This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനന്തനാരായണ ശാസ്ത്രി, പി.എസ്.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അനന്തനാരായണ ശാസ്ത്രി, പി.എസ്. (1885 - 1947)

കേരളീയനായ ബഹുഭാഷാ പണ്ഡിതന്‍. സീതാരാമയ്യരുടെയും നാരായണിഅമ്മാളുടെയും പുത്രനായി 1885 ഡി. 30ന് തൃശൂരില്‍ ജനിച്ചു. പിതാവിന്റെ ചരമംമൂലം സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ബാല്യത്തില്‍ തന്നെ സംസ്കൃതം അഭ്യസിക്കുകയും ആര്‍.വി. കൃഷ്ണമാചാര്യര്‍, പുന്നശ്ശേരി നമ്പി എന്നീ പ്രശസ്ത പണ്ഡിതന്‍മാരില്‍നിന്നും വിവിധ ശാസ്ത്രങ്ങളില്‍ ഗാഢമായ പരിചയം നേടുകയും ചെയ്തു. പിന്നീടു സ്വപ്രയത്നംകൊണ്ട് ഇംഗ്ളീഷിലും ഹിന്ദിയിലും സാമാന്യജ്ഞാനം സമ്പാദിച്ചു.

പണ്ഡിതന്‍, ഗ്രന്ഥകാരന്‍, വിമര്‍ശകന്‍, പ്രസാധകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ ഇദ്ദേഹം പ്രശസ്തനായി. തൃശൂര്‍ സര്‍ക്കാര്‍ ഹൈസ്കൂളിലും എറണാകുളം മഹാരാജാസ് കോളജിലും അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. ഗവണ്‍മെന്റ് കോളജില്‍നിന്നു വിരമിച്ചശേഷം കുറേനാള്‍ തൃശൂര്‍ സെന്റ് തോമസ് കോളജിലും ഇദ്ദേഹം അധ്യാപകവൃത്തിയിലേര്‍പ്പെട്ടിരുന്നു. തൃപ്പൂണിത്തുറ വിദ്വല്‍സദസ്സില്‍നിന്ന് സമ്മാനവും പണ്ഡിതരാജന്‍ എന്ന ബിരുദവും തിരുവിതാംകൂര്‍ നവരാത്രി സദസ്സില്‍നിന്ന് കീര്‍ത്തിമുദ്രയും ലഭിച്ചിട്ടുണ്ട്. മദിരാശി(ചെന്നൈ)യിലെ ഹിന്ദു ദിനപത്രത്തിന് ധാരാളം ഗ്രന്ഥനിരൂപണങ്ങള്‍ ഇദ്ദേഹം എഴുതിക്കൊടുത്തിട്ടുണ്ട്. ഇംഗ്ളീഷ്, സംസ്കൃതം, മലയാളം എന്നീ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ ഇദ്ദേഹത്തിനു കഴിവുണ്ടായിരുന്നു. വാക്യതത്ത്വം, തര്‍ക്കസാരം, ലഘു വിവൃതി, (അച്യുതപ്പിഷാരടിയുടെ പ്രവേശകത്തിന്റെ വ്യാഖ്യാനം.) ബാലരാമായണം എന്നിവ ഇദ്ദേഹത്തിന്റെ സംസ്കൃത കൃതികളാണ്. കോകിലസന്ദേശം, ശുകസന്ദേശം, കൃഷ്ണവിജയം, വിടരാജ വിജയം തുടങ്ങിയ സംസ്കൃതകൃതികള്‍ സ്വന്തം ടിപ്പണികളോടെ ഇദ്ദേഹം പ്രസാധനം ചെയ്തിട്ടുണ്ട്. മണിമഞ്ജുഷ, നവപുഷ്പമാല, അനുസ്വാനം (ഭഗവദ്ഗീതാ വ്യാഖ്യാനം), ദേവീമാഹാത്മ്യവ്യാഖ്യാനം, നാരായണീയം വ്യാഖ്യാനം (അപൂര്‍ണം), മേഘസന്ദേശവിമര്‍ശനം എന്നിവ ഇദ്ദേഹത്തിന്റെ ഭാഷാകൃതികളില്‍പെടുന്നു. ആരംഭകാലം മുതല്‍ തന്നെ മംഗളോദയത്തിന്റെ പ്രവര്‍ത്തകന്‍മാരിലൊരാളായിരുന്ന ശാസ്ത്രികള്‍ പ്രസ്തുത മാസികയില്‍ സംസ്കൃതത്തിലും മലയാളത്തിലും അനേകം ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്; കുറച്ചുകാലം അതിന്റെ പത്രാധിപരായും സേവനം അനുഷ്ഠിച്ചു. ഇദ്ദേഹം വിവിധ കൃതികള്‍ക്കെഴുതിയിട്ടുള്ള അവതാരികകളും ടിപ്പണികളും ശാസ്ത്രജ്ഞതയുടെയും നിരൂപണപാടവത്തിന്റെയും നിദര്‍ശനങ്ങളാണ്. 1947 ജനു. 15-ന് അനന്തനാരായണശാസ്ത്രി അന്തരിച്ചു.

(ഡോ. എന്‍.പി. ഉണ്ണി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍