This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്ഫന്റെ മകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അപ്ഫന്റെ മകള്‍

മുത്തിരിങ്ങോട്ടു ഭവത്രാതന്‍ നമ്പൂതിരിപ്പാട് (1901-43) രചിച്ച സാമൂഹികനോവല്‍ (1931). ഈ കൃതി, ചന്തുമേനോന്റെ ഇന്ദുലേഖയ്ക്കും ശാരദയ്ക്കും ശേഷം മലയാളത്തിലെ സാമൂഹികനോവല്‍ പ്രസ്ഥാനത്തിന് ലഭിച്ച മുഖ്യ സംഭാവനയാണ്. കാല്പനികത്വത്തിന്റെ അതിപ്രസരം ഇതില്‍ ഉടനീളം കാണാമെങ്കിലും ജീവിതത്തിന്റെ യഥാര്‍ഥമായ ചിത്രീകരണമാണ് ഇതിനെ ശ്രദ്ധാര്‍ഹമാക്കുന്നത്. 'സമീപ ഭാവിയില്‍ പ്രായോഗികമാകാന്‍ പോകുന്ന മിശ്രവിവാഹമെന്ന ആദര്‍ശം 'അപ്ഫന്റെ മകളു'ടെ സാത്വികാനുരാഗത്തിലും പക്ഷേ, ഇന്നു സ്വജാതീയ വിവാഹം മാത്രമേ കാര്യക്ഷമമായിട്ടുള്ളു എന്ന പ്രായോഗികമൂലതത്ത്വം മധുവിന്റെ (കഥാ നായകന്റെ) ഇട്ടിച്ചിരി സ്വീകരണത്തിലും അടങ്ങിയിട്ടുള്ളതിനാല്‍ നമ്പൂതിരിമാരുടെ വൈവാഹിക പരിവര്‍ത്തനത്തിന്റെ തത്ത്വവും പ്രയോഗവും ഇതില്‍ അടങ്ങിയിട്ടുണ്ടെന്നു പറയാം' എന്ന് അവതാരികകാരനായ ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് പ്രസ്താവിച്ചിരിക്കുന്നു. ഒരു നോവലിന് വേണ്ട പശ്ചാത്തല വിസ്തൃതിയില്ലെന്നൊരു കുറവു വിമര്‍ശകന്‍മാര്‍ക്കു പറയാമെന്നിരുന്നാലും സര്‍വാംഗീണമായ മനോഹാരിതയും ലക്ഷണ സംയോഗവും തികഞ്ഞ ഒരു ഉത്കൃഷ്ടകൃതിയാണിത്. ചിന്തോദ്ദീപകമായ രീതിയിലാണ് നമ്പൂതിരിമാരുടെ സാമൂഹികസ്ഥിതി ഇതില്‍ പ്രതിഫലിപ്പിച്ചിട്ടുള്ളത്. ഉത്കൃഷ്ടമായ പാത്രസൃഷ്ടിയും വിദഗ്ധമായ കഥാഘടനയും കാവ്യഭംഗി കളിയാടുന്ന ഗദ്യശൈലിയും ഇതിനു കാലാതിവര്‍ത്തിയായ ആസ്വാദ്യത പ്രദാനം ചെയ്യുന്നു. ആഖ്യാനശൈലിയുടെ സവിശേഷതയ്ക്ക് ഉദാഹരണമായി, ഒന്നാം അധ്യായത്തില്‍ ഉണ്ണിക്കിടാങ്ങള്‍ ഇലകളും ഇല്ലിക്കോലുകളുംകൊണ്ടു നടത്തുന്ന ഇല്ലംപണിവര്‍ണനയുടെ അവസാനഭാഗം താഴെ ഉദ്ധരിക്കുന്നു:

'മധ്യാഹ്നവിശ്രമം കഴിഞ്ഞ് ഇറങ്ങി ലാത്തുവാന്‍ പുറപ്പെട്ട കുളിര്‍മാരുതന്‍, വേല ചെയ്തു വേര്‍പ്പണിഞ്ഞ് തളര്‍ന്ന ആ പൂവല്‍മേനികളെ പുണര്‍ന്നു; അവരുടെ നെറ്റിമേല്‍ ചുംബിച്ചു; അവരുടെ കൈശികങ്ങളില്‍ കൈവിരല്‍കൊണ്ടു തെരുപ്പിടിച്ചു. സന്നിഹിതങ്ങളായ തീരവൃക്ഷങ്ങള്‍, പണികഴിഞ്ഞ ആ മണിമണ്ഡപത്തില്‍ വിരിക്കുവാന്‍ നിഴലുകളാകുന്ന നീലക്കംബളങ്ങള്‍ നീട്ടിക്കൊടുക്കുകയായി. പാലപ്പുള്ളിപ്പുഴയിലെ ഓളങ്ങളാകുന്ന ഓമനക്കിടാങ്ങള്‍ ആ കുമാരന്‍മാരുടെ കൂട്ടത്തില്‍ കൂടുവാനെന്നപോലെ നുരകളാല്‍ പൊട്ടിച്ചിരിച്ചുകൊണ്ട് കരയിലേക്ക് പാഞ്ഞുകയറുവാന്‍ ശ്രമിച്ചുനോക്കുന്നു. പരിണതവയസ്സായ പകലവന്‍ ഈ കൌമാരവിലാസങ്ങള്‍ കണ്ടുംകൊണ്ട് പശ്ചിമാകാശത്തില്‍ കൌതുകസ്തബ്ധനായി നിന്നുവോ എന്നു തോന്നും.'

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍