This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനന്തശയനം അയ്യങ്കാര്‍, എം.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അനന്തശയനം അയ്യങ്കാര്‍, എം. (1891 - 1978)

ഇന്ത്യന്‍ ദേശീയനേതാവും മുന്‍ ലോക്‍സഭാ സ്പീക്കറും. 1891 ഫെ. 4-ന് ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലെ 'തിരിച്ചന്ത'യില്‍ ജനിച്ചു. നാട്ടിലും മദ്രാസ് (ചെന്നൈ) പട്ടണത്തിലുമായി വിദ്യാഭ്യാസം നടത്തി. പച്ചയ്യപ്പാസ് കോളജില്‍ ചേര്‍ന്നു ബി.എ.യും മദ്രാസ് ലോ കോളജില്‍ നിന്ന് ബി.എല്‍.-ഉം പാസ്സായി. 1919-ല്‍ ചൂഡമ്മയെ വിവാഹം കഴിച്ചു. നിയമബിരുദം നേടി പൊതുജീവിതത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് ഗണിതശാസ്ത്രാധ്യാപകനായി (1912-13) ജോലിനോക്കി. തുടര്‍ന്നു സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് (1940) എട്ട് മാസത്തെ ജയില്‍വാസം അനുഭവിച്ചു. കേന്ദ്ര വിദ്യാഭ്യാസ-ഉപദേശക ബോര്‍ഡംഗം, ഹരിജന്‍ സേവക് സമാജം പ്രസിഡന്റ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചശേഷം, 1956-ല്‍ ഇദ്ദേഹം ലോക്‍സഭയുടെ ഡെപ്യൂട്ടി സ്പീക്കറായി. ജീ.വി. മാവ്ലങ്കരെ തുടര്‍ന്ന് 1957-ല്‍ ഇദ്ദേഹം രണ്ടാമത്തെ ലോക്‍സഭാധ്യക്ഷനാവുകയും 1962 വരെ തല്‍സ്ഥാനത്ത് തുടരുകയും ചെയ്തു. 1956-ല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ചൈന സന്ദര്‍ശിക്കുകയുണ്ടായി. കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന്റെ ചെയര്‍മാനായി 1957-ല്‍ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1962 മേയില്‍ ബിഹാര്‍ ഗവര്‍ണറായി. 1967 ഡി. വരെ ആ സ്ഥാനം വഹിച്ചു. നമ്മുടെ പാര്‍ലമെന്റ് (Our Parliament) എന്നൊരു ഗ്രന്ഥം ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1978-ല്‍ ഇദ്ദേഹം അന്തരിച്ചു.

എം.അനന്തശയനം അയങ്കാര്‍
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍