This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനീമിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

അനീമിയ

Anaemia

രക്തത്തില്‍ ഹീമോഗ്ളോബിന്‍ (haemoglobin) കുറവായിരിക്കുന്ന അവസ്ഥ. വിളര്‍ച്ച, ക്ഷീണം, ശക്തിക്കുറവ്, നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, തലവേദന എന്നിവയാണ് ലക്ഷണങ്ങള്‍. കാരണത്തെ അടിസ്ഥാനമാക്കി വിവിധതരം അനീമിയകളെ കുറിച്ച് വ്യവഹരിക്കാറുണ്ട്. രക്തസ്രാവം, ശോണരക്താണുക്കളുടെ ഉത്പാദനത്തിലെ അപര്യാപ്തത, ശോണരക്താണുക്കളുടെ നാശം (ഹീമോളിസിസ്) എന്നിവയാണ് അനീമിയ ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍. രക്തസ്രാവം മൂലം ഉണ്ടാകുന്ന രക്തനഷ്ടത്തിനനുസൃതമായി ശോണാണു നിര്‍മിതി നടന്നില്ലെങ്കില്‍ അനീമിയ ഉണ്ടാകുന്നു.

ഡിസ് ഹീമോപോയിറ്റിക് അനീമിയ

(Dishaemopoietic anaemia)

ശോണരക്താണുവോ ഹീമോഗ്ളോബിനോ സംശ്ളേഷണം ചെയ്യുന്നതിനാവശ്യമായ ഇരുമ്പ്, ജീവകം ബി12, ഫോളിക് അമ്ളം എന്നീ ഘടകങ്ങളുടെ അപര്യാപ്തതയാണ് ഡിസ് ഹീമോ പോയിറ്റിക് അനീമിയകള്‍ എന്ന് പൊതുവെ അറിയപ്പെടുന്ന അവസ്ഥകള്‍ക്ക് കാരണം. ആഹാരത്തിലൂടെ പര്യാപ്തമായ തോതില്‍ ഇരുമ്പ് ലഭ്യമാകാതിരിക്കുകയും ഇരുമ്പിന്റെ ആഗിരണത്തില്‍ തകരാറുകളുണ്ടാകുകയും ചെയ്യുന്നതു കൂടാതെ ജഠരാന്ത്ര രക്തസ്രാവവും അമിതാര്‍ത്തവതയും ഇരുമ്പിന്റെ കുറവിനു കാരണമാകുന്നു. ഇരുമ്പിന്റെ അംശം കുറയുമ്പോള്‍ ഹീം പ്രോട്ടീന്‍ ഉത്പാദനം കുറയുന്നു. തത്ഫലമായി ഹീമോഗ്ളോബിന്റെ സാന്ദ്രതയും കുറയുന്നു. ചുവന്നരക്താണുക്കള്‍ ചെറുതും വിളറിയതുമായിരിക്കും. ഇരുമ്പു അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങളും ഇരുമ്പു കലര്‍ന്ന ഔഷധങ്ങളും രോഗശമനം നല്കുന്നു.

ജീവകം ബി12ന്റെയും ഫോളിക് അമ്ളത്തിന്റെയും അപര്യാപ്തത മൂലം മാക്രോസൈറ്റിക് അഥവാ മെഗാലോബ്ളാസ്റ്റിക് അനീമിയ (macrocytic or megaloblastic anaemia) എന്ന അവസ്ഥയാണ് സംജാതമാകുന്നത്. എറിത്രോ സൈറ്റുകള്‍ പരിപക്വമാകാതെ വരുന്നതാണ് ഇതിന്റെ അടിസ്ഥാന തകരാറ്. ഹീമോഗ്ളോബിന്‍ സംശ്ളേഷണത്തില്‍ യാതൊരു തകരാറും ഉണ്ടാകുന്നില്ല, ശോണരക്താണുക്കളുടെ എണ്ണം കുറയുന്നു. പക്ഷേ അവ സാധാരണയില്‍ കവിഞ്ഞ വലുപ്പമുള്ളവയും ഹീമോഗ്ളോബിന്‍ സാന്ദ്രവും ആയിരിക്കും. ജീവകം ബി12യുടെ ന്യൂനത ഉളവാക്കുന്ന അനീമിയ പെര്‍ണീഷ്യസ് അനീമിയ (Pernecious anaemia) എന്നാണ് അറിയപ്പെടുന്നത്. ബി12 അവശോഷണത്തിനു ആവശ്യമായ ഒരു ആന്തരികഘടകം ഉത്പാദിപ്പിക്കാന്‍ ശരീരത്തിനു കഴിയാതെ വരുന്നതാണ് കാരണം. അനീമിയയോടൊപ്പം നാഡീസംബന്ധമായ ഗുരുതരമായ അസ്വാസ്ഥ്യങ്ങളും ഉണ്ടായിരിക്കും. രോഗാരംഭത്തില്‍ തന്നെ ബി12 കുത്തിവയ്ക്കുകയാണ് ചികിത്സ. മുന്‍കാലങ്ങളില്‍ ഇത്തരം അനീമിയ ചികിത്സയ്ക്കു വിധേയമല്ലാതിരുന്നതിനാലാണ് ഇതിന് പെര്‍ണീഷ്യസ് (ചികിത്സിച്ചു മാറ്റാന്‍ ബുദ്ധിമുട്ടുള്ള) അനീമിയ എന്ന് പേര്‍.

എപ്ളാസ്റ്റിക് അഥവാ ഹൈപോപ്ളാസ്റ്റിക്

(aplastic or hypoplastic)

അനീമിയ. അസ്ഥിമജ്ജയുടെ ക്ഷയമോ പുഷ്ടിക്കുറവോ ആണ് എപ്ളാസ്റ്റിക് അനീമിയ ഉളവാക്കുന്നത്. ഇതുമൂലം ചുവന്ന രക്താണുക്കളുടെ ഉത്പാദനം തടസ്സപ്പെടുന്നു. പരമ്പരാഗതമായുണ്ടാകുന്ന എപ്ളാസ്റ്റിക് അനീമിയയുടെ കാരണം അജ്ഞാതമാണ്. ഔഷധങ്ങള്‍ (വാതം, ചുഴലിദീനം, തൈറോയ്ഡ് ഗ്രന്ഥി തകരാറുകള്‍ എന്നീ രോഗങ്ങള്‍ക്കുള്ള ഔഷധങ്ങളുടെ ദീര്‍ഘകാലം ഉപയോഗം) രാസവസ്തുക്കള്‍, ടോക്സിനുകള്‍, വികിരണങ്ങള്‍, രോഗാണുബാധകള്‍ എന്നിവ ഇതിന് ഹേതുവാണ്. പ്രധാന ചികിത്സ രക്തവ്യാപനമാണ്. ഈ രോഗം പലപ്പോഴും മാരകമായിത്തീരാറുണ്ട്.

ഹീമോലിറ്റിക് അനീമിയ

(Haemolytic anaemia)

രക്തത്തിലെ ശോണരക്താണുക്കള്‍ക്ക് വര്‍ദ്ധിച്ച തോതില്‍ നാശം സംഭവിച്ചുണ്ടാകുന്ന അവസ്ഥയാണിത്. ശോണരക്താണുക്കളുടെ രൂപത്തിലെ വൈകൃതങ്ങള്‍, അപസാമാന്യ ഹീമോഗ്ളോബിന്‍, ചില എന്‍സൈമുകളുടെ ന്യൂനത ഇവയാണ് പ്രധാന കാരണങ്ങള്‍, സിക്കിള്‍ സെല്‍ അനീമിയ, താലസീമിയ തുടങ്ങിയവ ഈ വിഭാഗത്തില്‍പെട്ടവയാണ്. ഈ അനീമിയകള്‍ പരമ്പരാഗതമാണ്. പ്ളീഹയിലാണ് ശോണരക്താണുക്കള്‍ക്ക് നാശം സംഭവിക്കുന്നത്. ഈ അനീമിയ ബാധിക്കുമ്പോള്‍ പ്ളീഹ വലുതാവുന്നു. പ്ളീഹ മുറിച്ചുമാറ്റുന്നത് രോഗത്തിന്റെ ഗൌരവം കുറയ്ക്കാന്‍ സഹായകമാകും. പലപ്പോഴും രക്തവ്യാപനമാണ് പ്രതിവിധി. രാസവസ്തുക്കള്‍, ജീവവിഷങ്ങള്‍, സാംക്രമിക രോഗങ്ങള്‍ (മലേറിയ) ചില ഔഷധങ്ങള്‍ എന്നിവയും രക്തലയം (haemolysis) ഉണ്ടാക്കുന്നു.

ചികിത്സ

പരീക്ഷണശാലയില്‍ രക്തത്തിന്റെയും മജ്ജയുടെയും പരിശോധനകൊണ്ടാണ് രോഗനിര്‍ണയനം ചെയ്യുന്നത്. അനീമിയയുടെ ഹേതു, തരം എന്നിവയെ ആശ്രയിച്ചിരിക്കും ഇതിന്റെ ചികിത്സ. രക്തം നഷ്ടപ്പെടാന്‍ ഇടയാക്കുന്ന രോഗഹേതുക്കളെ ചികിത്സിച്ചു മാറ്റേണ്ടതാണ് (ഉദാ. അര്‍ശസ്, കൊക്കപ്പുഴുരോഗം തുടങ്ങിയവ). രക്തനിര്‍മിതിയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങള്‍ ഒഴിവാക്കേണ്ടതാണ്. പ്രത്യേകമായ ഒരു ഘടകം ന്യൂനം എന്നു കണ്ടാല്‍ ആഹാരരൂപത്തിലോ ഔഷധരൂപത്തിലോ അവ നല്കേണ്ടതാണ്. ഇരുമ്പ്, ജീവകം ബി12, ഫോളിക്ക് ആസിഡ് എന്നിവ അടങ്ങിയിട്ടുള്ള ഔഷധങ്ങളാണ് അനീമിയയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. ഗുരുതരമായ അനീമിയയില്‍ രക്തവ്യാപനം ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ചികിത്സാവിധിയാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A8%E0%B5%80%E0%B4%AE%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍