This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്ത്യോക്കസ് (അന്റിയോക്കസ്)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:45, 25 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അന്ത്യോക്കസ് (അന്റിയോക്കസ്)

Antiochus

സെലൂസിദ് വംശ(ബി.സി. 312-64)ത്തിലെ പതിമൂന്നു രാജാക്കന്‍മാര്‍ ഈ പേരിലറിയപ്പെടുന്നു. അന്ത്യോക്കസ് I സോട്ടര്‍ സെലൂസിദ് വംശസ്ഥാപകനായ സെലൂക്കസ് നിക്കേറ്ററു(ബി.സി. 358-280)ടെ വധത്തെ തുടര്‍ന്ന് അന്ത്യോക്കസ് I-ാമന്‍ (ബി.സി. 324-261) സെലൂസിദ് രാജാവായി. അന്ത്യോക്കസ് സോട്ടര്‍ എന്ന പേരിലറിയപ്പെടുന്ന ഇദ്ദേഹം ബി.സി. 280 മുതല്‍ 261 വരെ നാടുഭരിച്ചു. വടക്കുനിന്ന് ഗോള്‍വര്‍ഗക്കാരും തെക്കുനിന്ന് ടോളമിയുടെ നേതൃത്വത്തിലുള്ള ഈജിപ്ഷ്യന്‍ സൈന്യവും ഇദ്ദേഹത്തെ എതിര്‍ത്തു. എങ്കിലും ഈ രണ്ടാക്രമണങ്ങളെയും അന്ത്യോക്കസ് ചെറുത്തുനിന്നു; സെലൂസിദ് സാമ്രാജ്യത്തെ യാതൊരു കോട്ടവും കൂടാതെ ഇദ്ദേഹം നിലനിര്‍ത്തി.

അന്ത്യോക്കസ് II തിയോസ്. (ബി.സി. 287-247). ബി.സി. 261 മുതല്‍ 247 വരെ അന്ത്യോക്കസ് II-ാമന്‍ സെലൂസിദ് സാമ്രാജ്യം ഭരിച്ചു. ഇദ്ദേഹത്തിന്റെ ഭരണകാലത്തും ഈജിപ്ഷ്യന്‍ ആക്രമണമുണ്ടായി. ടോളമി ഫിലാഡല്‍ഫസിന്റെ പുത്രിയായ ബെറിണിസിനെ അന്ത്യോക്കസ് II-ാമന്‍ വിവാഹം ചെയ്തതിനെത്തുടര്‍ന്ന് ഈജിപ്തുമായുള്ള യുദ്ധം ഒത്തുതീര്‍പ്പിലെത്തി.

മഹാനായ അന്ത്യോക്കസ് III. ഈ വംശത്തിലെ മൂന്നാമത്തെ രാജാവായ അന്ത്യോക്കസ് III (ബി.സി. 242-187) പ്രസിദ്ധനായ രാജാവായിരുന്നു. മഹാനായ അന്ത്യോക്കസ് (ഭ.കാ. 223-187) എന്ന പേരില്‍ ഇദ്ദേഹം ചരിത്രത്തില്‍ അറിയപ്പെടുന്നു. അന്ത്യോക്കസ് II-ാമന്റെ അനന്തരവനായിരുന്നു ഇദ്ദേഹം. മൊളോണ്‍ (Molon) അക്കേയസ് (Achaeus) എന്നിവരുടെ ആക്രമണങ്ങളെ ഇദ്ദേഹം ചെറുത്തുനിന്നു. എങ്കിലും റാഫിയയില്‍വച്ച് ഈജിപ്ഷ്യന്‍ സൈന്യം ഇദ്ദേഹത്തെ തോല്പിച്ചു (217).

ബി.സി. 212 മുതല്‍ 205 വരെ അന്ത്യോക്കസ് III പാര്‍ത്തിയന്‍മാര്‍, ബാക്ട്രിയന്‍മാര്‍ എന്നിവരുമായി നിരന്തരം യുദ്ധത്തിലേര്‍പ്പെട്ടു. തന്നെ മുന്‍പ് തോല്പിച്ച (217) ഈജിപ്തുകാരോട് പ്രതികാരം ചെയ്യാന്‍ അന്ത്യോക്കസ് III തീരുമാനിച്ചു. വമ്പിച്ച സൈന്യവുമായി 198-ല്‍ അദ്ദേഹം ഈജിപ്ഷ്യന്‍ സൈന്യത്തോടേറ്റുമുട്ടി; അവരെ തോല്പിച്ചു. പലസ്തീന്‍, കൊയിലെ-സിറിയ എന്നീ രാജ്യങ്ങള്‍ സെലൂസിദ് സാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ത്തു. ഇതോടുകൂടി നഷ്ടപ്പെട്ട സെലൂസിദ് സാമ്രാജ്യഭാഗങ്ങള്‍ മുഴുവന്‍ ഇദ്ദേഹം തിരിച്ചുപിടിച്ചു. വിശ്രുതനായിരുന്ന ഹാനിബാള്‍ (247-183) ഇദ്ദേഹത്തിന്റെ കീഴില്‍ അഭയാര്‍ഥിയായി കഴിച്ചുകൂട്ടിയിട്ടുണ്ട്. 192-ല്‍ അന്ത്യോക്കസ് III-ാമന്‍ വീണ്ടും ആക്രമണം ആരംഭിച്ചു. ഈറ്റോലിയന്‍ ലീഗി(Aetolian League)ന്റെ ക്ഷണപ്രകാരം ഇദ്ദേഹം ഗ്രീസില്‍ കൂടി റോമിന്ന് അഭിമുഖമായി നീങ്ങി. റോമാക്കാര്‍ പിന്‍വാങ്ങാന്‍ അഭ്യര്‍ഥിച്ചെങ്കിലും അന്ത്യോക്കസ് III-ാമന്‍ അതു വകവയ്ക്കാതെ മുന്നോട്ടു നീങ്ങി. തത്ഫലമായി റോമന്‍ സൈന്യം അന്ത്യോക്കസ് III-ാമനെ തെര്‍മോപെലെ യുദ്ധത്തില്‍ തോല്പിച്ചു. അടുത്ത വര്‍ഷം തന്നെ റോമന്‍ സൈന്യമേധാവിയായിരുന്ന എല്‍സിപ്പിയോ ഏഷ്യാമൈനറിലെ മഗ്നീഷ്യയില്‍വച്ച് വീണ്ടും അന്ത്യോക്കസിനെ പരാജയപ്പെടുത്തി. ഈ രണ്ടു പരാജയങ്ങളെ തുടര്‍ന്ന് അന്ത്യോക്കസ് സന്ധിക്കപേക്ഷിച്ചു. സന്ധിവ്യവസ്ഥപ്രകാരം ഇദ്ദേഹത്തിന് തന്റെ സൈന്യവും ടോറസിന് പടിഞ്ഞാറുള്ള ഭാഗവും നഷ്ടപ്പെട്ടു. റോമാക്കാര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാന്‍ ഇദ്ദേഹം എലിമെയിസ് ക്ഷേത്രം കൊള്ളയടിച്ചു. ഈ അവസരത്തില്‍ (ബി.സി. 187) അന്ത്യോക്കസ് വധിക്കപ്പെട്ടു. സെലൂസിദ് വംശത്തിന്റെ സുവര്‍ണകാലവും അധഃപതനത്തിന്റെ ആരംഭവും ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു.

അന്ത്യോക്കസ് IV എപ്പിഫനസ് (ബി.സി. 212-163) ബി.സി. 175 മുതല്‍ 163 വരെ അന്ത്യോക്കസ് IV-ാ മന്‍ സെലൂസിദ് രാജ്യം ഭരിച്ചു. ഇദ്ദേഹത്തിനും ഈജിപ്തുകാരുമായി നിരന്തരം യുദ്ധത്തിലേര്‍പ്പെടേണ്ടിവന്നു (171-168). ഈ യുദ്ധംമൂലം പലസ്തീനും കൊയിലെ-സിറിയയും തിരിച്ചുപിടിക്കാന്‍ അന്ത്യോക്കസ് IV-ാമന് കഴിഞ്ഞു. അലക്സാന്‍ഡ്രിയ പിടിച്ചെടുക്കാനുള്ള ശ്രമം റോമാക്കാരിടപെട്ട് വിഫലമാക്കി. ജൂതരില്‍ ഗ്രീക്കുസംസ്കാരം അടിച്ചേല്പിക്കാന്‍ ഇദ്ദേഹം തീവ്രയത്നം നടത്തി. ഈ സംരംഭത്തില്‍ നിരവധി ജൂതരെ കൂട്ടക്കൊല ചെയ്യേണ്ടിവന്നു. ഈ കൂട്ടക്കൊലയാണ് മക്കാബിയന്‍ലഹള(Maccabaen revolt)യ്ക്ക് കാരണമായത്. 163-ല്‍ പേര്‍ഷ്യന്‍ ആക്രമണത്തിന് തയ്യാറെടുത്തുകൊണ്ടിരിക്കുമ്പോള്‍ ഇദ്ദേഹം നിര്യാതനായി.

അന്ത്യോക്കസ് IV-ാമന്റെ മകനായ അന്ത്യോക്കസ് V അന്ത്യോക്കസ്യുപേറ്റര്‍ എന്ന പേരില്‍ ബി.സി. 163 മുതല്‍ 162 വരെ സെലൂസിദ് രാജ്യം ഭരിച്ചു. ഇദ്ദേഹത്തെ തുടര്‍ന്ന് അന്ത്യോക്കസ് VI-ാ മന്‍ 145 മുതല്‍ 142 വരെ നാടു ഭരിച്ചു. അന്ത്യോക്കസ് എപ്പിഫെനസ്ഡയോണിസസ് എന്നാണ് യഥാര്‍ഥനാമം. അനന്തരം അന്ത്യോക്കസ് VII-ാമന്‍ 138 മുതല്‍ 129 വരെ സെല്യൂസിദ് രാജ്യം ഭരിച്ചു. ബി.സി. 133-ല്‍ ജറുസലം തീവച്ചു നശിപ്പിച്ചത് ഇദ്ദേഹമാണ്. 123 മുതല്‍ 121 വരെ മാതാവായ ക്ളിയോപാട്രയുടെ സഹായത്തോടെ അന്ത്യോക്കസ് VIII-ാമന്‍ സെലൂസിദ് രാജ്യം ഭരിച്ചു. 121 മുതല്‍ 115 വരെ ഇദ്ദേഹം, സ്വതന്ത്രമായി രാജ്യഭരണം നടത്തി. അന്ത്യോക്കസ് IX-ാമന്‍ 95-ല്‍ അന്തരിച്ചു. 95 മുതല്‍ 93 വരെ രണ്ടുവര്‍ഷം അന്ത്യോക്കസ് X-ാമന് ഭരിക്കാന്‍ കഴിഞ്ഞു. എന്നാല്‍ അന്ത്യോക്കസ് VIII-ാമന്റെ മകനായ അന്ത്യോക്കസ് XI-ാമന് കുറച്ചു ദിവസം മാത്രമേ ഭരിക്കാന്‍ കഴിഞ്ഞുള്ളു. ഇദ്ദേഹത്തിന്റെ സഹോദരനായിരുന്നു അന്ത്യോക്കസ് XII. അന്ത്യോക്കസ് X-ാമന്റെ മകനായ അന്ത്യോക്കസ് XIII-ാമന്‍ 69-ല്‍ രാജാവായി. പോംപി 65-ല്‍ ഇദ്ദേഹത്തെ തോല്പിച്ചു വധിച്ചു. ഇതോടുകൂടി സെലൂസിദ് വംശവും അവസാനിച്ചു. നോ: സെലൂസിദ് വംശം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍