This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭിധര്‍മകോശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:42, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഭിധര്‍മകോശം

ബൌദ്ധദര്‍ശനങ്ങളുടെ സമാഹാരമായ ഒരു പ്രമാണഗ്രന്ഥം. ബൌദ്ധ ധര്‍മത്തിന്റെ തത്ത്വസംഹിതകള്‍ ത്രിപിടകങ്ങളിലും (വിനയപിടകം, സുത്തപിടകം, അഭിധര്‍മപിടകം) അതുപോലുള്ള മറ്റുചില ഗ്രന്ഥങ്ങളിലുമായി ചിതറിക്കിടക്കുന്നു. അസംഗാചാര്യന്റെ ഇളയ സഹോദരനായ ആചാര്യവസുബന്ധു അങ്ങിങ്ങായിക്കിടന്ന ബൌദ്ധധര്‍മസംഹിതകള്‍ മുഴുവന്‍ സമാഹരിച്ചു പരിഷ്കരിച്ച് ശാസ്ത്രീയമായി ക്രമപ്പെടുത്തി അഭിധര്‍മകോശം എന്ന കോശഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചു. വസുബന്ധു ഈ സംഹിതകള്‍ക്ക് അത്യുത്കൃഷ്ടമായ ഒരു ഭാഷ്യംകൂടി പിന്നീട് തയ്യാറാക്കുകയുണ്ടായി. ത്രിപിടകസാഹിത്യത്തില്‍ അഭിധര്‍മകോശഭാഷ്യം എന്ന പേരില്‍ ഇതു പ്രസിദ്ധമായിത്തീര്‍ന്നു. ഈ ഭാഷ്യം ബൌദ്ധധര്‍മസിദ്ധാന്തങ്ങളുടെ പൊരുള്‍ പൂര്‍ണമായും പകര്‍ന്നു തരുന്നു. പ്രസിദ്ധ ചീനസഞ്ചാരിയായ ഹ്യൂന്‍സാങ് ഈ ഭാഷ്യത്തിനു തയ്യാറാക്കിയ ചീനഭാഷാ വിവര്‍ത്തനം ബൌദ്ധമതാനുയായികള്‍ക്ക് വിലപ്പെട്ടൊരു വേദഗ്രന്ഥമാണ്.

ആചാര്യവസുബന്ധു തന്റെ ജീവിതത്തിന്റെ പ്രഥമചരണത്തില്‍ 'സര്‍വാസ്തിവാദ' സിദ്ധാന്തം അനുസരിച്ച് കാരികാസമ്പ്രദായത്തില്‍ അഭിധര്‍മകോശം രചിച്ചു; ഇത് സര്‍വാസ്തിവാദികളുടെ പ്രഥമ പ്രാമാണിക ഗ്രന്ഥമായി കരുതപ്പെട്ടുപോരുന്നു. വസുബന്ധു അഭിധര്‍മകോശത്തിന്റെ പ്രണയനത്തിലൂടെ 'വൈഭാഷിക' സമ്പ്രദായത്തിന്റെ സിദ്ധാന്തങ്ങളെ അരക്കിട്ടുറപ്പിച്ചു. കാശ്മീരിലെ വൈഭാഷിക സമ്പ്രദായാനുയായികള്‍ എല്ലാംതന്നെ അഭിധര്‍മകോശത്തെ തങ്ങളുടെ ദര്‍ശനത്തിന്റെ ആധികാരികഗ്രന്ഥമായി കരുതിയിരുന്നു. ബൌദ്ധദാര്‍ശനിക ചിന്താപരമ്പരയുടെ മൂലരൂപവും നിഷ്കൃഷ്ടനിരൂപണവും മറ്റെങ്ങും ലഭ്യമാകാത്തതരത്തില്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഈ ഗ്രന്ഥത്തിന്റെ പ്രസിദ്ധിയും പ്രചാരവും കാദംബരീകാരനായ ബാണഭട്ടന്റെ പരാമര്‍ശനത്തില്‍ നിന്നും (തത്തകള്‍ക്കുപോലും അഭിധര്‍മകോശോപദേശം നല്കിയിരുന്നുവെന്ന്; 'ശുകൈരപിശാക്യശാസനകുശലൈഃ കോശം സമുപദിശദ്ഭിഃ') വ്യക്തമാകുന്നു.

അഭിധര്‍മകോശത്തില്‍ സര്‍വാസ്തിവാദത്തോടൊപ്പം തന്നെ, ഇതരദര്‍ശനങ്ങളെപ്പറ്റിയും വസുബന്ധു ചര്‍ച്ച നടത്തിയിട്ടുണ്ട്. ഭഗവാന്‍ തഥാഗതന്റെ ദാര്‍ശനിക ചിന്തകള്‍ക്കെതിരായ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുവാന്‍ വേണ്ടിയാണ് വസുബന്ധു ഈ ഗ്രന്ഥം രചിച്ചത്. ഇദ്ദേഹം സര്‍വാസ്തിവാദസിദ്ധാന്തങ്ങളുടെ പ്രണേതാവായിരുന്നു. പക്ഷേ, തഥാഗതനാകട്ടെ ത്രികാലങ്ങളുടെ അനിത്യതയെപ്പറ്റിയാണ് ചിന്തിച്ചത്. ഈ ചിന്താഗതിക്കെതിരായി സ്വന്തം വാദം സ്ഥാപിക്കുവാന്‍ വസുബന്ധു ഈ ഗ്രന്ഥത്തിലൂടെ ശ്രമിച്ചു. പഞ്ചവിധ ധര്‍മങ്ങളുടെ (വസ്തു, വിഷയം, അര്‍ഥം, പദാര്‍ഥം, പ്രമേയം) സത്താത്മകമായ അസ്തിത്വം ഭൂത വര്‍ത്തമാന-ഭാവി കാലങ്ങളില്‍ എങ്ങനെയാണെന്ന് പ്രതിപാദിക്കുന്ന ചിന്താപദ്ധതിയാണ് സര്‍വാസ്തിവാദം എന്ന് അഭിധര്‍മകോശത്തില്‍ വസുബന്ധു വ്യക്തമാക്കിയിട്ടുണ്ട്.

സര്‍വാസ്തിവാദമനുസരിച്ച് ത്രികാലങ്ങള്‍ നിത്യവും അസ്തിത്വയുക്തവും ആണ്. ഭൂതഭാവികള്‍ അനിത്യവും അസ്തിത്വശൂന്യവുമാണെന്ന വാദം ഉന്നയിക്കുന്നപക്ഷം മനഃശാസ്ത്ര തത്ത്വങ്ങള്‍ അസ്ഥാനത്തായിത്തീരും എന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു.

സര്‍വാസ്തിവാദികള്‍ സ്ഥാവരവാദികളോട് ആശയപരമായി വളരെ അടുപ്പമുള്ളവരാണ്. സംസ്കൃതഭാഷയില്‍ തങ്ങളുടെ സിദ്ധാന്തങ്ങള്‍ പ്രതിപാദിച്ചുപോന്ന ബൌദ്ധ പന്ഥികളില്‍ (ബുദ്ധമതാനുയായികള്‍) സര്‍വാസ്തിവാദികളായ ആചാര്യന്‍മാരുടെ സംഖ്യ അധികമായിരുന്നു. സര്‍വാസ്തിവാദികളുടെ ആശ്രയദാതാവായിരുന്ന കനിഷ്കന്‍ ആ സിദ്ധാന്തങ്ങളെപ്പറ്റിയുള്ള ഗംഭീരമായ ഒരു ചര്‍ച്ചാസമ്മേളനം വിളിച്ചുകൂട്ടിയിട്ടുണ്ട്.


അഭിധര്‍മകോശത്തിന്റെ പ്രണേതാവായ ആചാര്യവസുബന്ധു എ.ഡി. 4-ാം ശ.-ത്തിലാണ് ജീവിച്ചിരുന്നതെന്ന് ചരിത്രകാരന്‍മാര്‍ കരുതുന്നു. ആചാര്യന്‍ 80 വയസ്സുവരെ ജീവിച്ചിരുന്നു എന്നും 26 ഗ്രന്ഥങ്ങള്‍ രചിച്ചു എന്നും ചീനഭാഷയില്‍ എഴുതപ്പെട്ട ത്രിപിടക ഗ്രന്ഥത്തില്‍ പ്രസ്താവിച്ചുകാണുന്നു. പക്ഷേ, ഇദ്ദേഹത്തിന്റെ ഒന്‍പത് കൃതികള്‍ മാത്രമേ ലഭിച്ചിട്ടുള്ളു. അഭിധര്‍മകോശഭാഷ്യം എന്ന ഗ്രന്ഥത്തിന്റെ കൈയെഴുത്തുപ്രതി തിബത്തില്‍ നിന്നും കണ്ടെടുത്തത് മഹാപണ്ഡിതനായ രാഹുല്‍ സാംകൃത്യായനാണ്.

'പുദ്ഗള' സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് രണ്ടു പ്രധാന മാര്‍ഗങ്ങളുണ്ട്: വാസ്തിപുത്രീയമാര്‍ഗം, സമ്മിതീയമാര്‍ഗം. പുദ്ഗളം ചിരസ്ഥായിയായ ഒരു തത്ത്വമാണ്. ഇതില്ലാതെ പൂര്‍വജന്മം സാധ്യമല്ലെന്നാണ് സങ്കല്പം. ആചാര്യവസുബന്ധു തന്റെ അഭിധര്‍മകോശത്തിന്റെ അന്ത്യത്തില്‍ ഈ രണ്ടു മാര്‍ഗങ്ങളെപ്പറ്റിയും വിശദമായിത്തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ട്.

വസുബന്ധുവിന്റെ ശക്തനായ പ്രതിദ്വന്ദ്വി, സംഘഭദ്രന്‍ എന്ന ആചാര്യനായിരുന്നു. സംഘഭദ്രന്‍ 12 വര്‍ഷത്തെ നിരന്തരാധ്വാനഫലമായി കോശകാരിക എന്നൊരു ഗ്രന്ഥം രചിച്ച് അഭിപ്രായത്തിനായി വസുബന്ധുവിന് അയച്ചുകൊടുത്തു.വസുബന്ധു ആദ്യത്തെ പേരു മാറ്റിയിട്ട് ന്യായാനുസാരശാസ്ത്രം എന്നു ഗ്രന്ഥനാമം നല്കി. വസുബന്ധുവിന്റെ അഭിധര്‍മകോശത്തിന്റെ ഖണ്ഡനപരമായ ഒരു വിമര്‍ശനമാണ് ഈ ഗ്രന്ഥം. കടുത്ത വിമര്‍ശനത്തിനു വിധേയമായെങ്കിലും അഭിധര്‍മകോശം ബൌദ്ധധര്‍മത്തിന്റെ മഹത്തായ ആധികാരികഗ്രന്ഥമായിത്തന്നെ നിലനിന്നുപോരുന്നു.

അഭിധര്‍മകോശം സമ്പൂര്‍ണ ബൌദ്ധദര്‍ശനങ്ങളുടെ അംഗീകൃതമായ ഒരു 'വിശ്വകോശം' തന്നെയാണ്. മറ്റൊരു ബൌദ്ധഗ്രന്ഥത്തിനും ഇത്രയധികം പ്രസിദ്ധിയും പ്രാമാണികത്വവും ലഭിച്ചിട്ടില്ല. ഈ വിശിഷ്ട ഗ്രന്ഥത്തിന് ആറും ഏഴും ശ.-ങ്ങളില്‍ ചൈനീസില്‍ രണ്ടു പരിഭാഷകള്‍ ഉള്‍പ്പെടെ നിരവധി വ്യാഖ്യാനങ്ങളും പുനര്‍വ്യാഖ്യാനങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവയില്‍ സ്ഥിരമതിയുടെ തത്ത്വാര്‍ഥം, ദിങ്നാഗന്റെ മര്‍മപ്രദീപം, യശോമിത്രന്റെ സ്ഫുടാര്‍ഥം എന്നിവ വളരെ പ്രസിദ്ധമാണ്. പണ്ഡിതനായ ഡാംപൂര്‍സേ പുരാതനങ്ങളായ നിരവധി ടീകകള്‍ സമാഹരിച്ചും സമന്വയിപ്പിച്ചും ഒരു ആധുനിക വ്യാഖ്യാനം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പില്ക്കാലത്ത് അഭിധര്‍മകോശത്തിന്റെ ചുവടുപിടിച്ച് ജൈനതത്ത്വജ്ഞാന സംബന്ധമായ തത്ത്വാര്‍ഥാധിഗമം എന്ന ഗ്രന്ഥം രചിക്കുവാന്‍ ഉമാസ്വാതി എന്ന പണ്ഡിതന് പ്രചോദനം നല്കിയത് ആചാര്യ വസുബന്ധു ആണ്. നോ: അഭിധര്‍മപിടകം

(ഡോ. എ.പി. സുമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍