This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്ത്യോഖ്യ (അന്റാക്കിയ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്ത്യോഖ്യ (അന്റാക്കിയ)

Antioch

തുര്‍ക്കിയിലെ ഹാതായ് പ്രവിശ്യയുടെ തലസ്ഥാനം. 36° 10' വ., 36° കി. സിറിയന്‍ അതിര്‍ത്തിയോടടുത്ത്, ഓറോന്‍ടിസ് നദിയുടെ കിഴക്കേകരയില്‍ ഹബീബ്-നെക്കാര്‍ പര്‍വതത്തിന്റെ താഴ്വാരത്തില്‍, മെഡിറ്ററേനിയന്‍ തീരത്തുനിന്ന് 32 കി.മീ. ഉള്ളിലായാണ് നഗരം സ്ഥിതിചെയ്യുന്നത്. നഗരത്തില്‍നിന്നും മെഡിറ്ററേനിയനിലേക്ക് ശരിക്കു യാത്രാമാര്‍ഗങ്ങളില്ല. നഗരത്തിനു കി.-ഉം വ.-ഉം വിസ്തൃതമായ സമതലപ്രദേശങ്ങളുണ്ട്. തെ. ഭാഗത്തുള്ള മലനിരകളിലെ 'സിറിയന്‍ കവാടം' (Syrian Gate) എന്നറിയപ്പെടുന്ന ബെലന്‍ മലമ്പാതയാണ് ഏഷ്യാമൈനറിനേയും മെസപ്പോട്ടേമിയേയും ബന്ധിപ്പിക്കുന്ന ഏകയാത്രാപഥം. അന്താരാഷ്ട്രപ്രാധാന്യമുള്ള ഒരു ഗതാഗതമാര്‍ഗമാണിത്.
അന്ത്യോഖ്യ :ഓറോന്‍ടിസ് നദിക്കരയിലെ നഗരദൃശ്യം

ഭൂകമ്പമേഖലയാണ് അന്ത്യോഖ്യ. എ.ഡി. 526-ലുണ്ടായ ഭൂചലനംമൂലം നഗരം ഒട്ടുമുക്കാലും നശിപ്പിക്കപ്പെട്ടു. റോമന്‍-പേര്‍ഷ്യന്‍ മാതൃകയിലുള്ള കരിങ്കല്ലു കെട്ടിടങ്ങളും വളഞ്ഞു വീതികുറഞ്ഞ നിരത്തുകളും ഇവിടെകാണാം. ഓറോന്‍ടിസ് നദിയുടെ പടിഞ്ഞാറേ കരയിലേക്കും നഗരം വ്യാപിച്ചിട്ടുണ്ട്. നിര്‍മലമായ മെഡിറ്ററേനിയന്‍ കാലാവസ്ഥയാണ് ഇവിടെയുള്ളത്.

വാണിജ്യപ്രാധാന്യമുള്ള ഈ നഗരം ഗോതമ്പ്, പഞ്ഞി, ഫലവര്‍ഗങ്ങള്‍ എന്നിവയുടെ വിപണനകേന്ദ്രമാണ്. വീഞ്ഞ്, സോപ്പ്, ഒലീവെണ്ണ, പട്ട്, തുകല്‍സാധനങ്ങള്‍ തുടങ്ങിയവ ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നു. തുര്‍ക്കിയുടെ വടക്കന്‍തീരത്തെ നഗരങ്ങളേയും കി. ആലപ്പോയേയും സിറിയയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളും അന്ത്യോഖ്യയില്‍ സന്ധിക്കുന്നു. നഗരത്തിനു തെക്കുള്ള ഡാഫ്‍നെ നദിയുടെ വെള്ളച്ചാട്ടങ്ങള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

ചരിത്രം. സിറിയയിലെ ഗ്രീക്കു രാജാക്കന്മാരുടെ തലസ്ഥാനനഗരിയെന്ന നിലയ്ക്ക് ചരിത്രപ്രസിദ്ധമാണ് അന്ത്യോഖ്യ. സെലൂക്കസ് നിക്കേറ്റര്‍ ബി.സി. 300-ല്‍ തന്റെ പിതാവായ അന്ത്യോക്കസിന്റെ സ്മാരകമായി ഈ നഗരം നിര്‍മിച്ചു. വളരെക്കാലത്തോളം റോമിനോട് കിടപിടിക്കത്തക്കവിധത്തില്‍ മനോഹരമായിരുന്ന ഈ നഗരത്തെ 'പൂര്‍വദേശത്തെ രാജ്ഞി' എന്നു വിളിച്ചുവന്നു.

അന്റിഗോണിയയില്‍നിന്ന് വന്നവരായിരുന്നു നഗരത്തിലെ ആദ്യകാലനിവാസികള്‍. ബൈബിളിലെ പുതിയനിയമത്തില്‍ അന്ത്യോഖ്യ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ക്രിസ്തുമതത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമെന്ന നിലയ്ക്ക് ഇവിടം പ്രസിദ്ധമായിത്തീര്‍ന്നു. ക്രിസ്തുവിന്റെ അനുയായികള്‍ക്ക് ക്രിസ്ത്യാനികള്‍ എന്ന സംജ്ഞ കിട്ടിയത് ഇവിടെവച്ചാണ്. ക്രൈസ്തവ മിഷനറി പ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രമെന്ന നിലയ്ക്ക് പ്രശസ്തിയാര്‍ജിച്ച ഈ നഗരത്തെ എ.ഡി. 538-ല്‍ പേര്‍ഷ്യാക്കാര്‍ ആക്രമിച്ചുനശിപ്പിച്ചു. എ.ഡി. 638-ല്‍ അറബികളുടെ കൈവശമായതോടെ നഗരം ക്ഷയിക്കാന്‍ തുടങ്ങി. വീണ്ടും ക്രിസ്ത്യാനികളുടേതായിത്തീര്‍ന്ന അന്ത്യോഖ്യ 1098 മുതല്‍ 1268 വരെ പ്രൌഢിയോടെ നിലനിന്നു. പിന്നീട് ഈജിപ്തിലെ ബിബര്‍സ് I-ാമന്റെ അധീനത്തിലായതോടെ ഇതിന്റെ പുരോഗതി മന്ദീഭവിച്ചു. 1401-ല്‍ ടൈമൂര്‍ നഗരം ആക്രമിച്ചു നശിപ്പിച്ചു. ബെര്‍ട്രണ്ടന്‍ദെലാബ്രോക്വായര്‍ എന്ന സഞ്ചാരി 1432-ല്‍ ഇവിടം സന്ദര്‍ശിക്കുമ്പോള്‍ 300 വീടുകളെ ഉണ്ടായിരുന്നുള്ളുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

തുര്‍ക്കി സുല്‍ത്താനായ സലിം I (1470-1520) 1516-ല്‍ അന്ത്യോഖ്യ ആക്രമിച്ച് ഒട്ടോമന്‍ (ഉസ്മാനിയാ) സാമ്രാജ്യത്തിന്റെ ഭാഗമാക്കി. ഒന്നാം ലോകയുദ്ധംവരെ ഈ സ്ഥിതിയിലായിരുന്നു. പിന്നീട് നഗരം ഫ്രഞ്ച് മാന്‍ഡേറ്റിന്റെ കീഴില്‍ സിറിയയുടേതായി. ടര്‍ക്കോ-ഫ്രഞ്ച് കരാറിന്റെ ഫലമായി 1939 ജൂണ്‍ 23-ന് അന്ത്യോഖ്യ തുര്‍ക്കിയുടെ ഭാഗമായി.

ക്രൈസ്തവ സഭാചരിത്രത്തില്‍ സുന്നഹദോസുകള്‍ക്ക് പ്രസിദ്ധി കേട്ടതാണിവിടം. മറൊനൈറ്റ്, മെല്‍ക്കൈറ്റ്, യാക്കോബൈറ്റ് എന്നീ മതവിഭാഗങ്ങളിലെ മൂന്നു പാത്രിയര്‍ക്കീസ്മാരെക്കൂടാതെ ഗ്രീക് പാത്രിയര്‍ക്കീസും, സിറിയന്‍ പാത്രിയര്‍ക്കീസും അന്ത്യോഖ്യയിലുണ്ട് (നോ: അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമാര്‍). അപ്പോസ്തലനായ പൌെലോസ് ഇവിടം കേന്ദ്രമാക്കിയാണ് സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. എ.ഡി. 4-ാം ശ.-ത്തിലേതെന്നു കരുതപ്പെടുന്ന ഇരുപത്തൊന്നോളം പള്ളികളുടെ അവശിഷ്ടങ്ങള്‍ അന്ത്യോഖ്യയില്‍നിന്നും പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍