This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്നമാചാര്യ, താള്ളപ്പാക്കല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്നമാചാര്യ, താള്ളപ്പാക്കല്‍ (1408 - 1503)

തെലുഗു കവി. ആന്ധ്രയില്‍ തിരുപ്പതിക്കടുത്തുള്ള താള്ളപ്പാക്കല്‍ ഗ്രാമത്തില്‍ ഒരു ബ്രാഹ്മണകുടുംബത്തില്‍ ജനിച്ചു. സംസ്കൃതപണ്ഡിതന്‍മാരുടേയും കവികളുടേയും സാന്നിധ്യംകൊണ്ട് ധന്യമായിരുന്ന കുടുംബാന്തരീക്ഷം അന്നമാചാര്യയുടെ കലാബോധത്തേയും കാവ്യപ്രതിഭയേയും ഉണര്‍ത്തുവാന്‍ സഹായകമായിരുന്നു. 95 വര്‍ഷക്കാലം ജീവിച്ച ഈ മഹാകവി, തെലുഗു ഭക്തിസാഹിത്യത്തിന് മഹത്തായ സംഭാവനകള്‍ നല്കി. 1503-ല്‍ അന്തരിച്ചു.

അന്നമാചാര്യ തള്ളപ്പാക്കല്‍

തെലുഗു സാഹിത്യത്തില്‍ കീര്‍ത്തനപ്രസ്ഥാനത്തിന്റെ ഉദ്ഘാടകനാണ് ഈ കവി. തിരുപ്പതിയിലെ ശ്രീവെങ്കിടേശ്വരനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഇദ്ദേഹത്തിന്റെ കീര്‍ത്തനങ്ങള്‍ ഭക്തിരസത്തിന്റേയും കാവ്യസൌന്ദര്യത്തിന്റേയും ഉത്കൃഷ്ടമാതൃകകളാണ്. സംസ്കൃതത്തിലും തെലുഗിലുമായി ഇദ്ദേഹം 32,000 കീര്‍ത്തനങ്ങള്‍ രചിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമേ 105 ശ്ളോകങ്ങളുള്‍ക്കൊള്ളുന്ന ഒരു ശതകവും ഇദ്ദേഹം തെലുഗില്‍ നിര്‍മിച്ചിട്ടുണ്ട്.

വെങ്കിടാചലമാഹാത്മ്യം, ദ്വിപദരാമായണം എന്ന രണ്ടു ബൃഹത്കൃതികള്‍ ഇദ്ദേഹം സംസ്കൃതത്തില്‍ രചിച്ചിട്ടുള്ളതായി പരാമര്‍ശങ്ങളുണ്ടെങ്കിലും അവ കണ്ടുകിട്ടിയിട്ടില്ല. അന്നമാചാര്യ രചിച്ച താരാട്ടുപാട്ടുകളും ഭക്തിഗാനങ്ങളും ഗുരുശിഷ്യ സംവാദരൂപത്തിലുള്ള ദാര്‍ശനിക കവിതകളും ആന്ധ്രദേശത്ത് കുടില്‍ മുതല്‍ കൊട്ടാരം വരെ പ്രചരിച്ചിട്ടുണ്ട്.

നല്ലൊരു ഗായകനും സംഗീതശാസ്ത്രജ്ഞനും കൂടിയായിരുന്നു ഈ കവി. ഇദ്ദേഹം എഴുതിയ സങ്കീര്‍ത്തനലക്ഷണം എന്ന സംഗീതശാസ്ത്രഗ്രന്ഥം ഇന്നും ഈ വിഷയത്തിലുള്ള ഏറ്റവും മികച്ച ആധികാരിക ഗ്രന്ഥങ്ങളില്‍ ഒന്നാണ്.

അന്നമാചാര്യയുടെ സഹധര്‍മിണി തിമ്മക്ക നല്ലൊരു കവയിത്രിയായിരുന്നു; പുത്രന്‍ പെദതിരുമലയ്യ അനുഗൃഹീതനായൊരു ഗായകകവിയും പണ്ഡിതനും. ഈ മൂന്നു പേരുടേയും സാഹിത്യസംഭാവനകള്‍ തെലുഗുസാഹിത്യത്തെ വളരെയധികം സമ്പുഷ്ടമാക്കാന്‍ സഹായിക്കുകയുണ്ടായി. അന്നമാചാര്യയുടെ പ്രധാന കീര്‍ത്തനങ്ങളെല്ലാം താള്ളപ്പാക്കം കീര്‍ത്തനകോശമു എന്ന ഗ്രന്ഥത്തില്‍ സമാഹരിച്ചിട്ടുണ്ട്. ഈ ഗ്രന്ഥം തിരുപ്പതി ദേവസ്ഥാനത്തില്‍ സൂക്ഷിച്ചിരിക്കുന്നു.

(അഡപ്പാ രാമകൃഷ്ണ റാവു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍