This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപുഷ്പികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:22, 6 മാര്‍ച്ച് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അപുഷ്പികള്‍

Cryptogams

പുഷ്പിക്കാത്ത ചെടികള്‍. ഇവയെ മൊത്തത്തില്‍ ക്രിപ്റ്റഗംസ് (Cryptogams) എന്ന സസ്യവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ക്രിപ്റ്റഗംസ് എന്ന പേര് 'ഒളിച്ചിരിക്കുന്ന' എന്ന അര്‍ഥമുള്ള 'ക്രിപ്റ്റോസ്' എന്ന ഗ്രീക്കുപദത്തില്‍ നിന്നും ഉദ്ഭവിച്ചതാണ്. സൂക്ഷ്മദര്‍ശിനിയുടെ ആവിര്‍ഭാവത്തിനുമുന്‍പ് അപുഷ്പികളായ ഈ സസ്യങ്ങളുടെ പ്രത്യുത്പാദനരീതി അജ്ഞാതമായിരുന്നു എന്നതാണ് ഈ നാമകരണത്തിനു കാരണം.

അപുഷ്പികള്‍ സാധാരണയായി ചെറുതും അവയുടെ ശരീരഘടന വളരെ ലളിതവുമാണ്. നനവുള്ളിടത്തു വളരുന്ന പായലും, പാറപ്പുറത്തും മറ്റും പറ്റമായി വളരുന്ന റിക്സിയ തുടങ്ങിയ ബ്രയോഫൈറ്റുകളും, ആറ്റുവക്കിലെ പന്നലുകളും എല്ലാം ഈ വിഭാഗത്തില്‍പ്പെട്ടവയാണ്. യാഥാസ്ഥിതികരായ സസ്യവിജ്ഞാനികളുടെ സിദ്ധാന്തപ്രകാരം അപുഷ്പിസസ്യങ്ങളെ താലോഫൈറ്റ, ബ്രയോഫൈറ്റ, ടെറിഡോഫൈറ്റ എന്ന് മൂന്നായി വിഭജിച്ചിരിക്കുന്നു.

ഈ വര്‍ഗീകരണരീതിക്ക് ജാതിവൃത്തീയമായ അതിന്റെ ദൌര്‍ബല്യങ്ങള്‍ വ്യക്തമായപ്പോള്‍ ചില ഭേദഗതികള്‍ നിര്‍ദേശിക്കപ്പെട്ടു. ടിപ്പോ (1942) സസ്യജാലത്തെ താലോഫൈറ്റ, എംബ്രിയോഫൈറ്റ എന്നീ രണ്ട് ഉപമണ്ഡലങ്ങളിലായി 12 ഡിവിഷനുകളായി തരംതിരിച്ചു. താലോഫൈറ്റയില്‍ ക്ളോറോഫൈറ്റ, സയനോഫൈറ്റ, യുഗ്ളിനോഫൈറ്റ, ക്രൈസോഫൈറ്റ, പൈറോഫൈറ്റ, ഫേയോഫൈറ്റ, റോഡോഫൈറ്റ, ഷൈഡോഫൈറ്റ, മിക്സോഫൈറ്റ, യൂമൈക്കോഫൈറ്റ എന്നിങ്ങനെ പത്തു ഡിവിഷനുകളും, എംബ്രിയോഫൈറ്റയില്‍ ബ്രയോഫൈറ്റ, ട്രക്കിയോഫൈറ്റ എന്നിങ്ങനെ രണ്ടു ഡിവിഷനുകളും ഉണ്ട്. എന്നാല്‍ ബോള്‍ഡ് (1956) സസ്യലോകത്തെ സയനോഫൈറ്റ, ക്ളോറോഫൈറ്റ, യൂഗ്ളിനോഫൈറ്റ, കാരോഫൈറ്റ, ഫേയോഫൈറ്റ, റോഡോഫൈറ്റ, ക്രൈസോഫൈറ്റ, പൈറോഫൈറ്റ, ഷൈസോഫൈറ്റ, മിക്സോമൈക്കോട്ട, ഫൈക്കോമൈക്കോട്ട, ആസ്കോമൈക്കോട്ട, ബേസീഡിയോമൈക്കോട്ട, ഹെപ്പാറ്റോഫൈറ്റ, ബ്രയോഫൈറ്റ, സൈലോഫൈറ്റ, മൈക്രോഫൈലോഫൈറ്റ, ആര്‍ത്രോഫൈറ്റ, ടിറേഫൈറ്റ, സൈക്കഡോഫൈറ്റ, ജിന്‍കോഫൈറ്റ, കോണിഫറോഫൈറ്റ, നിറ്റേലിസ്, ആന്തോഫൈറ്റ എന്നിങ്ങനെ 24 ഡിവിഷനുകളായി തിരിച്ചു. ഇവയില്‍ ആദ്യത്തെ 19 ഡിവിഷനുകള്‍ അപുഷ്പികളില്‍പ്പെടുന്നു.

ആല്‍ഗകളും ഫംഗസും അടങ്ങിയ താലോഫൈറ്റ വിഭാഗത്തിലുള്ള സസ്യങ്ങള്‍ സൂക്ഷ്മവും ലളിതവുമായ ശരീരഘടനയോടുകൂടിയവയാണ്. പരന്ന് തട്ടുപോലെ വളരുന്നതാണ് ഇതിന്റെ പ്രധാന ശരീരഭാഗം. നീര്‍ച്ചാലുകളുടെ വശങ്ങളിലെ നനഞ്ഞ മണ്ണില്‍ ഇവ ധാരാളമായി കാണാം. ചില സ്പീഷീസ് പാറപ്പുറത്തും വളരാറുണ്ട്. ടെറിഡോഫൈറ്റ വിഭാഗത്തില്‍പ്പെട്ടവ ശരീരഘടനയില്‍ കുറച്ചുകൂടി സങ്കീര്‍ണമാണ്; ഈ ചെടികള്‍ക്ക് യഥാര്‍ഥത്തിലുള്ള വേരും തണ്ടും ഇലകളും ഉണ്ടെന്നതാണ് മറ്റൊരു വ്യത്യാസം. ഈ വിഭാഗങ്ങള്‍ തമ്മില്‍ ഘടനയിലും ജീവിതരീതിയിലും വളരെയേറെ വ്യത്യാസമുള്ളതുകൊണ്ട് അവ ഓരോന്നിനേയും പ്രത്യേകം വിവരിക്കേണ്ടിയിരിക്കുന്നു.


ആല്‍ഗകള്‍ (Algae). പരിണാമസിദ്ധാന്തപ്രകാരം സസ്യജാലത്തിന്റെ ഉത്പത്തി ആല്‍ഗകളില്‍ കൂടിയാണെന്നാണ് ഊഹിക്കപ്പെടുന്നത്. മഴക്കാലത്ത് ചെറുകുളങ്ങളില്‍ കാണാറുള്ള പച്ചനിറത്തിലുള്ള അതിസൂക്ഷ്മങ്ങളായ ക്ളാമിഡോമോണാസ് തുടങ്ങി സമുദ്രത്തിനടിയില്‍ 12-15 മീ. ഉയരത്തില്‍ വളരുന്ന ഭീമാകാരങ്ങളായ കെല്‍പ്സ് വരെയുള്ള ചെടികളും ആല്‍ഗകളില്‍ ഉള്‍പ്പെടുന്നു. സാധാരണ എല്ലാ സാഹചര്യങ്ങളിലും ആല്‍ഗകള്‍ വളരുന്നുണ്ട്. സമുദ്ര ജലപ്പരപ്പിന്റെ ഉപരിതലത്തില്‍ സൂക്ഷ്മങ്ങളായ ധാരാളം ആല്‍ഗകളുണ്ട്. അതുപോലെതന്നെ കടല്‍ത്തീരങ്ങളില്‍ വേലിയേറ്റനിര തുടങ്ങി ഒമ്പതു മീറ്ററോ അതിലധികമോ ആഴം വരെയും വളരെയേറെ ആല്‍ഗകളുണ്ട്. ശുദ്ധജലാശയങ്ങളിലും മലിനജലത്തിലും ആല്‍ഗകള്‍ സുലഭമാണ്. ചുരുക്കം ചിലത് ചൂടുറവയില്‍ മാത്രമേ വളരാറുള്ളൂ. അതുപോലെതന്നെ ചിലത് മണ്ണിലും ചിലവ മറ്റു ജീവികളുടെ ശരീരത്തിലും വസിക്കുന്നു.

വലുപ്പത്തിലുള്ള വൈരുധ്യം പോലെ തന്നെ ആകൃതി-പ്രകൃതികളിലും ആല്‍ഗകള്‍ വളരെ വ്യത്യസ്തങ്ങളാണ്. ഏകകോശ ആല്‍ഗകള്‍ മിക്കവാറും ഭംഗിയുള്ളതും വൈവിധ്യം നിറഞ്ഞതുമായ ചില ചെറിയ മുഴകള്‍കൊണ്ടോ ചെറിയ നാരുപോലുള്ള സീലിയകള്‍ (Cilia) കൊണ്ടോ അലംകൃതമായിരിക്കും. വെള്ളത്തില്‍ സഞ്ചരിക്കുന്നതിന് ഈ സിലിയകള്‍ വളരെയേറെ സഹായിക്കുന്നുണ്ട്. വലിയ ആല്‍ഗകളില്‍ പലതും 'തടി', 'ഇല' മുതലായ അവയവഭാഗങ്ങളോടുകൂടിയവയോ, നീണ്ട് കുഴല്‍പോലെ തോന്നിക്കുന്നവയോ, പരന്ന് ഇലകളെപ്പോലെ ഇരിക്കുന്നവയോ ആയിരിക്കും. കടല്‍ത്തീരങ്ങളില്‍ സാധാരണ കണ്ടുവരാറുള്ള സര്‍ഗാസം (Sargassum) സാധാരണ അപുഷ്പിസസ്യത്തിന്റെ ആകാരം പ്രകടമാക്കുന്നു.

നിറത്തെ അടിസ്ഥാനമാക്കി ആല്‍ഗകളെ ഏഴു ഡിവിഷനുകളായി വിഭജിച്ചിരിക്കുന്നു. അവയില്‍ അതിപ്രധാനമായ നാലെണ്ണം സയനോഫൈറ്റ, ക്ളോറോഫൈറ്റ, ഫേയോഫൈറ്റ, റോഡോഫൈറ്റ എന്നിവയാണ്. യൂഗ്ളിനോഫൈറ്റ, ക്രൈസോഫൈറ്റ, പൈറോഫൈറ്റ ഇവയാണ് ബാക്കിയുള്ളവ. ഈ മൂന്നു ഡിവിഷനില്‍പെട്ട എല്ലാ സ്പീഷീസും ഏകകോശനിര്‍മിതങ്ങളാണ്. സാധാരണ ജലാശയങ്ങളുടെ മുകള്‍പ്പരപ്പില്‍ ഒഴുകിനടക്കുന്ന പ്ളവകങ്ങള്‍ (planktons) പോലെയുള്ളവയാണ് ഇതിലധികവും. നോ: ആല്‍ഗകള്‍


ഫംഗസുകള്‍‍ (Fungi). ഏകദേശം നാല്പതിനായിരത്തോളം സ്പീഷീസുള്‍പ്പെടുന്ന വലിയ വിഭാഗമാണ് ഇത്. സസ്യരോഗഹേതുക്കളായിട്ടാണ് ഇവ കൂടുതല്‍ അറിയപ്പെടുന്നത്. ഭക്ഷണപദാര്‍ഥങ്ങള്‍, ഔഷധങ്ങള്‍, പല വ്യവസായ പ്രവര്‍ത്തനങ്ങളുടേയും കാരകങ്ങള്‍ എന്നീ നിലയിലും ഫംഗസുകള്‍ സുപ്രധാനങ്ങളാണ്. സൂക്ഷിച്ചു വയ്ക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ പലപ്പോഴും ഫംഗസിന്റെ ആക്രമണം കൊണ്ട് ചീത്തയായിപ്പോകാറുണ്ട്.


ആല്‍ഗകളെപ്പോലെ ഫംഗസുകളും താലോഫൈറ്റ വിഭാഗത്തില്‍പ്പെട്ടവയാണ്. ഹരിതകത്തിന്റെ അഭാവം ശരീരഘടനയുടെ ലാളിത്യം എന്നീ രണ്ടു പ്രത്യേക സ്വഭാവങ്ങളാണ് അവയെ വേര്‍തിരിക്കുന്നത്. ഹൈഫ എന്നറിയപ്പെടുന്ന ഫംഗസ് നാരുകള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന മൈസീലിയം ആണ് മിക്കതിന്റേയും ശരീരഭാഗം. ഹൈഫയിലെ കോശങ്ങളില്‍ ഒന്നോ അതിലധികമോ കോശകേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. ജലത്തിലും മണ്ണിലും തടിയിലും എന്നുവേണ്ട എവിടെയും ഫംഗസുകള്‍ കാണാം. ഉഷ്ണമേഖലയിലെ നീരാവിനിറഞ്ഞ കാലാവസ്ഥ ഇതിന് ഏറ്റവും അനുയോജ്യമായതുകൊണ്ട് ഭൂരിഭാഗവും ഇവിടെയാണ് കാണാറുള്ളത്. ഹരിതകം ഇല്ലാത്തതിനാല്‍ പ്രകാശസംശ്ളേഷണം (Photosynthesis) വഴി ആഹാരം നിര്‍മിക്കുവാന്‍ സാധ്യമല്ല. തന്നിമിത്തം ഫംഗസുകള്‍ക്ക് ആഹാരത്തിനുവേണ്ടി മററു ജീവികളെയോ അവയുടെ അവശിഷ്ടങ്ങളെയോ ആശ്രയിക്കേണ്ടിവരുന്നു. ജീവികളെ ആക്രമിക്കുന്ന ഫംഗസുകള്‍ പരജീവികളെന്നും, ജീവനില്ലാത്തവയെ ആക്രമിക്കുന്നവ മൃതോപജീവികളെന്നും (Saprophytes) അറിയപ്പെടുന്നു. ഒരുവിധത്തില്‍ ഹരിതനിറത്തിന്റെ അഭാവം ഒഴിച്ചാല്‍ ശരീരഘടനയില്‍ ഫംഗസുകള്‍ ആല്‍ഗകളെ അനുകരിക്കുന്നുവെന്നു പറയാം. നോ: കുമിളുകള്‍

ബാക്റ്റീരിയ. സാമ്പത്തികമായി വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഏകകോശജീവികളുടെ സമൂഹമാണ് ബാക്റ്റീരിയ. ഇവയില്‍ ചിലത് മഹാവ്യാധികള്‍ ഉണ്ടാക്കുന്നതുപോലെ മറ്റു ചിലത് മനുഷ്യനും മറ്റു ജീവികള്‍ക്കും വളരെ ഉപകാരപ്രദവുമാണ്. ചിലതിന്റെ സാന്നിധ്യം കൂടാതെ മറ്റു ജീവികള്‍ക്ക് ജീവിതം സാധ്യമാകുകതന്നെയില്ല. അതിസൂക്ഷ്മങ്ങളായ ഈ ജീവികള്‍ക്ക് സാധാരണ മൂന്നോ നാലോ മൈക്രോണുകളില്‍ താഴെമാത്രമേ വലുപ്പമുള്ളൂ.

ശരീരഘടനയനുസരിച്ച് ബാക്റ്റീരിയകളെ കോക്കസ് (ഗോളാകൃതി), ബാസിലസ് (ദണ്ഡാകൃതി), സ്പൈറല്‍ (ചുരുളാകൃതി) എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ചില ബാക്റ്റീരിയകള്‍ക്ക് ഹരിതവര്‍ണം ഇല്ലെങ്കിലും ജൈവധാതുക്കള്‍ മാത്രമുള്ള ഒരു ആധാരവസ്തുവില്‍ ജീവിക്കുവാന്‍ സാധിക്കും. അജൈവധാതുക്കള്‍ രാസസംശ്ളേഷണം ഉപയോഗിച്ച് അവയെ പല ഘടകങ്ങളായി തിരിച്ച് അതില്‍ നിന്നും ലഭിക്കുന്ന ഊര്‍ജം ഉപയോഗിക്കുന്നു. മിക്ക ബാക്റ്റീരിയകളിലും അമിനോ അമ്ളങ്ങളും ജീവകങ്ങളും ഉത്പാദിപ്പിക്കാനാവശ്യമായ എന്‍സൈമുകളുണ്ട്.

പ്രത്യുത്പാദനം സാധാരണ മുറിഞ്ഞുമാറല്‍-രണ്ടായി വിഭജിക്കപ്പെടുന്ന രീതി-വഴിയാണ്. ചിലപ്പോള്‍ 20-30 മിനിറ്റിനകംഇവ വിച്ഛേദനം പൂര്‍ത്തിയാക്കും. ലൈംഗിക പ്രത്യുത്പാദനവും നടക്കാറുണ്ട്.

ബ്രയോഫൈറ്റ. സസ്യജാലത്തിലെ ബ്രയോഫൈറ്റ ഉപവിഭാഗം സാധാരണ ഈര്‍പ്പമുള്ള ചോലപ്രദേശത്തെ നനവുള്ള മണ്ണിലും പാറപ്പുറങ്ങളിലുമാണ് കാണപ്പെടുന്നത്. വരണ്ട പാറപ്പുറത്തും വെള്ളത്തിനടിയിലും മരങ്ങളിലും ഇലകളിലും ഇവയെ കണ്ടുവരുന്നു. ഹിപ്പാറ്റിക്കേ (Hepaticae), മസൈ (Musci) എന്ന രണ്ട് ഉപവിഭാഗങ്ങളിലായി ഏകദേശം 20,000 സ്പീഷീസ് ഇതില്‍ ഉള്‍പ്പെടുന്നു.

ബ്രയോഫൈറ്റുകള്‍ക്ക് വളരെ ലളിതമായ ശരീരഘടനയാണ്. റൈസോയ്ഡുകള്‍ എന്ന ലഘുമൂലസദൃശങ്ങളായ ഏകകോശീയമോ ബഹുകോശീയമോ ആയ നാരുകളാണ് ഇവയെ മണ്ണില്‍ ഉറപ്പിക്കുന്നതും ആഹാരം വലിച്ചെടുക്കാന്‍ സഹായിക്കുന്നതും. ബാഹ്യശരീരഘടനയില്‍ രണ്ട് ഉപവിഭാഗങ്ങളും വ്യത്യസ്തങ്ങളാണ്. ഹിപ്പാറ്റിക്കേയിലെ മിക്ക ചെടികളും പരന്ന് നാക്കുരൂപത്തിലായിരിക്കും. അതുകൊണ്ട് അവയെ 'ലിവര്‍വര്‍ട്ടുകള്‍' എന്നുകൂടി വിളിക്കാറുണ്ട്. പല സ്പീഷീസും ശരീരത്തിന്റെ മധ്യഭാഗം തടിച്ച കമ്പുപോലെയും ഇരുവശങ്ങളും ഇലകള്‍ പോലെയും ആയിരിക്കും. അങ്കണങ്ങളില്‍ കാണാറുള്ള റിക്സിയ ഈ വര്‍ഗത്തില്‍പെട്ടതാണ്.

ചുവരുകളിലും മറ്റും സാധാരണ കണ്ടുവരാറുള്ള പൂപ്പലുകളാണ് മോസ് എന്ന രണ്ടാമത്തെ ഉപവിഭാഗം. പ്രഥമ ദൃഷ്ടിയില്‍ ഇവയ്ക്ക് അപുഷ്പിസസ്യങ്ങളുമായി വളരെ സാദൃശ്യമുണ്ട്. റൈസോയിഡുകളാല്‍ മണ്ണിലുറപ്പിക്കപ്പെട്ട തടിപോലുള്ള അവയവത്തിനു ചുറ്റും ധാരാളം ഇലകള്‍ സര്‍പ്പില (spiral) രൂപത്തില്‍ അടുക്കിയിട്ടുണ്ട്. എല്ലാംകൂടി 5 സെ.മീ.-ല്‍ കൂടുതല്‍ ഉയരം ഉണ്ടാകാറില്ല. ബാഹ്യഘടന സങ്കീര്‍ണമായിരുന്നാലും, അതിന്റെ അന്തര്‍ഘടന വളരെ ലളിതമായിരിക്കും.


പ്രത്യുത്പാദനാവയവങ്ങള്‍ വളരെ വികസിതമാണ്. മിക്കവാറും ഗദയുടെ ആകൃതിയിലുള്ള പുരുഷലൈംഗികാവയവം ആന്തറിഡിയം എന്നാണ് അറിയപ്പെടുന്നത്. ഇവയില്‍ സീലിയകളോടുകൂടിയ ധാരാളം പുരുഷബീജങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. സ്ത്രീലൈംഗികാവയവമായ ആര്‍ക്കിഗോണിയം ഫ്ളാസ്ക്കിന്റെ ആകൃതിയിലാണ്. ലൈംഗികസംയോഗത്തില്‍നിന്നും ഉണ്ടാകുന്ന യുഗ്മകം (zygote) സ്പോറോഫൈറ്റ് എന്നറിയപ്പെടുന്ന ഒരു പ്രത്യേകതരം സസ്യത്തെ ഉത്പാദിപ്പിക്കുന്നു. ഇവയില്‍നിന്നാണ് സ്പോറു(spore)കള്‍ ഉണ്ടാകുന്നത്. ഈ സ്പോറുകള്‍ മുളച്ച് വീണ്ടും സാധാരണ രീതിയിലുള്ള മോസുകള്‍ ഉണ്ടാകുന്നു. ഇങ്ങനെ രണ്ടു തലമുറകള്‍ ഒന്നിനു പുറകേ ഒന്നായി ഉണ്ടായെങ്കില്‍ മാത്രമേ ഇവയുടെ ജീവനചക്രം പൂര്‍ത്തിയാകുകയുള്ളു. ഈ പ്രതിഭാസത്തിനാണ് തലമുറകളുടെ ഏകാന്തരണം (Alternation of generations) എന്നു പറയുന്നത്.

ആന്തോസിറോസ് എന്ന ബ്രയോഫൈറ്റ പരിണാമശൃംഖലയിലെ അതിപ്രധാനമായ ഒരു കണ്ണിയാണ്. കുളക്കരയിലും മറ്റും ചിലപ്പോള്‍ പരന്നു പച്ച നിറത്തിലുള്ള തകിടുപോലെ ഇവ പ്രത്യക്ഷപ്പെടാറുണ്ട്. ഇതിന്റെ മുകള്‍പ്പരപ്പില്‍നിന്നും സൂചിപോലുള്ള ചില അവയവങ്ങള്‍ മേല്പോട്ടുയര്‍ന്നു നില്ക്കുന്നതു കാണാം. ഇവ ആന്തോസിറോസിന്റെ സ്പോറോഫൈറ്റുകള്‍ ആണ്.

ചിലയിനം അപുഷ്പികള്‍ A.കോക്കേസ്ബാക്ടീരിയ B.ബാസിലസ്ബാക്ടീരിയ C.സ്പൈറല്‍ ബാക്ടീരിയ D.ഓസിലറ്റോറിയ ബാക്ടീരിയ E.യൂഗ്ളീനF.ആഴ്സീറിയG.ആള്‍വ H.പ്ളവകങ്ങള്‍I.സര്‍ഗാസംJ.കോണ്‍ഡ്രസ് K.ബ്രെഡ് മോള്‍ഡ് L.കിണ്വംM.മോസ്N.ലിവര്‍വര്‍ട്ട് Oപന്നല്‍(Lady Ferm).Pപന്നല്‍(Water Ferm)

ബ്രയോഫൈറ്റുകളുടെ പ്രധാന തലമുറ ഗാമറ്റോഫൈറ്റും പരിണാമത്തിലെ അടുത്ത പടിയായ ടെറിഡോഫൈറ്റയിലെ പ്രധാന തലമുറ സ്പോറോഫൈറ്റും ആണ്. ഗാമറ്റോഫൈറ്റില്‍നിന്നും സ്പോറോഫൈറ്റിലേക്കുള്ള ഈ വ്യതിയാനം ആന്തോസിറോസില്‍കൂടിയാണ് നടന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ആദ്യത്തെ സസ്യജീവികള്‍ ജലജീവികളായിരിക്കണം. ഒടുവില്‍ മാത്രമാണ് അവ കരയിലേക്കു കുടിയേറിപ്പാര്‍ത്തത്. ഈ കുടിയേറ്റത്തിനിടയ്ക്ക് കരയില്‍ ജീവിക്കാന്‍ ഏറ്റവും സൌകര്യപ്രദമായ സ്പോറോഫൈറ്റ് തലമുറയിലേക്ക് ഇവ കടന്നതായിരിക്കണം. ജന്തുക്കളില്‍ ഈ കുടിയേറ്റം അംഫീബിയയില്‍കൂടി നടന്നതുപോലെ സസ്യജാലത്തില്‍ അത് ബ്രയോഫൈറ്റയില്‍, പ്രത്യേകിച്ച് ആന്തോസിറോസില്‍ കൂടിയാണ് സഫലമായതെന്ന് കരുതപ്പെടുന്നു. ഇതിന്റെ സ്പോറോഫൈറ്റിന് മറ്റു സ്പോറോഫൈറ്റയിലെങ്ങും കാണാത്തതും ഉപരിസസ്യവര്‍ഗങ്ങളില്‍ കാണാറുള്ളതുമായ മെരിസ്റ്റം എന്ന സസ്യവളര്‍ച്ചയ്ക്കാധാരമായ ഒരു ഭാഗമുണ്ട്. ഒരു വ്യത്യാസമേയുള്ളു-അവയവങ്ങളുടെ അഗ്രത്തില്‍ വേണ്ടതിനുപകരം അതിന്റെ അടിഭാഗത്താണ് മെരിസ്റ്റം സ്ഥിതിചെയ്യുന്നത്. ബ്രിട്ടിഷ് ശാസ്ത്രജ്ഞനായ ബവറിന്റെ അഭിപ്രായത്തില്‍ സൈലോട്ടത്തെപ്പോലുള്ള ഒരു സസ്യം ഇതില്‍നിന്നുമാണുദ്ഭവിച്ചത്. ആന്തോസിറോസില്‍നിന്നോ അഥവാ അതിന്റെ പൂര്‍വജരില്‍നിന്നോ ഇന്നത്തെ കരസസ്യങ്ങളുടെ മുന്നോടിയായ സൈലോഫൈറ്റ വിഭാഗത്തില്‍പ്പെട്ട സസ്യങ്ങള്‍ ഉദ്ഭവിച്ചു എന്നാണ് കരുതപ്പെടുന്നത്.

ടെറിഡോഫൈറ്റ. ആറ്റിന്‍തീരങ്ങളിലും കുളക്കരകളിലും മറ്റും സാധാരണ കണ്ടുവരാറുള്ള പന്നലുകള്‍ ടെറിഡോഫൈറ്റയില്‍പ്പെട്ടവയാണ്. ഏകദേശം 4,500 സ്പീഷിസുള്ള ഈ വിഭാഗത്തില്‍പ്പെട്ട ചെടികളെല്ലാംതന്നെ വലുപ്പത്തില്‍ അത്ര പ്രാധാന്യമര്‍ഹിക്കുന്നവയല്ല. എന്നാല്‍ പുരാതന യുഗങ്ങളില്‍ ഇവയുടെ ഭീമാകാര പൂര്‍വികര്‍ വളരെ വ്യാപകമായി കാണപ്പെട്ടിരുന്നു.

ഭൂഗോളത്തിന്റെ മിക്ക ഭാഗങ്ങളിലും പന്നലുകള്‍ കാണാം. ഉഷ്ണമേഖലയിലാണ് സാധാരണ കാണാറുള്ളതെങ്കിലും മറ്റു മേഖലകളിലും അവ ദുര്‍ലഭമല്ല. അവയില്‍ ഏറ്റവും വലുതായ വൃക്ഷപ്പന്നലുകള്‍ (Tree ferns) ചെറിയ തെങ്ങുപോലെ, ശിഖരരഹിതമായ അഗ്രഭാഗത്ത് ഒരുപറ്റം ഇലകളോടുകൂടി വളരുന്നു. ഇവ ഏകദേശം 15 മീ. ഉയരത്തില്‍ എത്താറുണ്ട്. എന്നാല്‍ മിക്ക പന്നലുകളുടെയും കാണ്ഡം വളരെ ചെറുതാണ്; പലതിന്റേയും കാണ്ഡം മണ്ണിനടിയില്‍ കിഴങ്ങുപോലെ വളരുകയും അതില്‍നിന്നും വളരുന്ന മൂലങ്ങള്‍ ചെടിയെ മണ്ണില്‍ ഉറപ്പിക്കുകയും ചെയ്യുന്നു. തളിരിലകളുടെ അഗ്രങ്ങള്‍ തേരട്ടപോലെ ചുരുണ്ടിരിക്കും. ഇലകളുടെ അധോഭാഗത്തായി ധാരാളം പുള്ളികള്‍ കാണാറുണ്ട്. ഈ പുള്ളികളാണ് സോറസുകള്‍ എന്നറിയപ്പെടുന്ന സ്പൊറാഞ്ചിയ സമൂഹങ്ങള്‍. ഓരോ സോറസിലും ധാരാളം സ്പൊറാഞ്ചിയകള്‍ ഉണ്ടായിരിക്കും. പല പന്നലുകളിലും അവ ഇന്‍ഡൂസിയം എന്നറിയപ്പെടുന്ന ഒരാവരണം കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ഓരോ സ്പൊറാഞ്ചിയത്തിനും ഒരു നീളമുള്ള തണ്ടും അതിന്റെ അറ്റത്ത് ഗോളാകൃതിയായ ഒരു സഞ്ചിയും അതിനുള്ളില്‍ സ്പോറുകളുമുണ്ട്. ഒരു പ്രത്യേക സംവിധാനംകൊണ്ട് സ്പൊറാഞ്ചിയം പൊട്ടുകയും അതിലെ സ്പോറുകള്‍ സ്വതന്ത്രമാക്കപ്പെടുകയും ചെയ്യുന്നു. ഈര്‍പ്പമുള്ള സ്ഥലത്തു വീണാല്‍ ഓരോ സ്പോറും മുളച്ച്് ഹൃദയാകാരവും ഏകദേശം അര സെ.മീ. വലുപ്പവും ഉള്ള പ്രോത്താലസ് എന്ന ഗാമറ്റോഫൈറ്റ് തലമുറയായി വളരുന്നു. ഈ പ്രോത്താലസ് പ്രത്യുത്പാദനാവയവങ്ങള്‍ മാത്രമേ ഉത്പാദിപ്പിക്കുകയുള്ളു. ഓരോന്നിലും ആന്തറിഡിയവും ആര്‍ക്കിഗോണിയവും ഉണ്ടാകുന്നു. സാധാരണഗതിയില്‍ മധ്യത്തില്‍ ആര്‍ക്കിഗോണിയവും അതിനു ചുറ്റുമായി ആന്തറിഡിയവും ആയിരിക്കും. ഓരോ ആന്തറിഡിയവും ധാരാളം ദ്വിസീലിയാവാഹികളായ പുരുഷബീജങ്ങള്‍ ഉത്പാദിപ്പിക്കുകയും, പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ പുറത്തേയ്ക്കു വിടുകയും ചെയ്യുന്നു. ഓരോ ആര്‍ക്കിഗോണിയത്തിലും ഒരു സ്ത്രീബീജം മാത്രമേയുള്ളൂ. ആര്‍ക്കിഗോണിയത്തിന്റെ ഗളത്തിനുള്ളിലെ ഗളനാളകോശങ്ങള്‍ (neckcanal cells) വിഘടിച്ചു നശിച്ച് (disintegration) ഉണ്ടാകുന്ന ദ്വാരത്തില്‍ക്കൂടി ഒരു പുരുഷബീജം ആര്‍ക്കിഗോണിയത്തിന്റെ അടിഭാഗത്തു പ്രവേശിക്കുകയും അവിടെവച്ച് സ്ത്രീബീജവുമായി സംയോജിച്ച് യുഗ്മകം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. സംയോഗത്തില്‍നിന്നും ഉദ്ഭവിക്കുന്ന യുഗ്മകത്തില്‍നിന്ന് സ്പോറോഫൈറ്റായ പന്നല്‍ച്ചെടി വീണ്ടും ഉണ്ടാകുന്നു.

ചിലയിനം പന്നലുകളില്‍ രണ്ടുതരം സ്പോറുകള്‍ ഉണ്ടാകാറുണ്ട്. മൈക്രോസ്പോര്‍ എന്നും മെഗാസ്പോര്‍ എന്നും അറിയപ്പെടുന്ന ഈ രണ്ടിനം സ്പോറുകളുടേയും തുടര്‍ന്നുള്ള പരിണാമത്തിന്റെ ഫലമാണ് സപുഷ്പി സസ്യങ്ങളിലെ ബീജാണ്ഡം (ovule), പരാഗം (pollen) എന്നിവ. പരിണാമത്തിന്റെ അന്തിമദശയാണ് ഇന്നത്തെ ബീജാണ്ഡം പ്രകടമാക്കുന്നത്.

ഇന്നത്തെ പന്നല്‍ വര്‍ഗത്തില്‍പ്പെട്ട ചെടികള്‍ സാമ്പത്തികമായി വളരെ അപ്രധാനങ്ങളാണെങ്കിലും പാലിയോസോയിക് കല്പത്തിലെ കാര്‍ബോണിഫറസ് യുഗത്തില്‍ ജീവിച്ചിരുന്നവ വളരെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ഇന്ന് വ്യവസായത്തെ സാരമായി സഹായിക്കുന്ന കല്ക്കരിയുടെ ഉറവിടം പണ്ടത്തെ പന്നല്‍വര്‍ഗങ്ങളിലെ ഭീമാകാരങ്ങളായ ചെടികളാണ്. കാര്‍ബോണിഫറസ് യുഗത്തില്‍ അപ്രതീക്ഷിതമായ ഭൂചലനങ്ങളില്‍പ്പെട്ട് ധാരാളം വനങ്ങള്‍ മണ്ണിനടിയിലാകുകയും സാവധാനത്തില്‍ അഴുകുകയും ചെയ്തു. വായുവിന്റെ അഭാവത്തില്‍ നടന്ന ഈ അഴുകല്‍ മുഖേന അവയിലെ സെല്ലുലോസ്, ലിഗ്നിന്‍, പ്രോട്ടീന്‍ മുതലായവ പീറ്റ്ബോഗ് (peat bog) എന്ന വസ്തുവായി മാറി. കാലാന്തരത്തില്‍ മുകളിലെ പാറകളുടെ സമ്മര്‍ദം, സാവധാനത്തിലുള്ള അവശിഷ്ട-അപഘടന കൊണ്ടുള്ള ചൂട് തുടങ്ങിയവ അവയെ കല്ക്കരിയായി രൂപാന്തരപ്പെടുത്തി. ധാതു എണ്ണകളും കല്ക്കരിപോലെതന്നെ പുരാസസ്യ മഹാകല്പങ്ങളിലെ സംഭാവനകളാണ്.

(ഡോ. ജോസ് കെ. മംഗലി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍