This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്താരാഷ്ട്ര വിദ്യാഭ്യാസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:25, 25 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അന്താരാഷ്ട്ര വിദ്യാഭ്യാസം

International Education

രാഷ്ട്രങ്ങള്‍ തമ്മില്‍ പരസ്പരബഹുമാനവും ധാരണയും വളര്‍ത്തുന്നതിന് സഹായകമായ വിദ്യാഭ്യാസം. അന്താരാഷ്ട്ര സംഘടനയായ ഐക്യരാഷ്ട്രസമിതിയുടെ ഒരു ഉപസമിതിയായ യുനെസ്കോയുടെ ഏറ്റവും പ്രധാനമായ പരിപാടികളില്‍ ഒന്നാണിത്. ലക്ഷ്യബോധത്തോടെ ആസൂത്രണം ചെയ്യപ്പെടുന്ന ഒരു വിദ്യാഭ്യാസ പദ്ധതിക്കു മാത്രമേ ഈ കൃത്യം നിര്‍വഹിക്കുവാന്‍ സാധ്യമാകുകയുള്ളു. കുട്ടികള്‍ സ്വന്തം രാജ്യത്തോടു സ്നേഹവും കൂറുമുള്ള പൌരന്മാരായി വളരുന്നതോടൊപ്പം തന്നെ ലോകപൌരന്മാരായിത്തീരാനുള്ള പരിശീലനവും വിദ്യാഭ്യാസം മുഖേന ആര്‍ജിക്കേണ്ടതാണ്. പാഠ്യപദ്ധതിയില്‍ ഇതിന് ഉതകുന്ന വിജ്ഞാനാംശങ്ങള്‍ അതതു വിഷയങ്ങളില്‍ ഉള്‍പ്പെടുത്തണം. ഇന്നു മിക്കരാജ്യങ്ങളിലെയും വിദ്യാലയങ്ങളില്‍ ചരിത്രം, ഭൂമിശാസ്ത്രം മുതലായ സാമൂഹികപാഠങ്ങളുടെ പരിധിയില്‍ അന്താരാഷ്ട്രബോധം വളര്‍ത്താന്‍ ഉപകരിക്കുന്ന പല സംഗതികളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അവയില്‍ പ്രധാനം താഴെപറയുന്ന മൂന്നു വിജ്ഞാനമേഖലകളെ കേന്ദ്രീകരിച്ചുള്ളവയാണ്. (1) ഐക്യരാഷ്ട്ര സമിതിയും അതിന്റെ ഘടകസമിതികളും; (2) ലോകത്തിലെ ഇതരരാഷ്ട്രങ്ങള്‍; (3) മനുഷ്യാവകാശങ്ങള്‍.

മറ്റു രാഷ്ട്രങ്ങളോടും ജനതകളോടും സഹിഷ്ണുതാമനോഭാവം ഉണ്ടാക്കുകയാണ് അന്താരാഷ്ട്ര വിദ്യാഭ്യാസത്തിന്റെ ആദ്യത്തെ ലക്ഷ്യം. പാഠ്യപദ്ധതിയില്‍ തദനുസരണമായ പല വിഷയങ്ങളും ഉള്‍പ്പെടുത്തിയാലും അവ പഠിപ്പിക്കുന്ന അധ്യാപകരെ ആശ്രയിച്ചാണ് ആ പരിപാടിയുടെ ജയാപജയങ്ങള്‍ നിലകൊള്ളുന്നത്. ജപ്പാന്റെയോ റഷ്യയുടെയോ മറ്റോ ഭൂമിശാസ്ത്രമോ ചരിത്രമോ പഠിപ്പിക്കുന്ന ഒരു അധ്യാപകന് ആ രാഷ്ട്രങ്ങളിലെ ജീവിതരീതി, ആചാരമര്യാദകള്‍, വസ്ത്രധാരണം മുതലായവയോട് ഒരു അനുഭാവവും വിശാലസമീപനവും ഇല്ലെങ്കില്‍ അധ്യേതാക്കളില്‍ അവയെക്കുറിച്ച് അവജ്ഞയും പുച്ഛവും ജനിക്കുവാന്‍ ഇടയുണ്ട്. ആയതിനാല്‍ അന്താരാഷ്ട്ര വിഷയങ്ങളോടുള്ള അധ്യാപകന്റെ മനോഭാവം അന്താരാഷ്ട്ര വിദ്യാഭ്യാസത്തിന്റെ വിജയത്തിന് അവശ്യം ആവശ്യമായ ഒരു ഘടകമാണ്. ലോകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഭൂകമ്പമോ വെള്ളപ്പൊക്കമോ മൂലമുണ്ടാകുന്ന മനുഷ്യദുരിതങ്ങളില്‍ സ്വന്തം ജനതയ്ക്കും രാഷ്ട്രത്തിനും സംഭവിക്കുന്ന കെടുതികളിലെന്നപോലെ സഹതാപം ഉണ്ടാകത്തക്കവണ്ണം അധ്യേതാക്കളുടെ മാനസികനിലവാരം ഉയര്‍ത്തുവാന്‍ അത്തരം അധ്യാപകര്‍ക്കേ സാധ്യമാകയുള്ളു. കലയുടെയും ശാസ്ത്രത്തിന്റെയും നേട്ടങ്ങള്‍ ഒരു രാജ്യത്തിന്റെയോ ഒരു ജനവിഭാഗത്തിന്റെയോ മാത്രമല്ല എന്നും അവയെല്ലാം മനുഷ്യവര്‍ഗത്തിനു മുഴുവന്‍ അവകാശപ്പെട്ടവയാണെന്നുമുള്ള ബോധം അന്താരാഷ്ട്രവിദ്യാഭ്യാസത്തിലൂടെ കുട്ടികളില്‍ വളര്‍ത്തുവാനും അത്തരം അധ്യാപകരുടെ സേവനം ഒഴിച്ചുകൂടാത്തതാണ്.

ലോകത്തിലെ ഇളം തലമുറയ്ക്ക്, ലോകരാഷ്ട്രങ്ങളെക്കുറിച്ചുള്ള അറിവു വര്‍ധിപ്പിക്കുകയാണെങ്കില്‍ മാത്രമേ ഓരോ ലോകപ്രശ്നത്തെയും മുന്‍വിധികളും വിദ്വേഷങ്ങളും കൂടാതെ അവലോകനം ചെയ്യാന്‍ സാധിക്കൂ. അന്താരാഷ്ട്ര സഹകരണം വഴി മാത്രമേ ആഗോള പ്രശ്നങ്ങള്‍ പരിഹരിച്ച് ലോകസമാധാനം ഉറപ്പുവരുത്താന്‍ പറ്റുകയുള്ളു എന്ന ബോധം കുട്ടികള്‍ക്ക് ഉണ്ടാകണമെങ്കില്‍ മനുഷ്യാവകാശങ്ങളെപ്പറ്റിയും സാമൂഹികവും ധാര്‍മികവുമായ തലങ്ങളില്‍ മനുഷ്യന്റെ കര്‍ത്തവ്യങ്ങളെപ്പറ്റിയും അവര്‍ വിശാലമായി ചിന്തിക്കുവാന്‍ പരിശീലിക്കണം. അന്താരാഷ്ട്ര വിദ്യാഭ്യാസത്തിന്റെ ശ്രദ്ധ ആ വഴിക്കാണ് തിരിഞ്ഞിട്ടുള്ളത്. അധ്യാപകരെയും വിദ്യാര്‍ഥികളെയും കായികാഭ്യാസികളെയും, പുസ്തകങ്ങളെയും രാഷ്ട്രങ്ങള്‍ തമ്മില്‍ കൈമാറുക, അവികസിത രാജ്യങ്ങളിലേക്ക് സാങ്കേതിക വിദഗ്ധന്മാരെ അയയ്ക്കുക, ഓരോ രാഷ്ട്രവും മറ്റു രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യദിനം മുതലായവ കൊണ്ടാടുക, അന്യജനങ്ങളുടെ ആചാരങ്ങള്‍, വസ്ത്രധാരണം, ഭാഷ എന്നിവയെപ്പറ്റി പഠിക്കുക എന്നിങ്ങനെ പല കാര്യങ്ങളും അന്താരാഷ്ട്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി യുനെസ്കോ അംഗീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. 'ലോകത്തെ' സ്കൂളുകളിലും ക്ളാസുകളിലും കൊണ്ടുവരുവാന്‍ സഹായിക്കുന്ന ഡല്‍ഹിയിലെ അന്താരാഷ്ട്ര വിദ്യാഭ്യാസകേന്ദ്രത്തെപോലുള്ള സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യങ്ങളെ യഥായോഗ്യം നിറവേറ്റുന്നതിന് പര്യാപ്തമായിരിക്കും.

ഏകലോകം എന്നത് അന്താരാഷ്ട്ര വിദ്യാഭ്യാസത്തിന്റെ ഏറ്റവും മഹനീയമായ ഒരു ആദര്‍ശമാണ്. അതിനുവേണ്ടി എസ്പെരാന്റോ (ഡോ. ലുഡ്വിഗ് സാമെന്‍ ഹോഫ് 1887-ല്‍ ആവിഷ്കരിച്ച ആഗോളഭാഷ)യെ ലോകഭാഷയായി അംഗീകരിക്കുവാന്‍ യുനെസ്കോ 1954-ല്‍ ലോകരാഷ്ട്രങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. പിന്നീട് എസ്പരാന്റോയ്ക്ക് ലഭിച്ച പ്രചാരം കണക്കിലെടുത്ത് 1985-ലും അതിന്റെ സാധ്യതകളെയും പ്രാധാന്യത്തെയും കുറിച്ച് പ്രഖ്യാപിക്കുന്ന ഒരു പ്രമേയം യുനെസ്കോ പാസ്സാക്കുകയുണ്ടായി. ആധുനികയുഗത്തില്‍ അന്താരാഷ്ട്ര വിദ്യാഭ്യാസത്തിന്റെ പ്രസക്തി വര്‍ധിച്ചിരിക്കുന്നു. കാലോചിതമായ പരിഷ്കാരങ്ങളിലൂടെ ലോകരാഷ്ട്രങ്ങള്‍ അന്താരാഷ്ട്രവിദ്യാഭ്യാസം ശക്തിപ്പെടുത്തുകയും ആഗോള സമാധാനത്തിന് ഉതകുന്ന രീതിയില്‍ പാഠ്യപദ്ധതി ചിട്ടപ്പെടുത്തുകയും വേണമെന്ന ചിന്താഗതി ഉടലെടുത്തിട്ടുണ്ട്.

(എലിസബാ സഖറിയ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍