This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്താരാഷ്ട്ര-രാഷ്ട്രതന്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്താരാഷ്ട്ര-രാഷ്ട്രതന്ത്രം

International Politics

പരമാധികാര രാഷ്ട്രങ്ങളും അവയിലെ ജനസമൂഹങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളും, അവയില്‍ അവര്‍ കൈവരുത്തുന്ന ഒത്തുതീര്‍പ്പുകളുമാണ് അന്താരാഷ്ട്ര-രാഷ്ട്രതന്ത്രത്തിന്റെ സത്ത. 18-ാം ശ.-ത്തിനുശേഷമുളള കാലഘട്ടത്തില്‍ വിവിധരാഷ്ട്രങ്ങളുടെ സ്വതന്ത്രസ്വഭാവം നിലനിര്‍ത്തുന്നതിലും ചില രാഷ്ട്രങ്ങളുടെ സ്വാതന്ത്യ്രാഭിലാഷത്തെ സാക്ഷാത്കരിക്കുന്ന കാര്യത്തിലും പാശ്ചാത്യരാജ്യങ്ങള്‍ ഒരതിര്‍ത്തിവരെ വിജയം പ്രാപിച്ചിട്ടുണ്ടെങ്കിലും, ഈ കാലത്തിനുള്ളില്‍ നിരവധി ഏറ്റുമുട്ടലുകളും ഭീകരയുദ്ധങ്ങളും ഉണ്ടായിട്ടുണ്ട്. മാത്രമല്ല, ഇവയില്‍ പലതിലും മഹാശക്തികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന മിക്ക രാഷ്ട്രങ്ങളും ഭാഗഭാക്കുകള്‍ കൂടിയായിരുന്നു. ഈ രാഷ്ട്രീയപ്രക്രിയയില്‍ യുദ്ധമോ യുദ്ധഭീഷണിയോ അനിവാര്യ ഘടകമായിട്ടുള്ളതിനാല്‍ അന്താരാഷ്ട്ര-രാഷ്ട്രതന്ത്രത്തെക്കുറിച്ചുള്ള പഠനത്തിന് ലോകത്തില്‍ വര്‍ധമാനമായതോതില്‍ പ്രസക്തി ഉണ്ടായിവരികയാണ്.

പ്രശ്നങ്ങള്‍. യുദ്ധത്തെയും സമാധാനത്തെയും സംഘട്ടനത്തെയും സഹകരണത്തെയും കുറിച്ചുള്ള പ്രശ്നങ്ങള്‍ പ്രാചീനകാലം മുതല്‍ രാജ്യതന്ത്രജ്ഞരെയും ചരിത്രകാരന്‍മാരെയും സാഹിത്യകാരന്‍മാരെയും ആകര്‍ഷിച്ചിട്ടുണ്ട്; പ്രാചീന ഇന്ത്യയിലും ചൈനയിലും ഗ്രീസിലെ നഗരരാഷ്ട്രങ്ങളിലും ഇറ്റലിയിലും പാശ്ചാത്യരാഷ്ട്രസംവിധാനത്തിലും ഇത് നിഷ്കൃഷ്ടപഠനത്തിന് വിഷയമായിട്ടുമുണ്ട്. ഒന്നാം ലോകയുദ്ധത്തില്‍ തകര്‍ന്ന രാഷ്ട്രഘടനയില്‍ നിന്ന് കൂടുതല്‍ മെച്ചപ്പെട്ട ഒരു ലോകസംവിധാനത്തിനുവേണ്ടിയുള്ള പ്രതീക്ഷകളാണ്, ആധുനിക പാശ്ചാത്യചിന്തകര്‍ക്ക് ഈ വിഷയത്തില്‍ ശക്തമായ പ്രചോദനം നല്കിയത്. ഇതിനുള്ള അന്വേഷണങ്ങള്‍ക്ക് സമൂര്‍ത്തരൂപം നല്കിയ യു.എസ്. പ്രസിഡന്റ് വുഡ്രോ വില്‍സണ്‍ (1856-1924) ആസൂത്രണം ചെയ്ത പരിപാടിയില്‍ ജനായത്തഭരണക്രമം, സാര്‍വദേശീയധാരണ, അന്താരാഷ്ട്രമധ്യസ്ഥത, നിരായുധീകരണം, രാഷ്ട്രങ്ങളുടെ സ്വയം നിര്‍ണയാവകാശം, ഗൂഢവ്യസ്ഥകളില്ലാത്ത പരസ്യമായ നയതന്ത്രബന്ധങ്ങള്‍, ആക്രമണകാരികള്‍ക്കെതിരായി എല്ലാവരും ചേര്‍ന്നുള്ള സഖ്യം തുടങ്ങി നിരവധി ആശയങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. ദേശീയനയങ്ങളെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍ വ്യക്തമാക്കുന്നതിലും, സിദ്ധാന്തപരമായ സങ്കല്പങ്ങളെ വിശദീകരിക്കുന്നതിലും കൂടുതല്‍ ഊന്നല്‍ നല്കിക്കൊണ്ട് ഒരു യുദ്ധരഹിതലോകത്തിന്റെ രൂപരേഖ വരയ്ക്കുന്നതില്‍ ഇദ്ദേഹത്തിന്റെ അടുത്ത തലമുറയിലുള്ള രാഷ്ട്രതന്ത്രജ്ഞര്‍ ശ്രദ്ധിക്കുകയും ചെയ്തു.

പാശ്ചാത്യരാജ്യങ്ങളിലെ രാഷ്ട്രഘടനാരീതി മിക്കവാറും സാര്‍വലൌകികമായിത്തീര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ വിവിധ രാഷ്ട്രങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും തമ്മിലുള്ള സാജാത്യ വൈജാത്യങ്ങള്‍ ശരിക്കു ഗ്രഹിച്ച് വിലയിരുത്തേണ്ട കടമ അന്താരാഷ്ട്ര രാഷ്ട്രതന്ത്രത്തെപ്പറ്റി അന്വേഷണം നടത്തുന്ന ഒരു പഠിതാവിന് ഒഴിച്ചുകൂടാന്‍ പാടില്ലാത്തതായിരിക്കുന്നു. പക്ഷേ, ഈ പാശ്ചാത്യ രാഷ്ട്രസംവിധാനപദ്ധതികള്‍ തന്നെ വ്യതിയാനങ്ങള്‍ക്ക് വിധേയമാണ്. ആധുനിക ലോകത്തില്‍ യു.എസ്സും, റഷ്യയും, യൂറോപ്യന്‍ യൂണിയനും ഒരളവുവരെ ചൈനയും, ഇന്ത്യയും, ജപ്പാനും വഹിക്കുന്ന പങ്കിന് സമാന്തരമായ ഒരു പ്രതിഭാസം ചരിത്രത്തില്‍ ഇന്നോളം കണ്ടെത്തിയിട്ടില്ല. ഈ ശക്തി കേന്ദ്രങ്ങളുടെ സ്ഥാനവ്യതിചലനങ്ങള്‍ ഏതെല്ലാം വിധത്തില്‍ എങ്ങോട്ടൊക്കെയായിരിക്കും എന്നു തീര്‍ത്തു പ്രവചിക്കുക സാധ്യമല്ല.

സ്വയംനിര്‍ണയാവകാശം. 'മറ്റുള്ളവരുടെ ഇടപെടല്‍കൊണ്ട് നിലനില്പില്ലാതായിപ്പോകുന്നതും ഒരിക്കലും ഒരു പ്രകാരത്തിലും മറ്റുള്ളവരുടെ നിയന്ത്രണത്തിന് വിധേയമാകാത്തതുമായ ശക്തി'യാണ് പരമാധികാരമെന്ന് ഡച്ച് രാജ്യതന്ത്രജ്ഞനായ ഹ്യൂഗോ ഗ്രോഷ്യസ് (1583-1645) നിര്‍വചിക്കുന്നു. ഇതാണ് അന്താരാഷ്ട്രബന്ധങ്ങളുടെ അടിസ്ഥാനശിലയെന്ന് അക്കാലങ്ങളില്‍ കരുതപ്പെട്ടിരുന്നു. എന്നാല്‍ 19-ാം ശ.മായപ്പോഴേക്കും പരമാധികാരരാഷ്ട്രങ്ങള്‍ 'ദേശീയരാഷ്ട്ര' (Nation-States)ങ്ങളായിത്തീര്‍ന്നു. ഭാഷ, മതം, സംസ്കാരം, ആചാരം, വര്‍ഗപരമായ പാരമ്പര്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ദേശീയരാഷ്ട്രമെന്ന സങ്കല്പത്തെ നിര്‍വചിക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് അന്നും സാര്‍വത്രികമായ അംഗീകാരം കിട്ടിയിരുന്നില്ല. എന്നാല്‍ ഈ സങ്കല്പം കേവലം ആത്മനിഷ്ഠമായി കുറെക്കാലം നിലനിന്നു. സ്വന്തം രാഷ്ട്രത്തിനുള്ളില്‍ സ്വാഭിലാഷം അനുസരിച്ച് വസിക്കാനും തങ്ങള്‍ രൂപംകൊടുക്കുന്ന ആശയസങ്കല്പങ്ങള്‍ക്കനുസൃതമായി സ്വയംഭരണം നടത്താനും അധികാരം നല്കുന്ന 19-ാം ശ.-ത്തിലെ സ്വയം നിര്‍ണയാവകാശസിദ്ധാന്തം തന്നെയാണ്, രണ്ടാം ലോകയുദ്ധത്തിനുശേഷമുളള ലോകത്തിലും, അല്പം വ്യത്യസ്തമായ രൂപത്തിലാണെങ്കിലും, നിലനില്ക്കുന്നത്. ആഗോള രാഷ്ട്രീയ-സാമ്പത്തിക രംഗങ്ങളില്‍ സമീപകാലത്തായി സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, ദേശരാഷ്ട്രത്തിന്റെ പ്രാമുഖ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര രാഷ്ട്രതന്ത്രത്തില്‍ രാഷ്ട്രങ്ങള്‍ സ്വന്തം സുരക്ഷിതത്വം മെച്ചപ്പെടുത്താനും സാമ്പത്തികമേന്‍മകള്‍ കൈവരുത്താനും ചിലപ്പോള്‍ ചില ക്ഷേമപരിപാടികള്‍ നടപ്പിലാക്കാനും സഖ്യങ്ങളെയും ഉടമ്പടികളെയും ഉപയോഗിക്കാറുണ്ട്. ഐക്യരാഷ്ട്രസംഘടനയ്ക്കും അതിന്റെ നിരവധി പോഷക സംഘടനകള്‍ക്കും പുറമേ, പ്രത്യേക ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള ധാരാളം കൂട്ടുകെട്ടുകളുമുണ്ട്. (നോ: അന്താരാഷ്ട്ര സംഘടനകള്‍). ഉത്തര അത്ലാന്തിക് സഖ്യസംഘടന (NATO), ദക്ഷിണപൂര്‍വേഷ്യന്‍ സഖ്യസംഘടന (SEATO), തുടങ്ങിയവ ഇത്തരത്തിലുള്ളതാണ്; അറബി-ഐക്യത്തിനുവേണ്ടിയുള്ള പ്രസ്ഥാനങ്ങളും 'സൌഹൃദത്തിനും സഹകരണ'ത്തിനും വേണ്ടി ചില പരമാധികാരരാഷ്ട്രങ്ങള്‍ തമ്മില്‍ ഏര്‍പ്പെടുന്ന കരാറുകളും ഉദാ: ഇന്ത്യയും യു.എസ്സുമായി ഒപ്പിട്ട ആണവ പരീക്ഷണ കരാര്‍ (ഇന്ത്യയും ബംഗ്ളാദേശും തമ്മില്‍) ഇക്കൂട്ടത്തില്‍പെടുന്നു. കമ്യൂണിസ്റ്റു നേതൃത്വത്തിലുള്ള ലോകതൊഴിലാളി യൂണിയന്‍ ഫെഡറേഷന്റെയും (WFTU)അതിന്റെ എതിര്‍ചേരിയില്‍ നില്ക്കുന്ന അന്തര്‍ദേശീയ സ്വതന്ത്ര തൊഴിലാളിയൂണിയനുകളുടെ കോണ്‍ഫെഡറേഷന്റെയും (ICFTU) ഉദ്ദേശ്യലക്ഷ്യങ്ങള്‍ പോലും രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ക്ക് അടിവരയിട്ടുകൊണ്ടുളള കൂട്ടുകെട്ടുകളാണെന്ന് കാണാം.

ഏറ്റവും സമര്‍ഥമായി പ്രവര്‍ത്തനം നടത്തുന്ന അന്താരാഷ്ട്രീയ സംഘടനകളില്‍പോലും, തീരുമാനമെടുക്കുന്ന കാര്യത്തില്‍ ഓരോ രാഷ്ട്രത്തിന്റെയും ഇച്ഛാശക്തിക്ക് അന്യൂനമായ സ്ഥാനമുണ്ട്. പൊതുവായ ഭീഷണികളെ നേരിടാന്‍ പൊതുവായ ഉദ്ദേശ്യലക്ഷ്യങ്ങളോടുകൂടി പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകളിലെ ഓരോ രാഷ്ട്രവും ലോകകാര്യങ്ങളില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിന് നിര്‍ണായകമായ ഒരു നില സ്വീകരിക്കുന്നതും അസാധാരണമല്ല.

യുദ്ധവും യുദ്ധഭീഷണിയും. ഒരു രാഷ്ട്രശക്തിയുടെ ഭൌതികഘടകങ്ങള്‍ അന്താരാഷ്ട്ര-രാഷ്ട്രതന്ത്രത്തില്‍ അത് വഹിക്കുന്ന ഭാഗഭാഗിത്വത്തിന്റെ ശരിക്കുള്ള സൂചികയല്ലെങ്കിലും, ശാസ്ത്രത്തിന്റെയും സാങ്കേതികവിജ്ഞാനത്തിന്റെയും വളര്‍ച്ചയും, അത് ആധുനിക യുദ്ധതന്ത്രത്തില്‍ ഏല്പിക്കുന്ന ആഘാതവും അന്താരാഷ്ട്രബന്ധങ്ങളില്‍ പുതിയ നിറപ്പകര്‍ച്ച കൊടുത്തുകൊണ്ടിരിക്കുന്നു. 'യുദ്ധം രാഷ്ട്രതന്ത്രത്തിന്റെ ഒരു തുടര്‍ച്ചയാണ്' (War is an extension of politics ) എന്ന പ്രഷ്യന്‍ യുദ്ധതന്ത്രജ്ഞനായ കാള്‍ വോണ്‍ ക്ളാസ്വിറ്റ്സ് (Karl von Clausewitz: 17801831)ന്റെ നിര്‍വചനം എക്കാലവും സാധുവായി വര്‍ത്തിക്കുന്നു.

പക്ഷേ, ആധുനിക അണുയുഗത്തില്‍ ഈ സങ്കല്പത്തിന് കോട്ടം തട്ടിയിട്ടുണ്ട്. ഒരു രാഷ്ട്രവും ഇന്ന് ഒരു ആണവായുധ സംഘര്‍ഷത്തിന് മുതിരാന്‍ ഇടയില്ല. അണ്വായുധം ഉപയോഗിക്കുന്നതില്‍നിന്നു ശത്രുവിനെ പിന്തിരിപ്പിക്കാന്‍ ഏതാണ് ഉത്തമമായ മാര്‍ഗമെന്ന അന്വേഷണത്തിലാണ് ഇന്നത്തെ ലോകമേധാവികള്‍. 1972 മേയില്‍ മോസ്കോവില്‍വച്ച് യു.എസും. അന്നത്തെ യു.എസ്.എസ്.ആറും തമ്മില്‍ 'തന്ത്രപരമായ ആയുധ-പരിമിതീകരണ'ത്തിന് (SALT) വേണ്ടിയുണ്ടാക്കിയസഖ്യം സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്.

നയതന്ത്രനിപുണത. മറ്റു രാഷ്ട്രങ്ങളെ സ്വന്തം സ്വാധീനവലയത്തില്‍ കൊണ്ടുവരാനുള്ള കഴിവില്‍, യുദ്ധം ചെയ്യാനുള്ള സാമര്‍ഥ്യത്തെപ്പോലെ, നയതന്ത്രവും പ്രധാനമായ ഒരു പങ്കുവഹിക്കുന്നുണ്ട്. പ്രാചീന ജനപദങ്ങളിലും രാഷ്ട്രങ്ങള്‍ തമ്മില്‍ കൂടിയാലോചനകള്‍ നടന്നിട്ടുണ്ടാവാം. രാമായണഭാരതേതിഹാസങ്ങളില്‍ വിവരിച്ചിരിക്കുന്ന യുദ്ധങ്ങള്‍ക്ക് മുമ്പുനടന്ന പല ദൌത്യങ്ങളുടെയും കഥകള്‍ പൌരാണിക ലോകത്തിനും ഇത് അപരിചിതമായിരുന്നില്ല എന്ന് തെളിയിക്കുന്നു. എന്നാല്‍ ആധുനികരീതിയില്‍ നയതന്ത്ര പ്രതിനിധികളെയും സ്ഥാനപതികളെയും വിദേശങ്ങളിലേക്കയയ്ക്കുന്ന പതിവിന് 15-ാം ശ. മുതലുള്ള പഴക്കമേയുള്ളു. ഗവണ്‍മെന്റുകള്‍തമ്മില്‍ ആശയവിനിമയം നടത്തുകയും കൂടിയാലോചനകള്‍ക്ക് രംഗം സൃഷ്ടിക്കുകയുമാണ്, പ്രതിപുരുഷന്‍മാരുടെ മുഖ്യകര്‍ത്തവ്യം. ഇതില്‍ പല വിട്ടുവീഴ്ചകളും ഉള്‍പ്പെടും. 20-ാം ശ.-ത്തിന്റെ ആരംഭകാലത്ത് 'തുറന്ന നയതന്ത്ര'ത്തെ(Open Diplomacy)ക്കുറിച്ച് പ്രചരിച്ചിരുന്ന സിദ്ധാന്തങ്ങള്‍ പ്രായോഗികതലത്തില്‍ ഒരു രാഷ്ട്രവും അനുവര്‍ത്തിച്ച് വിജയം നേടിയിട്ടില്ല. യുദ്ധത്തിലെ മനഃശാസ്ത്രപരമായ അംശത്തിന് (Psychological warfare) നേതൃത്വം കൊടുക്കുന്ന നയതന്ത്രജ്ഞന്‍മാരും യുദ്ധനേതാക്കളും, രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി സാമ്പത്തികമാധ്യമങ്ങളെ ഉപയോഗിച്ചുള്ള വിദേശസഹായപദ്ധതികളും, രണ്ടാംലോകയുദ്ധത്തിനുശേഷം അന്താരാഷ്ട്ര-രാഷ്ട്രീയനിയമസംഹിതയില്‍ വര്‍ധമാനമായ പങ്കാണ് വഹിച്ചുവരുന്നത്.

രാഷ്ട്രാന്തരസംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിലും അവയ്ക്ക് പരിഹാരമുണ്ടാക്കുന്നതിലും അന്താരാഷ്ട്രനിയമസംഹിത രാഷ്ട്രങ്ങളുടെ ഉറ്റചങ്ങാതിയായി വര്‍ത്തിക്കുന്നു. വിവിധ രാജ്യങ്ങള്‍ വിലമതിക്കുകയും അവര്‍ക്ക് ഒരുമിച്ചു നേടാന്‍ കഴിയുന്ന ലക്ഷ്യങ്ങളെ സഹായിക്കുകയും ചെയ്യുന്നതില്‍ അന്താരാഷ്ട്ര നിയമത്തെപ്പോലെ അന്താരാഷ്ട്രസംഘടനകളിലെ അംഗത്വവും അന്താരാഷ്ട്രസമ്മേളനങ്ങളും ലോകജനതയുടെ മറ്റൊരു ആശാകേന്ദ്രമായിത്തീര്‍ന്നിരിക്കുകയാണ്.

ശക്തിസന്തുലനം (Balance of Power). ഏത് രാഷ്ട്രീയപ്രക്രിയയിലും ശക്തിസന്തുലനം അന്തര്‍ഹിതമായിട്ടുണ്ട്. ഇതില്‍ ഭാഗഭാക്കായ ഓരോ രാഷ്ട്രവും ചെലുത്തുന്ന സമ്മര്‍ദത്തിന്റെ ശക്തിയും ലക്ഷ്യവും അനുസരിച്ച് സന്തുലിതാവസ്ഥ മാറിക്കൊണ്ടിരിക്കും. ഈ സന്തുലിതാവസ്ഥയെ സ്ഥായിയായി നിലനിര്‍ത്താന്‍ ഒരു നിര്‍ദിഷ്ട രാഷ്ട്രീയപ്രക്രിയയിലെ പ്രമുഖ പങ്കാളിയോ പങ്കാളികളോ അനുവര്‍ത്തിക്കുന്ന നയമാണ്, ശക്തിസന്തുലനത്തിന്റെ ഭദ്രതയ്ക്ക് ഉറപ്പുവരുത്തുന്നത്.

അന്താരാഷ്ട്രരാഷ്ട്രതന്ത്രത്തിന്റെ ഗതിവിഗതികളെ പറ്റി പഠിക്കാന്‍ അന്താരാഷ്ട്രനിയമസംഹിതയും അന്താരാഷ്ട്രനയതന്ത്രചരിത്രവും ചില ഉപകരണങ്ങള്‍ തരുന്നുണ്ടെന്നല്ലാതെ, അവയെ സംബന്ധിച്ച് സാര്‍വത്രികമായ ഒരു സിദ്ധാന്തമോ ക്രമവത്കൃതമായ ഒരു സമീപനപദ്ധതിയോ ഇതുവരെ രൂപപ്പെടുത്തിയിട്ടില്ല; ശാശ്വതമൂല്യമുള്ള ഒരു തത്ത്വം ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനുള്ള വഴിയും വിരളമാണ്. അന്താരാഷ്ട്രരംഗത്തെ ഓരോ സംഭവവികാസത്തിനും പ്രതിഭാസത്തിനും വ്യാഖ്യാനമോ നീതീകരണമോ കണ്ടെത്താന്‍ ശ്രമിക്കുന്ന രാഷ്ട്രമീമാംസാവിദ്യാര്‍ഥികള്‍ തങ്ങളുടെ ഗവേഷണപരീക്ഷണങ്ങളെ അനിയതമായ വിവിധ ദിശകളിലേക്ക് കൊണ്ടുപോകുന്നതായാണ് പ്രായേണ കണ്ടുവരുന്നത്. ആഭ്യന്തര സംഭവവികാസങ്ങളെക്കുറിച്ചുള്ള സിദ്ധാന്തസ്ഥാപനവ്യഗ്രതയും അന്താരാഷ്ട്രബന്ധങ്ങളുടെ ഗതിക്രമങ്ങളെ ചില നിശ്ചിത ചട്ടക്കൂടുകളില്‍ അടയ്ക്കാനുള്ള പ്രവണതയും തമ്മിലുള്ള അന്തരം, ഭാവിലോകത്തില്‍ കുറഞ്ഞുവരുകയേ ഉള്ളു എന്നാണ് രാഷ്ട്രമീമാംസാപണ്ഡിതന്‍മാരുടെ സ്വാഭാവികമായ നിഗമനം.

സോഷ്യലിസ്റ്റു രാജ്യങ്ങളുടെ തകര്‍ച്ച, ആഗോള മുതലാളിത്തത്തിന്റെ അധീശത്വം; യു.എസ്സിന്റെ നേതൃത്വത്തിലുള്ള ഏക ധ്രുവലോകത്തിന്റെ ആവിര്‍ഭാവം; ചേരിചേരാ പ്രസ്ഥാനത്തിന്റെ അപചയം; ദേശരാഷ്ട്രങ്ങളെ നിഷ്പ്രഭമാക്കുമാറ് ആഗോളമൂലധനത്തിന്റെയും ബഹുരാഷ്ട്ര കമ്പനികളുടെയും ഉയര്‍ച്ച; രാഷ്ട്രീയത്തിന്റെ സ്ഥാനത്ത് വ്യാപാര-വാണിജ്യതാത്പര്യങ്ങള്‍ക്ക് പരമാധികാര രാഷ്ട്രങ്ങള്‍ നല്‍കുന്ന മുന്‍ഗണന; പടിഞ്ഞാറന്‍ രാജ്യങ്ങളുടെ രാഷ്ട്രീയവും സാംസ്കാരികവുമായ അധീശത്വം; അവികസിത രാജ്യങ്ങളുടെ പ്രശ്നങ്ങള്‍; യൂറോപ്യന്‍-സാമ്പത്തികസമൂഹത്തിന്റെ സൃഷ്ടി, ഒരു അന്താരാഷ്ട്രഗവണ്‍മെന്റ് സ്ഥാപിക്കുന്നതിനെപ്പറ്റിയുള്ള സങ്കല്പങ്ങള്‍ എന്നിവയാണ് 21-ാം ശ.-ത്തിന്റെ പ്രാരംഭത്തില്‍ അന്താരാഷ്ട്ര രാഷ്ട്രതന്ത്രത്തില്‍ കണ്ടുവരുന്ന പുതിയ പ്രവണതകള്‍. നോ: അന്താരാഷ്ട്ര നിയമം, അന്താരാഷ്ട്രനീതിന്യായക്കോടതി, അന്താരാഷ്ട്ര ന്യായനിര്‍ണയം, അന്താരാഷ്ട്രബന്ധങ്ങള്‍, അന്താരാഷ്ട്ര സംഘടനകള്‍, അന്താരാഷ്ട്രീയോദ്ഗ്രഥനം, നയതന്ത്രം, രാഷ്ട്രതന്ത്രം, ശക്തിസമീകരണം

(ഡോ. എം. ശ്രീനിവാസന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍