This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനന്തരാമഭാഗവതര്‍, പാലക്കാട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അനന്തരാമഭാഗവതര്‍, പാലക്കാട് (1867 - 1919)

കേരളീയ സംഗീതജ്ഞന്‍. പാലക്കാടിനടുത്തുള്ള തൊണ്ടിക്കുളം ഗ്രാമത്തില്‍ 1867 ഒ. 27-ന് ജനിച്ചു. പുരാണജ്ഞനായ കൃഷ്ണസ്വാമിശാസ്ത്രിയുടെ രണ്ടാമത്തെ മകനാണ് ഇദ്ദേഹം. നൂറണി മഹാദേവഭാഗവതര്‍, കോയമ്പത്തൂര്‍ രാഘവയ്യര്‍, മഹാവൈദ്യനാഥശിവന്‍ എന്നിവരുടെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ചു. നൈസര്‍ഗികവാസനാബലവും ശാരീരസിദ്ധിയും സുശിക്ഷിതമായ അഭ്യസനവും ഇദ്ദേഹത്തെ സംഗീതലോകത്തിലെ എണ്ണപ്പെട്ട ഒരു അംഗമാക്കിത്തീര്‍ത്തു. അനുമന്ദ്രസ്ഥായിയിലും അതിതാരസ്ഥായിയിലും ഇദ്ദേഹത്തിന് അനായാസമായി പാടാന്‍ കഴിഞ്ഞിരുന്നു. കൃഷ്ണരാജവാഡിയാരുടെ ഭരണകാലത്ത് മൈസൂറിലെ സംസ്ഥാന വിദ്വാനായി ഇദ്ദേഹം നിയമിക്കപ്പെട്ടു. തൊണ്ടൈമണ്ഡലം എന്ന സ്ഥലത്തുവച്ച് പക്കമേളം കൂടാതെ 5 മണിക്കൂര്‍ ഇദ്ദേഹം കച്ചേരി നടത്തുകയുണ്ടായി. കഥാകാലക്ഷേപ കലയിലും ഇദ്ദേഹം നിപുണനായിരുന്നു. ഇദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ പ്രമുഖനാണ് പാലക്കാട്ട് രാമഭാഗവതര്‍. 1919-ല്‍ അന്തരിച്ചു.


(വി.എസ്. നമ്പൂതിരിപ്പാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍