This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തഃസ്രാവിസ്വാധീനം,പെരുമാറ്റത്തില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്തഃസ്രാവിസ്വാധീനം, പെരുമാറ്റത്തില്‍

അന്തഃസ്രാവികള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ ജീവികളുടെ പെരുമാറ്റത്തിലും വ്യക്തിത്വത്തിലും വിവിധ രീതിയില്‍ സ്വാധീനം ചെലുത്തുന്നു. ഒരു ജന്തുവില്‍ ദൃശ്യമാകുന്ന ഉത്സാഹം, ആലസ്യം, ആത്മനിയന്ത്രണം മുതലായവയുടെ ഏറ്റക്കുറച്ചില്‍ അതിന്റെ രക്തത്തിലുള്ള അന്തഃസ്രാവിരസങ്ങളെ കൂടി ആശ്രയിച്ചിരിക്കും. ഒരു പ്രത്യേക അന്തഃസ്രാവി എല്ലാ ജന്തുക്കളിലും ഒരുപോലെയുള്ള മാറ്റങ്ങളാണ് വരുത്തുന്നത്.


പരിണാമശ്രേണിയിലെ താഴെക്കിടയിലുള്ള ജീവികളിലും അന്തഃസ്രാവികളുടെ സ്വാധീനം തെളിയിക്കപ്പെട്ടിട്ടുണ്ട്. ഷഡ്പദങ്ങളിലെ എക്ഡൈഷ്യല്‍ ഗ്രന്ഥി (പടംപൊഴിക്കല്‍ ഗ്രന്ഥി), കോര്‍പ്പസ് അലാറ്റം എന്നിവയും ക്രസ്റ്റേഷ്യകളിലുള്ള y-അവയവം, ആന്‍ഡ്രോജനിക്ഗ്രന്ഥി എന്നിവയും ആ ജീവികളുടെ വിവിധ ശാരീരിക പ്രക്രിയകളെ ഗണ്യമായി സ്വാധീനിക്കാറുണ്ട്. ഷഡ്പദങ്ങളിലെ എക്ഡൈഷ്യല്‍ ഗ്രന്ഥിയുടെ സ്രവമായ എക്ഡൈസോണ്‍ എന്ന ഹോര്‍മോണ്‍ പ്രായപൂര്‍ത്തിയാകാത്ത ഷഡ്പദങ്ങളില്‍ കടത്തിവിട്ടാല്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ മാത്രം ഉണ്ടാകുന്ന സ്വഭാവങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. ജനനഗ്രന്ഥികളെയും ഇത് പ്രചോദിപ്പിക്കാറുണ്ട്. ഈ ജീവികളിലെ മറ്റൊരു അന്തഃസ്രാവിയായ കോര്‍പ്പസ് അലാറ്റം സ്രവിക്കുന്ന ജുവനൈല്‍ ഹോര്‍മോണും (ജെ.എച്ച്.) അവയുടെ വിവിധ ശാരീരിക പ്രക്രിയകളെ സ്വാധീനിക്കാറുണ്ട്. ചില ശലഭങ്ങളില്‍ സംയോഗം ജെ.എച്ച്-ന്റെ പൂര്‍ണനിയന്ത്രണത്തിലാണ്. വിവിധതരം കൊക്കൂണുകളുടെ ആവിര്‍ഭാവംപോലും ഈ ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ ആശ്രയിച്ചാണിരിക്കുക. ക്രസ്റ്റേഷ്യകളിലെ y-അവയവത്തിന്റെ സ്രവം ജനനഗ്രന്ഥികളുടെ പ്രാരംഭികവളര്‍ച്ചയ്ക്ക് ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണ്. ഉറയുരിക്കലിനെയും നഷ്ടപ്പെട്ട അവയവങ്ങളുടെ പുനരുത്പാദനത്തെയും ഇത് സഹായിക്കുന്നു. ക്രസ്റ്റേഷ്യകളിലെ ആന്‍ഡ്രോജനിക് ഹോര്‍മോണ്‍ ലൈംഗിക ലക്ഷണങ്ങളെ നിയന്ത്രിക്കാറുണ്ട്. ആണിന്റെ പ്രത്യേക പെരുമാറ്റത്തെ സ്വാധീനിക്കുന്നതും ഈ ഹോര്‍മോണ്‍തന്നെ.


വൃഷണം നശിപ്പിക്കപ്പെട്ട കാള വളരെ മെരുക്കവും ഒതുക്കവും ഉള്ളതായി മാറുന്നു. പിറ്റ്യൂറ്ററി ഗ്രന്ഥി നീക്കം ചെയ്യപ്പെട്ട നായയുടെ ശൌര്യം താരതമ്യേന കുറഞ്ഞുപോകുന്നു. വീണ്ടും പിറ്റ്യൂറ്ററി സ്രവം കുത്തിവച്ചാല്‍ നായയ്ക്ക് നഷ്ടപ്പെട്ട ശൌര്യം തിരികെ ലഭിക്കുന്നു. അന്തഃസ്രാവികള്‍ മനുഷ്യരുടെ പെരുമാറ്റത്തിലും വ്യക്തിത്വത്തിലും സ്വാധീനം ചെലുത്തുന്നു. ഒന്നോ രണ്ടോ അന്തഃസ്രാവികളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുമ്പോഴാണ് ഇവയുടെ സ്വാധീനതയുടെ ആഴം നാടകീയമായി പ്രകടമാകുന്നത്. അന്തഃസ്രാവികള്‍ അന്യോന്യം ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ചിലതിന് പെരുമാറ്റവുമായി ഉറ്റബന്ധം ഉണ്ടെന്നു കാണാം. തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോക്സിന്‍ എന്ന ഹോര്‍മോണ്‍ ഇതിന് ഉത്തമോദാഹരണം ആണ്. തൈറോക്സിന്റെ അമിതോത്പാദനം, ശരീരത്തെ ദ്രുതപ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുകയും അത് നാഡീസംഘര്‍ഷം, ക്ഷിപ്രകോപം, അസ്വസ്ഥത മുതലായ വികാരചാഞ്ചല്യങ്ങള്‍ക്ക് കാരണമായിത്തീരുകയും ചെയ്യുന്നു. ഒരു കുട്ടിയുടെ രക്തത്തില്‍ തൈറോക്സിന്‍ അധികമായാല്‍ അവന്‍ അമിതമായ ഊര്‍ജസ്വലതയും ചഞ്ചലപ്രകൃതവും പ്രകടിപ്പിക്കും. ഇതിന്റെ കുറവ് കുട്ടികളെ മടിയരും ഉന്‍മേഷരഹിതരും ആക്കിത്തീര്‍ക്കുന്നു. ജനനം മുതല്ക്കോ ശൈശവത്തിലോ തൈറോയ്ഡ് ഗ്രന്ഥിക്ക് പ്രവര്‍ത്തനക്ഷയം സംഭവിച്ചാല്‍ ശാരീരികവും ബുദ്ധിപരവുമായ വളര്‍ച്ച തടസ്സപ്പെടുന്നു; ഹ്രസ്വകായന്‍മാരായി ഭവിക്കുന്നു. ഇങ്ങനെ 'മുണ്ട'ന്‍മാരായി ഭവിക്കുന്ന അവസ്ഥയെ ക്രെറ്റിനിസം (cretinism) എന്നു പറയുന്നു. എന്നാല്‍ പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ ത്വരിതപ്രവര്‍ത്തനം ശരീരത്തിന് ക്രമാതീതമായ വളര്‍ച്ചയുണ്ടാക്കുന്നു. തന്‍മൂലം അവര്‍ ഭീമാകാരന്‍മാരായി (gigantism) ഭവിക്കുന്നു. ഒരുവന്റെ വളര്‍ച്ചയുടെ കാലം കഴിഞ്ഞാണ് ഈ ഹോര്‍മോണ്‍ ദ്രുതപ്രവര്‍ത്തനം നടത്തുന്നതെങ്കില്‍ അതു വളര്‍ച്ചയെ വളരെയധികം ബാധിക്കുകയില്ല. എങ്കിലും അയാളുടെ മൂക്കും കീഴ്ത്താടിയും കണക്കിലേറെ വലുതാകുകയും നെറ്റി മുന്നോട്ടു ഉന്തുകയും ചെയ്യുന്നു. കൂടാതെ ഇതു ചിലരില്‍ അമിതമായ വിഷയാസക്തി, ആക്രമണാസക്തി, ആധിപത്യസ്വഭാവം എന്നിവ സൃഷ്ടിക്കുന്നു. പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ പ്രവര്‍ത്തനക്ഷയം അസ്ഥി, മാംസപേശി എന്നിവയുടെ ഘടനയെ ബാധിക്കുകയും അലസത, ക്ഷീണം, എന്നിവ ഉണ്ടാകുകയും ചെയ്യുന്നു. അതു കുട്ടികളില്‍ കാണുന്ന അസാധാരണമായ ലജ്ജ, വിമ്മിക്കരച്ചില്‍, ദുശ്ശാഠ്യം, ഭീരുത്വം എന്നിവയ്ക്ക് കാരണമായിത്തീരുന്നു.


അഡ്രിനല്‍ ഗ്രന്ഥിയുടെ അതിപ്രവര്‍ത്തനം ഹൃദയസ്പന്ദനത്തെയും മാംസപേശിപ്രവര്‍ത്തനത്തെയും ത്വരിതപ്പെടുത്തും. വികാരവിക്ഷോഭത്തില്‍പെട്ടു നില്ക്കുമ്പോള്‍ രക്തത്തിലേക്കു പ്രവഹിക്കുന്ന അഡ്രിനല്‍ ഗ്രന്ഥിയുടെ സ്രാവം സാധാരണഗതിയില്‍ അസാധ്യമായ ധീരകൃത്യങ്ങള്‍ ചെയ്വാന്‍ ഒരുവനെ പ്രാപ്തനാക്കാറുണ്ട്. ഉയരമുള്ള മതില്‍ ചാടിക്കടക്കാനും ദുഷ്ടമൃഗങ്ങളെ നേരിടാനും മറ്റുമുള്ള 'വിപദിധൈര്യ'പ്രകടനത്തിന് ഈ ഗ്രന്ഥീസ്രാവം പ്രേരണ നല്കുന്നു. അഡ്രിനല്‍ ഗ്രന്ഥിയുടെ ക്രമാതീതമായ പ്രവര്‍ത്തനം രക്തത്തിലുള്ള പഞ്ചസാരയുടെ സാന്ദ്രത വര്‍ധിപ്പിക്കുന്നു. ഭയം, കോപം തുടങ്ങിയ വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍ പേശികള്‍ക്കും അധികം ഊര്‍ജം ആവശ്യമായിത്തീരും. അപ്പോള്‍ കരളില്‍ കരുതിവച്ചിരുന്ന പഞ്ചസാര പിന്‍വലിക്കപ്പെടും. വൈകാരികസംഘര്‍ഷം തുടര്‍ന്നു അനുഭവിക്കുന്ന വ്യക്തികള്‍ക്ക് പ്രമേഹം പിടിപെടുവാന്‍ സാധ്യതയുണ്ട്. വൈകാരിക സംഘര്‍ഷവും പ്രതികൂലസാഹചര്യത്തിന്റെ സമ്മര്‍ദവും പ്രമേഹരോഗം ഉണ്ടാക്കാം എന്ന് വൂള്‍ഫ് എന്ന ശാസ്ത്രജ്ഞന്‍ സമര്‍ഥിക്കുന്നു.


ലൈംഗികഗ്രന്ഥികള്‍(gonads) ഉത്പാദിപ്പിക്കുന്ന ആന്‍ഡ്രോജന്‍, പ്രോജസ്റ്ററോണ്‍ എന്നീ ഹോര്‍മോണുകളും അഡ്രിനല്‍, പിറ്റ്യൂറ്ററി എന്നീ അന്തഃസ്രാവികളുടെ ഹോര്‍മോണുകളും ചേര്‍ന്ന് ലൈംഗിക അവയവങ്ങളുടെ വളര്‍ച്ചയെ പരിപുഷ്ടമാക്കുന്നു. ആന്‍ഡ്രോജനാണ് പുരുഷന് കനത്ത ശബ്ദവും മുഖരോമങ്ങളും മറ്റു പുരുഷത്വലക്ഷണങ്ങളും നല്കുന്നത്. ഈസ്ട്രജെന്‍ എന്ന അണ്ഡാശയഹോര്‍മോണ്‍ ആണ് സ്ത്രൈണഭാവങ്ങള്‍ക്കു കാരണം. ഇവ രണ്ടും എല്ലാ സ്ത്രീപുരുഷന്‍മാരിലും കാണപ്പെടുന്നു. ആന്‍ഡ്രോജന്‍ ഒരു സ്ത്രീയില്‍ അധികമായാല്‍ അവളില്‍ പുരുഷലക്ഷണങ്ങളും ഈസ്ട്രജെന്‍ പുരുഷനില്‍ അധികമായാല്‍ അയാളില്‍ സ്ത്രൈണഭാവവും ഏറിയിരിക്കും. പതിവായി ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ സ്വഭാവ വൈകല്യത്തിന് പ്രതികൂലമായ ഗൃഹാന്തരീക്ഷം, അശാസ്ത്രീയമായ പരിപാലനം എന്നിവയോടൊപ്പം അന്തഃസ്രാവികളുടെ അസന്തുലിതമായ പ്രവര്‍ത്തനവും കാരണമാണെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇങ്ങനെ ജന്തുക്കളുടെ പെരുമാറ്റത്തെയും വ്യക്തിത്വത്തെയും അന്തഃസ്രാവികളുടെ പ്രവര്‍ത്തനം ഗണ്യമായി സ്വാധീനിക്കുന്നതായി കാണാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍