This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപമാര്‍ജകങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:48, 26 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അപമാര്‍ജകങ്ങള്‍

Detergents

ജലത്തിന്റെ ധാവനശേഷി വര്‍ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പദാര്‍ഥങ്ങള്‍. അലക്കുമണ്ണ് (fullers earth) മുതലായ ചില പ്രാകൃതികവസ്തുക്കള്‍ക്കും അപമാര്‍ജകത്വഗുണം ഉണ്ടെങ്കിലും ഈ പദംകൊണ്ടു സാമാന്യമായി വിവക്ഷിക്കുന്നത് കൃത്രിമനിര്‍മിതങ്ങളായ അപമാര്‍ജകങ്ങളെയാണ്.

വസ്ത്രങ്ങളിലും മറ്റും അഴുക്കു പറ്റിപ്പിടിക്കുന്നത് അവയിന്‍മേലുള്ള മെഴുക്കു (എണ്ണ) കാരണത്താലാണ്. ആകയാല്‍ ഒരു അപമാര്‍ജകം ആര്‍ദ്രീകാരകം, എമള്‍സീകാരകം എന്നിങ്ങനെ രണ്ടു നിലകളില്‍ പ്രവര്‍ത്തിക്കുന്നു. സാധാരണയായി ഒരു അപമാര്‍ജകത്തില്‍ ഒരു 'പോളാര്‍' ഗ്രൂപ്പും ഒരു 'നോണ്‍ പോളാര്‍' ഗ്രൂപ്പും ഉണ്ടായിരിക്കും. ഇവയില്‍ ആദ്യത്തേതിനു ജലത്തോടും രണ്ടാമത്തേതിനു മെഴുക്കിനോടും ബന്ധുതയുണ്ട്. പരസ്പരബന്ധുതയുള്ള ഗ്രൂപ്പുകള്‍ അന്യോന്യം ആകര്‍ഷിക്കപ്പെടുന്നതുമൂലം മെഴുക്കിന്റെ അംശം ചെറിയ ചെറിയ കണങ്ങളായി വിഭജിക്കപ്പെട്ട് ജലവുമായി കലര്‍ന്ന് എമള്‍ഷന്‍ ഉണ്ടാകുന്നു. ഈ എമള്‍ഷനപ്രക്രിയ പുരോഗമിക്കുന്നതോടുകൂടി മെഴുക്കും ഒപ്പം അഴുക്കും ഇളകിമാറുകയും വസ്ത്രാദികള്‍ വൃത്തിയാക്കപ്പെടുകയും ചെയ്യും.

1954-വരെ വിപണിയില്‍ ലഭ്യമായിരുന്ന മനുഷ്യനിര്‍മിതമായ അപമാര്‍ജകം പ്രധാനമായും സോപ്പ് ആയിരുന്നു. അതിന്റെ അപമാര്‍ജനശേഷിയെ അതിശയിക്കുന്ന പദാര്‍ഥങ്ങള്‍ വിരളമാണ്. സോപ്പുനിര്‍മാണത്തിനു സസ്യജന്യമോ മാംസജന്യമോ ആയ എണ്ണയും കൊഴുപ്പുമാണ് ഉപയോഗിക്കുന്നത്. ഇവ ഭക്ഷ്യവസ്തുക്കളായും ഉപയോഗിക്കാവുന്നതുകൊണ്ട് സംശ്ളിഷ്ടാപമാര്‍ജകങ്ങള്‍ (synthetic detergents) ഉണ്ടാക്കുന്നതിന് വേറെ പ്രാരംഭപദാര്‍ഥങ്ങള്‍ കണ്ടുപിടിക്കേണ്ടതായി വന്നു. ക്രാക്കിങ് (cracking) പ്ളാന്റുകളില്‍നിന്നു കിട്ടുന്ന വാതകങ്ങളും ഒലിഫീനുകളും ആണ് തന്‍മൂലം ഇന്ന് അപമാര്‍ജകനിര്‍മിതിയില്‍ ഉപയോഗിക്കപ്പെടുന്ന ആരംഭവസ്തുക്കള്‍.

അപമാര്‍ജനപ്രവര്‍ത്തനത്തിനു നിദാനമായ ഗ്രൂപ്പിന്റെ സ്വഭാവമനുസരിച്ച് അപമാര്‍ജകങ്ങളെ അനയോണിക്, കാറ്റയോണിക്, നോണ്‍ അയോണിക്, ആംഫോളിറ്റിക് എന്നിങ്ങനെ നാലായിത്തിരിക്കാം. വെളിച്ചെണ്ണയില്‍നിന്ന് ഉണ്ടാക്കാവുന്ന ലൌറില്‍ ആല്‍ക്കഹോളിന്റെ (Lauryl alcohol) സോഡിയം സള്‍ഫേറ്റ് ലവണം

(C12 H25 O. SO2. ONa) അനയോണികാപമാര്‍ജകത്തിന് ദൃഷ്ടാന്തമാണ്. ഇതില്‍ ഹൈഡ്രോകാര്‍ബണ്‍ റാഡിക്കല്‍ സല്‍ഫോണിക് അമ്ള ഗ്രൂപ്പിനോട് ബന്ധപ്പെട്ടിരിക്കുന്നു. ഇത് വെളുത്ത ഒരു പൊടിയാണ്. സ്റ്റിയറില്‍ ട്രൈമെഥില്‍ അമോണിയം ബ്രോമൈഡ് [C8 H37. (CH3)3 N.Br] ഒരു കാറ്റയോണികാപമാര്‍ജകമാണ്. ഇതില്‍ ഹൈഡ്രൊകാര്‍ബണ്‍ റാഡിക്കല്‍ ഒരു ബേസിക-ഗ്രൂപ്പിനോട് ബന്ധപ്പെട്ടിരിക്കുന്നു. നോണ്‍-അയോണികാപമാര്‍ജകങ്ങളാണ് പോളി എഥിലീന്‍ ഗ്ളൈക്കോളുകള്‍. ഈ വകുപ്പില്‍പ്പെട്ടവ വിദ്യുത്-വിശ്ളേഷണത്തിനു വിധേയമാവുകയില്ല. അനയോണികഗ്രൂപ്പും കാറ്റയോണികഗ്രൂപ്പും അടങ്ങിയവയാണ് ആംഫോളിറ്റികാപമാര്‍ജകങ്ങള്‍. ഇതിന്റെ ചില പ്രവര്‍ത്തനങ്ങള്‍ അമിനൊ അമ്ളത്തിന്റേതിനു തുല്യമായിരിക്കും.

തുണികള്‍, ചായങ്ങള്‍, ലോഹം, തോല്‍, കടലാസ്, ഭക്ഷ്യസാധനങ്ങള്‍, ഔഷധം എന്നിവയുടെ നിര്‍മാണ വ്യവസായങ്ങളില്‍ അപമാര്‍ജകങ്ങളെ വിപുലമായി പ്രയോജനപ്പെടുത്തുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍