This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പാറാവു, ഗുരുസാദ വെങ്കട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അപ്പാറാവു, ഗുരുസാദ വെങ്കട (1861 - 1915)

തെലുഗുകവി. 1861-ല്‍ വിജയനഗരത്തില്‍ ജനിച്ചു. അവിടത്തെ നാടുവാഴിയായ ആനന്ദഗജപതിയുടെ ആസ്ഥാനകവിയായിരുന്നു. ഭാരതീയ കാവ്യമീമാംസയിലും പാശ്ചാത്യസാഹിത്യ സിദ്ധാന്തങ്ങളിലും അഗാധമായ ജ്ഞാനം നേടി. തെലുഗുകവിതയെ ക്ളാസിക്കല്‍ പാരമ്പര്യങ്ങളില്‍നിന്ന് മോചിപ്പിച്ച് പുതിയ രൂപത്തില്‍ അവതരിപ്പിക്കാന്‍ അപ്പാറാവു മുന്‍കൈയെടുത്തു. ഇക്കാര്യത്തില്‍ ഇദ്ദേഹത്തിന്റെ സമകാലികരായ ഗിഡുഗു വെങ്കട രാമമൂര്‍ത്തിയും രായപ്രോലു സുബ്ബറാവുവും പല സേവനങ്ങളും ചെയ്തിട്ടുണ്ട്. സാമാന്യജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ സാഹിത്യരചന ചെയ്തവരാണ് ഇവര്‍ മൂവരും.

ഭാരതത്തിന്റെ പൂര്‍വകാല മഹത്വത്തോട് അങ്ങേയറ്റത്തെ ആദരം ഉണ്ടായിരുന്നെങ്കിലും സങ്കുചിതമായ പ്രാദേശിക പക്ഷപാതങ്ങള്‍ സ്വന്തം ചിന്താഗതികള്‍ക്ക് കടിഞ്ഞാണിടുന്നതിനെ അപ്പാറാവു ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. 'എന്റെ സുന്ദരമായ രാജ്യത്തെ ഞാന്‍ സ്നേഹിക്കുന്നു എന്ന് വെറുതെ കുഴലൂതി നടക്കരുത്. രാജ്യമെന്നുവച്ചാല്‍ അതിലെ മണ്ണോ ചെളിയോ അല്ല; മാംസവും രക്തവുമുള്ള മനുഷ്യരാണ്' എന്ന് ഇദ്ദേഹം ദേശഭക്തി എന്ന കവിതയില്‍ പറഞ്ഞിരിക്കുന്നു. പുട്ടായിബൊമ്മവൂര്‍ണമ്മ (സ്വര്‍ണപ്രതിമ) എന്ന കഥാകാവ്യമാണ് അപ്പാറാവുവിന്റെ ഏറ്റവും ഉത്കൃഷ്ടമായ കൃതി. ലവണരാജുകാല, കന്യക, മുത്യലശരമുലു, ഡാമണ്‍പൈത്തിയാസ് എന്നീ കവിതകളും കന്യാശുല്കം എന്ന ഒരു നാടകവും ഇദ്ദേഹം എഴുതിയിട്ടുണ്ട്. നീലഗിരിപാടുലു എന്നത് അപ്പാറാവുവിന്റെ ഒരു ഭാവഗീതസമാഹാരമാണ്. സാഹിതീയസങ്കല്പങ്ങളെയും സാമൂഹ്യപരിഷ്കരണത്വരയേയും 20-ാം ശ.-ത്തിന്റെ ആരംഭത്തില്‍ ആന്ധ്രദേശത്തില്‍ പുതിയ അടിസ്ഥാനങ്ങളില്‍ ഉറപ്പിക്കുന്നതില്‍ സാരമായ സംഭാവന ചെയ്ത ഈ കവി 1915-ല്‍ നിര്യാതനായി.


(അഡപ്പാ രാമകൃഷ്ണറാവു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍