This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്നാ കരിനീന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്നാ കരിനീന

Anna Karenina

ലിയോ ടോള്‍സ്റ്റോയിയുടെ വിഖ്യാതമായ നോവലുകളില്‍ ഒന്ന്. യുദ്ധവും സമാധാനവും എന്ന ബൃഹത്ഗ്രന്ഥത്തിന് (1864) ശേഷം എഴുതപ്പെട്ട ഈ കൃതി 1877-ലാണ് പ്രസിദ്ധീകരിച്ചത്. പ്രണയത്തിന്റേയും ദാമ്പത്യത്തിന്റേയും മണ്ഡലങ്ങളില്‍ ജീവിതത്തെ സുഭഗമോ ദുര്‍ഭഗമോ ആക്കുന്ന ഭിന്നശക്തികളുടെ പ്രേരണയെ ഉദാഹരിക്കുമാറ് രണ്ടു മൂന്നു കുടുംബങ്ങളുടെ കഥകള്‍ കൂട്ടിയിണക്കിചേര്‍ത്ത ഒരു ഇതിവൃത്തമാണ് ഇതിനുള്ളത്. രണ്ടു കഥകളാണ് അവയില്‍ പ്രധാനം: ഒന്ന് അന്നാ കരിനീനയുടെ വിവാഹബാഹ്യമായ പ്രണയത്തിന്റെ ദുരന്തകഥ; മറ്റേത് ലെവിന്റെ ആദര്‍ശയോഗ്യമായ കുടുംബജീവിതത്തിന്റെ കഥ. കരിനീന പീറ്റേഴ്സ്ബര്‍ഗിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ ഭാര്യയാണ്. മോസ്കോയില്‍വച്ച് അവള്‍ വ്രോന്‍സ്കി എന്നൊരു രസികന്റെ കാമുകിയായിത്തീര്‍ന്നു. അവരുടെ അവിഹിതബന്ധം കരിനീനയുടെ കുടുംബത്തിന്റെ താളം തെറ്റിച്ചു; അന്നയ്ക്കു വ്രോന്‍സ്കിയുടെ പേരില്‍ തോന്നിയ ദുശ്ശങ്കയോടുകൂടി അവളുടെ സമനിലയും നിശ്ശേഷം തെറ്റി. ഒടുവില്‍ ആത്മഹത്യയിലാണ് അവള്‍ മോചനം കണ്ടെത്തിയത്.

മറ്റേക്കഥയില്‍ ക്ഷമിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മനുഷ്യാത്മാക്കളെയാണ് ചിത്രീകരിച്ചിരിക്കുന്നത്. സരളശീലനും ആദര്‍ശനിഷ്ഠനുമായ ലെവിന്‍, ടോള്‍സ്റ്റോയിയുടെ തന്നെ ഒരു പകര്‍പ്പാണ്. ഉപയോഗപ്രദങ്ങളായ പ്രവൃത്തികളിലൂടെ സ്വയം കാണാനുള്ള അയാളുടെ ശ്രമം സ്വന്തം എസ്റ്റേറ്റില്‍ ടോള്‍സ്റ്റോയ് ഒരു ഘട്ടത്തില്‍ ചെയ്ത ശ്രമത്തിനു സമാന്തരമായി നിലകൊള്ളുന്നു. നോവലില്‍ അവതരിപ്പിച്ചിട്ടുള്ള നിരവധി ഉപകഥാപാത്രങ്ങള്‍ ഇതിവൃത്തത്തിന് യാഥാര്‍ഥ്യപ്രതീതി കൈവരുത്തുന്നു. സജീവമായ ഒരു സമഗ്രസമൂഹത്തെ സൃഷ്ടിക്കാനുള്ള ടോള്‍സ്റ്റോയിയുടെ പ്രത്യേക വൈഭവം ഇവിടെയും ദൃശ്യമാകുന്നു. ഇദ്ദേഹം ചിത്രീകരിച്ചിരിക്കുന്ന അന്നാ കരിനീനയുടെ ലോകം 19-ാം ശ.-ത്തിലെ റഷ്യയുടെ ഒരു കൊച്ചു പതിപ്പാണ്. അന്നത്തെ റഷ്യന്‍ സമൂഹജീവിതത്തിലെ ആചാരമര്യാദകളുമായി വൈകാരികൈക്യം പ്രാപിക്കുവാന്‍ കഴിയുന്ന അനുവാചകന് മാത്രമേ അന്നയുടെ വൈവാഹികവും വിവാഹബാഹ്യവുമായ ജീവിതത്തിന്റെ ഉത്ക്കടത അനുഭവപ്പെടുകയുളളു. സമൂഹത്തില്‍ പടര്‍ന്നുപിടിക്കുന്നതായി കണ്ട ദൂഷ്യങ്ങളുടേയും ആദര്‍ശപരമായ ജീവിതത്തിന്റേയും മാതൃകകള്‍ ഗ്രന്ഥകര്‍ത്താവ് ഈ കൃതിയില്‍ കലാസുഭഗമായി വരച്ചു കാണിച്ചിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍