This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബുല്‍ ഹസന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:44, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അബുല്‍ ഹസന്‍ (ഭ. കാ. 1672 - 87)

1. ഗോല്‍ക്കൊണ്ടയിലെ കുത്ത്ബ്ഷാഹി വംശത്തിലെ അവസാനത്തെ സുല്‍ത്താന്‍. ഹിന്ദുക്കളോടു സഹിഷ്ണുത പുലര്‍ത്തുവാനും അവരെ ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ നിയമിക്കുവാനും തയ്യാറായ സുല്‍ത്താന്മാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. അക്കണ്ണ, മദണ്ണ തുടങ്ങിയ ഇദ്ദേഹത്തിന്റെ മന്ത്രിപ്രമുഖരായിരുന്നു ഡെക്കാണില്‍ മുഗള്‍ ആക്രമണത്തെ ചെറുത്തുനിര്‍ത്തിയത്. 1677-ല്‍ ശിവജി ഗോല്‍ക്കൊണ്ട സന്ദര്‍ശിക്കുകയും സുല്‍ത്താനുമായി സൌഹാര്‍ദം സ്ഥാപിക്കുകയും ചെയ്തു. ഈ ബന്ധം അറംഗസീബിനെ ചൊടിപ്പിച്ചു.

1685-ല്‍ അറംഗസീബ് ബിജാപ്പൂര്‍ ആക്രമിച്ചപ്പോള്‍, അബുല്‍ ഹസന്‍ സൈന്യത്തെ അയച്ചുകൊടുത്ത് ബിജാപ്പൂര്‍ സുല്‍ത്താനെ സഹായിച്ചു. ബിജാപ്പൂര്‍ കീഴടക്കിയ ചക്രവര്‍ത്തി 1687-ല്‍ ഗോല്‍ക്കൊണ്ട കൂടി ആക്രമിക്കാന്‍ ഉത്തരവുകൊടുത്തു. അബുല്‍ഹസന്റെ സൈന്യം ധീരമായി ചെറുത്തുനിന്നതിനാല്‍ ഗോല്‍ക്കൊണ്ടക്കോട്ട പിടിച്ചെടുക്കാന്‍ അറംഗസീബിനു കഴിഞ്ഞില്ല. ആ സമയം അറംഗസീബ് അബുല്‍ ഹസന്റെ സൈന്യനേതാവായ അബ്ദുല്ല പാനിയെ കോഴകൊടുത്ത് തന്റെ വശത്താക്കി. ഇതിനെതുടര്‍ന്ന് കുത്ത്ബ്ഷാഹി സൈന്യം തോറ്റോടി. അബുല്‍ഹസന്‍ തടവുകാരനായി ദൌലത്താബാദില്‍ പാര്‍പ്പിക്കപ്പെട്ടു. അവിടെവച്ച് ഇദ്ദേഹം അന്തരിച്ചു.

2. ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ കാലത്ത് പ്രശസ്തിയാര്‍ജിച്ചിരുന്ന മുഗള്‍ചിത്രകാരന്‍. എന്നാല്‍ അക്ബറുടെ പ്രധാനമന്ത്രിയായിരുന്ന അബുല്‍ ഫസ്ല്‍ തന്റെ ഗ്രന്ഥത്തില്‍ അബുല്‍ഹസനെപ്പറ്റി ഒന്നുംതന്നെ പരാമര്‍ശിച്ചിട്ടില്ല. ഇതില്‍നിന്നും, ഇദ്ദേഹം ജഹാംഗീറിന്റെ കാലത്താണ് പ്രശസ്തനായത് എന്നു വിചാരിക്കാം. പ്രസിദ്ധ പേര്‍ഷ്യന്‍ ചിത്രകാരനായ അക്വറസാണ് ഇദ്ദേഹത്തിന്റെ പിതാവ്. അക്കാലത്തെ ചിത്രകാരന്മാരില്‍ ഏറ്റവും പ്രഗല്ഭന്‍ അബുല്‍ ഹസനായിരുന്നു. ഇദ്ദേഹത്തിന് നാദിര്‍-ഉസ്-സമന്‍ എന്ന ബഹുമതി ഉണ്ടായിരുന്നു. ജഹാംഗീറിന്റെ ആത്മകഥയില്‍ അബുല്‍ ഹസനെ 'സമനോ എതിരാളിയോ ഇല്ലാത്ത കലാകാരന്‍' എന്ന് പ്രശംസിച്ചിട്ടുണ്ട്. ജഹാംഗീര്‍നാമായുടെ മുഖചിത്രമായി ജഹാംഗീറിന്റെ സിംഹാസനാരോഹണരംഗം ചിത്രീകരിച്ചിട്ടുള്ളത് ഇദ്ദേഹമാണ്. അബുല്‍ ഹസന്‍ രചിച്ച 'കാളയെ പൂട്ടിയ രഥം' എന്ന ചിത്രം ഉത്കൃഷ്ടമാണ്. വിഷയം തികച്ചും ഭാരതീയമെങ്കിലും പേര്‍ഷ്യന്‍ ചിത്രരചനാസമ്പ്രദായമാണ് സ്വീകരിച്ചു കാണുന്നത്.

3. ജര്‍മന്‍ ഭാഷയിലെ ഹാസ്യരസപ്രധാനമായ ഒരു ഏകാങ്ക സംഗീതനാടകം. ഇതിന്റെ സംഭാഷണം ഫ്രാന്‍സ് കാള്‍ ഹെയ്മറുടേതും സംഗീതം വേബര്‍കാള്‍ മറിയ ഫ്രെഡറിക് ഏണസ്റ്റിന്റേതും ആണ്. അറബിക്കഥകളിലൊന്നിനെ ആധാരമാക്കിയാണ് അബുല്‍ ഹസന്‍ രചിക്കപ്പെട്ടിട്ടുള്ളത്. 1811 ജൂണ്‍ 4-ന് മ്യൂണിക്കില്‍ ഇത് ആദ്യമായി വേബര്‍ അവതരിപ്പിച്ചു. 1835-ല്‍ ഇംഗ്ളിഷിലും 1870-ല്‍ ഇറ്റാലിയനിലും ഈ നാടകം വിജയപ്രദമായി അവതരിപ്പിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍