This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്‍യാങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:09, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അന്‍യാങ്

Anyang

ചൈനയില്‍, ഹുആന്‍ നദീതീരത്തു സ്ഥിതിചെയ്യുന്ന പുരാവസ്തുഗവേഷണ പ്രാധാന്യമുള്ള ഒരു സ്ഥലം. പാരമ്പര്യം അനുസരിച്ച് പിആന്‍കെങ് എന്ന ശക്തനായ ഒരു ഭരണാധികാരി ജനങ്ങളെ പ്രേരിപ്പിച്ച് ഷാങ് എന്ന മഹാനഗരം നിര്‍മിച്ചുവെന്നാണു വിശ്വാസം. ചൈനാക്കാരായ വൈദ്യന്‍മാര്‍ മരുന്നുണ്ടാക്കുന്നതിനാവശ്യമായ വ്യാളി(dragon)യുടെ അസ്ഥി ഈ പ്രദേശത്തുനിന്നുമാണ് കണ്ടെടുത്തുവന്നിരുന്നത്. 1899-ല്‍ പ്രാചീനലിപികള്‍ കൊത്തിയ അസ്ഥിക്കഷണങ്ങള്‍ ചില പണ്ഡിതന്‍മാര്‍ ഈ പ്രദേശത്തുനിന്നും ഉത്ഖനനം ചെയ്തെടുത്തു. 1928-ല്‍ ഇവിടെ ശാസ്ത്രീയമായ ഖനനം ആരംഭിച്ചു. അവിടെ കണ്ടെടുത്ത 'ഷാങ്' ഗൃഹമാതൃകകള്‍ ആധുനിക ചീന ഗൃഹങ്ങള്‍ക്കു തുല്യമാണ്. പതപാകംവരുത്തിയ മണ്ണുകൊണ്ടു നിര്‍മിക്കപ്പെട്ട ദീര്‍ഘചതുരാകൃതിയിലുള്ള തളങ്ങള്‍ക്കു മുകളില്‍ കല്ലുകൊണ്ടോ, അപൂര്‍വമായി വെങ്കലത്തിലോ നിര്‍മിക്കപ്പെട്ട ആണിക്കല്ലുകളില്‍ മൂന്ന് നിരവരുന്ന തൂണുകള്‍ ഉറപ്പിച്ചിട്ടുണ്ട്; അവ താങ്ങിനില്ക്കുന്ന ഊര്‍ധ്വാഭിമുഖമായതും ത്രികോണാകൃതിയിലുള്ളതും അറ്റം കൂര്‍മ്പിച്ചതുമായ കൂരകളോടുകൂടിയ മന്ദിരങ്ങള്‍ ചൈനയിലെ വാസ്തുവിദ്യയുടെ മികച്ച മാതൃകകളാണ്.

വിസ്തൃതമായ ഒരു കൊട്ടാരത്തിന്റെയും ശില്പികളും തൊഴിലാളികളും താമസിച്ചിരുന്ന പ്രദേശത്തിന്റെയും അവശിഷ്ടങ്ങളും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. ചാമ, ചോളം, ഗോതമ്പ് എന്നിവ ഇവിടെ കൃഷി ചെയ്തിരുന്നതായും മണ്‍വെട്ടി ഉപയോഗിച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്. പ്രധാന വീട്ടുമൃഗം പന്നിയായിരുന്നുവെന്നും, ആടുമാടുകളെ വളര്‍ത്തിയിരുന്നുവെന്നും യുദ്ധത്തിനു പോകുമ്പോള്‍ രഥത്തില്‍ കുതിരയെ പൂട്ടിവന്നിരുന്നുവെന്നുമുള്ളതിന് ആവശ്യമായ തെളിവുകളുണ്ട്. അന്‍യാങ് ജനതയുടെ സാമൂഹികവും സാംസ്കാരികവുമായ ജീവിതത്തിലേക്ക് കടന്നു ചെല്ലുവാന്‍ വക നല്കുന്ന പല ലക്ഷ്യങ്ങളും ഈ പ്രദേശത്തു നടത്തിയ ഭൂഗര്‍ഭഖനനങ്ങളില്‍ നിന്നും ലഭ്യമായിട്ടുണ്ട്. അതിലൊന്ന് 'വെളിച്ചപ്പാട്-അസ്ഥി'(oracle bones)കളാണ്. ഇവ കാളയുടെ തോളെല്ലോ കാലെല്ലോ ആമ ഓട്ടിയോ ആയിരിക്കും. അവയില്‍ ദൈവത്തോടോ പരേതാത്മാക്കളോടോ ചോദിക്കുവാനുള്ള ചോദ്യങ്ങള്‍ കൊത്തിവയ്ക്കും. എന്നിട്ട് അവ ചൂടുപിടിപ്പിക്കും. അപ്പോഴുണ്ടാകുന്ന പൊട്ടലുകള്‍കൊണ്ട് വേര്‍തിരിക്കപ്പെടുന്ന അക്ഷരങ്ങളുടെ അടിസ്ഥാനത്തിലാണ് ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ അവര്‍ മനസ്സിലാക്കിക്കൊണ്ടിരുന്നുത്. ബി.സി. 14-ാം ശ. വരെയുള്ള ചൈനയുടെ ചരിത്രത്തിലേക്ക് ഈ അസ്ഥിയില്‍ കൊത്തിവച്ചിട്ടുള്ള അക്ഷരങ്ങളില്‍കൂടി കടന്നുചെല്ലാന്‍ കഴിഞ്ഞിട്ടുണ്ട്. ആ ജനതയുടെ ആശങ്കകളും അഭിലാഷങ്ങളും വിശ്വാസാചാരങ്ങളും എല്ലാം ആ അസ്ഥിക്കഷണങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ പുരാവസ്തുഗവേഷകന്‍മാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍