This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പെര്‍, നിക്കോളാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അപ്പെര്‍, നിക്കോളാ (1752 - 1841)

Appert,Nicolas


ഭക്ഷ്യസംരക്ഷണകലയുടെ ഉപജ്ഞാതാവും പാചകവിദഗ്ധനും. 1752 ഒ. 23-ന് ഫ്രാന്‍സിലെ ഷലോങ്-സുര്‍-മാണില്‍ ജനിച്ചു. തന്റെ പിതാവിന്റെ ഹോട്ടലില്‍ ഒരു പാചകക്കാരനായാണ് അപ്പെര്‍ ജീവിതം ആരംഭിച്ചത്. താമസിയാതെ ഫ്രാന്‍സിലെ പ്രമുഖ മധുരപലഹാരവ്യാപാരി, വാറ്റുകാരന്‍ എന്നീ നിലകളില്‍ ഇദ്ദേഹം പ്രശസ്തനായി. ഫ്രാന്‍സ്വാ അപ്പെര്‍ എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. മാംസവും പച്ചക്കറികളും വളരെക്കാലത്തേയ്ക്കു സംരക്ഷിച്ചുവയ്ക്കുന്ന കലയെപ്പറ്റി 1810-ല്‍ ഇദ്ദേഹം ഒരു ഗ്രന്ഥം (ആര്‍ട്ട് ദി കണ്‍സേവര്‍ ലെ സബ്സ്റ്റാന്‍സസ് ആനിമാല്‍ എ വെജറ്റാല്‍ - Art de coserver les substances animales et vegetales) പ്രസിദ്ധം ചെയ്യുകയുണ്ടായി. വായുരോധകഭാജനങ്ങളില്‍വച്ചു പാകംചെയ്ത ഭക്ഷണം സൂക്ഷിക്കുന്നതിനെക്കുറിച്ച് ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുള്ള തത്ത്വങ്ങള്‍ ആധുനിക ഭക്ഷ്യസംരക്ഷണ വ്യവസായത്തില്‍ അല്പം ചില പരിഷ്കാരങ്ങളോടെ സ്വീകരിച്ചിട്ടുണ്ട്. ബാക്ടീരിയോളജിയെപ്പറ്റി യാതൊരറിവുമില്ലാതിരുന്ന കാലത്ത് - രസതന്ത്രം വെറും ശൈശവാവസ്ഥയിലായിരുന്നപ്പോള്‍ - സ്വപരിശ്രമവും പഠനവും കൊണ്ടാണ് അപ്പെര്‍ തന്റെ പരീക്ഷണങ്ങള്‍ നടത്തിയത്.

സ്കര്‍വി (scurvy) പിടിപെട്ട് ധാരാളം നാവികര്‍ മരിക്കുകയും പോഷകാഹാരക്കുറവ് ജനതയെ രൂക്ഷമായി ബാധിക്കുകയും ചെയ്തപ്പോള്‍ അതു തടയാനായി 1795-ല്‍ ഫ്രാന്‍സിലെ ഡയറക്ടറേറ്റ് ഒരു ഭക്ഷ്യസംരക്ഷണമാധ്യമം കണ്ടുപിടിക്കുന്നവര്‍ക്ക് സമ്മാനം നിശ്ചയിച്ചു. അപ്പെര്‍ മാസ്സിയിലുള്ള തന്റെ പരീക്ഷണശാലയില്‍ സ്വന്തമായി നിര്‍മിച്ച ഉപകരണങ്ങള്‍ ഉപയോഗിച്ച് ഏകദേശം 70-ല്‍ പരം ഭക്ഷ്യവസ്തുക്കളുടെ സംരക്ഷണം സാധിക്കുകയും, നെപ്പോളിയനില്‍നിന്നും സമ്മാനം കരസ്ഥമാക്കുകയുമുണ്ടായി. ഇതിനെ പരാമര്‍ശിക്കുന്ന പല ഗ്രന്ഥങ്ങളും ഇദ്ദേഹം പിന്നീട് പ്രസിദ്ധം ചെയ്തു

അമ്ളം ഉപയോഗിക്കാതെ അസ്ഥിയില്‍നിന്നും ജലാറ്റിന്‍ ഉത്പാദിപ്പിച്ചെടുത്തതായിരുന്നു ഇദ്ദേഹത്തിന്റെ മറ്റൊരു കണ്ടുപിടിത്തം. ഓട്ടോക്ളേവ്, ഭക്ഷണസാധനങ്ങള്‍ സംരക്ഷിച്ചുവയ്ക്കുന്നതിനുള്ള പ്രത്യേകതരം പാത്രങ്ങള്‍ എന്നിവ നിക്കോളായുടെ മറ്റു കണ്ടുപിടിത്തങ്ങളാണ്. 1812-ല്‍ മാസ്സിയില്‍ ഇദ്ദേഹം സ്ഥാപിച്ച 'ഹൌസ് ഒഫ് അപ്പെര്‍' ആണ് ലോകത്തിലെ ആദ്യത്തെ ഭക്ഷ്യസംരക്ഷണശാല. ആഹാരകാര്യത്തില്‍ സ്ഥലകാലഭേദങ്ങളുടെ അടിമയായിരുന്ന മനുഷ്യനെ സ്വതന്ത്രനാക്കിയതിന് 1822-ല്‍ 'സൊസൈറ്റി ഫോര്‍ എന്‍കറേജ്മെന്റ് ഒഫ് നാഷനല്‍ ഇന്‍ഡസ്ട്രി' നിക്കോളായ്ക്ക് 'മനുഷ്യരാശിയുടെ ഗുണദാതാവ്' എന്ന ബഹുമതിയും സ്വര്‍ണമെഡലും നല്കുകയുണ്ടായി. ഇദ്ദേഹം കണ്ടുപിടിച്ച തത്ത്വങ്ങളുടെ പുതിയ രീതിയിലുള്ള ഒരാവിഷ്കരണമാണ് ലൂയി പാസ്ചര്‍ 'പാസ്ചറൈസേഷനി'ല്‍ തുടര്‍ന്നത്. ഭക്ഷ്യസംരക്ഷണകലയുടെ പിതാവായാണ് അപ്പെര്‍ ഇന്ന് അറിയപ്പെടുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍