This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്താരാഷ്ട്ര ഭൂമിശാസ്ത്ര സമിതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്താരാഷ്ട്ര ഭൂമിശാസ്ത്ര സമിതി

International Geographical Congress


1871-ല്‍ ആദ്യമായി ആന്റ്വെര്‍പില്‍ സമ്മേളിച്ച ഭൂമിശാസ്ത്രജ്ഞന്‍മാരുടെ അന്താരാഷ്ട്രസമിതി. അതിനുശേഷം മൂന്നോ നാലോ വര്‍ഷങ്ങളിലൊരിക്കല്‍ നിയുക്തസ്ഥലങ്ങളില്‍ ഇതു സമ്മേളിച്ചുവരുന്നു.

ഓരോ സമ്മേളനവും സമിതിയുടെ അടുത്ത യോഗം എപ്പോള്‍ എവിടെവച്ചു കൂടണമെന്നു തീരുമാനിക്കുന്നു. സമ്മേളനം നടത്തിക്കുന്ന ചുമതല ആതിഥേയരാജ്യത്തിലെ ഒരു നിര്‍വാഹകസമിതിയായിരിക്കും വഹിക്കുക. 1922-ല്‍ അന്താരാഷ്ട്രഭൂമിശാസ്ത്രയൂണിയന്‍ (I.G.U) എന്ന പേരില്‍ ഒരു സ്ഥിരസംഘടന രൂപവത്കരിച്ചിട്ടുണ്ട്. ഇതിലെ അംഗരാഷ്ട്രങ്ങള്‍ ഓരോ സമ്മേളനത്തിലും പ്രതിനിധിസംഘങ്ങളെ അയയ്ക്കുന്നു. ഇതു കൂടാതെ ലോകത്തെവിടെയുമുള്ള ഭൂമിശാസ്ത്ര വിദ്യാര്‍ഥികള്‍ക്കു സ്വന്തനിലയില്‍ സമ്മേളനത്തില്‍ പങ്കെടുക്കാവുന്നതാണ്.

സമിതിയുടെ ഔദ്യോഗികസമ്മേളനകാലം സാധാരണയായി ഒരാഴ്ച മുതല്‍ 10 ദിവസം വരെ ആയിരിക്കും. ഭൂമിശാസ്ത്രത്തിന്റെ വിവിധ ശാഖകളെ അധികരിച്ചുള്ള വിശേഷാല്‍ സമ്മേളനങ്ങളായിരിക്കും ഏറിയകൂറും നടത്തുക. ഇവകൂടാതെ ഔദ്യോഗിക സമ്മേളനത്തിന്റെ മുമ്പും പിമ്പുമായി ആതിഥേയ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ വച്ചു ചര്‍ച്ചായോഗങ്ങള്‍ നടത്തുന്നു. സഞ്ചാരപരിപാടികള്‍, സ്ഥലീയ അധ്യയനം (Field Study) തുടങ്ങിയവയും ആസൂത്രണം ചെയ്യപ്പെടാറുണ്ട്. സമിതിയുടെ ഔദ്യോഗികഭാഷകള്‍ ഇംഗ്ളീഷും ഫ്രഞ്ചുമാണ്.

ഈ സമിതിയുടെ 21-ാം സമ്മേളനം 1968 ഡി.-ല്‍ ഡല്‍ഹിയില്‍ നടന്നു. അന്താരാഷ്ട്രഭൂമിശാസ്ത്ര യൂണിയന്റെ 12-ാം സമ്മേളനവും അതോടൊത്തു നടക്കുകയുണ്ടായി. പ്രധാന സമ്മേളനത്തില്‍ 66 രാജ്യങ്ങളില്‍നിന്നുള്ള 1,172 പ്രതിനിധികള്‍ പങ്കെടുത്തു; 1085 പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ഭൂമിശാസ്ത്രത്തിന്റെ വിവിധ ശാഖകളെ അധികരിച്ച് ഒന്‍പതു വിശേഷാല്‍ സമ്മേളനങ്ങളുംകൂടി. പുസ്തകങ്ങള്‍,പ്രബന്ധസംഗ്രഹങ്ങള്‍, അറ്റ്‍ലസ് തുടങ്ങി ഒട്ടുവളരെ പ്രസിദ്ധീകരണങ്ങളും ഇതോടൊത്തുണ്ടായി. വമ്പിച്ച തോതിലുള്ള ഭൂമിശാസ്ത്ര-പ്രദര്‍ശനമായിരുന്നു ഈ സമ്മേളനത്തിന്റെ മറ്റൊരു സവിശേഷത. കോമണ്‍ വെല്‍ത്ത് രാഷ്ട്രങ്ങളിലെയും ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളിലെയും പ്രതിനിധികള്‍ വെവ്വേറെ സമ്മേളിച്ച് അവരവരുടേതായ പ്രത്യേക സമിതികള്‍ രൂപവത്കരിച്ചു.


2004-ല്‍ യു.കെ.യിലെ ഗ്ളാസ്ഗോവില്‍ അന്താരാഷ്ട്രഭൂമിശാസ്ത്രസമിതി സമ്മേളിക്കുകയുണ്ടായി. 2008-ലെ സമ്മേളനം ടുണീഷ്യയിലെ ടൂണിസ്സിലായിരിക്കും നടക്കുന്നത്.


(ഡോ. പ്രമീളാകുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍