This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനന്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അനന്തം

അവസാനം ഇല്ലാത്തത്. എണ്ണത്തിനോ അളവിനോ തൂക്കത്തിനോ അതീതമായത്, അല്ലെങ്കില്‍ സര്‍വപരിമിതികളെയും അതിശയിക്കുന്നത് എന്നാണ് ഈ പദത്തിന്റെ നിഷ്കൃഷ്ടമായ അര്‍ഥം. സംസ്കൃതത്തില്‍ അനന്തശബ്ദത്തിന് ഭൂമി, ആകാശം, അന്തരീക്ഷം, പരബ്രഹ്മം എന്നെല്ലാം അര്‍ഥങ്ങളുണ്ട്. വിവിധ തത്ത്വചിന്തകരും ശാസ്ത്രജ്ഞരും ദൈവശാസ്ത്രപണ്ഡിതരും സാധാരണ ജനങ്ങളുമൊക്കെ വ്യത്യസ്ത രീതികളില്‍ അനന്തതയെ വിഭാവനം ചെയ്തിട്ടുണ്ട്. എല്ലാം ഉള്‍ക്കൊള്ളുന്നത് എന്ന അര്‍ഥത്തില്‍ ചില ദൈവശാസ്ത്രജ്ഞര്‍ അനന്തം എന്ന വാക്ക് പ്രയോഗിക്കുന്നു. 'സത്യം ജ്ഞാനം അനന്തം ബ്രഹ്മ' എന്നിങ്ങനെ ബ്രഹ്മത്തെ നിര്‍വചിക്കുന്ന ശ്രുതിവാക്യം ഇവിടെ സ്മരണീയമാണ്. എണ്ണിയാലൊടുങ്ങാത്തത്, അളവറ്റത്, നിസ്തുലമായത് തുടങ്ങി നിഷേധാര്‍ഥത്തിലും ചിലര്‍ അനന്തത്തെ വിഭാവനം ചെയ്യുന്നുണ്ട്. ഇതിനും പുറമേ മനുഷ്യന് തിട്ടപ്പെടുത്താന്‍ കഴിയാത്തവിധം വലുപ്പവും തൂക്കവും എണ്ണവുമുള്ള വസ്തുക്കളെ കുറിക്കാനും ചിലര്‍ ഈ പദം ഉപയോഗിക്കുന്നു. എണ്ണമറ്റ ഗുണവിശേഷങ്ങള്‍ അളവറ്റതോതില്‍ ഉള്‍ക്കൊള്ളുന്ന ഒരു പരമസത്തയെ മിക്ക ദാര്‍ശനികരും അംഗീകരിക്കുന്നുണ്ട്.


അനന്തത്തെപ്പറ്റി ആദ്യമായി പരാമര്‍ശിച്ച പാശ്ചാത്യ ദാര്‍ശനികന്‍ അനക്സിമാണ്ടര്‍ ആണ് (നോ: അനക്സിമാണ്ടര്‍). പരിമിതികളുള്ള നിരവധി വസ്തുക്കള്‍ അടങ്ങിയ ഈ പ്രപഞ്ചത്തിന്റെ മൂലകാരണം അനന്തമായ ഒരു വസ്തുവാണെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. ഈ പ്രപഞ്ചത്തെ ചുറ്റിയുള്ള അപരിമേയമായ ഗഗനതലത്തെ അനന്തമായി പരിഗണിച്ചു. എണ്ണിയാലൊടുങ്ങാത്ത ബീജവസ്തുക്കള്‍ (spermatikoi seeds) ചേര്‍ന്നതാണ് ഈ വിശ്വം എന്ന് അഥീനിയന്‍ ദാര്‍ശനികനായ അനക്സഗോറസ് (നോ: അനക്സഗോറസ്) സിദ്ധാന്തിച്ചു. അപരിമേയമായ, രൂപമില്ലാത്ത, അചേതനമായ ഒരു ഏകത്തെ (one monos)-സ്വായത്തമാക്കേണ്ട ഒരനന്തവസ്തുവിനെ-മിസ്റ്റിക്കുകളായ പ്ളേറ്റോണിസ്റ്റുകളും വിഭാവന ചെയ്തതായി കാണുന്നു. എന്നാല്‍ അനന്തതയെ സംബന്ധിച്ച് അരിസ്റ്റോട്ടല്‍ (ബി.സി. 384-322) ആണ് താരതമ്യേന വ്യക്തമായ ആശയങ്ങള്‍ ആവിഷ്കരിച്ചത്. അനന്തത എന്നത് ഒരു നിഷേധാശയം മാത്രമാണെന്നും അനന്തത എന്ന ഒരു ഭാവരൂപം (positive entity) ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ആകാശത്തിലെ നക്ഷത്രങ്ങള്‍ അനന്തമാണെന്നു പറയുമ്പോള്‍ അര്‍ഥമാക്കേണ്ടത് ഇപ്പോള്‍ ഉള്ള നക്ഷത്രങ്ങളുടെ കൂട്ടത്തില്‍ എത്രകോടി നക്ഷത്രങ്ങള്‍ വേണമെങ്കിലും കൂട്ടിച്ചേര്‍ക്കാം എന്നാണ്. എണ്ണത്തിന്റെ കാര്യത്തിലെപ്പോലെ അളവിന്റെയും തൂക്കത്തിന്റെയും മറ്റു ഗുണവിശേഷങ്ങളുടെയും കാര്യത്തിലും സിദ്ധാവസ്ഥയെ പ്രാപിക്കാത്ത ഒരു സാധ്യാവസ്ഥയെയാണ് അനന്തത സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം സിദ്ധാന്തിക്കുന്നു.

ആധുനിക ദാര്‍ശനികര്‍. ആധുനികചിന്തകരും അനന്തതയെ സിദ്ധാവസ്ഥയെന്നും (Actual inifinity), സാധ്യാവസ്ഥയെന്നും (potential infinity) രണ്ടായി തിരിച്ചിട്ടുണ്ട്. ആദിയും അന്തവും ഇല്ലാത്തതും അതിരറ്റ ഗുണവിശേഷങ്ങളുടെ ഉടമയുമായ ഒരനന്തസത്തയെ ദെക്കാര്‍ത്ത് (1596-1650) അംഗീകരിച്ചു. ഈ അനന്തസത്ത അഥവാ ദൈവത്തിന്റെ അനന്തത യഥാര്‍ഥമാണ്. ആദിയും അന്തവും ഇല്ലാത്തവനും സ്വയംഭൂവുമാണ് ഈശ്വരന്‍. സ്വയംഭൂവല്ലായിരുന്നെങ്കില്‍ - മറ്റൊന്നിനാല്‍ ഉണ്ടാക്കപ്പെട്ടതായിരുന്നെങ്കില്‍ - ആ മറ്റൊന്ന് വേറൊന്നില്‍ നിന്നു വന്നതായിരിക്കണം. ആ വേറൊന്ന് മറ്റു വേറൊന്നില്‍ നിന്നു വന്നതായിരിക്കണം. ഇങ്ങനെ പിറകോട്ടു പോകുമ്പോള്‍ സ്വയംഭൂവായ ഒരനന്തസത്തയില്‍ ചെന്നു തട്ടിയില്ലെങ്കില്‍ അനവസ്ഥാദോഷം (regressus adinfinitum) സംഭവിക്കും. അതിനാല്‍ ദൈവമെന്ന ആദ്യന്ത വിഹീനമായ ഒരു സത്തയില്‍നിന്നാണ് ഈ പ്രപഞ്ചം ഉദ്ഭവിച്ചിരിക്കുന്നതെന്നാണ് പല ചിന്തകന്‍മാരും സമര്‍ഥിക്കുന്നത്. ദൈവമെന്ന സ്വയംഭൂ ഇല്ലായിരുന്നെങ്കില്‍ ഒന്നും സംഭവിക്കയില്ലായിരുന്നു എന്നാണ് ദെക്കാര്‍ത്തിന്റെ ചിന്താഗതി.


സ്പിനോസാ (1632-77) സര്‍വവസ്തുക്കളുടെയും ആധാരമായി ഒരനന്തസത്തയെ അംഗീകരിച്ചു. ഈ അനന്തസത്തയില്‍ അസംഖ്യം ഗുണങ്ങള്‍ അളവറ്റ തോതില്‍ നിത്യമായി സ്ഥിതിചെയ്യുന്നുവെന്നും അഭിപ്രായപ്പെട്ടു. അനന്തവൈവിധ്യത്തോടെ സ്വയം പ്രദര്‍ശിപ്പിക്കുന്ന പ്രകൃതി ഈ അനന്തസത്തയുടെ നിദര്‍ശനമാണെന്നും അദ്ദേഹം വാദിച്ചു. ഗണിതശാസ്ത്രജ്ഞന്‍ കൂടിയായ ലൈബ്‍നിറ്റ്സ് (1646-1716) അനന്തതയെക്കുറിച്ച് ചിന്തിച്ചത് ഇതില്‍നിന്ന് വ്യത്യസ്തമായാണ്. 'വിഭിന്ന ഗുണവിശേഷങ്ങളോടുകൂടിയ അസംഖ്യം (Infinite number) മോണാഡുകള്‍ ചേര്‍ന്നുണ്ടായതാണ് വിശ്വം. അനന്തമഹിമാവുള്ള ഒരനന്ത മോണാഡ് ആണ് അനന്തസത്തയായ ദൈവം. ഗണിതശാസ്ത്രജ്ഞന്മാര്‍ വിഭാവന ചെയ്യുന്ന 'അനന്തത' (mathematical infinity) വെറും കപോലകല്പിതമാണ്. തത്ത്വചിന്തയില്‍ അതിനു സ്ഥാനമേ ഇല്ല'- ഇതാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കാലത്തിന്റെയും ആകാശത്തിന്റെയും അനന്തയെക്കുറിച്ച് ഇമ്മാനുവല്‍ കാന്റും (1724-1804) ചര്‍ച്ച ചെയ്യുന്നുണ്ട്. ഹോബ്സ്, ലോക്ക്, ഹ്യും, ഹെഗല്‍ എന്നിവരും ഈ വിഷയം ചര്‍ച്ചയ്ക്കു വിധേയമാക്കിയിരിക്കുന്നു.


ഇങ്ങനെ ഭാവാത്മകമായും നിഷേധാത്മകമായും സാധ്യാവസ്ഥയായും കാല്പനികമായും 'അനന്ത' ശബ്ദത്തെ പലരും പല വിധത്തില്‍ പ്രയോഗിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ആദിയും അന്തവുമില്ലാത്ത ഒന്നിനെപ്പറ്റി ശരിക്ക് ചിന്തിക്കാന്‍ മനുഷ്യമനസ്സ് അശക്തമായതിനാല്‍ അനന്തതയെക്കുറിച്ച് പ്രസ്താവിക്കുന്നവരുടെയെല്ലാം ആശയത്തിലും വാക്കുകളിലും അസ്പഷ്ടത ഉണ്ടാവുക സ്വാഭാവികമാണ്.


(ഡോ. ജെ. കട്ടയ്ക്കല്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍