This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്നാപൊലിസ് കണ്‍വെന്‍ഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:13, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അന്നാപൊലിസ് കണ്‍വെന്‍ഷന്‍

Annapolis Convention

വാണിജ്യകാര്യങ്ങളില്‍ യു.എസ്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഭിന്നതകള്‍ അവസാനിപ്പിച്ച് കൂടുതല്‍ മെച്ചമായ വ്യവസ്ഥകള്‍ക്ക് രൂപം കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി 1786 സെപ്. 11-ന് മേരിലന്‍ഡ് സ്റ്റേറ്റിലെ അന്നാപൊലിസില്‍ വച്ച് നടത്തിയ സമ്മേളനം.

ചെസാപീക്ക് ഉള്‍ക്കടലിലേയും പൊട്ടോമാക്ക് നദിയിലേയും ഗതാഗതം സംബന്ധിച്ച് പരസ്പരവിരുദ്ധങ്ങളായ നിയമങ്ങളാണ് മേരിലന്‍ഡിലേയും വിര്‍ജീനിയയിലേയും പ്രതിനിധിസഭകള്‍ പാസ്സാക്കിയിരുന്നത്. അതുകൊണ്ട് ആ രണ്ടു സ്റ്റേറ്റുകള്‍ തമ്മില്‍ വലിയ അഭിപ്രായഭിന്നതകള്‍ നിലവിലിരുന്നു. ആ ഭിന്നതകള്‍ അവസാനിപ്പിക്കുന്നതിനുള്ള ഒരു ശ്രമമെന്ന നിലയ്ക്ക്, 1785-ല്‍ അലക്സാണ്ട്രിയയില്‍ രണ്ടു സ്റ്റേറ്റുകളുടേയും പ്രതിനിധികള്‍ സമ്മേളിച്ചു. തുടര്‍ന്ന് എല്ലാ സ്റ്റേറ്റുകളുടേയും പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് കൂടുതല്‍ വിപുലമായ ഒരു സമ്മേളനം അന്നാപൊലിസില്‍വച്ച് നടത്തണമെന്ന പ്രസിഡന്റ് ജെയിംസ് മാഡിസന്റെ (1751-1836) നിര്‍ദേശം വിര്‍ജീനിയ നിയമസഭ അംഗീകരിക്കുകയും എല്ലാ സ്റ്റേറ്റുകള്‍ക്കും ക്ഷണക്കത്തുകള്‍ അയയ്ക്കുകയും ചെയ്തു.

ഒന്‍പതു സ്റ്റേറ്റുകള്‍ പ്രതിനിധികളെ അയയ്ക്കാമെന്ന് ഏറ്റിരുന്നുവെങ്കിലും, അവയില്‍ അഞ്ച്-വിര്‍ജീനിയ, ഡെലാവേര്‍, പെന്‍സില്‍വേനിയ, ന്യൂജേഴ്സി, ന്യൂയോര്‍ക്ക്-മാത്രമേ പ്രതിനിധികളെ 1786 സെപ്. 11-ന് അന്നാപൊലിസിലേക്ക് അയച്ചുള്ളു. വാണിജ്യപരമായി കാതലായ എന്തെങ്കിലും തീരുമാനങ്ങള്‍ എടുക്കാന്‍ സമ്മേളനത്തിന് കഴിഞ്ഞില്ല. അന്നു നിലവിലുള്ള അമേരിക്കന്‍ ഭരണഘടനയുടെ കുറവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അത് പരിഹരിക്കുന്നതിനുവേണ്ടി എല്ലാ സ്റ്റേറ്റ് പ്രതിനിധികളും ഒരു മേശയ്ക്കു ചുറ്റുമിരുന്നു ചിന്തിക്കേണ്ടതാണെന്നുള്ള അലക്സാണ്ടര്‍ ഹാമില്‍ട്ടന്റെ നിര്‍ദേശം സെപ്. 14-ന് സമ്മേളനം പിരിയുന്നതിനു മുമ്പായി അംഗീകരിച്ചു എന്നുള്ളതാണ് സമ്മേളനത്തിന്റെ ഏക നേട്ടം. യു.എസ്സിന്റെ അന്നത്തെ സ്ഥിതി കണക്കിലെടുക്കുമ്പോള്‍ ഭരണഘടനയുടെ പോരായ്മകള്‍ മനസ്സിലാക്കി അടിയന്തിരപരിഹാരം കാണേണ്ടതാണെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് കണ്‍വെന്‍ഷന്‍ അവസാനിച്ചത്.

(ഡോ. എ.കെ. ബേബി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍