This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്‍വറുദ്ദീന്‍ ഖാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്‍വറുദ്ദീന്‍ ഖാന്‍ (ഭ.കാ. 1743-49)

കര്‍ണാട്ടിക്കിലെ നവാബ്. ഹൈദരാബാദ് നൈസാം (നൈസാമുല്‍മുല്‍ക്ക്) തന്റെ സേവകന്‍മാരില്‍ ഒരാളായിരുന്ന അന്‍വറുദ്ദീന്‍ ഖാനെ 1743-ല്‍ കര്‍ണാട്ടിക്കിലെ നവാബായി വാഴിച്ചു. ആര്‍കാട്ടായിരുന്നു നവാബിന്റെ ആസ്ഥാനം. അക്കാലത്ത് മഹാരാഷ്ട്രര്‍ കര്‍ണാട്ടിക്ക് പ്രദേശങ്ങളില്‍ നിരന്തരമായി കൊള്ളനടത്തുക പതിവായിരുന്നു. അവര്‍ കര്‍ണാട്ടിക്ക് നവാബ് ദോസ്ത് അലിയെ വധിച്ച് അദ്ദേഹത്തിന്റെ ജാമാതാവായ ചന്ദാസാഹിബിനെ തടവുകാരനാക്കി സത്താറയില്‍ പാര്‍പ്പിച്ചു. ദോസ്ത് അലിയുടെ പുത്രനായ സഫ്തര്‍ അലി അധികം താമസിയാതെ വധിക്കപ്പെട്ടു. ഈ ദുര്‍ഘടാവസ്ഥയിലാണ് അന്‍വറുദ്ദീന്‍ ഖാന്‍ നവാബായി കര്‍ണാട്ടിക്കിലെത്തിയത്. ദോസ്ത് അലിയുടെ ബന്ധുക്കളുടെയും അനുചരന്‍മാരുടെയും ശക്തിമത്തായ എതിര്‍പ്പിനെ പുതിയ നവാബിനു നേരിടേണ്ടിവന്നു. ഇക്കാലത്തു യൂറോപ്പില്‍ ആസ്റ്റ്രിയന്‍ പിന്തുടര്‍ച്ചാവകാശയുദ്ധം (1740-48) ആരംഭിച്ചതിനാല്‍, അതിന്റെ പ്രത്യാഘാതം കര്‍ണാട്ടിക്കിലുമുണ്ടായി. ഫ്രഞ്ചുകാരും ഇംഗ്ളീഷുകാരും തമ്മിലുള്ള മത്സരം കര്‍ണാട്ടിക്കിന്റെ പല ഭാഗത്തും വ്യാപിച്ചു. ഇരുകൂട്ടരും അന്‍വറുദ്ദീന്റെ പരമാധികാരത്തെ അംഗീകരിച്ചിരുന്നു. ഫ്രഞ്ചുകാര്‍ മദ്രാസ് പിടിച്ചടക്കിയപ്പോള്‍ (1746) ഇംഗ്ളീഷുകാരുടെ അഭ്യര്‍ഥനപ്രകാരം മദ്രാസ് വിട്ടുകൊടുക്കണമെന്ന് നവാബ് ഫ്രഞ്ചുകാരോട് ആജ്ഞാപിച്ചു. അവര്‍ അതു നിരസിച്ചതിനെ തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ നവാബിന്റെ വമ്പിച്ച സേനയെ, എണ്ണത്തില്‍ കുറവായിരുന്ന ഡ്യൂപ്ളേ (1696-1763)യുടെ നേതൃത്വത്തിലുള്ള ഫ്രഞ്ചുസേന തോല്പിച്ചു. ഏഴുവര്‍ഷം സത്താറാ ജയിലില്‍ കഴിഞ്ഞിരുന്ന ചന്ദാസാഹിബ് സ്വതന്ത്രനായി, നഷ്ടപ്പെട്ട സിംഹാസനം വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി തന്റെ മകന്‍ റാസാ സാഹിബിനെ പോണ്ടിച്ചേരിയില്‍ അയച്ച് ഡ്യൂപ്ളേയുമായി സന്ധിയുണ്ടാക്കി. അതനുസരിച്ച് ഡ്യൂപ്ളേയുടെയും ചന്ദാസാഹിബിന്റെയും സംയുക്ത സൈന്യം അന്‍വറുദ്ദീനെ എതിര്‍ത്തു. വെല്ലൂരിനു തെക്കുകിഴക്കുള്ള അമ്പൂരില്‍ വച്ച് 1749 ആഗ. 3-ന് നടന്ന യുദ്ധത്തില്‍ അന്‍വറുദ്ദീന്‍ ഖാന്‍ വധിക്കപ്പെട്ടു. നോ: കര്‍ണാട്ടിക് യുദ്ധങ്ങള്‍, ചന്ദാസാഹിബ്, ഡ്യൂപ്ളേ

(എം.എ. അസീസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍