This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ദുല്‍ കലാം, എ.പി.ജെ. ഡോ.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അബ്ദുല്‍ കലാം, എ.പി.ജെ. ഡോ.

Abdul Kalam.A.P.J.Dr (1931 )

ഇന്ത്യന്‍ മിസൈല്‍ സാങ്കേതിക വിദ്യയുടെ ഉപജ്ഞാതാവും മുന്‍ രാഷ്ട്രപതിയും. 'മിസൈല്‍മാന്‍' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അബ്ദുല്‍ കലാമിന്റെ പൂര്‍ണനാമധേയം അവുല്‍ പകീര്‍ ജൈനുല്‍ ആബ്ദീന്‍ അബ്ദുല്‍ കലാം എന്നാണ്.

1931 ഒക്ടോബര്‍ 15-ന് രാമേശ്വരത്തെ ഒരു മുക്കുവ മുസ്ലിം കുടുംബത്തിലാണ് കലാം ജനിച്ചത്. അവിടത്തെ സാമിയാര്‍ സ്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1950-ല്‍ തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളജില്‍ നിന്ന് ബിരുദവും തുടര്‍ന്ന് മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ നിന്ന് എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ മാസ്റ്റര്‍ ബിരുദവും നേടി. അതിനു ശേഷം, ബാംഗ്ളൂരിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡില്‍ (എച്ച്.എ.എല്‍.) പരിശീലന വിദ്യാര്‍ഥിയായി പ്രവേശിച്ച (1958) കലാം വിവിധ തരത്തിലുള്ള പിസ്റ്റണുകള്‍, ടര്‍ബൈന്‍ എന്‍ജിനുകള്‍ തുടങ്ങിയവയെക്കുറിച്ച് അതിവിദഗ്ധമായ ശാസ്ത്രീയ പഠനങ്ങളും വിശകലനങ്ങളും നടത്തി. ഇക്കാലത്തുതന്നെ ഇദ്ദേഹം ഒരു ഹോവര്‍ ക്രാഫ്റ്റ് നിര്‍മിക്കുന്നതിന് നേതൃത്വം നല്‍കുകയുണ്ടായി.

എച്ച്.എ.എല്ലില്‍ പരിശീലനകാലം അവസാനിപ്പിച്ച് 1962-ല്‍ കലാം മുംബൈയിലെ ഇന്ത്യന്‍ കമ്മിറ്റി ഫോര്‍ സ്പെയ്സ് റിസര്‍ച്ചില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന്, ആ വര്‍ഷംതന്നെ തുമ്പയിലെ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനിലും ഇദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി. അതിനിടെ നാസയില്‍ ആറുമാസത്തെ പരിശീലനത്തിന് അവസരം ലഭിച്ചു. ഈ കാലയളവില്‍ നാസയ്ക്ക് കീഴിലുള്ള ലാങ്ലി റിസര്‍ച്ച് സെന്ററിലും ഗൊദാര്‍ദ് സ്പെയ്സ് ഫ്ളൈറ്റ് സെന്ററിലുമാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചത്.

ഇന്ത്യയില്‍ മടങ്ങിയെത്തിയ കലാം പില്ക്കാലത്ത് ഇന്ത്യയുടെ വിവിധ ബഹിരാകാശ ഗവേഷണപദ്ധതികള്‍ക്ക് നേതൃത്വം നല്കുകയുണ്ടായി. 1963 നവംബര്‍ 21-നു വിക്ഷേപിച്ച ഇന്ത്യയുടെ പ്രഥമ രോഹിണി റോക്കറ്റ് പരീക്ഷണം ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. 1968-ല്‍ ഇന്ത്യന്‍ റോക്കറ്റ് സൊസൈറ്റി രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ നേതൃനിരയില്‍ കലാമുമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി, 1973-ല്‍ എസ്.എല്‍.വി. പ്രൊജക്ട് ഡയറക്ടറായി ഇദ്ദേഹം ചുമതലയേറ്റു. 1973 ആഗസ്റ്റില്‍ എസ്.എല്‍.വി.യുടെ പ്രഥമ വിക്ഷേപണം പരാജയപ്പെട്ടെങ്കിലും 1980 ജൂലായ് 18-ന് നടത്തിയ രണ്ടാമത്തെ വിക്ഷേപണം കലാമിന്റെ നേതൃത്വത്തില്‍ വിജയം വരിച്ചു. 1981 മധ്യത്തോടെ കലാമിന്റെ സേവനം ഇന്ത്യന്‍ സൈനിക മേഖലയിലായി. പിന്നീട് ഡി.ആര്‍.ഡി.ഒ.യുടെ ഡയറക്ടറായി ചുമതലയേറ്റ കലാം പ്രതിരോധ രംഗത്തെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. മിസൈലുകള്‍ രൂപകല്പന ചെയ്യുന്നതിലും ഇദ്ദേഹം പ്രാഗല്ഭ്യം തെളിയിക്കുകയുണ്ടായി. ഇന്ത്യയുടെ പ്രഥമ 'എയര്‍-ടു-എയര്‍' മിസൈലായ പൃഥ്വിയുടെ വിജയകരമായ വിക്ഷേപണത്തില്‍ ഇദ്ദേഹം വഹിച്ച പങ്ക് ഇതിനുദാഹരണമാണ്. ഡി.ആര്‍.ഡി.ഒ.യുടെ ഡയറക്ടറെന്ന നിലയില്‍ സംയോജിത മിസൈല്‍ വികസന പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുമ്പോഴാണ് അഗ്നി മിസൈല്‍ രൂപകല്പന ചെയ്യപ്പെടുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1989 മേയില്‍ വിക്ഷേപിക്കപ്പെട്ട അഗ്നിയും വിജയമായിരുന്നു. പൃഥ്വി, അഗ്നി, എന്നിവയ്ക്കു പുറമേ ആകാശ്, നാഗ് എന്നീ മിസൈലുകളുടെ വിജയകരമായ പരീക്ഷണം നടത്തിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ത്തന്നെയായിരുന്നു. 1992-99 കാലത്ത് കേന്ദ്രരാജ്യരക്ഷാ മന്ത്രാലയത്തിന്റെ ശാസ്ത്രോപദേഷ്ടാവായും ഇദ്ദേഹം പ്രവര്‍ത്തിച്ചു. ഈ കാലത്ത് രാജസ്ഥാനിലെ പൊഖ്റാനില്‍ നടന്ന ആണവ പരീക്ഷണങ്ങളിലൂടെ ഇന്ത്യയെ ഒരു ആണവശക്തിയാക്കുന്നതിലും ഇദ്ദേഹം പ്രധാന പങ്കുവഹിച്ചു.

മൂന്നരപതിറ്റാണ്ടു നീണ്ടുനിന്ന ഗവേഷണങ്ങള്‍ക്കിടെ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും കലാമിനെ തേടിയെത്തി. 30-ലധികം സര്‍വകലാശാലകളില്‍ നിന്നും ഇദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നയ്ക്കു (1997) പുറമേ പദ്മഭൂഷണും (1981) പദ്മവിഭൂഷണും (1990) ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

2002 ജൂലായ് 25-ന് കലാം ഇന്ത്യയുടെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. 2007 വരെ ഈ പദവിയില്‍ തുടര്‍ന്നു. ഇന്ത്യ-2020: എ വിഷന്‍ ഫോര്‍ ദി ന്യൂ മില്ലേനിയം, വിങ്സ് ഒഫ് ഫയര്‍ (ആത്മകഥ), മൈ ജേര്‍ണി, ഇഗ്നൈറ്റഡ് മൈന്‍ഡ്സ് തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍