This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനൂപസംഗീതവിലാസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അനൂപസംഗീതവിലാസം

ഭാവഭട്ടന്‍ (17-ാം ശ.) എന്ന സംഗീതശാസ്ത്രജ്ഞന്‍ സംസ്കൃതത്തില്‍ രചിച്ച മൂന്ന് സംഗീതലക്ഷണ ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രമുഖമായത്. അനൂപസംഗീതാങ്കുശം, അനൂപസംഗീതരത്നാകരം ഇവയാണ് മറ്റു രണ്ടു കൃതികള്‍. അനൂപസംഗീതവിലാസത്തില്‍ ഭാവഭട്ടന്‍ അദ്ദേഹത്തിന്റെ രക്ഷാധികാരിയായിരുന്ന ബിക്കാനീറിലെ അനൂപ്‍സിങ് (1674-1709) എന്ന രാജാവിനെ സംബന്ധിക്കുന്ന പല ചരിത്രവസ്തുതകളും പരാമര്‍ശിക്കുന്നുണ്ട്. ഭാവഭട്ടന്‍ അനൂപ്സിങിന്റെ ആസ്ഥാനകവികൂടിയായിരുന്നു.


നാദം, ശ്രുതി, സ്വരം, രാഗം എന്നിവയെക്കുറിച്ച് രചിക്കപ്പെട്ടിട്ടുള്ള പ്രമുഖമായ ഒരു ആധികാരികഗ്രന്ഥം എന്ന നിലയിലാണ് അനൂപസംഗീതവിലാസത്തെ സംഗീതശാസ്ത്രജ്ഞന്മാര്‍ പരിഗണിച്ചുവരുന്നത്. ശ്രുതിയെ ഗാത്രജം, യന്ത്രജം ഇങ്ങനെ രണ്ടായി വിഭജിച്ചിട്ടുള്ള ഈ കൃതിയില്‍ 70-ല്‍പ്പരം രാഗങ്ങളെക്കുറിച്ചും, ശാരംഗദേവന്‍, അബോബലന്‍, ദാമോദരമിശ്ര, പുണ്ഡലികവിഠാല, ശ്രീനിവാസന്‍, സോമനാഥന്‍ എന്നീ സംഗീതജ്ഞന്മാരെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്.


അനൂപസംഗീതാങ്കുശത്തിലും അനൂപസംഗീതരത്നാകരത്തിലും അക്കാലത്തു നിലവിലിരുന്ന നിരവധി രാഗങ്ങളെക്കുറിച്ച് സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു. നോ: ഭാവഭട്ടന്‍


(വി.എസ്. നമ്പൂതിരിപ്പാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍