This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്താരാഷ്ട്ര ഭൂപടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്താരാഷ്ട്ര ഭൂപടം

International Map

അന്താരാഷ്ട്രഭൂമിശാസ്ത്രസമിതിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് നിര്‍ദിഷ്ടമാപകത്തില്‍ നിര്‍മിക്കപ്പെടുന്ന ധരാതലീയചിത്രങ്ങള്‍ (Topographic Sheets). പ്രദര്‍ശകഭിന്നം 1:10,00,000. 'ദശലക്ഷഭൂപടങ്ങള്‍' (Million maps) എന്നും ഇവ വിളിക്കപ്പെടുന്നു. പരിഷ്കരിച്ച പോളീകോണിക് പ്രക്ഷേപ(Polyconic projection)ത്തിലാണ് ഈ മാനചിത്രങ്ങള്‍ നിര്‍മിക്കപ്പെടുന്നത്. മിക്കവാറും എല്ലാ രാജ്യങ്ങളും ധരാതലീയ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

അഞ്ചാമത്തെ അന്താരാഷ്ട്രഭൂമിശാസ്ത്രസമിതിയാണ് ആദ്യമായി ഈ വക മാനചിത്രങ്ങളെപ്പറ്റി ചര്‍ച്ച ചെയ്തത്; ഡോ. ആല്‍ബ്രെഷ് പെങ്കാണ് ഇതിന്റെ ഉപജ്ഞാതാവ് (1891). തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വ്യാപകമായ പര്യവേഷണങ്ങളുടെ ഫലമായി സ്ഥലവിവരങ്ങളെ സംബന്ധിച്ച് കാര്യമായ പുരോഗതിയുണ്ടായി. വികസിതരാജ്യങ്ങള്‍ തങ്ങളുടെ പ്രദേശങ്ങളുടെയും അധീശപ്രദേശങ്ങളുടെയും ധരാതലീയചിത്രങ്ങള്‍ നിര്‍മിക്കുവാന്‍ ദശലക്ഷ ഭൂപടങ്ങളെ ആധാരമാക്കി. സാര്‍വലൌകികപ്രചാരം സിദ്ധിക്കാവുന്നവിധത്തില്‍ സങ്കേതങ്ങള്‍ പരിഷ്കരിക്കുവാനായി നിയുക്തമായ അന്താരാഷ്ട്രഭൂപടസമിതി ലണ്ടനിലും (1909) പാരിസിലും (1913) വീണ്ടും ലണ്ടനിലും (1928) സമ്മേളിച്ചശേഷമാണ് ഇന്നത്തെ രൂപസംവിധാനം കൈവരുത്തിയത്.

പ്രസക്തപ്രദേശങ്ങളുടെ വിസ്തൃതി, സ്ഥലാകൃതി, നിമ്നോന്നതത്വം, ജലസഞ്ചയം തുടങ്ങി ഭൂമിശാസ്ത്രപരമായ എല്ലാ വിവരങ്ങളും സംഗ്രഹിക്കുന്നവയാണ് അന്താരാഷ്ട്രഭൂപടങ്ങള്‍. ആഗോളപ്രചാരം സിദ്ധിച്ച പ്രതീകങ്ങളാണ് നിര്‍ദേശകചിഹ്നങ്ങളായി ഉപയോഗിക്കുന്നത്.

ഈ ശ്രേണിയില്‍പെട്ട ഓരോ ചിത്രത്തിന്റെയും അക്ഷാംശീയ-രേഖാംശീയ വിസ്തൃതി ഇന്നതായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഓരോ ധരാതലീയചിത്രത്തിലും 4° അക്ഷാംശവും 6° രേഖാംശവുമാണ് ഉള്‍ക്കൊള്ളിക്കുക. 60° അക്ഷാംശത്തിനുമുകളില്‍ രേഖാംശീയവിസ്തൃതി 12° ആയിത്തീരുന്നു.

നിമ്നോന്നതാവസ്ഥ വ്യക്തമാക്കുന്നതിന് സമോച്ചരേഖാ (contour) രീതിയാണു സ്വീകരിച്ചിട്ടുള്ളത്. കിഴുക്കാം തൂക്കായ ഭൂഭാഗങ്ങളില്‍ പ്രത്യേകനിറങ്ങള്‍ കൊടുക്കുന്നു. ഭൂപ്രകൃതിയനുസരിച്ച് സമോച്ചരേഖകളുടെ അന്തരം മീറ്ററുകളില്‍ ക്രമീകരിക്കുന്നു.

സ്ഥലപ്പേരുകള്‍ ഉപയോഗിക്കുന്നത് അതതുസ്ഥലത്തെ തപാല്‍വകുപ്പിനെ ആധാരമാക്കിയാണ്. ജലമാര്‍ഗങ്ങള്‍, ജലാശയങ്ങള്‍ തുടങ്ങിയവയുടെ പേരുകള്‍ക്ക് ചരിഞ്ഞ ലിപികളാണ് ഉപയോഗിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍