This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപസര്‍പ്പകകഥകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:58, 8 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.65.89 (സംവാദം)

അപസര്‍പ്പകകഥകള്‍

നിയമലംഘകരെ ഗൂഢമാര്‍ഗങ്ങളിലൂടെ കണ്ടുപിടിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരായ 'അപസര്‍പ്പകരുടെ' കൃത്യങ്ങളെ ആധാരമാക്കി ആവേശജനകമാംവിധം രചിക്കപ്പെടുന്ന കഥകള്‍.


അന്വേഷിക്കപ്പെടുന്ന കുറ്റം ഒട്ടു മിക്കപ്പോഴും മോഷണം, അക്രമം, കവര്‍ച്ച, കൊലപാതകം എന്നിവയായിരിക്കും. കൃത്യം സംഭവിച്ചുകഴിഞ്ഞതോടെ കഥ ആരംഭിക്കുന്നു. പക്ഷേ കുറ്റകൃത്യം ചെയ്തതാരെന്ന കാര്യവും സാഹചര്യങ്ങളും അജ്ഞാതമായിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് 'ഡിറ്റക്റ്റീവ്' അഥവാ 'കുറ്റാന്വേഷകന്‍' രംഗപ്രവേശം ചെയ്യുന്നത്. വിദൂരമായ തെളിവുകള്‍പോലും അയാള്‍ ശേഖരിക്കുന്നു. അതിവിദഗ്ധമായ നിരീക്ഷണപാടവത്തോടെ, കുറ്റകൃത്യത്തെ സംബന്ധിക്കുന്ന പലതും അയാള്‍ ഊഹിച്ചെടുക്കുന്നു. അങ്ങനെ, ഇരുളിലാണ്ടുപോയ പല സംഭവങ്ങളും അനുക്രമമായി അയാള്‍ വെളിച്ചത്തുകൊണ്ടുവരുന്നു. ഇത്തരത്തിലാണ് അപസര്‍പ്പകകഥകളിലെ ഇതിവൃത്തം നീങ്ങുന്നത്. ഒട്ടുമിക്ക സംഭവങ്ങളും നിഗൂഹനം ചെയ്തിരിക്കുന്നതുമൂലം, ഇത്തരം കഥകള്‍ വായനക്കാരില്‍ അസാധാരണമായ ഉദ്വേഗം സൃഷ്ടിക്കും. 'അടുത്ത പടിയെന്ത്?' എന്നറിയാനുള്ള വെമ്പലും ഉത്കണ്ഠയും അവരില്‍ എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. സാധാരണക്കാരായ വായനക്കാര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള കഥാവിഭാഗം ഇതാണ്.


അപസര്‍പ്പകകഥകളുടെ ഉത്പത്തി, പുരാണഗ്രന്ഥങ്ങളില്‍ തന്നെ കാണാനുണ്ടെന്ന് പല സാഹിത്യചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു. ഹിംസയുടെയും പ്രതികാരത്തിന്റെയും കഥകള്‍ അവയില്‍ ധാരാളം ഉണ്ട്. അത്തരം ഹിംസയും പ്രതികാരവും ചിലപ്പോള്‍ ഏകാന്തവിജനതകളിലാണ് സംഭവിക്കുക; ചിലപ്പോള്‍ ഇരുട്ടിലും. അവയുടെ യഥാര്‍ഥമായ അവസ്ഥ പിന്നീട് അല്പാല്പമായി അനാവരണം ചെയ്യപ്പെടുന്നു. മഹാഭാരതത്തിലെ പ്രസേനന്റെ മരണവും ആ മരണത്തെക്കുറിച്ച് പ്രചരിക്കുന്ന അപവാദവും കൃഷ്ണന്‍ നടത്തുന്ന അന്വേഷണവും അപസര്‍പ്പകകഥയുടെ സ്വഭാവം കലര്‍ന്നിട്ടുള്ള ആഖ്യാനഭാഗമാണ്. ഇലിയഡ്, ഒഡീസി എന്നീ യവനേതിഹാസങ്ങളിലും ഇത്തരം കഥാഖ്യാനങ്ങള്‍ കാണാനുണ്ട്. മധ്യകാലയുഗങ്ങളില്‍ ബൊക്കാച്ചിയോ, ചോസര്‍ തുടങ്ങിയവരുടെ കഥകളിലും അവിടവിടെയായി അപസര്‍പ്പകകഥാസ്വഭാവം തെളിഞ്ഞുനില്ക്കുന്നു. ആധുനികമായ അപസര്‍പ്പകകഥയുടെ ആദ്യത്തെ ഉദാഹരണമായി വോള്‍ട്ടയറുടെ സാദിഗ് എന്ന കഥയിലെ ഒരധ്യായത്തെ ചില സാഹിത്യചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. അതിലെ നായകനായ തത്ത്വജ്ഞാനി, താന്‍ നേരില്‍ കണ്ടിട്ടില്ലാത്ത ഒരു കുതിരയെയും പട്ടിയെയും ചില തെളിവുകളെ അടിസ്ഥാനമാക്കി ശരിയായി വിവരിക്കുന്നതിനുള്ള വൈദഗ്ധ്യം കാണിക്കുന്നതായാണ് ഈ അധ്യായത്തില്‍ വോള്‍ട്ടയര്‍ ചിത്രീകരിച്ചിട്ടുള്ളത്. ഷെര്‍ലക്ക്ഹോംസ് എന്ന വിഖ്യാതനായ ഡിറ്റക്റ്റീവിന്റെ മുന്നോടിയാണ് ഈ തത്ത്വജ്ഞാനിയെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.


ആധുനികചരിത്രം. ഇന്നറിയുന്ന തരത്തിലുള്ള അപസര്‍പ്പകകഥയുടെ ജനനം 1841-ലാണെന്നു പറയാം. ആ വര്‍ഷത്തില്‍ ഫിലഡെല്‍ഫിയയിലെ ഒരു മാസിക (ഏൃമവമാ' ങമഴമ്വശില), അതിന്റെ ഏപ്രില്‍ ലക്കത്തില്‍ റൂമോര്‍ഗിലെ കൊലകള്‍ എന്ന പേരില്‍ ഒരു ചെറുകഥ പ്രസിദ്ധം ചെയ്തു. എഡ്ഗര്‍ അലന്‍പോ (ഋറഴമൃ അഹഹലി ജീല) എന്ന വിഖ്യാതനായ സാഹിത്യകാരനായിരുന്നു അതിന്റെ കര്‍ത്താവ്. കുറ്റാന്വേഷണ പ്രക്രിയയുടെ തത്ത്വപരവും പ്രായോഗികവുമായ വശങ്ങള്‍ ആ കഥയില്‍ ചിത്രീകരിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് 1842-ല്‍ അതേ കഥയുടെ തുടര്‍ച്ച എന്ന നിലയ്ക്ക് മറ്റൊരു കഥയും പ്രകാശിതമായി; 1845-ല്‍ മൂന്നാമതൊരു കഥകൂടി ഇദ്ദേഹം അവയോടു ചേര്‍ത്തു. ഈ മൂന്നു കഥകളും ചേര്‍ത്ത് കഥകള്‍ (ഠമഹല) എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തെയാണ് ആദ്യത്തെ അപസര്‍പ്പകകഥയായി സാഹിത്യചരിത്രകാരന്മാര്‍ വിവരിക്കുന്നത്. ഷെ വാലിയേ സി. ഓഗസ്താങ് ദ്യുപാങ് (ഇവല്മഹശലൃ ഇ. അൌഴൌശിെേ ഊുശി) എന്ന നായകന്റെ വിദഗ്ധവും സാഹസികവുമായ കുറ്റാന്വേഷണങ്ങളുടെ ചിത്രീകരണമാണ് ഈ കഥകളില്‍ കാണുന്നത്. സാഹിത്യത്തിലെ ആദ്യത്തെ 'ഡിറ്റക്റ്റീവ്' ഈ കഥാനായകനാണെന്നു പറയാം.


അപസര്‍പ്പകകഥ എന്ന പ്രത്യേക വിഭാഗം ജന്മമെടുക്കുന്നത് എഡ്ഗര്‍ അലന്‍പോയുടെ ഈ മൂന്നു കഥകളുടെ പ്രകാശനത്തോടുകൂടിയാണ്. 'അപസര്‍പ്പക കഥാസാഹിത്യത്തിന് നിയാമകമായ തത്ത്വങ്ങളും നിയമങ്ങളുമെല്ലാം അലംഘനീയമെന്നു തോന്നുംവിധം ആവിഷ്കരിച്ചു എന്നതാണ് ഈ കഥകളുടെ അസാധാരണമായ പ്രത്യേകത' എന്ന് എച്ച്. ഡഗ്ളസ് തോംസന്‍ എന്ന നിരൂപകന്‍ പ്രസ്താവിക്കുന്നു. ഈ പ്രസ്താവത്തോട് സാഹിത്യചരിത്രകാരന്മാര്‍ പൊതുവില്‍ യോജിക്കുന്നുമുണ്ട്.


ഇതിനെത്തുടര്‍ന്ന് അമേരിക്കന്‍ സാഹിത്യത്തില്‍ ധാരാളം അപസര്‍പ്പകകഥകള്‍ പ്രത്യക്ഷപ്പെട്ടു; ആ കഥകളെല്ലാം ജനസാമാന്യത്തിനിടയില്‍ വലിയ പ്രചാരം നേടുകയും ചെയ്തു. ഏകദേശം ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം അപസര്‍പ്പകകഥകള്‍ ഫ്രഞ്ചുസാഹിത്യത്തില്‍ ശ്രദ്ധാര്‍ഹമായ വളര്‍ച്ച പ്രാപിച്ചു; അതിന് നേതൃത്വം നല്കിയത് എമില്‍ ഗാബോറിയന്‍ എന്ന ഫ്രഞ്ചു കഥാകാരനാണ്.


ഇംഗ്ളീഷില്‍. ഇംഗ്ളീഷ് സാഹിത്യത്തില്‍ അപസര്‍പ്പകകഥകളുടെ തുടക്കം കുറിക്കുന്നത് വില്ക്കീ കോളിന്‍സ് രചിച്ച ചാന്ദ്രശില (ങീീി ടീില) എന്ന കഥയാണ്. ഇതിലെ നായകനായ സര്‍ജന്റ് കഫ് ഒരു നല്ല ഡിറ്റക്റ്റീവിന്റെ പല സ്വഭാവങ്ങളും പ്രദര്‍ശിപ്പിക്കുന്നു. 1842-ല്‍ ഇംഗ്ളണ്ടിലെ വിഖ്യാതമായ 'സ്കോട്ട്ലന്‍ഡ് യാര്‍ഡ്' എന്ന കുറ്റാന്വേഷണസംഘം സ്ഥാപിക്കപ്പെട്ടു. അതോടെ, കുറ്റാന്വേഷണത്തെക്കുറിച്ച് ആളുകള്‍ക്ക് പലതും അറിയാനുള്ള അവസരമുണ്ടായി. ധാരാളം അപസര്‍പ്പകകഥകള്‍ അക്കാലത്ത് വായനക്കാര്‍ക്കിടയില്‍ പ്രചരിച്ചു. ചാള്‍സ് ഡിക്കന്‍സ്പോലും തന്റെ അന്ത്യകാലത്ത് ഒരു അപസര്‍പ്പകകഥ രചിക്കുന്നതില്‍ ഏര്‍പ്പെടുകയുണ്ടായി. അത് പകുതിയാക്കിയപ്പോള്‍ മരണം അദ്ദേഹത്തെ അപഹരിച്ചെങ്കിലും അപൂര്‍ണമായ അവസ്ഥയില്‍ തന്നെ 1870-ല്‍ അത് പ്രസിദ്ധീകരിക്കപ്പെട്ടു. എഡ്വിന്‍ ഡ്രൂഡിനെ സംബന്ധിക്കുന്ന രഹസ്യം (ഠവല ങ്യല്യൃെേ ീള ഋറംശി ഉൃീീറ) എന്നാണ് ആ കഥയുടെ പേര്.


അപസര്‍പ്പകകഥാവിഭാഗത്തിലെ ഏറ്റവും വിഖ്യാതനും വിദഗ്ധനുമായ എഴുത്തുകാരന്‍ ആര്‍തര്‍ കോനന്‍ ഡോയ്ല്‍ (അൃവൌൃേ ഇീിമി ഉീ്യഹല) ആണ്. വൈദ്യവൃത്തിയിലേര്‍പ്പെട്ടുകൊണ്ടാണ് അദ്ദേഹം ജീവിതം ആരംഭിച്ചത്. ചികിത്സയ്ക്കു വേണ്ടത്ര രോഗികളെ ലഭിക്കാതെവന്നതുമൂലം അദ്ദേഹം കഥാരചനയിലേക്ക് തിരിഞ്ഞു. ആദ്യകാലകഥകളൊന്നും ആരെയും കാര്യമായി ആകര്‍ഷിച്ചില്ല. 1891-ല്‍ രചിച്ച ബൊഹിമിയയിലെ അപവാദം (അ ടരമിറമഹ ശി ആീവലാശമ) എന്ന കഥയാണ് പെട്ടെന്ന് അദ്ദേഹത്തെ പ്രശസ്തിയിലേക്കുയര്‍ത്തിയത്. തുടര്‍ന്ന് അദ്ദേഹം തന്റെ അനശ്വരകഥാപാത്രമായ ഷെര്‍ലക്ക് ഹോംസ് എന്ന ഡിറ്റക്റ്റീവിനെ അവതരിപ്പിച്ചു. ഷെര്‍ലക്ക് ഹോംസിന്റെ വീരകൃത്യങ്ങള്‍, ഷെര്‍ലക്ക് ഹോംസിന്റെ ഓര്‍മക്കുറിപ്പുകള്‍ എന്നിങ്ങനെയുള്ള കഥകളിലൂടെ ആ കഥാപാത്രത്തെ ജനങ്ങള്‍ എത്രത്തോളം സ്നേഹിച്ചുവെന്ന് തെളിയിക്കുന്ന ഒരു സംഭവം അന്നുണ്ടായി. ഒരു കഥയില്‍ ഷെര്‍ലക്ക് ഹോംസ് മരിക്കുന്നതായി ചിത്രീകരിച്ചുകൊണ്ട് ആര്‍തര്‍ കോനന്‍ ഡോയ്ല്‍ തന്റെ കഥാപരമ്പരയ്ക്ക് വിരാമമിട്ടു; പക്ഷേ, വായനക്കാര്‍ വിട്ടില്ല. അവരുടെ സംഘടിതവും തീവ്രവുമായ നിവേദനങ്ങള്‍ക്ക് വഴങ്ങി, ആ കഥാനായകനെ പുനര്‍ജീവിപ്പിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. 1902-ല്‍ പ്രസിദ്ധം ചെയ്ത ബാസ്കര്‍ വില്സിലെ നായ് എന്ന അപസര്‍പ്പകകഥയിലാണ് കോനന്‍ ഡോയ്ല്‍ തന്റെ കലാപരമായ കഴിവ് ഏറ്റവും ഭംഗിയായി വെളിപ്പെടുത്തിയിട്ടുള്ളത്.


ജി.കെ. ചെസ്റ്റര്‍ട്ടന്‍, ഈ.സി. ബെന്റ്ലി തുടങ്ങിയവര്‍ രചിച്ച അപസര്‍പ്പകകഥകളും സാഹിത്യമൂല്യത്തിന്റെ കാര്യത്തില്‍ പേരുകേട്ടവയാണ്.


ഫ്രാന്‍സിലെ മികച്ച അപസര്‍പ്പകകഥാകാരനായ മോറിസ്-ലെ ബാങ്ക് എന്ന എഴുത്തുകാരന്റെ കഥകള്‍, ലോകത്തിലെ വിവിധ ഭാഷകളില്‍ ധാരാളമായി വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളവയാണ്.


മലയാളത്തില്‍. മലയാളകഥാനോവല്‍ പ്രസ്ഥാനങ്ങളില്‍ ആരംഭകാലത്തു തന്നെ അപസര്‍പ്പക കഥകളും സ്ഥാനം പിടിച്ചു. മലയാളത്തിലെ കഥാകാരന്മാരുടെ ആദ്യതലമുറയ്ക്കു മാര്‍ഗദര്‍ശകമായിരുന്നത് എഡ്ഗര്‍ അലന്‍പോയും, സര്‍ ആര്‍തര്‍ കോനന്‍ ഡോയ്ലും, നഥാനിയേല്‍ ഹാത്തോണുമൊക്കെയായിരുന്നു. കടംകൊണ്ട ആശയങ്ങളെ കഴിയുന്നത്ര മലയാളീകരിച്ച് അവതരിപ്പിക്കാനാണ് ഈ തുടക്കക്കാരെല്ലാം ശ്രമിച്ചത്. വേങ്ങയില്‍ കുഞ്ഞുരാമന്‍ നായനാര്‍, ഒടുവില്‍ കുഞ്ഞുകൃഷ്ണ മേനോന്‍, എം.ആര്‍.കെ.സി., അമ്പാടി നാരായണപ്പൊതുവാള്‍ തുടങ്ങിയവര്‍ രചിച്ച കഥകളില്‍ ഏറ്റവും പ്രചാരം നേടിയത് അപസര്‍പ്പക കഥകളായിരുന്നു.


അതിവിരുതനായ ഒരു കള്ളന്റെ ജീവിതകഥയെ ആധാരമാക്കി വേങ്ങയില്‍ കുഞ്ഞുരാമന്‍ നായനാര്‍ 1065-ല്‍ പ്രസിദ്ധീകരിച്ച വാസനാവികൃതി എന്ന കഥയാണ് മലയാള ഭാഷയില്‍ അറിയപ്പെട്ടിടത്തോളം ആദ്യം ഉണ്ടായ അപസര്‍പ്പക കഥ. സര്‍ ആര്‍തര്‍ കോനന്‍ ഡോയ്ലിന്റെ ഷെര്‍ലക് ഹോംസ് കഥകളില്‍നിന്നാണ് നായനാര്‍ തന്റെ പുതിയ കഥയ്ക്കുള്ള ആശയവും രചനാരീതിയും സ്വീകരിച്ചത്. വാസനാവികൃതിയെ പിന്തുടര്‍ന്ന് 'മേനോക്കിയെ കൊന്നതാര്' എന്നൊരപസര്‍പ്പകഥകൂടി നായനാര്‍ രചിച്ചു. അപസര്‍പ്പക കഥകള്‍ക്കു സാഹിത്യരംഗത്തു പിന്നീടുണ്ടായിട്ടുള്ള അയിത്തം ആദ്യകാല രചയിതാക്കളെ ഒട്ടുംതന്നെ ബാധിച്ചിരുന്നില്ല.


അപ്പന്‍ തമ്പുരാന്‍ 1905-ല്‍ പ്രസിദ്ധീകരിച്ച ഭാസ്കരമേനോന്‍ ആണ് മലയാളഭാഷയില്‍ ആദ്യം പുറത്തുവന്ന അപസര്‍പ്പക നോവല്‍. ഭീതിയും ആകാംക്ഷയും ഇളക്കിവിടുന്ന ഭീകര സംഭവങ്ങള്‍ ആവോളം ഇടകലര്‍ത്തി ഒ.എം. ചെറിയാന്‍ രചിച്ച കാലന്റെ കൊലയറ (1928) മലയാളത്തില്‍ ആദ്യകാലത്തുണ്ടായ അപസര്‍പ്പകകഥകളില്‍ ഏറ്റവും പ്രചാരം നേടിയ കൃതിയായി മാറി. കാരാട്ട് അച്യുതമേനോന്‍ രചിച്ചതും മലയാളത്തനിമ ഏറെ തുടിച്ചു നില്ക്കുന്നതുമായ വിരുതന്‍ ശങ്കു വളരെയേറെ പ്രചാരം നേടിയ കൃതിയാണ്.


അപസര്‍പ്പക കഥകള്‍ക്കുണ്ടായ അദ്ഭുതാവഹമായ ജനപ്രീതി മലയാളത്തില്‍ പിന്നീട് അവയുടെ പ്രവാഹം തന്നെയുണ്ടാക്കി. ഇംഗ്ളീഷില്‍നിന്നും ബംഗാളിയില്‍നിന്നുമുള്ള വിവര്‍ത്തനങ്ങളും രൂപം മാറ്റിയുള്ള പരിവര്‍ത്തനങ്ങളുമായിരുന്നു അവയെല്ലാം. മലയാളിയുടെ സംസ്കാരമോ അവന്റെ ജീവിത സംഘട്ടനങ്ങളോ അവയില്‍ ഒട്ടും തന്നെ പ്രതിഫലിച്ചിരുന്നതുമില്ല. സാഹസികതയിലും ഉദ്വേഗത്തിലും പരിണാമഗുപ്തിയിലും കണ്ണുവച്ച് വായനക്കാരുടെ കൌതുകത്തെ ആവോളം തൃപ്തിപ്പെടുത്താന്‍ പോന്ന വിധത്തില്‍ രചിക്കപ്പെട്ടവയായിരുന്നു ഇവയെല്ലാം. എം.ആര്‍. നാരായണപിള്ള, ബി.ജി. കുറുപ്പ്, സി. മാധവന്‍പിള്ള, പി.എസ്. നായര്‍, എന്‍.ബാപ്പുറാവു, ഇസഡ് എം. പാറേട്ട് എന്നിവര്‍ ശ്രദ്ധേയരായി മാറി. ആധുനിക കാലത്ത് കോട്ടയം പുഷ്പനാഥ്, തോമസ് ടി.അമ്പാട്ട്, വേളൂര്‍ പി.കെ. രാമചന്ദ്രന്‍, ബാറ്റന്‍ ബോസ്, ശ്യാംമോഹന്‍, ഹമീദ് തുടങ്ങിയവര്‍ അപസര്‍പ്പക നോവല്‍, കഥ രചനകളിലൂടെ ഏറെ ശ്രദ്ധേയരായവരാണ്.


(എം.കെ. സാനു, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍