This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബൂ സെയ്ദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:12, 27 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അബൂ സെയ്ദ്

Abu Said


പത്താം ശ.-ത്തിലെ കേരളത്തെപ്പറ്റി രേഖകളെഴുതിയ പേര്‍ഷ്യന്‍ സഞ്ചാരി. പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന സിറാഫ് നഗരത്തില്‍ യസീദിന്റെ മകനായി അബൂ സെയ്ദ് ഹസന്‍ ജനിച്ചു. സിറാഫിലെ ഗവര്‍ണര്‍, അബൂസെയ്ദിന്റെ അടുത്ത ബന്ധുവായിരുന്നു. ലോകസഞ്ചാരികളായ അല്‍മസ് ഊദിയും ഇബ്‍നുവഹാബും 916-ല്‍ സിറാഫില്‍വച്ച് അബൂ സെയ്ദിനെ കണ്ട് സംഭാഷണം നടത്തുകയും അബൂ സെയ്ദിന്റെ പാണ്ഡിത്യത്തെയും കുശാഗ്രബുദ്ധിയെയുംപറ്റി പുകഴ്ത്തിപ്പറയുകയും ചെയ്തിട്ടുണ്ട്.


ഇന്ത്യയിലോ ചൈനയിലോ അബൂ സെയ്ദ് വന്നിട്ടില്ലെങ്കിലും ഈ രാജ്യങ്ങളെക്കുറിച്ച് ഇദ്ദേഹത്തിന് നല്ലപോലെ അറിയാമായിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ കൃതികള്‍ തെളിയിക്കുന്നു. ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നും സിറാഫ് തുറമുഖത്തിനടുത്ത ഫാര്‍സിസ്താനിലേക്ക് ധാരാളം കച്ചവടക്കാര്‍ വന്നിരുന്നു. ഇവരുമായി അടുത്തിടപഴകാന്‍ അബൂവിന് അവസരം ലഭിച്ചിരുന്നതിനാല്‍ ഇന്ത്യയെയും ചൈനയെയും കുറിച്ച് കൂടുതല്‍ വിവരങ്ങളറിയാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ഇന്ത്യയെയും ചൈനയെയും കുറിച്ച് ഇദ്ദേഹം ഒരു ഗ്രന്ഥമെഴുതിയിട്ടുള്ളതിനുപുറമേ 851-ല്‍ സുലൈമാന്‍ എഴുതിയ യാത്രാവിവരണഗ്രന്ഥം (കേരളത്തെ പരാമര്‍ശിച്ച് ഒരു മുസ്ളീംസഞ്ചാരിയെഴുതിയ ആദ്യത്തെ യാത്രാവിവരണഗ്രന്ഥമാണിത്.) പരിഷ്കരിച്ച് പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 916-ല്‍ അബൂ സെയ്ദ് പ്രസിദ്ധീകരിച്ച സില്‍സ് ലത്തൂല്‍ തവാരീഖ് എന്ന ഗ്രന്ഥത്തിന്റെ ആദ്യത്തെ 59 പുറം അതാണ്; തുടര്‍ന്നുള്ളത് അബൂ സെയ്ദ് സ്വയം എഴുതിയതും. ഈ പ്രകാശനമില്ലായിരുന്നെങ്കില്‍ സുലൈമാന്റെ വിവരണം ഇന്ന് ലഭ്യമാകുമായിരുന്നില്ല.


അബൂസെയ്ദിന്റെ ഗ്രന്ഥത്തില്‍ കേരളത്തിലെ സാമൂഹികനിലയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. കേരളത്തിന്റെ സാന്‍മാര്‍ഗിക നിലവാരം വളരെ ഉയര്‍ന്നതാണെന്നും മദ്യപാനമോ വ്യഭിചാരമോ ഇല്ലാത്ത നാടാണതെന്നും പറഞ്ഞിരിക്കുന്നു. കേരളത്തിലെ ചാവേര്‍പടയെക്കുറിച്ചും ഇദ്ദേഹം പ്രസ്താവിക്കുന്നുണ്ട്. കിരീടധാരണവേളയില്‍ രാജാവിന് പാചകം ചെയ്ത ചോറില്‍നിന്ന് രാജഭക്തന്മാരായ ചിലര്‍ ഓരോ ഉരുള സ്വയം എടുത്തു ഭക്ഷിക്കുമെന്നും അവരെല്ലാം രാജാവ് മരിക്കുമ്പോള്‍ കൂടെ ചിതയില്‍ ചാടി ആത്മഹൂതി ചെയ്യുമെന്നും അബൂ സെയ്ദ് എഴുതിയിട്ടുണ്ട്.


(വേലായുധന്‍ പണിക്കശ്ശേരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍