This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭികര്‍മകങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:07, 28 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഭികര്‍മകങ്ങള്‍

Reagents

പ്രതിപ്രവര്‍ത്തനം ഉളവാക്കുന്ന പദാര്‍ഥം. ഒരു അഭികര്‍മകം മറ്റൊരു പദാര്‍ഥത്തില്‍ ഉണ്ടാക്കുന്ന പരിണാമങ്ങള്‍ മുഖ്യമായും അഭികര്‍മകത്തിന്റെ സംരചനാപരമായ സ്ഥിതിവിശേഷത്തെ ആശ്രയിച്ചിരിക്കുന്നു. അതായത് അഭികര്‍മകത്തിന്റെ നൈസര്‍ഗികമായ ചില പ്രവണതകളാണ് അതിന്റെ പ്രവര്‍ത്തനപഥത്തെ നിയന്ത്രിക്കുന്നത്. ഈ പ്രവണതകളുടെ അടിസ്ഥാനത്തില്‍ അഭികര്‍മകങ്ങളെ വര്‍ഗീകരിക്കാവുന്നതാണ്. രാസപ്രക്രിയകളിലെല്ലാം ഇലക്ട്രോണുകളുടെ പകര്‍ച്ചയോ പുനഃസംവിധാനമോ, പൂര്‍ണമായോ ഭാഗികമായോ ഉള്‍പ്പെടുന്നുണ്ട്. തന്മൂലം രാസപ്രക്രിയയ്ക്ക് ആസ്പദമായ ഇലക്ട്രോണുകളുമായി അഭികര്‍മകത്തിനുള്ള ബന്ധത്തെ അടിസ്ഥാനപ്പെടുത്തി അവ ഇലക്ട്രോഫിലിക-അഭികര്‍മകങ്ങള്‍ (ഇലക്ട്രോഫൈലുകള്‍) എന്നും നൂക്ളിയോഫിലിക-അഭികര്‍മകങ്ങള്‍ (ന്യൂക്ളിയോഫൈലുകള്‍) എന്നും രണ്ടായി തരംതിരിക്കപ്പെട്ടിരിക്കുന്നു. സ്വന്തം ഇലക്ട്രോണുകളെ അന്യ-അണുക നൂക്ളിയസിന് പ്രദാനം ചെയ്യുകയോ അന്യ-അണുകനൂക്ളിയസുമായി പങ്കു വയ്ക്കുകയോ ചെയ്യുന്ന അഭികര്‍മകങ്ങളാണ് നൂക്ളിയോഫൈലുകള്‍. മറിച്ച്, മറ്റൊന്നില്‍നിന്ന് ഇലക്ട്രോണുകളെ പൂര്‍ണമായോ ഭാഗികമായോ സ്വീകരിക്കുന്നതിന് സന്നദ്ധമായവയാണ് ഇലക്ട്രോഫൈലുകള്‍.

ഈ വര്‍ഗീകരണം വാസ്തവത്തില്‍ ഓക്സീകരണ-നിരോക്സീകരണ പ്രക്രിയകളുടെ ഇലക്ട്രോണിക-വ്യാഖ്യാനവുമായി ബന്ധപ്പെട്ടതാണെന്ന് നിഷ്പ്രയാസം കാണാം. ഇലക്ട്രോണുകളെ മറ്റൊരു സ്പീഷീസിലേക്ക് പ്രദാനം ചെയ്യുന്നത് നിരോക്സീകരണമാകയാല്‍ നൂക്ളിയോഫൈലുകള്‍ നിരോക്സീകാരികളായിരിക്കണം. അയോണിക പ്രതിപ്രവര്‍ത്തനങ്ങളില്‍ ഓക്സീകരണവും നിരോക്സീകരണവും സ്പഷ്ടമായി കാണാമെങ്കിലും അയോണികേതര പ്രതിപ്രവര്‍ത്തനങ്ങളില്‍ അപ്രകാരം ആയിരിക്കണമെന്നില്ല. എന്നാല്‍ ഇലക്ട്രോഫിലികതയും നൂക്ളിയോഫിലികതയും സ്പഷ്ടമായിരിക്കും.

അഭികര്‍മകങ്ങള്‍ അവയുടെ സവിശേഷ സ്വഭാവമനുസരിച്ച് നൂക്ളിയോഫിലികതയോ ഇലക്ട്രോഫിലികതയോ പ്രദര്‍ശിപ്പിക്കുന്നു. തദനുസൃതമായി അവ പ്രതിപ്രവര്‍ത്തനഗതി നിയന്ത്രിക്കുന്നു. രാസപ്രക്രിയാപഥം വിശദീകരിക്കുന്നതിനും ഉത്പന്നങ്ങള്‍ ഏതെന്നു പ്രവചിക്കുന്നതിനും നിര്‍ദിഷ്ടമായ ഒരു ഉത്പന്നം കിട്ടുന്നതിനു പറ്റിയ അഭികര്‍മകം നിര്‍ദേശിക്കുന്നതിനും മറ്റും അഭികര്‍മകങ്ങളുടെ ഈ വര്‍ഗീകരണം പ്രയോജനപ്പെടുന്നു.

അഭികര്‍മകങ്ങളെ മറ്റുതരത്തിലും വര്‍ഗീകരിക്കാറുണ്ട്. ഉദാഹരണമായി ലാപ്‍വര്‍ത്തും (lapworth) മറ്റും അവയെ 'ആനയോണോയ്ഡുകള്‍' എന്നും 'കാറ്റയോണോയ്ഡുകള്‍' എന്നും തരം തിരിക്കുന്നു. എന്നാല്‍ ഇവയെ യഥാക്രമം നൂക്ളിയോഫൈല്‍, ഇലക്ട്രോഫൈല്‍ എന്നിവയുടെ പര്യായങ്ങളായി കരുതാവുന്നതേയുള്ളു. ലൂയിസിന്റെ (Lewis) ആസിഡ്-ബേസ് നിര്‍വചനത്തെ ആസ്പദമാക്കിയും വര്‍ഗീകരണം സാധ്യമാണ്. ആസിഡ്-ബേസ് എന്നോ, കാറ്റയോണോയ്ഡ്-ആനയോണോയ്ഡ് എന്നോ, ഇലക്ട്രോഫൈല്‍-ന്യൂക്ളിയോഫൈല്‍ എന്നോ പരസ്പരവിരുദ്ധമായ സ്വഭാവത്തെ ആസ്പദമാക്കി അഭികര്‍മകങ്ങളെ രണ്ടു വര്‍ഗങ്ങളായി തിരിക്കാം. ഇവയെല്ലാം തന്നെ സൌകര്യത്തെയും സരളതയെയും ഉദ്ദേശിച്ചുകൊണ്ടുള്ളവയാണ്. ഇക്കാലത്ത് ഏറ്റവും പ്രചാരമുള്ള സമ്പ്രദായം നൂക്ളിയോഫൈല്‍-ഇലക്ട്രോഫൈല്‍ എന്നുള്ള വര്‍ഗീകരണമാണ്. അയോണികേതര-പ്രക്രിയകള്‍ കൂടുതലുള്ള കാര്‍ബണിക രസതന്ത്രത്തിലാണ് ഇതിന്റെ പ്രയോജനം വളരെ വ്യക്തമായി കാണാവുന്നത്. അയോണിക പ്രക്രിയകള്‍ കൂടുതലുള്ള അകാര്‍ബണിക രസതന്ത്രത്തില്‍ ഈ വര്‍ഗീകരണം ഉപയോഗിക്കുന്നുണ്ടെങ്കിലും ഓക്സീകരണം-നിരോക്സീകരണം എന്ന വിഭജനമാണ് കൂടുതലായി പ്രയോജനപ്പെടുത്തുന്നത്.

ചില നൂക്ളിയോഫൈലുകള്‍ : സോഡിയം ലോഹം (Na), സ്റ്റാനസ് അയോണ്‍ (Sn+ +), അമോണിയ (NH3), ഹൈഡ്രോക്സൈഡ് അയോണ്‍ (OH -), സള്‍ഫര്‍ ഡൈഓക്സൈഡ് (SO2), ഫെറൊ സയനൈഡ് അയോണ്‍ [Fe(CN)64-] ചില ഇലക്ട്രോഫൈലുകള്‍: ഓസോണ്‍ (O3), ക്ളോറിന്‍ (Cl2), ഹൈപൊക്ളോറസ് അമ്ളം (HOCl), നൈട്രിക് അമ്ളം (HN3), അലൂമിനിയം ക്ളോറൈഡ് (AlCl3), ഫെറിസയനൈഡ് അയോണ്‍ [Fe(CN)63-].

(ഡോ. കെ.പി. ധര്‍മരാജയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍