This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ദുല്‍ മാലിക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അബ്ദുല്‍ മാലിക്ക് (647 - 705)

Abdul Malik

അറബി മുസ്ലിം സാമ്രാജ്യത്തിന്റെ പുനഃസ്ഥാപകനും അഞ്ചാമത്തെ ഉമയ്യാദു ഖലീഫയും. മര്‍വാന്‍ I-ന്റെയും ആയിഷയുടെയും പുത്രനായി 646-ല്‍ മദീനയില്‍ ജനിച്ചു. 684 ജൂണില്‍ ഡമാസ്കസില്‍വച്ച് മര്‍വാന്‍ I ഖലീഫയായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും 685 ഏ.-ല്‍ അദ്ദേഹം വധിക്കപ്പെട്ടു. 685-ല്‍ ഇദ്ദേഹം ഖലീഫ ആയി.

ആദ്യത്തെ രണ്ടുമൂന്നു വര്‍ഷങ്ങളില്‍ ആഭ്യന്തരവിപ്ളവങ്ങളെയും അതിര്‍ത്തിയിലെ ഈജിപ്ത്, സിറിയ എന്നീ വിദേശരാഷ്ട്രങ്ങളുടെ ആക്രമണത്തെയും നേരിടുന്നതില്‍ അബ്ദുല്‍ മാലിക് വ്യാപൃതനായി. 691-ലാണ് ഇറാക്ക് പൂര്‍ണമായും അബ്ദുല്‍ മാലിക്കിന്റെ അധികാരത്തിന്‍കീഴിലായത്. 692-ല്‍ മക്കയില്‍ ഖലീഫയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന അബു അബ്ദുല്ല ഇബ്നു അല്‍സുബൈറിന്റെ പതനത്തിനുശേഷം, മക്കയും അബ്ദുല്‍ മാലിക്കിന്റെ ആധിപത്യത്തിലായി. ഖിലാഫത്തിന്റെ സുസ്ഥിരതയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്ന ഖവാരിജുകളെ നിര്‍വീര്യമാക്കുന്നതിന് ഇദ്ദേഹത്തിന്റെ വിശ്വസ്ത ഗവര്‍ണറായ ഹജ്ജാജുബ്നു യൂസുഫിന്റെ സേവനം പ്രയോജനപ്പെട്ടു. പേര്‍ഷ്യയിലെ അസാരിഖ വിപ്ളവകാരികളെയും ഇദ്ദേഹം അടിച്ചമര്‍ത്തി. ഹജ്ജാജിന്റെ സുശക്തമായ ഭരണത്തിന്‍കീഴില്‍ കലാപകാരികള്‍ നിശ്ശേഷം തുടച്ചുനീക്കപ്പട്ടു.

ആഭ്യന്തരക്കുഴപ്പങ്ങള്‍ക്കും വിദേശീയരുമായുള്ള യുദ്ധങ്ങള്‍ക്കുമിടയിലും അബ്ദുല്‍ മാലിക്ക് ഭരണപരമായ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള സമയം കണ്ടെത്തി. അധികാരകേന്ദ്രീകരണത്തിലൂടെ ഗോത്രങ്ങളുടെ ശക്തി ഇദ്ദേഹം ഇല്ലാതാക്കി. ഭരണപരമായ നിരവധി പരിഷ്കാരങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. സമ്പദ്‍വ്യവസ്ഥയെ ഭദ്രമാക്കുന്നതിനാവശ്യമായ പുതിയ നികുതി സമ്പ്രദായങ്ങളും നാണയസമ്പ്രദായവും നടപ്പിലാക്കി. ആദ്യത്തെ സ്വര്‍ണദീനാറുകള്‍ ഇദ്ദേഹം പ്രചരിപ്പിച്ചു. ഈ നാണയം അംഗീകരിക്കാതിരുന്ന ബൈസാന്തിയന്‍ ചക്രവര്‍ത്തിയുമായി അബ്ദുല്‍ മാലിക്ക് യുദ്ധത്തിലേര്‍പ്പെട്ട് പ്രാരംഭവിജയങ്ങള്‍ നേടി. ഇദ്ദേഹം ഗ്രീക് പേര്‍ഷ്യന്‍ ഭാഷകളുടെ സ്ഥാനത്ത് അറബിയെ ഔദ്യോഗികഭാഷയാക്കി. അബ്ദുല്‍ മാലിക്കിന്റെ ഭരണത്തിന്റെ അവസാനഘട്ടം സമാധാനപരമായ ഏകീകരണത്തിന്റെയും ഐശ്വര്യപൂര്‍ണമായ വികസനത്തിന്റെയും കാലമായിരുന്നു. ഇദ്ദേഹം ഡമാസ്കസില്‍വച്ച് 705 ഒ.-ല്‍ അന്തരിച്ചു.

(പ്രൊഫ. എം.എ. ഷുക്കൂര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍