This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബോളിഷനിസ്റ്റുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അബോളിഷനിസ്റ്റുകള്‍

Abolitionists


യു.എസ്സില്‍ അടിമത്തനിര്‍മാര്‍ജനത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നവര്‍. 1830 മുതല്‍ 1861 വരെയുള്ള കാലഘട്ടത്തില്‍, നീഗ്രോകളുടെ അടിമത്തം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും അതിനുവേണ്ടിയുള്ള പ്രവര്‍ത്തനം തങ്ങളുടെ ജീവിതലക്ഷ്യമായി ഇവര്‍ കണക്കാക്കുകയും ചെയ്തു.


1830-നു മുന്‍പ് യു.എസ്സിലെ ദക്ഷിണസ്റ്റേറ്റുകളിലും അടിമത്തത്തിനെതിരായുള്ള വികാരം നിലവില്‍ ഉണ്ടായിരുന്നു. അക്കാലത്ത് അടിമകളുടെ ക്രമേണയുള്ള വിമോചനമെന്നത് യു.എസ്സില്‍ പരക്കെ ഉന്നയിക്കപ്പെട്ടിരുന്ന ഒരാവശ്യം ആയിരുന്നു. വില്യം ലോയിഡ് ഗാരിസന്റെ (1805-79) നേതൃത്വത്തില്‍ 1831-ല്‍ ദി ലിബറേറ്റര്‍ എന്ന പത്രം പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതോടെ അടിമത്തവിരുദ്ധരില്‍ തീവ്രവാദികളുടെ ഒരുവിഭാഗം ഉയര്‍ന്നുവന്നു. 'പടിപടിയായുള്ള വിമോചനം' എന്ന് അക്കാലത്ത് പ്രചരിച്ചിരുന്ന ആശയത്തെ ആത്മാര്‍ഥതയില്ലാത്തതും ദ്രോഹബുദ്ധി നിറഞ്ഞതുമായ ഒന്ന് എന്നു പ്രഖ്യാപിച്ചുകൊണ്ട്, ഉടമകള്‍ക്ക് യാതൊരു നഷ്ടപരിഹാരവും നല്കാതെ അടിമകളെ ഉടനടി മോചിപ്പിക്കണമെന്ന് ഗാരിസന്‍ വാദിച്ചു.


നേതാക്കള്‍. പ്രഗല്ഭരും സാഹസികരുമായ ഒരു കൂട്ടം വാഗ്മികളും ആത്മാര്‍ഥതയുള്ള സാമൂഹികപ്രവര്‍ത്തകരും ജനസ്വാധീനതയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളും വിമോചനപ്രസ്ഥാനത്തിനുവേണ്ടി ഒരു കുരിശുയുദ്ധം നടത്താന്‍ തന്നെ തയ്യാറായി. ഇക്കൂട്ടത്തില്‍ പലരും പ്രസിദ്ധി നേടിയിട്ടുണ്ട്. ജനങ്ങളെ ഉദ്ബുദ്ധരും ആവേശഭരിതരും ആക്കുന്നതില്‍ വെന്‍ഡല്‍ ഫിലിപ്സ് തന്റെ വാഗ്മിതയെ പ്രയോജനപ്പെടുത്തി. ജനങ്ങളെ ആവേശംകൊള്ളിക്കുന്നതില്‍ അമേരിക്കന്‍വാഗ്മിയും രാജ്യതന്ത്രജ്ഞനുമായ പാട്രിക്ക് ഹെന്റിക്കുശേഷം (1736-99) അമേരിക്കയില്‍ മറ്റാര്‍ക്കും അതുപോലെകഴിഞ്ഞിട്ടില്ല. ദക്ഷിണ കരോലിനയില്‍നിന്ന് സാറാ ഗ്രിംകെ, ആന്‍ജലീനാ ഗ്രിംകെ എന്നീ സഹോദരിമാര്‍ ഫിലഡല്‍ഫിയയിലെ ക്വേക്കര്‍മാരുടെ 'സുഹൃദ്സംഘ'ത്തില്‍ അംഗങ്ങളാകുകയും അവരുടെ ജീവിതം അടിമത്തനിര്‍മാര്‍ജനത്തിനുവേണ്ടി സമര്‍പ്പിക്കുകയും ചെയ്തു. ചാള്‍സ് ജി. ഫിന്നിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട തിയഡോര്‍ ഡ്വൈറ്റ് വെല്‍ഡ് (1803-95) 'ന്യൂയോര്‍ക്ക് ഗ്രൂപ്പി'ലെ ഒരു പ്രമുഖനേതാവായിരുന്നു. വെല്‍ഡും അനുയായികളും പ്രദര്‍ശിപ്പിച്ച ആവേശം ജനസഹസ്രങ്ങളെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കാന്‍ പര്യാപ്തമായി. അടിമത്തനിരോധന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന 2,000-ത്തോളം സംഘങ്ങള്‍ 1850-ന് മുന്‍പായി നിലവില്‍ വന്നുകഴിഞ്ഞിരുന്നു; അവയിലെല്ലാംകൂടി രണ്ടു ലക്ഷത്തോളം അംഗങ്ങളുണ്ടായിരുന്നു. വെല്‍ഡ് രചിച്ച അമേരിക്കന്‍ അടിമത്തം-അതിന്റെ യഥാതഥരൂപത്തില്‍ എന്ന ഗ്രന്ഥത്തെ വിമോചനപ്രസ്ഥാനത്തിന്റെ 'വേദപുസ്തക'മായി കണക്കാക്കാം. ഫിലഡല്‍ഫിയയിലെ ലുക്രീഷ്യാമോട്ട് പൊതുപ്രവര്‍ത്തനങ്ങളില്‍ വനിതകള്‍ക്കുള്ള വിലക്കുകള്‍ തൂത്തെറിഞ്ഞുകൊണ്ട് വിമോചനത്തിന്റെ ഒരുന്നത വക്താവായിത്തീര്‍ന്നു. ഗെറിറ്റ് സ്മിത്ത് എന്ന കോടീശ്വരന്‍ തന്റെ സമ്പത്തും സമയവും പൂര്‍ണമായും വിമോചനപ്രസ്ഥാനത്തിനുവേണ്ടി ഉഴിഞ്ഞുവച്ചു.


ജോണ്‍ ഗ്രീന്‍ലീഫ് വിറ്റിയര്‍ വിമോചനപ്രസ്ഥാനത്തിന്റെ ഒരു ഗായക കവിയായിരുന്നു. കവിതകളും ലേഖനങ്ങളും വഴി ഇദ്ദേഹം പ്രസ്ഥാനത്തെ മുപ്പതു വര്‍ഷക്കാലം സേവിച്ചു. ഫ്രെഡറിക്ക് ഡഗ്ളസ്, ഹാരിയറ്റ് ടബ്മാന്‍ എന്നിവര്‍ ഒളിച്ചോടിയ അടിമകളായിരുന്നു. ഇവരെ കൂടാതെ അജ്ഞാതരായ അനവധി പ്രവര്‍ത്തകര്‍ അവരവരുടെ പ്രദേശങ്ങളില്‍ വിമോചനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ ജാഗരൂകരായിരുന്നു. 'അണ്ടര്‍ ഗ്രൌണ്ട് റെയില്‍ റോഡ്' എന്നറിയപ്പെട്ടിരുന്ന രഹസ്യമാര്‍ഗങ്ങളിലൂടെ കാനഡയില്‍ അഭയം തേടി, സ്വതന്ത്രരാകുന്നതിന് അടിമകളെ സഹായിക്കാന്‍ ചില നിഗൂഢസംഘങ്ങള്‍ നിരന്തരം പ്രവര്‍ത്തിച്ചു. ഹാരിയറ്റ് എലിസബത്ത് ബീച്ചര്‍ സ്റ്റോവ് 1852-ല്‍ രചിച്ച അങ്കിള്‍ റ്റോംസ് കാബിനില്‍ (Uncle Tom's Cabin) അടിമകളുടെ, ജീവിതവ്യഥയുടെ കഥകളാണ് ചിത്രീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അതിന് ജനലക്ഷങ്ങളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലാനും അവരെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കാനും കഴിഞ്ഞു. ജോണ്‍ ബ്രൌണ്‍ സാഹസികനായ ഒരു വിമോചനഭടനായിരുന്നു. അദ്ദേഹം ഹാര്‍പ്പേര്‍സ് ഫെറിയിലെ ആയുധപ്പുര ആക്രമിച്ച് (1859) വെടിക്കോപ്പുകളും യുദ്ധോപകരണങ്ങളും അടിമകള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ശ്രമിച്ചു. പക്ഷേ, അദ്ദേഹം അറസ്റ്റു ചെയ്യപ്പെടുകയും വിചാരണയ്ക്കു ശേഷം വധിക്കപ്പെടുകയുമാണുണ്ടായത്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ജനങ്ങളുടെ മനഃസാക്ഷിയെ തട്ടിയുണര്‍ത്തി.


പ്രവര്‍ത്തനങ്ങള്‍. സംഘടന കെട്ടിപ്പടുക്കുന്നതില്‍ വിമോചനപ്രസ്ഥാനക്കാര്‍ അതീവ ശ്രദ്ധാലുക്കളായിരുന്നു. 1831-ല്‍ ആദ്യത്തെ പ്രാദേശികസംഘടന രൂപംകൊണ്ടു. 1832-ല്‍ ന്യൂഇംഗ്ളണ്ട് അടിമത്തനിരോധനസംഘം രൂപവത്കൃതമായി. 1833-ലെ ഫിലഡല്‍ഫിയ കണ്‍വെന്‍ഷനില്‍ വച്ച് അമേരിക്കന്‍ അടിമത്തനിരോധനസംഘം നിലവില്‍വന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നതിനെപ്പറ്റി സംഘടനയില്‍ 1840-ല്‍ ഭിന്നിപ്പുണ്ടായി. ഗാരിസനും കുറെ തീവ്രവാദികളും രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് എതിര്‍ത്തു. അടിമത്തത്തെ അംഗീകരിക്കുന്ന യു.എസ്. ഭരണഘടന 'മരണവുമായുള്ള ഒരു ഉടമ്പടിയും നരകവുമായുള്ള ഒരു കരാറും ആണെന്നായിരുന്നു' ഗാരിസന്റെ അഭിപ്രായം. അത്തരത്തിലുള്ള ഒരു രാഷ്ട്രത്തിലെ ഗവണ്‍മെന്റിന്റെ കീഴില്‍ വോട്ടുരേഖപ്പെടുത്തുന്നതുപോലും തെറ്റാണെന്നായിരുന്നു വിമോചനപ്രസ്ഥാനക്കാരനും മതപ്രസംഗകനുമായിരുന്ന തിയഡോര്‍ പാര്‍ക്കര്‍ (1810-60) വിശ്വസിച്ചിരുന്നത്. പക്ഷേ, പ്രശസ്തരായ പല നേതാക്കളും ഈ അഭിപ്രായക്കാരായിരുന്നിട്ടും പ്രസ്ഥാനത്തിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായം നേരെമറിച്ചായിരുന്നു. ഏകോപിച്ച രാഷ്ട്രീയപ്രവര്‍ത്തനംകൊണ്ടു മാത്രമേ തങ്ങളുടെ ലക്ഷ്യം നിറവേറുകയുള്ളു എന്ന് അവര്‍ വിശ്വസിച്ചു. 1840-ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി അവര്‍ ലിബര്‍ട്ടി പാര്‍ട്ടി രൂപവത്കരിച്ചു. പാര്‍ട്ടി സ്ഥാനാര്‍ഥിയായി ജയിംസ് ജി. ബര്‍ണി 1840-ലും 1844-ലും പ്രസിഡന്റുസ്ഥാനത്തേക്കു മത്സരിച്ചു. അമേരിക്കന്‍ ഐക്യനാടുകളിലെ ആഭ്യന്തരയുദ്ധത്തിന് അടിമത്തവിരുദ്ധരും അല്ലാത്തവരും തമ്മിലുള്ള ഒരു യുദ്ധത്തിന്റെ പരിവേഷം ചാര്‍ത്തിയത് അബോളിഷനിസ്റ്റുകളുടെ പ്രവര്‍ത്തനമായിരുന്നു.


അബോളിഷനിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ ആവേശപൂര്‍വം നടന്നുകൊണ്ടിരിക്കെതന്നെ അവരോടുള്ള എതിര്‍പ്പും വര്‍ധിക്കുകയായിരുന്നു. അവരുടെ പ്രവര്‍ത്തനം നിയന്ത്രിച്ചില്ലെങ്കില്‍ യു.എസ്സിന്റെ നിലനില്പുതന്നെ അപകടത്തിലാകുമെന്ന് ജനങ്ങളില്‍ ഗണ്യമായ ഒരു വിഭാഗം വിശ്വസിച്ചു. സംഘടിതമായ രീതിയില്‍ അവര്‍ വിമോചനപ്രസ്ഥാനക്കാരെ എതിര്‍ത്തുതുടങ്ങി. അവരെ വധിക്കാന്‍പോലും തയ്യാറായി. അക്രമാസക്തമായ ഒരു ജനക്കൂട്ടം ഗാരിസനെ ബോസ്റ്റണ്‍ തെരുവുകളില്‍കൂടി വലിച്ചിഴച്ചു. വിമോചനപ്രസ്ഥാനക്കാരനായ എലിജലൌജോയി എന്ന പത്രാധിപരെ 1837-ല്‍ കുപിതരായ ഒരു സംഘം ആളുകള്‍ വെടിവച്ചുകൊന്നു. എന്നാല്‍ എതിര്‍പ്പുകളെ അഗവണിച്ചുകൊണ്ട് അബോളിഷനിസ്റ്റുകള്‍ ധീരമായി അവരുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോയി. പത്രങ്ങളും ലഘുലേഖകളും പ്രസംഗങ്ങളുംവഴി ജനതയുടെ മനഃസാക്ഷിയെ തട്ടിയുണര്‍ത്താന്‍ അവര്‍ അശ്രാന്തം പരിശ്രമിച്ചുകൊണ്ടിരുന്നു. കൂടാതെ, അടിമകളുടെ വിമോചനം ആവശ്യപ്പെട്ടുകൊണ്ട് അവര്‍ തുടര്‍ച്ചയായി കോണ്‍ഗ്രസിന് ഹര്‍ജികള്‍ സമര്‍പ്പിക്കുകയും ചെയ്തു. നോ: അടിമത്തനിരോധനപ്രസ്ഥാനം


(ഡോ. എ.കെ. ബേബി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍