This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തരീക്ഷം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:22, 25 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉള്ളടക്കം

അന്തരീക്ഷം

Atmosphere


ഭൂമിയെ ആവരണം ചെയ്യുന്ന വായുമണ്ഡലം. ജീവന്റെ നിലനില്പും വളര്‍ച്ചയും അന്തരീക്ഷത്തെ ആശ്രയിച്ചിരിക്കുന്നു. അദൃശ്യവും അസ്പൃശ്യവും പ്രകാശസംക്രമണ ക്ഷമവുമാണ് വായുമണ്ഡലം. ഉയരം കൂടുന്തോറും നേര്‍ത്തുവരുന്ന ഇതിന്റെ വ്യാപ്തി 1,000 കി.മീ. ആയി കണക്കാക്കപ്പെട്ടിരിക്കുന്നു. ചുരുക്കം ചില വാതകങ്ങളുടെ മിശ്രിതമാണ് വായു. ഇതിന്റെ ഘടകങ്ങള്‍ അന്തരീക്ഷത്തില്‍ പല ഗുണവിശേഷങ്ങളും പ്രകടമാക്കുന്നു. അദ്ഭുതകരങ്ങളായ പ്രക്രിയകള്‍ക്ക് അവ ഹേതുവായിത്തീരുന്നു. കാറ്റ്, മേഘങ്ങള്‍, വര്‍ണരാജികള്‍ തുടങ്ങിയ എല്ലാ പ്രതിഭാസങ്ങളുടെയും ഉറവിടം അന്തരീക്ഷമാണ്.


ചരിത്രം

അന്തരീക്ഷം ഇന്നത്തെ രൂപത്തിലാകുന്നതിനു മുന്‍പ് വ്യാപകമായ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായി എന്നും ഇന്നത്തെ അന്തരീക്ഷത്തിന് ഭൌമായുസ്സിന്റെ പത്തിലൊന്ന് പ്രായമേയുള്ളുവെന്നും അനുമാനിക്കപ്പെടുന്നു. ആരംഭത്തില്‍ അന്തരീക്ഷഘടന ഇന്നത്തേതില്‍ നിന്നും തുലോം വ്യത്യസ്തമായിരുന്നു. ഹൈഡ്രജന്‍, ഹീലിയം, നൈട്രജന്‍ എന്നിവയും കുറഞ്ഞ അളവില്‍ ആര്‍ഗണ്‍, മീഥേന്‍, അമോണിയ എന്നിവയുമായിരുന്നു അന്നത്തെ ഘടകവാതകങ്ങള്‍. തിളച്ചുരുകുന്ന ഭൌമശിലകള്‍ താപനിലയില്‍ അത്യധികമായ വര്‍ധനം ഉണ്ടാക്കിയതിന്റെ ഫലമായി ഹൈഡ്രജനും ഹീലിയവും ഒട്ടാകെത്തന്നെ ശൂന്യാകാശത്തിലേക്കു സംക്രമിച്ചു. പകരം ഭൂമുഖത്തുനിന്നും നിര്‍ഗമിച്ച നീരാവി, ഗന്ധകബാഷ്പം, കാര്‍ബണ്‍ ഡൈഓക്സൈഡ്, സയനൊജന്‍ എന്നീ വാതകങ്ങള്‍ ലയിച്ചുചേര്‍ന്നു. തുടര്‍ച്ചയായ താപവികിരണം മൂലം ഭൂമി ക്രമേണ തണുത്തുറഞ്ഞു. അന്തരീക്ഷത്തിലെ നീരാവി ദ്രവീഭവിച്ചു മഴയായി താഴേക്കു വീഴുന്ന ജലം മുഴുവനായി ബാഷ്പീഭവിച്ചു പോകാതെ ഭൂമിയില്‍ത്തന്നെ തങ്ങിനില്ക്കാവുന്ന ഒരവസ്ഥ ഇതോടെ സംജാതമായി. ഈ അന്തരീക്ഷത്തില്‍ നൈട്രജന്‍, കാര്‍ബണ്‍ ഡൈഓക്സൈഡ്, ആര്‍ഗണ്‍ എന്നിവയുടെ ആധിക്യമുണ്ടായിരുന്നു. ഈ ഘട്ടത്തില്‍ ഭൂമിയില്‍ സസ്യജീവിതം നാമ്പെടുത്തു തുടങ്ങി. പ്രകാശസംശ്ളേഷണ(photosynthesis) ഫലമായി കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ ഏറിയ ഭാഗവും ഹരിതസസ്യങ്ങള്‍ അവശോഷണം ചെയ്തു തുടങ്ങിയത് ഓക്സിജന്റെ അംശം അന്തരീക്ഷത്തില്‍ അധികമാകുവാന്‍ കാരണമായി.


ഘടന

വായുവിന്റെ പ്രധാന ഘടകങ്ങള്‍ നൈട്രജന്‍ (78 ശ.മാ.), ഓക്സിജന്‍ (20.9 ശ.മാ.) എന്നിവയാണ്. നന്നേ ചെറിയ അളവില്‍ കാര്‍ബണ്‍ ഡൈഓക്സൈഡും ആര്‍ഗണ്‍, നിയോണ്‍ തുടങ്ങിയ നിഷ്ക്രിയ വാതകങ്ങളും വായുവില്‍ അടങ്ങിയിരിക്കുന്നു.

പട്ടിക a

Image:p557a.png

ഇവയുടെ അളവില്‍ ചില്ലറ ഏറ്റക്കുറച്ചിലുകള്‍ വരാം. അതിനനുസരിച്ച് ഓക്സിജന്റെ അളവിലും വ്യതിയാനം ഉണ്ടാകുന്നു. കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ ശ.ശ. അളവ് 0.03 ശ.മാ. ആണ്. നീരാവിയുടെ അളവില്‍ സ്ഥലകാലഭേദങ്ങളനുസരിച്ച് വ്യതിയാനങ്ങള്‍ വരാവുന്നതാണ്. ആര്‍ട്ടിക് മേഖലയില്‍ നീരാവിയുടെ വ്യാപ്തമാനം 0.001 ശ.മാ. ആണ്. മധ്യരേഖാപ്രദേശങ്ങളില്‍ അത് 5 ശ.മാ. ആയി വര്‍ധിക്കുന്നു. അന്തരീക്ഷത്തിലെ ഏറ്റവും പ്രമുഖമായ ഘടകമാണ് നീരാവി. കാറ്റ്, മഴ തുടങ്ങിയ വിവിധ പ്രകൃതിപ്രക്രിയകള്‍ക്കും അതോടനുബന്ധിച്ചുള്ള കാലാവസ്ഥാപ്രകാരങ്ങള്‍ക്കും ഹേതുവായിത്തീരുന്നത് നീരാവിയിലെ ഏറ്റക്കുറച്ചിലുകളാണ്. നാനാരീതിയില്‍ അന്തരീക്ഷത്തില്‍ കടന്നു കൂടുന്ന മലിനധൂളികള്‍ക്കും ഇക്കാര്യത്തില്‍ പങ്കുണ്ട്. അന്തരീക്ഷത്തില്‍ സംഘനനക്രിയയുടെ തുടക്കത്തിന് ഈ സൂക്ഷ്മധൂളികളുടെ സാന്നിധ്യം അനിവാര്യമാണ്.

താപനില-ഉന്നതി മേഖല

ഉയര്‍ന്ന വിതാനങ്ങളില്‍ മാത്രം സാമാന്യമായ തോതില്‍ കണ്ടുവരുന്ന ഓസോണ്‍ (O3) വാതകമാണ് അന്തരീക്ഷത്തിലെ മറ്റൊരു ഘടകം. സൌരപ്രസരണത്തിലെ അത്യുഗ്രവും വിപല്കരവുമായ അള്‍ട്രാവയലറ്റ് രശ്മികളെ അരിച്ചെടുത്ത് നിഷ്ക്രിയമാക്കുന്നതില്‍ ഓസോണ്‍ കാര്യമായ പങ്കു വഹിക്കുന്നു.

താണ വിതാനങ്ങളിലൊഴികെ അന്തരീക്ഷഘടന ഏറെക്കുറേ സ്ഥായിയാണ്. അന്തരീക്ഷത്തിലെ താപനില, ഉയരം അടിസ്ഥാനമാക്കി നോക്കുമ്പോള്‍ സ്ഥിരമല്ല. നിശ്ചിത ഉയരങ്ങളില്‍ ക്രമമായ ഏറ്റക്കുറച്ചിലുകള്‍ കാണാം. വിവിധ ഉന്നതികളിലെ താപനിലയെ സൂചിപ്പിക്കുന്ന ലേഖ താഴെ ചേര്‍ത്തിരിക്കുന്നു.

ഗതിശീലമായ വാതകമാണ് വായു. ഒരു സ്ഥലത്തെ വായുവിന്റെ ഘനത്വം അവിടെ ഭൂനിരപ്പിനു മുകളിലുളള വായുനാളത്തിന്റെ ഭാരത്തെ ആശ്രയിച്ചിരിക്കും. ഈ ഘനത്വമാണ് അന്തരീക്ഷമര്‍ദം. സമുദ്രനിരപ്പില്‍ ച.സെ.മീ. ന് 1.054 കി.ഗ്രാം (ച. ഇഞ്ചിന് 1.516 കി.ഗ്രാം) എന്ന തോതിലാണ് മര്‍ദം അനുഭവപ്പെടുക. മര്‍ദത്തിന്റെ ഈ മാത്രയ്ക്കാണ് ഒരു 'അറ്റ്മോസ്ഫിയര്‍' (atmosphere) എന്നു പറയുന്നത്. 2,200 മീ. ഉയരെ വായുമര്‍ദം പകുതിയാകുന്നു; 18 കി.മീ. പൊക്കത്തിലാവുമ്പോള്‍ പത്തിലൊന്നായി കുറയുന്നു.

മേഖലകള്‍

താപക്രമം അടിസ്ഥാനമാക്കി അന്തരീക്ഷത്തെ പ്രത്യേക മണ്ഡലങ്ങളായി വിഭജിക്കാവുന്നതാണ്. അന്തരീക്ഷ നിരീക്ഷണ ലോകസംഘടന(W.M.O)യുടെ വിഭജനം താഴെ ചേര്‍ക്കുന്നു. ഉദ്ദേശ ഉയരങ്ങള്‍ അതതു മണ്ഡലത്തിന്റെ ശ.ശ. അതിര്‍ത്തികളെ സൂചിപ്പിക്കുന്നു. അക്ഷാംശഭേദങ്ങള്‍ക്കൊത്ത് ഇതില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാം.

അന്തരീക്ഷ മണ‍്‍ഡലങ്ങള്‍

ട്രോപോസ്ഫിയര്‍

Troposphere

അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ മണ്ഡലമാണ് ട്രോപോസ്ഫിയര്‍. വായുപിണ്ഡത്തിന്റെ മുക്കാല്‍ ഭാഗത്തോളവും ഈ മേഖലയിലാണ്. അന്തരീക്ഷ ജലാംശത്തിന്റെ പത്തില്‍ ഒന്‍പത് ഭാഗവും ഈ മണ്ഡലത്തില്‍ തങ്ങിനില്ക്കുന്നു. മലിനധൂളികള്‍ വ്യാപിക്കുന്നതും വ്യാപരിക്കുന്നതും ഇവിടെത്തന്നെ. അന്തരീക്ഷവിക്ഷോഭങ്ങളുടേതായ മേഖലയാണ് ഇത്. ഇവയുടെ ഫലമായി ഉണ്ടാകുന്ന അന്യോന്യപ്രക്രിയകളാണ് കാലാവസ്ഥാപ്രകാരങ്ങള്‍ക്ക് പ്രേരകമാകുന്നത്. സംവഹനരീതിയിലുള്ള ചലനം കാരണം ഈ മണ്ഡലത്തില്‍ വായുവിന്റെ ഗതിശീലം വര്‍ധിക്കുന്നു. ഭൂഭ്രമണം, കര, കടല്‍ എന്നിവയുടെ ആപേക്ഷികസ്ഥിതി, നിമ്നോന്നതപ്രകൃതി, ഭൂതലഘര്‍ഷണം എന്നിവയുടെ പ്രഭാവത്തിനു വഴങ്ങി വായു ആഗോളപരിസഞ്ചരണത്തിനു വിധേയമാകുന്നു. വിഭിന്ന സ്വഭാവങ്ങള്‍ ആര്‍ജിച്ച വായുപിണ്ഡങ്ങള്‍ കൂടിക്കലര്‍ന്നാണ് ആര്‍ദ്രോഷ്ണാവസ്ഥയിലെ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്നത്. ഈ മണ്ഡലത്തിലെ താപനില ഉയരത്തിന് ആനുപാതികമായി കുറഞ്ഞുവരുന്നു. ക്രമമായ ഈ താപക്കുറച്ചിലാണ് അന്തരീക്ഷത്തിലെ താപക്ഷയമാനം (laps rate). കി.മീ. ന് 6.5°C എന്ന തോതിലാണ് ഊഷ്മാവ് കുറയുന്നത്. ട്രോപോമണ്ഡലത്തിന്റെ മുകള്‍പ്പരപ്പിലെ ശ.ശ. താപനില- 60°C ആണ്.


ഈ മണ്ഡലത്തിലെ ജലാംശം, കാര്‍ബണ്‍ ഡൈഓക്സൈഡ് എന്നിവ സൂര്യാതാപത്തിന്റെ ക്രമവിതരണമുള്‍പ്പെടെ ഭൂമിയുടെ താപനില സമീകരിക്കുന്നതില്‍ കാര്യമായ പങ്കുവഹിക്കുന്നു.

മധ്യരേഖയോടടുത്ത് ട്രോപോമണ്ഡലത്തിന്റെ സീമ 16-17 കി.മീ. വരെ എത്തുന്നു. എന്നാല്‍ ധ്രുവപ്രദേശങ്ങളില്‍ ഉദ്ദേശം 6-7 കി.മീ. വരെ മാത്രമേ വരൂ.

ട്രോപോസ്ഫിയറിന്റെ തൊട്ടുമുകളിലായുള്ള സീമാമേഖലയാണ് ട്രോപോപാസ്. ഉദ്ദേശം 5 കി.മീ. വ്യാപ്തിയുള്ള ഈ വിതാനത്തില്‍ ഊഷ്മാവു സ്ഥിരമായി നില്ക്കുന്നു. എല്ലാ അക്ഷാംശങ്ങളിലും തുടര്‍ച്ചയായുള്ള ഒരു മേഖലയല്ല ഇത്. പ്രത്യേക അക്ഷാംശമേഖലകളില്‍ വ്യക്തമായ വിച്ഛിന്നതകള്‍ കാണുന്നു.

സ്ട്രാറ്റോസ്ഫിയര്‍

Stratosphere

അള്‍ട്രാവയലറ്റ് രശ്മികളുടെ അവശോഷണം മൂലം താപനില വര്‍ധിക്കുന്ന മണ്ഡലമാണ് സ്ട്രാറ്റോസ്ഫിയര്‍. ഊഷ്മാവ് ക്രമേണ ഉയര്‍ന്ന് ഉദ്ദേശം 50 കി.മീ. ഉയരെ സമുദ്രനിരപ്പിലേതിന് തുല്യമായിത്തീരുന്നു. 12 കി.മീ. മുതല്‍ 30 കി.മീ. വരെ കാണുന്ന ഓസോണ്‍ മണ്ഡലം (Ozonosphere) സ്ട്രാറ്റോ മണ്ഡലത്തിലെ ഒരു ഉപമേഖലയാണ്. അള്‍ട്രാവയലറ്റ് രശ്മികളുടെ പ്രകാശരാസപ്രക്രിയയുടെ (Photo chemical process) ഫലമായി ഊഷ്മാവ് വര്‍ധിക്കുന്നതുമൂലം ഓക്സിജന്‍ ഓസോണായും, മറിച്ചും രൂപാന്തരപ്പെടുന്നു. വിനാശകരമായ ഓസോണ്‍വാതകം ഏറ്റവും കൂടിയ അളവില്‍ (ലക്ഷത്തിലൊരംശം) കാണപ്പെടുന്നത് 35 കി.മീ. ഉയരെയാണ്. ഏറ്റവും താഴത്തെവിതാനങ്ങളില്‍ തീരെയും ഇല്ല. അള്‍ട്രാവയലറ്റ് രശ്മികളെ അവശോഷിപ്പിക്കുന്നത് പ്രധാനമായും ഓസോണ്‍ ആണ്. ഭൂമിയില്‍നിന്നും വികിരണം ചെയ്യപ്പെടുന്ന ദീര്‍ഘതരംഗങ്ങളെ സംഗ്രഹിച്ചു മടക്കി അയയ്ക്കുന്നതിലും ഓസോണിനു പങ്കുണ്ട്.

സ്ട്രാറ്റോസ്ഫിയറില്‍ ജലാംശം കാണുന്നില്ല. തന്‍മൂലം മേഘങ്ങളില്ലാത്ത നിര്‍മല മേഖലയായിരിക്കുന്നു. ഉദ്ദേശം 25 കി.മീ. ഉയരെയായി വല്ലപ്പോഴും മാത്രം പ്രത്യക്ഷപ്പെടുന്ന 'ചിപ്പി' മേഘങ്ങള്‍ (Mother of pearl clouds) സാധാരണമേഘങ്ങളില്‍നിന്നും വിഭിന്നമാണ്. ആകാശത്തിന്റെ നിറം കടുംനീലയോ കറുപ്പോ ആയി പ്രത്യക്ഷപ്പെടുന്നു. ഈ മണ്ഡലത്തിലെ വായു നന്നേ നേര്‍ത്തതാണ്. അതു പ്രകാശതരംഗങ്ങളെ അപഭംഗപ്പെടുത്തുകയോ പ്രകീര്‍ണനവിധേയമാക്കുകയോ ചെയ്യുന്നില്ല. സ്ട്രാറ്റോമണ്ഡലത്തിന്റെ താഴത്തെ വിതാനങ്ങളില്‍ മലിനധൂളികളുടെ ആധിക്യം കാണാം. ഗന്ധകസ്വഭാവമുള്ള ഉല്കാധൂളികളാണ് കൂടുതലായുള്ളത്.

Image:p558b.png

സ്ഥിരദിശകളില്‍ അനുസ്യൂതമായി വീശിക്കൊണ്ടിരിക്കുന്ന ഉപര്യന്തരീക്ഷവാതങ്ങള്‍ (Upper air winds) ഈ മണ്ഡലത്തിന്റെ സവിശേഷതയാണ്. 'ജെറ്റ് സ്ട്രീം' എന്നറിയപ്പെടുന്ന ഇവ ആഗോള വാതപരിസഞ്ചരണവ്യവസ്ഥയില്‍ വമ്പിച്ച സ്വാധീനം ചെലുത്തുന്നു.

സ്ട്രാറ്റോസ്ഫിയറിനും തൊട്ടുമുകളിലുള്ള മണ്ഡലമായ മീസോസ്ഫിയറിനും ഇടയ്ക്കുള്ള സ്ഥിര-ഊഷ്മാവിന്റേതായ സീമാമേഖലയാണ് സ്ട്രാറ്റോപാസ്.

ഉപരി മണ്ഡലങ്ങള്‍

മീസോസ്ഫിയറില്‍ ഉയരത്തിന് ആനുപാതികമായി ഊഷ്മാവു കുറയുന്നു. താപക്ഷയമാനം കി.മീ. ന് 3°C എന്ന തോതിലാണ്. ഉദ്ദേശം 80 കി.മീ. ഉയരത്തിലാവുമ്പോള്‍ താപനില സ്ഥിരമാകുന്നു. ഈ വിതാനമാണ് മീസോപാസ്. ഈ മേഖലയില്‍ സോഡിയം അണുക്കളുടെ ഒരു നേരിയ വീചി ഉടനീളം കാണാം. സാന്ധ്യപ്രകാശ (twilight)ത്തിന്റെ സമവിതരണത്തിനു നിദാനമാവുന്നു എന്നതൊഴിച്ചാല്‍ ശാസ്ത്രീയമായ കൂടുതലറിവ് ഈ വീചിയെക്കുറിച്ചു ലഭിച്ചിട്ടില്ല. കൂടുതല്‍ ഉയരത്തിലേക്കു പോകുന്തോറും അള്‍ട്രാവയലറ്റ് തരംഗങ്ങളുടെ അവശോഷണം അധികമാകുന്നു. താപവര്‍ധനത്തിന്റേതായ ഈ മണ്ഡലമാണ് തെര്‍മോസ്ഫിയര്‍. ഉദ്ദേശം 400 കി.മീ. ഉയരെ അന്തരീക്ഷ ഊഷ്മാവ് ഉദ്ദേശം 2,000°C ആണ്.

രാസിക മേഖലീകരണം

രാസവൈദ്യുത സ്വഭാവങ്ങളെ അടിസ്ഥാനമാക്കി അന്തരീക്ഷത്തെ ട്രോപോസ്ഫിയര്‍, ഓസോണോസ്ഫിയര്‍, അയോണോസ്ഫിയര്‍, എക്സോസ്ഫിയര്‍ എന്നിങ്ങനെ വിവിധമണ്ഡലങ്ങളായി വിഭജിക്കാം. ഏതാണ്ട് 50 കി.മീ. ന് മുകളിലുള്ള മണ്ഡലമാണ് അയോണോസ്ഫിയര്‍. ഈ മേഖലയില്‍ സൂര്യതാപത്തിലെ അള്‍ട്രാവയലറ്റ്, എക്സ്റേ തരംഗങ്ങള്‍ അന്തരീക്ഷവാതകങ്ങളുടെ തന്‍മാത്രകളെ അയോണീകരിക്കുന്നു. ഗണ്യമായ വൈദ്യുതചാലകത അയോണോസ്ഫിയറിന്റെ സവിശേഷതയാണ്. ഏതാണ്ട് 300 കി.മീ. ഉയരത്തോളം ഈ മണ്ഡലം വ്യാപിച്ചുകാണുന്നു.


അയോണോസ്ഫിയറിലെ ഏറ്റവും ഉയര്‍ന്ന മണ്ഡലങ്ങളില്‍ ഊര്‍ധ്വമുഖമായി ചലിക്കുന്ന പരമാണുക്കള്‍ ശൂന്യാകാശത്തിലേക്കു നിഷ്ക്രമിക്കുവാനുള്ള സാധ്യതകളുണ്ട്. ഇവയില്‍ ചിലത് ശൂന്യാകാശത്തില്‍ സ്വന്തമായ പരിഭ്രമണപഥങ്ങളിലൂടെ സഞ്ചരിച്ചു മടങ്ങിയെത്തുന്നു. ഭൂമിയെ ചുറ്റുന്ന ഈ സൂക്ഷ്മ സാറ്റലൈറ്റുകളെക്കുറിച്ച് ആദ്യമായി പഠനം നടത്തിയ ലൈമാന്‍സ്പിറ്റ്സെര്‍ ഈ മണ്ഡലത്തെ എക്സോസ്ഫിയര്‍ എന്നു വിളിച്ചു (1949). 640 കി.മീ. നും ഉയരെ ഹൈഡ്രജന്‍ അണുക്കളുടെ ആധിക്യം കാണാം. മണിക്കൂറില്‍ 26,875 കി.മീ. ആണ് ഇവയുടെ ഗതിവേഗം. എക്സോസ്ഫിയറിലെ സാധാരണ താപനില 2,000°C ആണ്. ഉദ്ദേശം 1,000 കി.മീ. ഉയരത്തോളം ഈ മണ്ഡലം വ്യാപിച്ചുകാണുന്നു.

പ്രകാശ പ്രതിഭാസങ്ങള്‍

സൌരപ്രജ്വാല(Solar flares)കളില്‍ നിന്നും വമിക്കുന്ന കണികാമയ വികിരണം (corpuscular radiation) ഉയര്‍ന്ന അക്ഷാംശമേഖലകളില്‍ വര്‍ണശബളമായ പ്രകാശവീചികള്‍ സൃഷ്ടിക്കുന്നു. ഇതാണ് 'അറോറാ' (Aurora) അഥവാ ധ്രുവദീപ്തി. അന്തരീക്ഷത്തിലെ സങ്കീര്‍ണവും എന്നാല്‍ അതിമനോഹരവുമായ ഒരു പ്രതിഭാസമാണിത്. ഭൂമിയുടെ ആകര്‍ഷണമേഖലയിലേക്ക് പാഞ്ഞുകയറുന്ന വലുതും ചെറുതുമായ ലക്ഷോപലക്ഷം ഉല്‍ക്കകള്‍ ഉപരിമണ്ഡലത്തില്‍വച്ചു തന്നെ കത്തിയെരിഞ്ഞുപോകുന്നു. അന്തരീക്ഷവാതകങ്ങളുടെ അയോണികൃതതന്‍മാത്രകളുമായുള്ള ഘര്‍ഷണമാണ് ഇവയെ നശിപ്പിക്കുന്നത്. ഉല്കകള്‍ കത്തിയെരിയുമ്പോഴുണ്ടാകുന്ന പ്രകാശജ്വാലയാണ് കൊള്ളിമീനുകള്‍. നോ: ചിപ്പിമേഘം, അന്തരീക്ഷ ജലകണം, അന്തരീക്ഷവിജ്ഞാനീയം, ജെറ്റ്സ്റ്റ്രീം, അയോണോസ്ഫിയര്‍, ആഗോളവാതസഞ്ചരണം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍