This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പോസ്തല പ്രവൃത്തികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:56, 26 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.64.48 (സംവാദം)

അപ്പോസ്തല പ്രവൃത്തികള്‍

Acts of the Apostles


ബൈബിള്‍ പുതിയനിയമഗ്രന്ഥങ്ങളില്‍ അഞ്ചാമത്തെ പുസ്തകം. ക്രിസ്തുശിഷ്യന്‍മാരായ അപ്പോസ്തലന്‍മാരുടെ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഉള്ളടക്കം. തന്മൂലം ഇതു ക്രിസ്തുമതത്തിന്റെ ആരംഭചരിത്രവുമാണ്. പൌലോസിന്റെ സന്തതസഹചാരിയായിരുന്ന ലൂക്കോസ് ആണ് ഈ പുസ്തകത്തിന്റെ കര്‍ത്താവ് എന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വിഭിന്നാഭിപ്രായമുണ്ടെങ്കിലും ആദ്യ നൂറ്റാണ്ടുകളിലെ ക്രൈസ്തവഗ്രന്ഥകര്‍ത്താക്കളായ ഇരണേവൂസ്, അലക്സാഡ്രിയായിലെ ക്ളെമെന്റ്, ഒറിജന്‍, തെര്‍ത്തുല്യന്‍ എന്നിവര്‍ ഇതിന്റെ കര്‍തൃത്വം ലൂക്കോസിനാണെന്നപക്ഷക്കാരാണ്. ലൂക്കോസിന്റെ സുവിശേഷം, അപ്പോസ്തലപ്രവൃത്തികള്‍ എന്നിവയുടെ കര്‍ത്താവ് ഒരാള്‍തന്നെയാണെന്നതും അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ഈ രണ്ടു ഗ്രന്ഥങ്ങളും തിയോഫിലസ് എന്ന വ്യക്തിക്കു സമര്‍പ്പിതങ്ങളാകയാല്‍ സുവിശേഷത്തിന്റെ രണ്ടാം വാല്യമായി അപ്പോസ്തലപ്രവൃത്തികള്‍ പരിഗണിക്കാമെന്നും ചിലര്‍ കരുതുന്നു. ആദ്യത്തേതില്‍ ക്രിസ്തുവിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും, രണ്ടാമത്തെ ഗ്രന്ഥത്തില്‍ ക്രിസ്തുശിഷ്യന്‍മാരുടെ ജീവിതവും പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു എന്ന വസ്തുത ഈ അഭിപ്രായത്തിന് പ്രാബല്യം നല്കുന്നു.

'അപ്പോസ്തല നടപടി'കള്‍ എന്നും അറിയപ്പെടുന്ന ഈ ഗ്രന്ഥത്തിന്റെ രചനാകാലം, പൌലോസ് രക്തസാക്ഷിത്വം വരിച്ച എ.ഡി. 67-ന് മുമ്പായിരിക്കണം. കാരണം, പൌലോസിന്റെ മാനസാന്തരം, പ്രേക്ഷിതപ്രവര്‍ത്തനങ്ങള്‍, ജയില്‍വാസം എന്നിവ ഉള്‍ക്കൊള്ളുന്ന ഈ ഗ്രന്ഥം ഇദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചു മൌനം ദീക്ഷിക്കുന്നു. ലൂക്കോസിന്, പൌലോസ്, മാര്‍ക്കോസ്, ഫീലിപ്പോസ് എന്നിവരുമായുണ്ടായിരുന്ന അടുത്ത സമ്പര്‍ക്കവും ഈ ഗ്രന്ഥ നിര്‍മിതിയില്‍ സഹായകങ്ങളായ ഘടകങ്ങളായിരുന്നു. പൌലോസിന്റെ മാനസാന്തരം, ആദ്യമിഷന്‍യാത്രകള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പൌലോസുമായുള്ള ഉറ്റ സമ്പര്‍ക്കം കൊണ്ടുമാത്രമേ ലഭിക്കുമായിരുന്നുള്ളു. അതുപോലെ പത്രോസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ സഹചാരിയായ മാര്‍ക്കോസില്‍ നിന്നും അറിയാന്‍ കഴിഞ്ഞിരിക്കണം.

ഉള്ളടക്കം. ക്രിസ്തുമതത്തിലേക്ക് യഹൂദരും പുറംജാതികളും എങ്ങനെ ആനീതരായി, അവര്‍ എങ്ങനെ യോജിച്ചു കഴിഞ്ഞുകൂടി എന്നെല്ലാമുള്ള വസ്തുതകളാണ് ഇതിലെ പ്രതിപാദ്യം. ജറുസലേമിലെ ക്രിസ്തുമതത്തിന്റെ ആരംഭവും വികാസവുമാണ് ഒന്നും രണ്ടും അധ്യായങ്ങളുടെ ഉള്ളടക്കം. ക്രൈസ്തവമതപ്രചാരണത്തിന് യഹൂദര്‍ ഉണ്ടാക്കിയ തടസ്സങ്ങള്‍ മൂന്നു മുതല്‍ അഞ്ചുവരെ അധ്യായങ്ങളില്‍ വിവരിച്ചിരിക്കുന്നു. തുടര്‍ന്ന് സ്തേപ്പാനോസിന്റെ മരണം വരെയുള്ള കാര്യങ്ങള്‍ ആറും ഏഴും അധ്യായങ്ങളില്‍ അടങ്ങിയിരിക്കുന്നു. മതപീഡനം എങ്ങനെ മറ്റു സ്ഥലങ്ങളിലേക്കു വ്യാപിച്ചുവെന്ന് എട്ടാം അധ്യായത്തില്‍ വിശദീകരിക്കുന്നു. ക്രിസ്ത്യാനികളെ പീഡിപ്പിച്ചവരില്‍ പ്രധാനിയായ പൌലോസിന്റെ മാനസാന്തരമാണ് പത്താം അധ്യായത്തിന്റെ മുഖ്യമായ ഉള്ളടക്കം. പൌലോസിന്റെ പ്രവര്‍ത്തനം, വിജാതീയരുടെ സഭാപ്രവേശനം, അതുകൊണ്ടുണ്ടായ പ്രശ്നങ്ങള്‍ എന്നിവ പത്തും പതിനൊന്നും അധ്യായത്തില്‍ മതപീഡനംമൂലം പത്രോസ് യെറുശലേം വിട്ടുപോകുന്നതിനെപറ്റി പ്രതിപാദിക്കുന്നു.

പൌലോസിന്റെ സുവിശേഷപ്രവര്‍ത്തനങ്ങളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ നല്കുന്നവയാണ് പതിമൂന്നും പതിനാലും അധ്യായങ്ങള്‍. പതിനഞ്ചാം അധ്യായത്തില്‍ യഹൂദക്രിസ്ത്യാനികളും വിജാതീയ ക്രിസ്ത്യാനികളും തമ്മിലുള്ള ബന്ധത്തിന് തട്ടിയ ഉലച്ചിലും അതു നീക്കാനുള്ള ശ്രമങ്ങളും തീരുമാനങ്ങളുമാണ് അടങ്ങിയിരിക്കുന്നത്.

തുടര്‍ന്നുള്ള പതിമൂന്നധ്യായങ്ങളില്‍ (16-28) പൌലോസിന്റെ സുവിശേഷ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കൂടുതല്‍ വിവരങ്ങളുണ്ട്. ഇരുപത്തൊന്നാം അധ്യായത്തില്‍ ജറുസലമില്‍വച്ച് പൌലോസ് തടവുകാരനായിത്തീരുന്ന കാര്യം വിവരിക്കുന്നു. കൈസര്യയിലും റോമിലും രണ്ടുവര്‍ഷം വീതം തടവില്‍ കഴിയുന്ന പൌലോസ് ഭരണാധികാരികളുടെ മുന്‍പിലും മറ്റവസരങ്ങളിലും ചെയ്യുന്ന പ്രസംഗങ്ങളാണ് തുടര്‍ന്നുള്ള അധ്യായങ്ങളിലെ പ്രതിപാദ്യം. പൌലോസിന്റെ ലേഖനങ്ങള്‍ യഥായോഗ്യം മനസ്സിലാക്കുന്നതിന് അപ്പോസ്തല പ്രവൃത്തികളെക്കുറിച്ചുള്ള ധാരണ അനിവാര്യമാകുന്നു.

(ഡോ. തോമസ് കയ്യാലപ്പറമ്പില്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍