരലുപ്തമായിരുന്ന വാമനന്റെ കാവ്യാലങ്കാരസൂത്രത്തിന് പ്രസിദ്ധി നല്കിയത് മുകുളനാണെന്ന് സഹദേവന്‍ എന്ന വ്യാഖ്യാതാവ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സാഹിത്യലോകത്ത് പ്രതിഷ്ഠ നേടിയ ധ്വനിസിദ്ധാന്തത്തെപ്പറ്റിയും ഈ ഗ്രന്ഥകാരന്‍ അഭിപ്രായം പുറപ്പെടുവിച്ചിരിക്കുന്നു.


പ്രാമാണികന്മാരായ പല പൂര്‍വസൂരികളെയും അവരുടെ ഗ്രന്ഥങ്ങളെയും അഭിധാവൃത്തിമാതൃകയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കാവ്യാലങ്കാരം, വാക്യപദീയം, ധ്വന്യാലോകം എന്നീ ഗ്രന്ഥങ്ങളും ഇതില്‍ ഉദ്ധരിച്ചിട്ടുള്ളവയുടെ കൂട്ടത്തില്‍പ്പെടുന്നു. ഉദ്ഭടന്‍, കുമാരിലഭട്ടന്‍, ഭര്‍ത്തൃമിത്രന്‍, ശബരസ്വാമി എന്നീ ആചാര്യന്മാരാണ് നാമനിര്‍ദേശം ചെയ്തു സ്മരിക്കപ്പെട്ടിരുന്നവര്‍. പ്രസ്തുതകൃതി മുംബൈയില്‍ നിര്‍ണയസാഗര പ്രസ്സില്‍ നിന്നും 1916-ല്‍ അച്ചടിച്ചു പ്രകാശിപ്പിച്ചിട്ടുണ്ട്.


(ഡോ. എന്‍.പി. ഉണ്ണി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍