This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനാഹതനാദം, സംഗീതത്തില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അനാഹതനാദം, സംഗീതത്തില്‍

പൃഥ്വീജലാദികളുടെ സൂക്ഷ്മാംശങ്ങളായ പരമാണുക്കള്‍ സര്‍വത്ര വ്യാപിച്ചിരിക്കുന്നതുപോലെ ശബ്ദദ്രവ്യത്തിന്റെ പരമാണുക്കളും സര്‍വവ്യാപ്തങ്ങളാണ്. പഞ്ചഭൂതങ്ങളിലൊന്നായ ആകാശമെന്നു പറയുന്നത്, ഈ ശബ്ദാണു സമൂഹത്തെയാണ്. മൂര്‍ത്താഭിഘാതം നിമിത്തം അവിടെയുള്ള ശബ്ദാണുസമൂഹം വായുവിന്റെ സഹായത്തോടുകൂടി തമ്മില്‍ ചേര്‍ന്ന് തരംഗാകൃതിയായിത്തീരുമ്പോള്‍ അതിന് ആഹതശബ്ദമെന്നു പറഞ്ഞുവരുന്നു. അപ്പോള്‍ അതു നമുക്കു കേള്‍ക്കത്തക്കതാകുകയും ചെയ്യുന്നു. അനാഹതനാദത്തെ പരാമര്‍ശിച്ചുകൊണ്ട് സംഗീതമകരന്ദ കര്‍ത്താവായ നാരദമുനി ഇങ്ങനെ പറഞ്ഞിട്ടുണ്ട്:

'അനാഹതാദാഹതോ മരുതാ നുന്നസ്സരതി വിദ്യുതാ' അനാഹതശബ്ദത്തില്‍നിന്നും വായുവിനാല്‍ പ്രേരിതമായിട്ടാണ് ആഹതശബ്ദമുണ്ടാകുന്നത്. അതായത് അനാഹത ശബ്ദമാണ് ആഹതശബ്ദത്തിന് ഉപാദാനകാരണം. വായുപ്രേരണം നിമിത്തകാരണവുമാണ്. ഈ ആഹതശബ്ദം വായുപ്രേരിതമായി വിദ്യുത്തില്‍ കൂടി ഗമിക്കുന്നു. അനാഹതശബ്ദം തരംഗാകൃതിയില്‍ ആയതിനുശേഷവും വായുപ്രേരിതമായാലേ ആഹതശബ്ദമായി നമുക്കു കേള്‍ക്കാന്‍ സാധിക്കുന്നമട്ടില്‍ ആവുകയുള്ളൂ.

നാദം പുറപ്പെടുവിക്കണമെന്ന ഇച്ഛ ഒരാള്‍ക്കുണ്ടാകുമ്പോള്‍, നാഭിയുടെ താഴെ മധ്യചക്രം എന്നു പേരുള്ള സ്ഥലത്തുനിന്നുള്ള അന്തരഗ്നി, ബ്രഹ്മഗ്രന്ഥി എന്നു പേരായ നാഭീചക്രത്തിലുള്ള വായുവില്‍ തട്ടുന്നു. അഭിഹതമായ ആ വായുവിലുണ്ടാകുന്ന അതിസൂക്ഷ്മപരികമ്പത്താല്‍ അവിടെയുള്ള അന്തരീക്ഷത്തിലെ അനാഹതനാദാണുക്കളില്‍ അതിസൂക്ഷ്മമായ ഒരു ചലനമുണ്ടാകുന്നു. പ്രസ്തുത ചലനം അനാഹതനാദാണുക്കള്‍ക്കു ഘനീഭാവം വരുത്തുന്നു. നാദാരംഭരൂപമായ 'പര' എന്നു പേരുള്ള ഒരു നാദാവസ്ഥയാണ് ആദ്യത്തേതും സൂക്ഷ്മതമവുമായിട്ടുള്ള ഈ അവസ്ഥ.

അതിനുശേഷം ചലനവിശേഷംകൊണ്ടു ഘനീഭാവത്തെ അവലംബിച്ച ആ നാദാണുക്കള്‍ പ്രാണവായു വഴിക്കുതന്നെ അല്പം മേല്പോട്ടുകയറി ഹൃദയത്തിലേക്കു വ്യാപിക്കാന്‍ തുടങ്ങുന്നു. തരംഗാകൃതിയെ പ്രാപിക്കാന്‍ തുടങ്ങുന്ന ഈ അണുചലനവിശേഷത്തിന്റെ സ്ഥിതിയാകട്ടെ, ബിന്ദുരൂപമായി പരിണമിച്ചതും നാദരൂപമായി പരിണമിക്കാന്‍ തുടങ്ങുന്നതുമായ പ്രത്യേക സ്ഥിതിയിലുള്ളതാണ്. ഓരോരോ തരത്തിലുള്ള തരംഗാകൃതിയിലേക്ക് ഉന്‍മുഖമായതിനാല്‍ 'പശ്യന്തി' എന്നു പ്രാചീനാചാര്യന്‍മാര്‍ പേര് കൊടുത്തിട്ടുള്ള ആനാദസ്ഥിതിയാണ് രണ്ടാമത്തേതായ സൂക്ഷ്മതരാവസ്ഥ.

സൂക്ഷ്മതരാവസ്ഥയിലുള്ള ചലനവിശേഷം പിന്നീട് തരംഗാകൃതിയെ പ്രാപിച്ച് ഹൃദയത്തിലേക്കു വ്യാപിക്കുന്നു. ഹൃദയത്തിലെത്തിയ ഈ നാദം യോഗാഭ്യാസം ശീലിച്ചിട്ടുള്ള യോഗികള്‍ക്കു ശ്രോത്രേന്ദ്രിയം കൊണ്ടുതന്നെ കേള്‍ക്കാന്‍ സാധിക്കുന്നതാണ്. പ്രണവം ശരിയായി ജപിച്ചുകൊണ്ടു പ്രാണായാമം ചെയ്തു ശീലിച്ചാല്‍ ആ പ്രണവനാദം തനിക്കുതന്നെ കേള്‍ക്കാറായിത്തീരുമെന്നും മറ്റും യോഗശാസ്ത്രം വിധിക്കുന്നു. സാധാരണജനങ്ങള്‍ക്കാകട്ടെ ആ നിലയില്‍ അതു ശ്രോത്രേന്ദ്രിയംകൊണ്ടു കേള്‍ക്കാന്‍ സാധിക്കുകയില്ല. 'മധ്യമ' എന്നു പേരുള്ള നാദസ്ഥിതിയാണ് മൂന്നാമത്തേതായ ഈ സൂക്ഷ്മാവസ്ഥ.

ഈ സൂക്ഷ്മനാദം ഹൃദയത്തില്‍നിന്നു മേല്പോട്ടു വ്യാപിച്ച്, കണ്ഠത്തിന്റെ സമീപത്തെത്തി അവിടെ ശബ്ദവാഹികളായ നാഡികളെ അതതുതരം ഗതിവേഗത്തിനനുസരിച്ചു പരികമ്പനം ചെയ്യിച്ച് കണ്ഠത്തില്‍കൂടി പുറത്തേക്കു പ്രവഹിക്കുന്നു. അപ്പോള്‍ അത് എല്ലാവര്‍ക്കും കേള്‍ക്കത്തക്കവിധത്തിലുള്ളതും വ്യക്തവുമായ സ്ഥൂലനാദമായിത്തീരുകയും ചെയ്യുന്നു. അപ്രകാരം കണ്ഠത്തിലെത്തി വ്യക്തമായി പരിണമിക്കുന്ന അവസ്ഥയ്ക്ക് 'വൈഖരി' എന്നു പേര്. ഇങ്ങനെ നാദത്തിന് പര, പശ്യന്തി, മധ്യമ, വൈഖരി എന്നു നാല് പരിണാമാവസ്ഥകളുണ്ട്. നോ: ആഹതനാദം

(ഡോ. സി.കെ. രേവമ്മ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍