This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുമാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അനുമാനം

Inference

അറിവുള്ള കാര്യങ്ങള്‍ ആധാരമാക്കി പുതിയ അറിവിന്റെ പന്ഥാവിലേക്കു നീങ്ങുന്ന മാനസികപ്രക്രിയ; സാങ്കേതികഭാഷയില്‍ ഒരു 'താര്‍ക്കിക പ്രക്രിയ', ഒന്നോ അതിലധികമോ തര്‍ക്കവാക്യങ്ങളെ ആധാരമാക്കി മറ്റൊരു തര്‍ക്കവാക്യത്തിലേക്കു നയിക്കപ്പെടുകയാണ് ഇതില്‍ സ്വീകരിക്കുന്ന രീതി. തര്‍ക്കവാക്യങ്ങളെ ആധാരവാക്യങ്ങള്‍ എന്നും വ്യവഹരിക്കാറുണ്ട്.

ബി.സി. 4-ാം ശ.-ത്തില്‍ അരിസ്റ്റോട്ടല്‍ രചിച്ച ഓര്‍ഗനണ്‍ (Organon) എന്ന ഗ്രന്ഥത്തില്‍ അനലറ്റിക്കാ പ്രയോറ (Analytica prioria), അനലറ്റിക്കാ പോസ്റ്റീറിയാ (Analytica posteria), ടോപിക്സ് (Topics) എന്നീ വിഭാഗങ്ങളില്‍ അനുമാനത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്നുണ്ട്. അതില്‍ അനുമാനത്തെ നിഗമനാനുമാനം (Deduction) ആഗമനാനുമാനം (Induction) എന്ന് രണ്ടായി തിരിച്ചിരിക്കുന്നു.

നിഗമനാനുമാനം. ഒരു ആധാരവാക്യത്തില്‍ നിന്നോ ചില ആധാരവാക്യങ്ങളില്‍ നിന്നോ അനിവാര്യമായ ഒരു നിര്‍ണയനത്തില്‍ (Conclusion) എത്തിച്ചേരുന്ന അനുമാനക്രിയയാണ് നിഗമനം. തന്മൂലം സാമാന്യജ്ഞാന (General) ത്തിന്റെ സഹായത്തോടുകൂടി സവിശേഷജ്ഞാനം (Particular) നേടുന്നു. ഉദാ. 'പ്രാവ് ഒരു പക്ഷിയായതുകൊണ്ട് മുട്ട ഇടുന്നു' എന്ന വാക്യത്തെ താര്‍ക്കികപ്രക്രിയയായി ഇങ്ങനെ എഴുതാം:

1. പ്രാവ് പക്ഷിവര്‍ഗത്തില്‍പെടുന്നു.

2. പക്ഷിവര്‍ഗത്തില്‍പെടുന്നവയെല്ലാം മുട്ട ഇടുന്നു.

3. (അതിനാല്‍) പ്രാവ് മുട്ട ഇടുന്നു.

(1)ഉം (2)ഉം ആധാരവാക്യങ്ങളും (3) നിഗമനവാക്യവും ആകുന്നു; നിഗമനവാക്യം ആധാരവാക്യത്തി(ങ്ങളി)ല്‍ അധിഷ്ഠിതമാണ്. നിഗമനവാക്യത്തിന്റെ വാസ്തവികത ആധാരവാക്യത്തിന്റെ വാസ്തവികതയെ ആശ്രയിച്ചിരിക്കും. ഒരു ആധാരവാക്യത്തില്‍നിന്നും നിഗമനവാക്യം അനുമാനിക്കുന്നതിനുള്ള നിയമങ്ങളെപ്പറ്റി അരിസ്റ്റോട്ടല്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒന്നാം ആധാരവാക്യം ഒരു സാമാന്യജ്ഞാനമാണ്. അങ്ങനെ സാമാന്യതത്ത്വത്തില്‍നിന്നും സവിശേഷജ്ഞാനത്തിലേക്ക് നീങ്ങുന്നു.

ആഗമനാനുമാനം. ഇത് സവിശേഷജ്ഞാനത്തിന്റെ സഹായത്തോടുകൂടി സാമാന്യജ്ഞാനം നേടുന്ന അനുമാനക്രിയയാണ്. നിഗമനാനുമാനപ്രക്രിയയെ ചോദ്യംചെയ്തുകൊണ്ട് 16-ാം ശ.-ത്തില്‍ ഫ്രാന്‍സിസ് ബേക്കണ്‍ നോവം ഓര്‍ഗനണ്‍ (Novam Organon) എന്ന ഗ്രന്ഥം രചിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ 19-ാം ശ.-ത്തില്‍ ഈ ഗ്രന്ഥത്തെ അടിസ്ഥാനമാക്കി അനുമാനസിദ്ധാന്തത്തിന് പുതിയൊരു സരണിതന്നെ വെട്ടിത്തുറന്നു. നിഗമനാനുമാനപ്രക്രിയയില്‍ ശരിക്കും അനുമാനമേ ഇല്ലെന്ന് അദ്ദേഹം വാദിച്ചു. സാമാന്യവാക്യത്തില്‍ തന്നെ സവിശേഷവാക്യവും അടങ്ങിയിരിക്കെ, പുതിയ അറിവിന്റെ പന്ഥാവിലേക്ക് മനസ്സ് നീങ്ങുന്നുവെന്ന് എങ്ങനെ പറയാന്‍ സാധിക്കും? കൂടാതെ സാമാന്യവാക്യം ശരിയോ തെറ്റോ എന്ന് എങ്ങനെ പരിശോധിക്കുമെന്നതിനു നിഗമനാനുമാന പ്രക്രിയയില്‍ ഒരു നിര്‍ദേശവും ഇല്ല. അതുകൊണ്ട് സാമാന്യവാക്യത്തിന്റെ വാസ്തവികത തെളിയിക്കുന്നതിനു മറ്റൊരു അനുമാനപ്രക്രിയ ആവശ്യമായിവരുന്നു എന്ന് മില്‍ സിദ്ധാന്തിച്ചു. അങ്ങനെ ആഗമനാനുമാനത്തിന് പുതിയൊരു അര്‍ഥവും വ്യാപ്തിയും ഉണ്ടായി. ഉദാ. എന്റെ അനുഭവത്തില്‍ അനേകം പക്ഷികളെ ഞാന്‍ കണ്ടിട്ടുണ്ട്. ആ കൂട്ടത്തില്‍ ഞാന്‍ കണ്ടിട്ടുള്ള എല്ലാ കാക്കകളും കറുത്തതാണ്. ഇതിനെ ആഗമനാനുമാനരൂപത്തിലെഴുതുമ്പോള്‍

ഈ കാക്ക കറുത്തതാണ്

മറ്റെ കാക്കയും കറുത്തതാണ്

ഇതുപോലെ മറ്റനേകം................

∴ എല്ലാ കാക്കകളും കറുത്തതാണ്.

എല്ലാ കാക്കകളും എന്റെ അനുഭവജ്ഞാനത്തില്‍ പെട്ടതല്ല; കുറെ കാക്കകള്‍ അനുഭവജ്ഞാനത്തില്‍ പെട്ടതാണുതാനും. അതുകൊണ്ട് 'കുറെ കാക്കകള്‍' എന്ന അനുഭവജ്ഞാനത്തില്‍ നിന്ന് 'എല്ലാ കാക്കകളും' എന്ന സാമാന്യജ്ഞാനത്തിലേക്കു മനസ്സ് നീങ്ങുന്നു. 'കുറെ കാക്കകള്‍' എന്നതു സവിശേഷവാക്യവും 'എല്ലാ കാക്കകളും' എന്നതു സാമാന്യവാക്യവും ആകുന്നു. ഇങ്ങനെ വിശദീകരണം നല്കി ഇതില്‍ മാത്രമാണ് അനുമാനപ്രക്രിയ അടങ്ങിയിരിക്കുന്നതെന്ന് സിദ്ധാന്തിച്ചുകൊണ്ട് ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ സിസ്റ്റം ഒഫ് ലോജിക് (System of Logic) എന്ന ഗ്രന്ഥത്തിലൂടെ ആഗമനാനുമാനപ്രക്രിയയെ വിശദീകരിച്ചു.

സുവ്യക്തവും ഫലപ്രദവും ആധികാരികവും ആയ അറിവിന്റെ ഉറവിടം അനുമാനമാണെന്നു തര്‍ക്കശാസ്ത്രം സ്ഥാപിക്കുന്നു. ഒരു വസ്തുവില്‍നിന്ന് (വസ്തുതയില്‍നിന്ന്), മറ്റൊരു വസ്തു (വസ്തുത) ഭിന്നമാണ്. ഇതു തെളിയിക്കപ്പെടുമ്പോഴാണ് അതിനെക്കുറിച്ച് സ്പഷ്ടമായ അറിവ് ലഭിക്കുന്നത്. അനുമാനാത്മകമായ അറിവും സുവ്യക്തമാണ്. മറ്റു അറിവുകളുടെ അടിസ്ഥാനത്തിലാണ് അതുണ്ടാകുക. അതുകൊണ്ട് അത് അസന്ദിഗ്ധവുമാണ്. ഈ അറിവ് ലഭിക്കുന്നതിനുള്ള രണ്ടു നിദാനങ്ങളാണ് നിഗമനാനുമാനവും ആഗമനാനുമാനവും. ഇവ രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങളെപ്പോലെ അനുമാനപ്രക്രിയയോടു ബന്ധപ്പെട്ടിരിക്കുന്നു. സംയുക്ത വിശേഷണാനുമാനം (Inference by Added Determinants), മിശ്രധാരണാനുമാനം (Inference by Complex Conception) എന്ന മറ്റു രണ്ടുവിധരീതികളെപ്പറ്റിയും പാശ്ചാത്യ തര്‍ക്കശാസ്ത്രജ്ഞന്മാര്‍ പ്രതിപാദിക്കുന്നുണ്ട്.

ഭാരതീയ തര്‍ക്കശാസ്ത്രത്തില്‍. അനുമാനത്തെ ഭാരതീയ ദാര്‍ശനികരും ജ്ഞാനസമ്പാദനോപകരണമായി-പ്രമാണമായി-അംഗീകരിച്ചു വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. അകലെ നില്ക്കുന്ന പര്‍വതത്തില്‍ പുക ഉയരുന്നതു കണ്ട് അവിടെ അഗ്നിയുണ്ടെന്നു മനസ്സിലാക്കുന്നത് അനുമാനം വഴിക്കാണ്. ഈ അഗ്നിബോധം പ്രത്യക്ഷമല്ല. എന്തെന്നാല്‍ പുകയില്ലാതെ തീ കാണുന്നില്ല. പുക കണ്ടപ്പോള്‍ അഗ്നിയെ ഓര്‍മിച്ചുപോയതാണ് എന്നു പറയാന്‍ നിവൃത്തിയില്ല. മുമ്പ് അവിടെ തീ കാണാതെ ഇപ്പോള്‍ അതിനെ എങ്ങനെ ഓര്‍മിക്കും? മുമ്പ് അനുഭവിച്ച വിഷയം മാത്രമേ പിന്നീട് ഓര്‍മ്മിക്കപ്പെടുന്നുള്ളൂ. പുക കണ്ടമാത്രയില്‍ അഗ്നിയെ ഊഹിച്ച് അറിഞ്ഞു എന്നു പറയുന്നതാണ് ഉത്തമം. ഈ ഊഹമാണ് അനുമിതി. പുക കാണുന്ന സ്ഥലങ്ങളിലെല്ലാം തീയുണ്ട് എന്നു നാം കാലേകൂട്ടി ധരിച്ചുവച്ചിട്ടുണ്ട്. ധൂമത്തിനു വഹ്നിയോടു നിയമേനയുള്ള ഈ സാഹചര്യത്തെ തര്‍ക്കശാസ്ത്രത്തില്‍ വ്യാപ്തി എന്നു വ്യവഹരിക്കുന്നു. എവിടെയെല്ലാം പുകയുണ്ടോ അവിടെയെല്ലാം തീയുണ്ട് എന്നിങ്ങനെയുള്ള വ്യാപ്തി നിശ്ചയമാണ് യഥാര്‍ഥത്തില്‍ അനുമാനം. അനുമാനം പ്രമാണവും അനുമിതി അതിന്റെ ഫലവുമാകുന്നു.

അന്വയമെന്നും വ്യതിരേകമെന്നും വ്യാപ്തി രണ്ടുതരത്തിലുണ്ട്. മുകളില്‍ കൊടുത്തിരിക്കുന്ന അനുമാനത്തില്‍ വഹ്നി സാധ്യമെന്നും ധൂമം ഹേതുവെന്നും പര്‍വതം പക്ഷമെന്നും വ്യവഹരിക്കപ്പെടുന്നു. അനുമാനപ്രയോഗത്തിന്റെ സാമാന്യസ്വരൂപം 'പര്‍വതത്തില്‍ തീയുണ്ട്, പുക കാണപ്പെടുന്നതിനാല്‍' എന്നാണ്. പക്ഷം, സാധ്യം, ഹേതു എന്നിവയെ ഈ ക്രമത്തില്‍ വിന്യസിക്കുന്നതാണ് അനുമാനം. ഈ അനുമാനഫലമായി പര്‍വതത്തില്‍ തീയുണ്ട് എന്നു തീരുമാനിക്കുന്നത് അനുമിതിയുമാണ്.

പഞ്ചാവയവ വാക്യം. എന്നാല്‍ ആ പര്‍വതത്തില്‍ തീയുണ്ടെന്ന സംഗതി മറ്റൊരുവന് ബോധ്യപ്പെടണമെങ്കില്‍ അനുഭവസ്ഥന്‍ ഒരു പ്രത്യേകരീതിയില്‍ ചില വാക്യങ്ങള്‍കൊണ്ട് അതു പ്രതിപാദിക്കണം.

1. ആ പര്‍വതത്തില്‍ തീയുണ്ട് (പ്രതിജ്ഞാവാക്യം)

2. പുകയുള്ളതിനാല്‍ (ഹേതുവാക്യം)

3. എവിടെ പുകയുണ്ടോ അവിടെ തീയുണ്ട്

(ഉദാ. അടുക്കള)

4. അപ്രകാരമാണ് ഈ പര്‍വതവും (ഉപനയവാക്യം)

5. ആകയാല്‍ ഈ പര്‍വതത്തില്‍ തീയുണ്ട് (നിഗമനവാക്യം)

ഈ അഞ്ചു ഘടകങ്ങള്‍ അടങ്ങിയതിന് പഞ്ചാവയവ വാക്യം എന്നു പറയുന്നു. പഞ്ചാവയവ വാക്യംകൊണ്ട് തീര്‍ച്ചയായും മറ്റേ ആളിന് 'പര്‍വതം വഹ്നിമാന്‍' ആണെന്ന് സമ്മതിക്കേണ്ടിവരുന്നു. എന്നാല്‍ നാലും അഞ്ചും ഒഴിവാക്കി മൂന്നു വാക്യങ്ങള്‍ പറഞ്ഞാല്‍ത്തന്നെയും മറ്റെ ആളിന് അംഗീകാരയോഗ്യം ആകേണ്ടതാണെന്നും ഒരു പക്ഷമുണ്ട്.

ഹേതുജ്ഞാനം, വ്യാപ്തിജ്ഞാനം, പരാമര്‍ശജ്ഞാനം എന്നിവയ്ക്കു ശേഷമേ അനുമാനം നടക്കുന്നുള്ളു എന്നും ആകയാല്‍ അനുമാനത്തിന്റെ ഫലമായ 'പര്‍വതോ വഹ്നിമാന്‍' എന്ന അറിവ് ഉണ്ടാകുവാന്‍ നാലുനിമിഷം വേണമെന്നും നൈയായികന്മാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ വേദാന്തികളുടെ അഭിപ്രായത്തില്‍ രണ്ടു വസ്തുക്കള്‍ തമ്മിലുള്ള വ്യാപ്തി നേരത്തെ ഗ്രഹിച്ചിട്ടുള്ളവന് രണ്ടാമത്തെ നിമിഷത്തില്‍ത്തന്നെ അനുമിതിയുണ്ടാകുന്നുണ്ട്.

പക്ഷം, സാധ്യം, ഹേതു, വ്യാപ്തി, പരാമര്‍ശം, അനുമാനം, അനുമിതി എന്നിവയുടെ സ്വരൂപവും ലക്ഷണവും പ്രകാരഭേദങ്ങളും ഓരോ പക്ഷക്കാര്‍ ഓരോ തരത്തില്‍ പ്രപഞ്ചനം ചെയ്തിട്ടുണ്ട്. ഏറ്റവും നിസ്സാരങ്ങളായ അനുമാനഘട്ടങ്ങളെക്കൂടി ഭാരതീയന്യായശാസ്ത്രജ്ഞന്മാര്‍ സനിഷ്കര്‍ഷം പരീക്ഷിച്ചു പ്രതിപാദിച്ചിട്ടുണ്ട്.

വിശേഷം, സാമാന്യം എന്നിങ്ങനെ അനുമാനം രണ്ടു വിധത്തിലുണ്ട്. കാര്യാനുമാനം, കാരണാനുമാനം, ശേഷാനുമാനം, ദൃഷ്ടാനുമാനം എന്നിങ്ങനെ വേറെയും വിഭാഗങ്ങള്‍ അനുമാനത്തിന് പറഞ്ഞുവരുന്നു. അനുമാനത്തിന്റെ മാര്‍മികാംശം ഹേതുവാണ് എന്നു പറയാം. ശരിയായ ഹേതുവിനെക്കൊണ്ടുവേണം ഓരോന്നിനേയും അനുമാനിക്കുക. അസിദ്ധം, ബാധിതം, സല്‍പ്രതിപക്ഷം, വിരുദ്ധം, അനൈകാന്തികം എന്നിങ്ങനെ ദുഷ്ടഹേതുക്കള്‍ അഞ്ചുവിധത്തിലുണ്ട്. അവ ഹേത്വാഭാസങ്ങളാണ്. പരിചയക്കുറവോ അനവധാനതയോ കൊണ്ടാണ് ഒരാള്‍ പ്രയോഗിക്കുന്ന ഹേതു ദുഷ്ടമായിത്തീരുന്നത്. 'പര്‍വതത്തില്‍ തീയുണ്ട്, വൃക്ഷങ്ങളുള്ളതിനാല്‍' എന്ന് ഒരാള്‍ പറഞ്ഞാല്‍ 'വൃക്ഷങ്ങള്‍' എന്നതു ഹേത്വാഭാസമാണ്.

ജ്ഞാനസമ്പാദനോപകരണം. പ്രത്യക്ഷം, ശബ്ദം എന്നിവയോടൊപ്പം അനുമാനവും പ്രധാനമായ ഒരു ജ്ഞാനസമ്പാദനോപകരണമായി ഭാരതീയര്‍ അംഗീകരിച്ചിട്ടുണ്ട്. 'പ്രത്യക്ഷ'ത്തിനു പല പരിമിതികള്‍ ഉള്ളതിനാല്‍ ഈ ലോകത്തില്‍ യഥാര്‍ഥജ്ഞാനത്തിനുവേണ്ടി നാം ആശ്രയിക്കുന്നതു മിക്കവാറും അനുമാനത്തേയാണ്. നൈയായികന്മാര്‍ ഈശ്വരാസ്തിത്വം സമര്‍ഥിക്കുന്നതും അനുമാനം മൂലമാകുന്നു. അതീന്ദ്രിയ തത്ത്വങ്ങളെ ആരാഞ്ഞറിയുന്നതിനുള്ള മാര്‍ഗവും ഇതാകുന്നു. പ്രപഞ്ചത്തിന്റെ മിഥ്യാത്വത്തെ വേദാന്തികള്‍ സമര്‍ഥിക്കുന്നത് അനുമാനത്തെ ആശ്രയിച്ചാണ്. സൂക്ഷ്മ വിശകലനത്തില്‍, പ്രത്യക്ഷത്തിന്റെ സഹായമില്ലാതെ അനുമാനം ഇല്ലെന്നു മനസ്സിലാക്കാം. പുകയും തീയും തമ്മില്‍ നിയമേനയുള്ള സാഹചര്യം പ്രത്യക്ഷംകൊണ്ട് അറിഞ്ഞിട്ടുള്ളതാണ്. പര്‍വതവും ധൂമവും പ്രത്യക്ഷ വിഷയങ്ങളുമാണ്. ആകയാല്‍ പ്രത്യക്ഷമില്ലാതെ അനുമാനത്തിന് പ്രസക്തിയുണ്ടാകാന്‍ തരമില്ല എന്ന വസ്തുതയും കൂടി ധരിക്കേണ്ടതാകുന്നു.

അനുമാനം (സാഹിത്യം). ന്യായശാസ്ത്രമൂലകമായ ഒരു അര്‍ഥാലങ്കാരം. നോ: അലങ്കാരശാസ്ത്രം, അലങ്കാരം

(പി.എം. കുമാരന്‍ നായര്‍, സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A8%E0%B5%81%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍